സ്വാസിക സഹോദരന്റെ വിവാഹവേളയിൽ
സഹോദരൻ ആകാശിന്റെ വിവാഹം ആഘോഷമാക്കി നടി സ്വാസിക വിജയ്. സ്വാസികയുടെ ഇളയ സഹോദരനാണ് ആകാശ്. അപർണയാണ് വധു.
സംഗീത് നൈറ്റും പ്രി വെഡ്ഡിംഗ് പാർട്ടിയുമൊക്കെയായി നിരവധി ചടങ്ങുകളാണ് സഹോദരനായി പ്രിയപ്പെട്ട ചേച്ചി ഒരുക്കി വച്ചത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
‘‘എപ്പോഴും എന്നോട് വഴക്കടിച്ചിരുന്ന എന്റെ കുഞ്ഞനിയാ...ഒന്നും അറിയാത്ത, കുട്ടിത്തം ഒട്ടും മാറാത്ത, ഇനിയുമേറെ വളരാനുള്ള ഒരു കൊച്ചുപയ്യനായിട്ടാണ് ഞാൻ നിന്നെ എപ്പോഴും കണ്ടിട്ടുള്ളത്. എന്നാൽ ഇന്നിതാ, ഒരു കുടുംബസ്ഥന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തക്കവണ്ണം നീ വളർന്നു വലുതായിരിക്കുന്നു!
സത്യം പറഞ്ഞാൽ, നിന്നിലുണ്ടായ ഈ മനോഹരമായ മാറ്റം പൂർണമായി ഉൾക്കൊള്ളാൻ എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല. എങ്കിലും എല്ലാറ്റിലുമുപരിയായി, ഉത്തരവാദിത്തബോധവും സന്തോഷവുമുള്ള ഒരു നല്ല മനുഷ്യനായി നീ മാറുന്നതും, നിങ്ങൾ രണ്ടുപേരും ചേർന്ന് മനോഹരമായൊരു ജീവിതം കെട്ടിപ്പടുക്കുന്നതും കാണാനാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.
ഞങ്ങളുടെ ജീവിതത്തിലുടനീളം സ്നേഹവും സന്തോഷവും ഒത്തൊരുമയും നിറഞ്ഞുനിൽക്കട്ടെ. എന്റെ പ്രിയപ്പെട്ട അനിയന് ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ.’’സ്വാസികയുടെ വാക്കുകൾ.
യുകെയിൽ ജോലി ചെയ്യുകയാണ് ആകാശ്. മൂവാറ്റുപുഴ സ്വദേശിയായ വിജയകുമാറിന്റെയും ഗിരിജയുടെയും മക്കളാണ് ആകാശും സ്വാസികയും.
Tags : swasika swasika vijay wedding brother marriage cinema