ജോഷിയുടെ മൾട്ടിസ്റ്റാർ ചിത്രം ട്വന്റി 20യിലെ ജയറാമിന്റെ ക്ലൈമാക്സിലെ അസാന്നിധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രം റിലീസ് ചെയ്തിട്ട് 20 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ആ ചിത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റിന് ശേഷം സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്നു വരുന്ന മാസ് രംഗത്തിൽ നടൻ ജയറാം എന്തുകൊണ്ട് ഉണ്ടായിരുന്നില്ല എന്ന ചോദ്യത്തിന് താരം പല അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടികളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.
തമിഴിൽ ഒരു കാരണവും മലയാളത്തിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ജയറാം പറഞ്ഞ മറ്റൊരു കാരണവും തമ്മിലുള്ള വൈരുധ്യമാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്സിൽ താൻ ഇല്ലാത്തതിന്റെ കാരണം ജയറാം ഒരു തമിഴ് ചാനൽ അഭിമുഖത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
‘‘ഒന്നുകൂടി കണ്ടു നോക്കൂ, അവസാനം ഈ ഒരാൾ മാത്രം അതിൽ ഉണ്ടാകില്ല. ('ട്വന്റി 20 സിനിമയിലെ ക്ലൈമാക്സ് ചിത്രം) എന്താണെന്നാൽ, അതിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്റെ പോർഷൻ ഫൈറ്റ് ഒക്കെ കഴിഞ്ഞു. അവസാനം ഈ അഞ്ചു പേരും ചേർന്ന് നടന്നു വരുന്ന ഒരു ഷോട്ട് മാത്രം എടുക്കാനുണ്ട്. ജോഷി സാറാണ് ഡയറക്ടർ അതെന്തായാലും ഈ ഫൈറ്റ് ഒക്കെ കഴിഞ്ഞ് എങ്ങനെ വരുമെന്ന് നോക്കിയിട്ടേ എടുക്കാൻ പറ്റൂ എന്ന് പറഞ്ഞു.
ഇനി രണ്ടു ദിവസം കൂടിയുണ്ടെന്ന് പറഞ്ഞു. കറക്റ്റ് ദീപാവലി സമയം. സർ എനിക്ക് വീട്ടിൽ പോകണം, ചെന്നൈയിൽ പോകണം.‘നിനക്ക് ദീപാവലിയാണോ വലുത്? അതോ അവസാനം എല്ലാവരും അഞ്ചു പേരും നടന്നു വരുന്നതാണോ വലുത്?’ എന്ന് സർ ചോദിച്ചു. ഞാൻ ആലോചിച്ചു. ‘സർ, എനിക്ക് ദീപാവലിയാണ് പ്രധാനം’. ‘എങ്കിൽ പൊയ്ക്കോ’ എന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഒരു മലയാളം ചാനൽ അഭിമുഖത്തിൽ അവതാരക ഇതേ ചോദ്യം ഉന്നയിച്ചപ്പോൾ ജയറാം നൽകിയ മറുപടി മറ്റൊന്നായിരുന്നു.
‘‘സത്യം, ശരിയാണ്. ശരിയാണ്. അതങ്ങനെയാ, ജോഷി സാറിനോട് ഞാൻ പറഞ്ഞുകൊണ്ടിരുന്നു. എന്റെ സീൻ ഒക്കെ കഴിഞ്ഞു, ആ ഫൈറ്റിന്റെയൊക്കെ കഴിഞ്ഞു. ‘വെയ്റ്റ് ചെയ്യെടാ, നിങ്ങളഞ്ചുപേരും കൂടി നടന്നു വരുന്ന ആ ഷോട്ടും കൂടി എടുത്താല്...' എന്ന് അദ്ദേഹം പറയും. ഞാൻ പറയും, ‘സർ എടുക്ക് സാർ’, ‘വൈകുന്നേരത്തിനുള്ളിൽ എടുക്കാം’ എന്ന് പറഞ്ഞു.
അന്ന് അങ്ങനെ പോയി പോയി വൈകുന്നേരം ആയിട്ടും എടുക്കാൻ പറ്റിയില്ല. അപ്പൊ അടുത്ത ദിവസമായി, രാവിലെ തൊട്ട് ഞാൻ പറഞ്ഞു, ‘സർ ഇത് എടുക്ക്’, ‘ഇപ്പൊ എടുക്കാം, ഇപ്പൊ എടുക്കാം’' എന്ന് പറഞ്ഞു.
അങ്ങനെ പറഞ്ഞ് പറഞ്ഞ് അന്നും എടുക്കാൻ പറ്റിയില്ല. തീരുമാനം പിന്നെ എന്റെയാണ് എടുക്കേണ്ടത്... എനിക്ക് അതിന് (ശബരിമലയ്ക്ക്) പോകണം. അത് വേണ്ടെന്നു വച്ചിട്ട്, ഈ അഞ്ചുപേരിൽ നടന്നു വരുന്നതാണോ ഏതാണ് വലുത് എന്ന് ചിന്തിച്ചപ്പോ, എനിക്ക് അതാണ് വലുതെന്ന് തോന്നി.’’
തമിഴ് പ്രേക്ഷകർക്ക് മുന്നിൽ 'ദീപാവലി' എന്നും, മലയാളികൾക്ക് മുന്നിൽ 'ശബരിമല' എന്നും താരം മാറ്റിപ്പറഞ്ഞത് എന്താണെന്ന് പ്രേക്ഷകർ ചോദിക്കുന്നു.
ഇത് കൂടാതെ, കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ ചെന്നൈയിലേക്ക് പോയതുകൊണ്ടാണ് ജയറാം ക്ലൈമാക്സിൽ ഉണ്ടാകാതിരുന്നതെന്ന മറ്റൊരു കഥയും മുൻപ് പ്രചരിച്ചിരുന്നതായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
Tags : Jayaram Twenty20 climax