ഡാർലിൻ ഗ്രഹാം
വാഷിംഗ്ടൺ: അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് അദ്ദേഹത്തിന്റെ സഹോദരി ഡാർലിൻ ഗ്രഹാം നോർഡോൺ യുഎസ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സൗത്ത് കരോലിനയിൽ നിന്നുള്ള ഇടക്കാല സെനറ്ററായി ഡാർലിനെ ഗവർണർ ഹെൻറി മക്മാസ്റ്റർ ഔദ്യോഗികമായി നിയമിക്കുകയായിരുന്നു.
ഡോണാൾഡ് ട്രംപിന്റെ പ്രത്യേക ശിപാർശ പ്രകാരമാണ് ഈ നിർണായക നിയമനം നടന്നിരിക്കുന്നത്. "ലിൻഡ്സിയോടുള്ള ഏറ്റവും മനോഹരമായ ആദരവാണിത്, അദ്ദേഹം തന്റെ അനിയത്തിയെ അത്രമേൽ സ്നേഹിച്ചിരുന്നു," എന്ന് നിയമനത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചു.
ഡാർലിൻ ഗ്രഹാം ഒരു സജീവ രാഷ്ട്രീയപ്രവർത്തകയല്ലെങ്കിലും, സൗത്ത് കരോലിന സംസ്ഥാന സർക്കാരിൽ 28 വർഷത്തിലധികം നീണ്ട നേതൃത്വപരിചയമുള്ള വ്യക്തിയാണ്. നിലവിൽ 'സൗത്ത് കരോലിന കമ്മീഷൻ ഫോർ ദി ബ്ലൈൻഡ്' കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ.
ലിൻഡ്സി ഗ്രഹാമിന്റെയും ഡാർലിന്റെയും മാതാപിതാക്കൾ 15 മാസത്തെ ഇടവേളയിൽ മരണപ്പെട്ടിരുന്നു. അന്ന് വെറും 13 വയസ്സ് മാത്രമുണ്ടായിരുന്ന ഡാർലിന്റെ നിയമപരമായ രക്ഷിതാവായി മാറി അവരെ വളർത്തിയത് ജ്യേഷ്ഠനായ ലിൻഡ്സി ഗ്രഹാമായിരുന്നു.
ആ ഓർമ്മ പുതുക്കിക്കൊണ്ട്, തന്റെ ജ്യേഷ്ഠന്റെ ജനസേവന പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്ന് ഡാർലിൻ വ്യക്തമാക്കി. ലിൻഡ്സി ഗ്രഹാമിന്റെ ശേഷിക്കുന്ന ഔദ്യോഗിക കാലാവധിയിലാണ് ഡാർലിൻ ഇനി സൗത്ത് കരോലിനയെ യുഎസ് സെനറ്റിൽ പ്രതിനിധീകരിക്കുക.
Tags : USSenate SouthCarolina LindseyGraham DarleneGraham