ദിലിപും നാദിർഷായും
നടൻ ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ. പതിനാറാം വയസിൽ തുടങ്ങിയ സൗഹൃദമാണിതെന്നും അന്നും ഇന്നും ഇനി എന്നും കൂടെ തന്നെ ഉണ്ടാകുമെന്നും ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നാദിർഷ കുറിച്ചു.
‘‘പതിനാറാം വയസിൽ തുടങ്ങിയ സൗഹൃദമാണ് നമ്മൾ തമ്മിൽ. എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്. അതുകൊണ്ട് ഞാൻ നിന്റെ കൂടെ നിൽക്കുന്നു. അന്നും ഇന്നും ഇനി എന്നും. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നൻപാ.’’നാദിർഷയുടെ വാക്കുകൾ.
എറണാകുളം മഹാരാജാസ് കോളജിൽ നിന്നാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്. പഠനശേഷം ഇവർ ഒന്നിച്ച യാത്ര തുടര്‍ന്നത് കലാഭവനിലൂടെ ആയിരുന്നു. മിമിക്രി ട്രൂപ്പിൽ ഇവരുടെ കോമ്പിനേഷൻ നിരവധി വേദികളിൽ ഹിറ്റായി.
'എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തിലൂടെ ദിലീപും 'കാസര്‍ഗോഡ് കാദര്‍ ഭായി' എന്ന ചിത്രത്തിലൂടെ നാദിര്‍ഷായും സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.
ദിലീപ് മലയാള സിനിമയിലെ നായകനിരയിലേക്ക് ഉയര്‍ന്നപ്പോള്‍ മിമിക്രി രംഗത്തും ടിവി പരിപാടികളിലുമൊക്കെ തന്നെയായിരുന്നു നാദിര്‍ഷ. ‘വെട്ടം’, ‘സിഐഡി മൂസ’, ‘മീനാക്ഷി കല്യാണം’ എന്നീ ചിത്രങ്ങളിലൂടെ ഗാനരചയിതാവായും പിന്നണിഗായകനായും വളര്‍ന്ന നാദിര്‍ഷ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ സംവിധായകനായി. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾ കൂടി നാദിര്‍ഷ സംവിധാനം ചെയ്തു. തന്റെ നാലാമത്തെ സിനിമയിലാണ് ഉറ്റസുഹൃത്തായ ദിലീപിനെ അദ്ദേഹം നായകനാക്കിയിരിക്കുന്നത്.
Tags : Actor dileep dileep birthday Nadirshah movienews