വാഷിംഗ്ടൺ ഡിസി: മേയ് 23ന് സോക്കർ ഇതിഹാസം ഐ.എം. വിജയൻ ക്യാപിറ്റൽ കപ്പ് സോക്കർ കിക്ക് ഓഫ് ചെയ്യുന്നു. ഇദം പ്രഥമമായി ആണ് നോർത്ത് അമേരിക്കയിലെ ഒരു സോക്കർ ടൂർണമെന്റിൽ ഐ.എം. വിജയൻ അതിഥിയായി എത്തുന്നത്.
ക്യാപിറ്റൽ സിറ്റിയായ വാഷിംഗ്ടൺ ഡിസിയിലെ പ്രമുഖ സ്പോർട്സ് ക്ലബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന മൂന്നാമത് നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റ് മെമ്മോറിയൽ വീക്കെൻഡായ മേയ് 23ന് ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യും.
അമേരിക്കയിലും കാനഡയിൽ നിന്നുമായി ഒരു ഡസനിലധികം മലയാളി സോക്കർ ടീമുകളാണിത്തവണ ക്യാപിറ്റൽ കപ്പിനായി മാറ്റുരയ്ക്കുന്നത്. മെരിലൻഡിലെ ഫ്രഡറിക്ക് കൗണ്ടി ഓഥല്ലോ റീജയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ നടക്കുന്ന മത്സരം കെങ്കേമമായി നടത്താനായി വൻ ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ഐ.എം. വിജയനോടൊപ്പം വിശിഷ്ടാതിഥികളായി നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃനിരയിലെ പ്രമുഖരും പങ്കെടുക്കുന്നു. ടൂർണമന്റ് നടത്തിപ്പിനായി സൈകേഷ് പദ്മനാഭൻ, ജെഫി ജോർജ്ജ്, മനു സെബാസ്റ്റ്യൻ, സോം സുന്ദർ, നൈജു അഗസ്റ്റിൻ, ടെനി സെബാസ്റ്റ്യൻ, അനിൽ ലാൽ, ബിജേഷ് തോമസ്, ദിലീപ് പിള്ള, ബോസ്കി ജോസഫ്, റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃതത്വത്തിൽ വിവിധ സംഘാടക കമ്മിറ്റികൾ നിലവിൽ വന്നു.
ക്ലബ് ഭാരവാഹികളായ നോബിൾ ജോസഫ്, നബീൽ വളപ്പിൽ, റെജി തോമസ് എന്നിവർ വിവരങ്ങൾ പങ്കുവച്ചു.
Tags : Capital Cup Soccer Tournament I.M. Vijayan USA