നടി ആര്യ ബാബു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു തുറന്നുപറിച്ചിലിന് പിന്നാലെയാണ് സോഷ്യൽ മീഡിയാ ഇപ്പോൾ. തന്റെ സാരി ബ്രാൻഡ് ലോഞ്ച് ചെയ്തപ്പോഴുണ്ടായ കയ്പേറിയ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അത് നമിത പ്രമോദിനെ കൊള്ളിക്കാനുള്ളതെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ.
തന്റെ കാഞ്ചീവരം എന്ന സംരംഭത്തിന്റെ ഏഴ് വർഷത്തെ യാത്രയ്ക്കിടയിൽ ഏറെ വേദനിപ്പിക്കുകയും നിസഹായയാക്കുകയും ചെയ്തവർ ഇപ്പോൾ ഇതേ മേഖലയിലേക്ക് കടന്നുവരുമ്പോൾ, താൻ അനുഭവിച്ച വേദന അവർക്കും ബോധ്യപ്പെടുമെന്നാണ് ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചത്.
ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, നടി നമിത പ്രമോദിന്റെ ബിസിനസ്സ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വന്ന ഈ കുറിപ്പ് നമിതയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
നമ്മ ദേസി എന്ന പേരിൽ നമിത പ്രമോദ് സാരി ബിസിനസ് ലോഞ്ച് ചെയ്തിട്ടുണ്ട്. കാഞ്ചിവരം സാരികളുടെ കളക്ഷനാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി ഇതിനോടകം തന്നെ നടി തന്റെ സാരി ബ്രാൻഡ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഔദ്യോഗിക അക്കൗണ്ടും തുടങ്ങി.
മേയ് ആറിനായിരുന്നു ആര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വന്നത്. ‘‘ഓരോ ദിവസവും പുതിയ സാരി ബ്രാൻഡുകൾ ലോഞ്ച് ചെയ്യുന്നത് സാധാരണമാണ്... പക്ഷേ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ സാരി ബ്രാൻഡ് ലോഞ്ച് കണ്ടപ്പോൾ എനിക്ക് ഇത്രയധികം സന്തോഷം തോന്നുന്നത്!
എന്റെ ഏഴ് വർഷത്തെ ‘കാഞ്ചീവരം’ യാത്രയ്ക്കിടയിൽ, ഒരു സംരംഭക എന്ന നിലയിൽ എന്നെ വല്ലാതെ വേദനിപ്പിക്കുകയും നിസഹായയാക്കുകയും നിരാശപ്പെടുത്തുകയും ചെയ്ത ഒരു പ്രത്യേക സംഭവമുണ്ടായി.
ആ സംഭവം എന്നെ വല്ലാതെ അലട്ടിയതിനാൽ ദീർഘകാലം ഞാൻ മാനസികമായി തകർന്നിരുന്നു. ഇന്ന് ഈ ബ്രാൻഡ് ലോഞ്ച് ചെയ്ത അതേ ആളുകളായിരുന്നു അന്ന് ആ സംഭവത്തിന് പിന്നിൽ.
ഇപ്പോൾ എനിക്ക് ഇതിൽ കൂടുതൽ സന്തോഷിക്കാൻ കഴിയില്ല. ഞാൻ അനുഭവിച്ച ആ വേദന ഇപ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ മനസ്സിലാക്കാൻ കഴിഞ്ഞേക്കും... അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു.
സാധാരണയായി ഇത്തരം കാര്യങ്ങൾ ഞാൻ പരസ്യമായി പറയാറില്ല, പക്ഷേ ഇന്ന് എനിക്ക് നിയന്ത്രിക്കാനായില്ല. അതിനർത്ഥം ആ സംഭവം എന്നെ അത്രത്തോളം വേദനിപ്പിച്ചു എന്നാണ്, ഇന്നും ആ വേദന ഉള്ളിലുണ്ട്.’’ ആര്യ കുറിച്ചു.

എന്നാൽ ഇക്കാര്യത്തിൽ ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും ബിസിനസ് രംഗത്ത് നിറസാന്നിധ്യമാണ് നമിത. റസ്റ്റോറന്റ് മേഖലയിലെ വൻ വിജയത്തിന് ശേഷമാണ് ഇപ്പോൾ സാരി ബിസിനസിലേക്കും ചുവടുവെച്ചിരിക്കുന്നത്. നേരത്തെ പപ്രിക്ക എന്ന പേരിൽ മെൻസ്വെയർ കളക്ഷൻ തുടങ്ങിയെങ്കിലും അത് വിജയിച്ചില്ലാത്തതിനാൽ നിർത്തിയിരുന്നു.
Tags : arya babu namitha pramod saree brand