ന്യൂഡൽഹി: പട്ടികജാതി (എസ്സി) വിഭാഗത്തിൽപെട്ട ഏതൊരാളും ക്രിസ്തുമതം സ്വീകരിച്ചാൽ അവർക്ക് ലഭിച്ചുകൊണ്ടിരുന്ന പട്ടികജാതി ആനുകൂല്യങ്ങൾ സ്വമേധയാ നഷ്ടപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോടു നിർദേശിച്ച് അലഹബാദ് ഹൈക്കോടതി.
ഇത്തരത്തിൽ മതം മാറിയവർക്ക് ആനുകൂല്യങ്ങൾ തുടർന്നാൽ അതു ഭരണഘടനയോടുള്ള വഞ്ചനയും സംവരണനയങ്ങളുടെ ധാർമികതയ്ക്ക് എതിരാണെന്നും ജസ്റ്റീസ് പ്രവീണ്‍ കുമാർ ഗിരി വ്യക്തമാക്കി.
ഹിന്ദു, സിക്ക്, ബുദ്ധമത വിശ്വാസികൾ ഒഴികെ മറ്റാരെയും പട്ടികജാതി സമൂഹത്തിന്റെ അംഗമായി കണക്കാക്കാൻ കഴിയില്ലെന്ന 1950ലെ ഭരണഘടനാ ഉത്തരവിലെ മൂന്നാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് പ്രവീണ്‍ കുമാർ വിധി പ്രസ്താവിച്ചത്. ദളിത് ക്രൈസ്തവർക്കു പട്ടികജാതി പദവി നൽകണമെന്ന ക്രൈസ്തവസഭകളുടെ കാലങ്ങളായുള്ള ആവശ്യം നിലനിൽക്കവെയാണു അലഹബാദ് ഹൈക്കോടതിയിൽനിന്ന് ഇത്തരമൊരു ഉത്തരവ് ഉണ്ടാകുന്നത്.
ക്രൈസ്തവ മതം പ്രഘോഷിച്ചു എന്നതിന്റെ പേരിൽ മതവികാരത്തെ അപമാനിക്കൽ, ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിതേന്ദ്ര സഹാനി എന്ന വ്യക്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി നിരീക്ഷണം.
സഹാനി ക്രിസ്തുമതം സ്വീകരിച്ചെങ്കിലും സത്യവാങ്മൂലത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്നു പരാമർശിച്ചിരിക്കുന്നതായി കോടതി കണ്ടെത്തി. ഇതു പരസ്പരവിരുദ്ധമാണെന്നു നിരീക്ഷിച്ച കോടതി മതം മാറിയിട്ടും പട്ടികജാതി ആനുകൂല്യങ്ങൾ നിയമവിരുദ്ധമായി നിലനിർത്താൻ സഹാനി വ്യാജരേഖ നിർമിക്കുകയോ മറ്റു ശ്രമങ്ങൾ നടത്തിയിരിക്കുകയോ ചെയ്തേക്കാമെന്നും പറഞ്ഞു.
തുടർന്നാണ് ഇത്തരം വിഷയത്തിൽ സംസ്ഥാനവ്യാപകമായി കൂടുതൽ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാരിനോടു നിർദേശിച്ചത്. ന്യൂനപക്ഷ, പട്ടികജാതി പദവികൾ തമ്മിലുള്ള വ്യത്യാസം കർശനമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി നിർദേശിച്ചു.
ക്രിസ്തുമതത്തിൽ ജാതിവ്യവസ്ഥ ഇല്ലാത്ത സാഹചര്യത്തിൽ മതപരിവർത്തനത്തിനുശേഷം പട്ടികജാതി പദവി നിലനിർത്തുന്നത് ആനുകൂല്യങ്ങൾ വ്യാജമായി അവകാശപ്പെടുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും കോടതി നിർദേശിച്ചു. ഇതിനായി നാലു മാസത്തെ സമയപരിധിയും നൽകി.
Tags : Allahabad High Court conversion