ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന് റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.
അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന് സംവിധാനം ചെയ്ത ദൂരദര്ശന് സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന് മധുവിന്റെ ഡ്യൂപ്പായി.

ഇടയ്ക്കു ചില സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍."തട്ടീം മുട്ടീം'സിറ്റ്കോമില്‍ നിന്നാണ് "മറിമായം'പരിപാടിയില്‍ എത്തിയത്. ലക്ഷ്യം സിനിമ തന്നെയായിരുന്നു. വിജയകൃഷ്ണന് സാറിന്റെ ഫെസ്റ്റിവല്‍ മൂഡ് ചിത്രങ്ങളായ "ഉമ്മ', "ദലമര്മരങ്ങള്'എന്നിവയിലെ ചെറിയ സീനുകളിലാണു സിനിമാപ്രവേശം. "ഉമ്മ'യില്‍ നക്സല്‍ പശ്ചാത്തലമുള്ള നെഗറ്റീവ് കഥാപാത്രം. സ്റ്റേജ് പരിപാടികളും ടെലിവിഷന്‍ സീരിയലുകളുമായി മുന്നോട്ടു പോകുന്നതിനിടെ, കിട്ടിയ സിനിമകളിലൊക്കെ അഭിനയിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത "തിരക്കഥ'യില്‍ ഒരു സീനിലുണ്ടായിരുന്നുവെങ്കിലും അതു തിയറ്ററിലെത്തിയപ്പോള്‍ സിനിമയില്‍ ഞാനില്ല! പക്ഷേ, അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനായി എന്നതായിരുന്നു സന്തോഷം.
രേവതിക്കൊപ്പം "ഭൂതകാലം', കമല്‍ സാറിനൊപ്പം "വിവേകാനന്ദന് വൈറലാണ്', ഷാജി കൈലാസിന്റെ "ഹണ്ട്', സമുദ്രക്കനിയുടെ "വീരവണക്കം'..സീനുകള്‍ കുറവെങ്കിവും പ്രതിഭകള്‍ക്കൊപ്പം സഹകരിക്കാനായതു വലിയ ഭാഗ്യം. "ശുക്രനി'ല്‍ ബിബിന്‍ ജോര്‍ജിന്റെ അച്ഛന്‍വേഷം. ഷെയിന്‍ നിഗത്തിന്റെ "ഹാല്' സിനിമയില്‍ ആദ്യാവസാനമുള്ള കഥാപാത്രം. ബിബിനും വിഷ്ണുവും നായകന്മാരായ "അപൂര്‍വ പുത്രന്മാ'രില്‍ നായികമാരുടെ അപ്പന് വേഷം. വിനയ് ഫോര്‍ട്ടിന്റെ "സോമന്റെ കൃതാവി'ല്‍ നായികയുടെ അച്ഛന്. "ഓടും കുതിര ചാടും കുതിര'യില്‍ ഫഹദിനൊപ്പവും റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത "ഒറ്റ'യില്‍ സത്യരാജ്, ഇന്ദ്രന്സേട്ടന് എന്നിവരുമായും കോംബിനേഷന്‍.
വലിയ വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും അഭിനയിച്ച പല സിനിമകളിലും എന്റെ സീനില്‍ ട്വിസ്റ്റ് വരുന്ന തരത്തില്‍ ചെറിയ ഭാഗ്യങ്ങളുണ്ടായി. മമ്മൂക്കയുടെ "വണ്‍' സിനിമയില്‍ എന്റെ കഥാപാത്രം കൈക്കൂലി കൊടുത്ത് അലന്‍സിയറെ പിടിപ്പിക്കുന്ന സീന്‍ മുതലാണു ട്വിസ്റ്റ്. "സോളമന്റെ തേനീച്ചകളി'ല്‍ എന്റെ കഥാപാത്രം കേസന്വേഷണത്തില്‍ കൊടുക്കുന്ന വിവരത്തില്‍ നിന്നാണു ട്വിസ്റ്റ്. "കണ്ണൂര്‍ സ്ക്വാഡി'ല്‍ വാടകയ്ക്കു കൊടുത്തിരിക്കുന്ന എന്റെ വീട്ടില്‍ മമ്മൂക്കയും മറ്റും തെളിവെടുപ്പിനു വരുന്നിടത്തുനിന്നാണു ട്വിസ്റ്റ്.
സിനിമയിലത്തിയശേഷമുള്ള വലിയ മോഹം മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിക്കുക എന്നതായിരുന്നു. മമ്മൂക്കയ്ക്കൊപ്പം "റോഷാക്കി'ൽ അതു സഫലമായി. പിന്നീടു "കണ്ണൂര്‍ സ്ക്വാഡി'ലും. ഇപ്പോള്‍ "ദൃശ്യം 3'ല്‍ ലാലേട്ടനൊപ്പവും.
"ദൃശ്യം 3'ല്‍ എത്തിയത്..?

"മറിമായ'മുള്‍പ്പടെയുള്ള കോമഡി പരിപാടികള്‍ ജീത്തു സാര്‍ കാണാറുള്ളതിനാല്‍ എന്നെ അറിയില്ലെന്ന അവസ്ഥയില്ല. ധാരാളം മിമിക്രി കലാകാരന്മാര്ക്ക് സിനിമയില്‍ അവസരം നൽകിയിട്ടുള്ള സംവിധായകനുമാണ്. "കൂമന്' അനൗണ്‍സ് ചെയ്തപ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നു ഞാന്‍ മെസേജ് ചെയ്തു. ഷൂട്ട് തുടങ്ങാറായപ്പോള്‍ ജീത്തുസാര്‍ വിളിച്ചു. അതില്‍ ബാലന് പിള്ള എന്ന ചായക്കട ഉടമ. "നുണക്കുഴി'യിലും ചെറിയ കഥാപാത്രം കിട്ടി.
ദൃശ്യം 3 തുടങ്ങാറായപ്പോള്‍ ലാലേട്ടനൊപ്പം എനിക്ക് ഒരു സീനെങ്കിലും തരണമെന്നു ഞാന്‍ ജീത്തു സാറിനു മെസേജ് അയച്ചു. 10 ദിവസം വേണമെന്നു പറഞ്ഞ് പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു ചേട്ടന് എന്നെ വിളിച്ചു. ഒരു സീനിലെങ്കിലും ലാലേട്ടനൊപ്പം ഉണ്ടാകുമെന്നു തോന്നി. പക്ഷേ, സിനിമയിലെ എന്റെ ഭൂരിഭാഗം സീനുകളും ലാലേട്ടനൊപ്പമായിരുന്നു. മീനയും അന്‍സിബയും എസ്തറുമൊക്കെയുള്ള കോംബിനേഷനുകളും. ഞാന്‍ അഭിനയിക്കുന്ന സീനും അതിന്റെ കാര്യങ്ങളും മാത്രമാണു ജീത്തു സാര്‍ പറഞ്ഞുതന്നത്. "അളിയന്‍സി'ല്‍ പെങ്ങള് ലില്ലിയായി അഭിനയിക്കുന്ന സൗമ്യയും ഇതില്‍ ഒരു സീനിലാണെങ്കിലും നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതും സന്തോഷമാണ്.
മോഹന്‍ലാലിനൊപ്പം...

മറിമായവും അളിയന്സുമൊക്കെ കാണാറുള്ളതിന്റെ ഒരടുപ്പം ലാലേട്ടനുള്ളതായി എനിക്കു തോന്നി. അദ്ദേഹം സെറ്റില്‍ നമ്മുടെ അടുത്തേക്കുവന്നു തമാശകള്‍ പറയുമായിരുന്നു. അത്രമേല്‍ കൂളായ ഒരു മനുഷ്യന്. ഷോട്ടിന് ആക്ഷന്‍ പറയുന്നതിനു മുമ്പുവരെയും തമാശ പറഞ്ഞു നില്ക്കുകയാവും ലാലേട്ടന്. ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടാകുന്ന ഭാവങ്ങളൊക്കെയും നമുക്കു പഠിക്കാനുള്ള അവസരങ്ങളാണ്. ഒപ്പം അഭിനയിക്കുകയാണു ജീവിതത്തിലെ വലിയ ഒരാഗ്രഹമെന്ന് ആദ്യ ഷോട്ടെടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു. അപ്പോള്‍ "നിങ്ങളുടെകൂടെ അഭിനയിക്കുകയാണു എന്റെ ആഗ്രഹ'മെന്നു പറഞ്ഞ് അദ്ദേഹം എന്നെ കൂളാക്കുകയാണു ചെയ്തത്.
ഇനി ഏതുതരം വേഷങ്ങള്‍, സിനിമകള്‍..?

എന്നെപ്പോലെ ഒരായിരംപേരുണ്ട്. അതില്‍നിന്ന് ഒരു കഥാപാത്രത്തിനു വേണ്ടി എന്നെ വിളിക്കുന്നതു വലിയ കാര്യമാണ്. എത്രയൊക്കെ സിനിമകളില്‍ നമ്മള് എന്തൊക്കെ ചെയ്താലും ആളുകള്‍ കാണുന്ന സിനിമയില്‍ ഒരു സീനെങ്കിലും കിട്ടുന്നതു ഭാഗ്യമാണ്. ഞാന്‍ ഇതിനേക്കാളും പെര്‍ഫോം ചെയ്ത പടങ്ങളുണ്ട്. പക്ഷേ, ഇതില്‍ ലാലേട്ടന്റെ കൂടെയാണു സീന്‍. അങ്ങനെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും നോര്‍മല്‍ പെര്‍ഫോമന്‍സ് എന്നു മാത്രമേ തോന്നിയിട്ടുള്ളൂ. തമാശവേഷം ചെയ്യാന്‍ എനിക്ക് ഇപ്പോഴും മറിമായവും അളിയന്സുമൊക്കെയുണ്ട്. അതില്‍നിന്നു വേറിട്ട, അഭിനയ സാധ്യതയുള്ള സിനിമകള്‍ ആഗ്രഹമുണ്ട്. വലിയ സിനിമകളില്‍ അഭിനയിക്കുമ്പോഴാണ് എല്ലാവരും കാണാനും ശ്രദ്ധിക്കാനും അവസരമുണ്ടാകുന്നത്.
മറിമായം, അളിയന്‍സ് വിശേഷങ്ങള്‍..?
14 വര്‍ഷമായി മറിമായത്തിലും 10 വര്‍ഷമായി അളിയന്‍സിലും സജീവമാണ്. അതാണു നമ്മുടെ അന്നം. ഇവയുടെ സ്ക്രിപ്റ്റിംഗിലുള്പ്പെടെ മേക്കിംഗില്‍ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ പരിശ്രമവും പങ്കാളിത്തവുമുണ്ട്. മറിമായത്തില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യുന്നതിന്റെ അനുഭവങ്ങളും കരിയറില്‍ സഹായകമാകുന്നു. പ്രഗല്ഭരായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളും ആ ഒരു നിലവാരത്തിലേക്ക് എത്തുമെന്നാണു കരുതുന്നത്. ഇപ്പോള്‍ കൂടുതല്‍ നല്ല സിനിമകള്‍ എന്നിലേക്ക് എത്തുന്പോഴും, ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് അളിയന്‍സിലും മറിമായത്തിലും അഭിനയിക്കുന്നുണ്ട്.
പുതിയ സിനിമകള്‍..?
ടി. എസ്. സാബുവിന്റെ "ഡോ. ബെന്നറ്റ്’ തിയറ്ററുകളിലെത്തി. സിദ്ധിഖ്, മുകേഷ്, ജഗദീഷ്, അശോകന് എന്നിവര്‍ ഒരുമിക്കുന്ന "പാതിരാകുറുക്കൻ' ഷൂട്ടിംഗ് പൂർത്തിയായി. ജഗദീഷേട്ടന് എസ്ഐയും ഞാന്‍ എഎസ്ഐയുമാണ്. ഒരു തെലുങ്കുപടത്തില്‍ നായികയുടെ അച്ഛന്‍വേഷം ചെയ്യുന്നുണ്ട്. സൈജു കുറുപ്പ് നായകനായ "ആരം', സുനില്‍ ഇബ്രാഹിമിന്റെ "തേഡ് മര്‍ഡര്‍', ജഹാംഗീര്‍ ഉമ്മര്‍ സിനിമ എന്നിവ റിലീസിനൊരു
Tags : RIYAS INTERVIEW STAR CHAT