മമിതയും സ്വാസികയും
നടിമാരായ മമിത ബൈജുവിനും സ്വാസികയ്ക്കും സർപ്രൈസ് ഒരുക്കി ചിത്രീകരണം പുരോഗമിക്കുന്ന പിആർഎസ് 1 സിനിമയുടെ അണിയറപ്രവർത്തകർ. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അണിയറപ്രവർത്തകർ ഇരുവർക്കുമായി സർപ്രൈസ് ഒരുക്കിയത്. ഇരുവരും അഭിനയിച്ച ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻവിജയം നേടിയ പശ്ചാത്തലത്തിലായിരുന്നു ആഘോഷം.
ഇരുവരും ഒരുമിച്ചുള്ള അടുത്ത രംഗം ചിത്രീകരിക്കുകയാണെന്നു പറഞ്ഞാണ് അണിയറപ്രവർത്തകർ മമിതയെയും സ്വാസികയെയും മേശയ്ക്കരികിലേക്ക് വിളിച്ചിരുത്തിയത്.
പരസ്പരം സംസാരിക്കാതെ പിണക്കഭാവത്തിൽ ഇരിക്കാനായിരുന്നു നിർദേശം. നൽകിയ നിർദേശം അനുസരിച്ച് രണ്ടുപേരും ഗൗരവത്തോടെ അഭിനയിക്കുന്നതിനിടെയാണ് കേക്കുമായി അണിയറപ്രവർത്തകരുടെ അപ്രതീക്ഷിത എൻട്രി.
സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനവും ബോക്സ് ഓഫിസ് വിജയവുമാണ് ഈ ആഘോഷത്തിന് വഴിവെച്ചത്. 'വിശ്വനാഥ് & സൺസ്', 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങളിലൂടെ മമിത ബൈജു തരംഗമായപ്പോൾ, 'ഇരുമുടി' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസിക ശ്രദ്ധ നേടിയത്.
പ്രദീപ് രംഗനാഥൻ നിർമിച്ച് സായി അഭ്യങ്കർ സംഗീതസംവിധാനം നിർവഹിക്കുന്ന പേരിടാത്ത പുതിയ ചിത്രമായ പി ആർ എസ്1 ന്റെ സെറ്റിലായിരുന്നു ഈ പ്രത്യേക കേക്ക് കട്ടിംഗ്.
ആൽഫ യൂണിറ്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം സംവിധായകരുടെ കൂട്ടായ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാൽ ടി.ആർ, യാഷ് വി, നരേൻ സൗദ, ചാണക്യൻ ആർ, ധനുഷ് കുമാർ, ഇളംപരിതി എന്നിവരാണ് ആൽഫാ യൂണിറ്റിന് പിന്നിൽ പ്രവർത്തിക്കുന്നത്. മമിത ബൈജു, സ്വാസിക എന്നിവർക്കൊപ്പം അശ്വത് മാരിമുത്തു, ശിവജി സൊന്തിനേനി, അനാമിക മഹി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Tags : Mamitha Baiju Swasika Surprise Celebration PRS1