ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഇന്ത്യാന: ജീവിതത്തിലെ 32 വർഷവും ഗാരേജിൽ ഏകാന്തതയിൽ കഴിയേണ്ടിവന്ന ടോബി എന്ന ചിംപാൻസിയെ മൃഗസംരക്ഷണ പ്രവർത്തകർ രക്ഷപ്പെടുത്തി.
അമേരിക്കയിലെ ഇന്ത്യാനയിലുള്ള ഒരു വീട്ടിലെ ഗാരേജിലായിരുന്നു ടോബിയെ ഇത്രയും കാലം അടച്ചിട്ടിരുന്നത്. ഉടമ മരിച്ചതിനെത്തുടർന്ന് ടോബിയെ ദയാവധം ചെയ്യണമെന്ന നിർദേശം കുടുംബാംഗങ്ങൾക്കു ലഭിച്ചിരുന്നു.
ഇതറിഞ്ഞ അനിമൽ ലീഗൽ ഡിഫൻസ് ഫണ്ട് എന്ന സംഘടനയും ഫെഡറൽ ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് ടോബിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.
തുടർന്ന് ടോബിയെ ഫ്ലോറിഡയിലെ സെന്റർ ഫോർ ഗ്രേറ്റ് ഏപ്സ് എന്ന മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ദീർഘകാലത്തെ ഏകാന്തവാസത്തിനുശേഷം സുരക്ഷിതമായ അന്തരീക്ഷത്തിൽ പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ടോബിക്ക് ലഭിച്ചിരിക്കുന്നത്.