കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബന്റെ കരിയറിലെ അഞ്ചാമതു പോലീസ് വേഷമാണ് ഷാഹി കബീറിന്റെ രചനയില്‍, എഡിറ്റര്‍ കിരണ്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത ഉന്മാദത്തിലെ സിപിഒ ഷെല്ലി. നായാട്ടില്‍ തുടങ്ങി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ ‘ഉന്മാദ'ത്തിലാണ് ഷാഹിയുമായുള്ള ചാക്കോച്ചന്റെ സിനിമാക്കൂട്ട്.
ലിജോമോള്‍ ജോസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ബോളിവുഡിലെ പനോരമ സ്റ്റുഡിയോസ് പൂര്‍ണമായും നിര്‍മാണം നിര്‍വഹിച്ച മലയാള ചിത്രം എന്നിങ്ങനെയാണ് ഉന്മാദത്തിന്റെ മറ്റു വിശേഷങ്ങള്‍. കുഞ്ചാക്കോ ബോബന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഉന്മാദം പറയുന്നത്..?
.jpg1785732041.jpg)
ഒരു പോലീസ് സ്റ്റേഷനിലെ കേസ് ഫയലുമായി ബന്ധപ്പെട്ട സിനിമയാണിത്. ഷെല്ലി എന്ന പോലീസ് ഓഫീസര്‍ അവിടെ ആ ഫയലില്‍ തൊട്ടാല്‍ പ്രശ്നങ്ങളുണ്ടാവും, രക്തക്കറ പറ്റും, ആര്‍ക്കെങ്കിലും അപകടം സംഭവിക്കും, അതുകൊണ്ട് ആ ഫയലില്‍ തൊടരുത് എന്നുള്ള സൂചന അവഗണിച്ച് അതില്‍ തൊടുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും സംഭവവികാസങ്ങളുമാണ് ഈ സിനിമ.
ഈ സിനിമയുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിച്ചത്..?
ഇതിന്റെ കഥ തന്നെയാണു ശ്രദ്ധിച്ചത്. അത് കുറച്ചു നാളുകള്‍ക്കുമുമ്പ് ഷാഹി എന്നോടു പറഞ്ഞതാണെങ്കിലും വീണ്ടും കുറെ നാളുകള്‍ കഴിഞ്ഞ് അതു തിരിച്ച് എന്നിലേക്കു വരികയും അതില്‍ കാലാനുസൃത മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു. എന്തൊക്കെ മാറ്റങ്ങളാണു സംഭവിച്ചത്്, അത് എത്രത്തോളം രസകരമായിട്ടുണ്ട് എന്നതെല്ലാം ഈ കഥ തെരഞ്ഞെടുക്കുന്നതിനു സഹായകമായി. ഒപ്പം, ഇതില്‍ ഉള്‍ക്കാമ്പുള്ള ഒരു ടീം വന്നതും ഇതിന്റെ ടെക്നിക്കല്‍ കാര്യങ്ങളും പ്രൊഡക്ഷന്‍ വാല്യുവുമെല്ലാം ഇതുമായി മുന്നോട്ടുപോകാന്‍ പ്രേരണയായി.
ഷെല്ലിയെ മുന്‍ പോലീസ് വേഷങ്ങളില്‍ നിന്നു വേറിട്ടു നിർത്തുന്നത്..?
ഷാഹിയും ഞാനും ഒന്നിക്കുമ്പോള്‍, അത് വീണ്ടും പോലീസ് വേഷമാകുമ്പോള്‍ അല്ലെങ്കില്‍ പോലീസ് സിനിമയാകുമ്പോള്‍, അതിനു മുന്‍കാല ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തതയുണ്ടാവണം എന്നുറപ്പിച്ചിരുന്നു. അതിന്റെ ഉത്തരമാണ് ഉന്മാദവും അതിലെ ഷെല്ലി എന്ന കഥാപാത്രവും. അതുകൊണ്ടുതന്നെ നായാട്ടിലെ പ്രവീണ്‍ മൈക്കിളില്‍ നിന്നും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ഹരിശങ്കറില്‍ നിന്നും ഷെല്ലി എല്ലാ അര്‍ഥത്തിലും...രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലുമെല്ലാം മാറിനില്‍ക്കുന്നുണ്ട്.
കിരണ്‍ദാസ് എന്ന സംവിധായകനൊപ്പം..?
സിനിമയുടെ മറ്റൊരു സംവിധായകന് തന്നെയാണ് എഡിറ്റര്‍. കുറേയധികം നല്ല സിനിമകളുടെ ഭാഗമായിട്ടുള്ള, വാണിജ്യപരമായും വിമര്‍ശനപരമായും വിജയിച്ച സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുള്ള കിരണ്‍ദാസ് ആദ്യത്തെ സംവിധാന സംരംഭമായി ഇത് ഏറ്റെടുക്കുമ്പോള്‍ ഇരുത്തം വന്ന, പരിചയസമ്പന്നനായ ഒരു സംവിധായകന്റെ സാന്നിധ്യം ഫീല്‍ ചെയ്തിരുന്നു. വളരെ വ്യക്തതയോടെ, എന്താണു വേണ്ടത്, എന്താണു വേണ്ടാത്തത് എന്നതിനെപ്പറ്റി തിരിച്ചറിവുണ്ടാവുകയും അത് അതേരീതിയില്‍ തന്നെ അഭിനയിക്കുന്നവരിലേക്കും സാങ്കേതിക പ്രവര്‍ത്തകരിലേക്കും എത്തിക്കുന്നതിനുള്ള മിടുക്ക് കിരണ്ദാസിനുണ്ട്.
എത്രതന്നെ സംഘര്‍ഷഭരിതമായ സീക്വന്‍സുകള്‍ ചിത്രീകരിക്കുകയാണെങ്കിലും ലൊക്കേഷനില്‍ എത്രതന്നെ സമ്മര്‍ദങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം തരണം ചെയ്യുന്ന രീതിയില്‍ എല്ലാവരെയും ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ കിരണിന് സാധിച്ചിരുന്നു.
ഷാഹിക്കൊപ്പമുള്ള സിനിമകൾ കരിയറിനെ എത്രത്തോളം വേറിട്ടതാക്കുന്നു..?
ഒരു നടന് എന്ന രീതിയില്‍ പോലീസ് വേഷങ്ങള്‍ ചെയ്യുമ്പോഴും, അല്ലെങ്കില്‍ ഷാഹിക്കൊപ്പം ഇത്രയധികം പോലീസ് വേഷങ്ങള്‍ ചെയ്യുമ്പോഴും ആ വേഷങ്ങള്‍ മാത്രമല്ല, സിനിമകളും വ്യത്യസ്തമാകുന്നു എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. നായാട്ടിലെ പ്രവീണ്‍ മൈക്കിള്‍, സിസ്റ്റം എന്തിനാണ് അതിലുള്ളവരെ വേട്ടയാടുന്നത് എന്നു ചോദ്യംചെയ്യുന്ന, സംശയിക്കുന്ന, ഭയപ്പെടുന്ന കഥാപാത്രമായിരുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ വളരെ ധാര്‍ഷ്ട്യമുള്ള, സാഹസികനായ, സ്വന്തം തീരുമാനങ്ങളുമായി നീതിക്കുവേണ്ടി ഏതറ്റം വരെയും പോകാന്‍ രണ്ടാമതൊന്ന് ആലോചിക്കാത്ത പോലീസ് ഓഫീസറാണ്.
ഉന്മാദത്തിലെ ഷെല്ലിയിലേക്കു വരുമ്പോള്‍ രൂപപ്രകൃതിയില് തന്നെ മാറ്റം തോന്നിക്കും. നായാട്ടിലെ പ്രവീണ്‍ മൈക്കിളിന്റെ അല്ലെങ്കില്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ഹരിശങ്കറിന്റെ ശരീരഭാഷയല്ല ഷെല്ലിക്കുള്ളത്. വളരെ ഒതുങ്ങിയ പ്രകൃത മുള്ള കഥാപാത്രമാണ് ഷെല്ലി. സ്വന്തം വീട്ടില്‍ പോലും ഭാര്യയ്ക്കാണു കുറച്ചുകൂടി മേല്‍ക്കൈ! എന്നാല്‍ പോലും ഷെല്ലിക്ക് സ്വന്തമായ ദൃഢവിശ്വാസങ്ങളുണ്ട്.
മറ്റുള്ളവരെ ദ്രോഹിക്കാതെ അതിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ ഷെല്ലിയും ശ്രമിക്കുന്നു. അതുകൊണ്ടു തന്നെയാണ് ആ പോലീസ് സ്റ്റേഷനിലെ, ആ 174 കേസ് ഫയല്‍ ഏറ്റവും ഭയത്തോടെ നോക്കിയിരുന്ന അവസരത്തില്‍, അത് തൊടുകപോലും ചെയ്യരുത് എന്ന് പറയുന്ന ഒരു സാഹചര്യത്തില്‍, ഷെല്ലി ആ ഫയല്‍ തൊടുകയും തുറക്കുകയും അതിന്റെ പിന്നാലെ പോവുകയും ചെയ്യുന്നത്.
ലിജോമോളുടെ പിന്തുണ..?

വളരെ ചുരുക്കം സിനിമകള്‍ കൊണ്ടുതന്നെ ഒരു നല്ല അഭിനേത്രി എന്നു പ്രേക്ഷകരും വിമര്‍ശകരും ലിജോയെ അംഗീകരിച്ചിട്ടുണ്ട്. പെര്‍ഫോമന്‍സ് മുന്‍നിര്‍ത്തിയുള്ള കഥാപാത്രം തന്നെയാണ് ഇതിലെ സൗമ്യ. ഏറ്റവും നല്ല രീതിയില്‍ ഒരു സീനിന്റെ ഔട്ട്പുട്ട് ഉണ്ടാകണം, അല്ലെങ്കില്‍ അതിനെ എങ്ങനെ മെച്ചപ്പെടുത്തണം എന്നുള്ളത് അതില്‍ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളുടെ മനപ്പൊരുത്തത്തിന്റെയോ അല്ലെങ്കില്‍ അവര്‍ പരസ്പരം ആ കഥാപാത്രങ്ങളെ എങ്ങനെ മനസിലാക്കുന്നു എന്നതിന്റെയോ അടിസ്ഥാനത്തിലാണ്. ആ രീതിയില്‍ വളരെ നല്ല കോ-ആക്ടര്‍ ആയിരുന്നു ലിജോ. ഷെല്ലി നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു ക്രെഡിറ്റ് ലിജോയുടെ സൗമ്യയ്ക്കും അവകാശപ്പെട്ടതാണ്.
ഇനി വരാനുള്ള സിനിമകള്‍..?
പുതുമുഖമായ ഷിഫിന സംവിധാനം ചെയ്യുന്ന ‘40 ഡേയ്സ് ഓഫ് ഹൗസ് പാര്‍ട്ടി’ എന്ന സിനിമയില്‍ കാമിയോ റോള്‍ ചെയ്യുന്നുണ്ട്. ‘ബാച്ചിലര്‍ പാര്‍ട്ടി 2'ലും ഒരു പ്രധാന വേഷമാണ്.
Tags : Kunchacko Boban Interview unmadham malayalam cinema