ഫാ.ഡോ. സാജു പിണക്കാട്ട്
സൗത്ത്വാർക്ക്: ബ്രോംലിയിലെ സെന്റ് ജോസഫ് & സെന്റ് സ്വിതുൻ കത്തോലിക്കാ ഇടവക വികാരിയും ബ്രോംലി ഡീനറിയുടെ ഡീനും സൗത്ത്വർക്ക് അതിരൂപതയുടെ വൈദിക സമിതിയിലെ അംഗവുമായ റവ. ഡോ സാജു പിണക്കാട്ടിനെ സൗത്ത്വാർക്ക് അതിരൂപതയുടെ ചാപ്റ്റർ കാനൻ പദവിയിൽ നിയമിച്ചു.
സൗത്ത്വാർക്ക് അതിരൂപതയുടെ ആർച്ച്ബിഷപ്പായ ജോൺ വിൽസണാണ് സാജു അച്ചനെ ചാപ്റ്റർ കാനൻ ആയി നിയമനം നൽകിയത്. സാജു അച്ചന് ലഭിച്ച ഈ പദവി വ്യക്തിപരമായ അംഗീകാരം എന്നതിലുപരി, വിശാലമായ കത്തോലിക്കാ സമൂഹത്തിനും പ്രത്യേകിച്ച് സീറോമലബാർ സഭയ്ക്കും മലയാളി വിശ്വാസി സമൂഹത്തിനും ഏറെ അഭിമാനകരമായ നേട്ടമാണ്.
അതിമെത്രാസനത്തിന്റെ ആത്മീയവും ആരാധനാക്രമപരവും അജപാലനപരവുമായ ദൗത്യങ്ങളിൽ ആർച്ച്ബിഷപ്പിനെ സഹായിക്കുന്നതിനായി കത്തീഡ്രൽ ചാപ്റ്ററിലെ അംഗമായി ആർച്ച്ബിഷപ് നിയമിക്കുന്ന വൈദികനെയാണ് ചാപ്റ്റർ കാനൻ എന്ന് വിളിക്കുന്നത്.
ഈ പദവി ഒരു ബഹുമതിയെന്നതിലുപരി, വിശ്വാസപരവും നയപരവുമായ വലിയ ഉത്തരവാദിത്വം കൂടിയാണ്.
വിശ്വാസിസാഗരത്തെ സാക്ഷിയാക്കി സാജു അച്ചന് ചാപ്റ്റർ കാനൻ പദവിയിൽ നിയമനം
സൗത്ത്വാർക്ക് അതിരൂപതയിലെ ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, വിശ്വാസികൾ, ബന്ധുമിത്രാദികൾ, അഭ്യുദയകാംക്ഷികൾ അടക്കം വൻ വിശ്വാസി ജനസാഗരത്തിന്റെ സാന്നിധ്യത്തിലാണ് ഫാ. സാജുവിനെ ഔപചാരികമായി ചാപ്റ്റർ കാനനായി സ്ഥാനാരോഹണം നടത്തിയത്.
സൗത്ത്വാർക്ക് ആർച്ച് ബിഷപ്പ് മാർ ജോൺ വിൽസൺ അടിയന്തിര സാഹചര്യത്തിൽ പെട്ടെന്ന് മടങ്ങേണ്ടി വന്നതിനാൽ ജിം ക്രോണിൻ (പ്രോവോസ്റ്റ് കാനൻ) ആയിരുന്നു ആർച്ച്ബിഷപ്പിന് പകരം ചുമതല നിർവഹിച്ചത്.
ബിഷപ് പോൾ ഹെൻഡ്രിക്സ്, ബിഷപ് ജെറാർഡ് ബ്രാഡ്ലി , കാനൻ വിക്ടർ (ഡാർലിംഗ്ടൺ എപ്പിസ്കോപ്പൽ വികാരി), മൈക്കിൾ ബ്രാഞ്ച് (കത്തീഡ്രൽ ഡീൻ), വികാർ ജനറാൾ മോൺ. ഗേറി യൂവിംഗ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തിരുസഭയ്ക്കുവേണ്ടി ഒരു വൈദികൻ കാഴ്ചവയ്ക്കുന്ന ആത്മാർഥവും സ്തുത്യർഹവും സമർപ്പിതവുമായ സേവനത്തിനുള്ള വലിയ അംഗീകാരമായാണ് ചാപ്റ്റർ കാനൻ പദവി കണക്കാക്കപ്പെടുന്നത്.
ചാപ്റ്റർ കാനൻ അതിരൂപതയിലെ പ്രധാന ആരാധനാഘോഷങ്ങളിൽ പങ്കെടുക്കുകയും ആവശ്യമായ അവസരങ്ങളിൽ ആർച്ച്ബിഷപ്പിന് ഉപദേശവും സഹായവും നൽകുകയും അതോടൊപ്പം സഭയുടെ ദൗത്യം പ്രോത്സാഹിപ്പിക്കുകയും വൈദികരും അൽമായരും തമ്മിലുള്ള ഐക്യം വളർത്തുകയും ചെയ്യുന്നു.
തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ഇടവകദൗത്യം തുടർന്നുകൊണ്ടിരിക്കുമ്പോഴും കത്തീഡ്രലിന്റെയും അതിരൂപതയുടെയുംപ്രതിനിധികളായി പ്രവർത്തിച്ച് നയ രൂപീകരണം, നേതൃത്വം, പ്രാർഥന, അജപാലന ശുശ്രൂഷ എന്നീ മേഖലകളിൽ പ്രധാനമായി ശ്രദ്ധചെലുത്തുകയും സംഭാവനകൾ നൽകുകയുമാണ് ഉത്തരവാദിത്വം.
തലശേരി രൂപതയിലെ കൊച്ചച്ചനിൽ നിന്നും യുകെയിലെ സൗത്ത്വർക്ക് അതിരൂപതയുടെ ചാപ്റ്റർ കാനൻ പദവിയിലേക്ക്
തലശേരി അതിരൂപതയിലെ കുടിയാൻമല ഫാത്തിമമാതാ ഇടവകാംഗങ്ങളായ തോമസ് പിണക്കാട്ടിന്റെയും, പരേതയായ മേരി അറക്കപ്പറമ്പിലിന്റെയും മകനാണ് സാജു അച്ചൻ.
2000ൽ തന്റെ ഇടവകയായ കുടിയാൻമല ഫാത്തിമമാതാ ദേവാലയത്തിൽ വച്ച് തലശേരി അതിരൂപതയുടെ ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റത്തിൽ പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച സാജു അച്ചൻ, തുടർന്ന് തന്റെ കപ്പൂച്ചിൻ കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ പ്രസാധനം നടത്തി വന്നിരുന്ന അസീസി മാസികയുടെ ചീഫ് എഡിറ്റർ പദവിയിലും ഭരണങ്ങാനം സെറാഫിക് സെമിനാരിയിൽ വൈസ് റെക്ടറായും 2000-2006 കാലഘട്ടത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2006ൽ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ വിശുദ്ധ ഗ്രന്ഥ ശാസ്ത്രത്തിൽ പഠനത്തിനായി അയക്കപ്പെട്ട സാജു അച്ചൻ അവിടെ നിന്നും ലൈസൻഷ്യേറ്റ് ബിരുദം നേടി. യുകെ സതക് രൂപതയിൽ നിന്നും വൈദിക സേവനത്തിനായി ക്ഷണം ലഭിച്ച അച്ചൻ 2008ൽ യുകെയിൽ എത്തുകയായിരുന്നു.
ബ്രോംലി റോമൻ കത്തോലിക്കാ ദേവാലയത്തിൽ അസിസ്റ്റന്റ് പ്രീസ്റ്റായി അജപാലന ശുശ്രുഷ ആരംഭിച്ചു. പഠനത്തിൽ ഏറെ തത്പരനായിരുന്ന സാജു അച്ചൻ ബ്രോംലിയിൽ അജപാലന ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കെത്തന്നെ, ലണ്ടനിലെ ഹെയ്ത്രോപ് കോളേജിൽ നിന്ന് ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു.
ടൺബ്രിഡ്ജിലെ കോർപ്പസ് ക്രിസ്റ്റി ദേവാലയത്തിലും സെന്റ് ഡൊമിനിക് ചർച്ച്, വഡോണിലും വികാരിയായും അച്ചൻ ശ്രദ്ധേയമായ സേവനം ചെയ്തിട്ടുണ്ട്.
2014- 2021 വരെ വോണർഷിലെ സെന്റ് ജോൺസ് സെമിനാരിയിൽ വിശുദ്ധഗ്രന്ഥശാസ്ത്ര അധ്യാപകനായും സാജു അച്ചൻ മികവുറ്റ സേവനം ചെയ്തിട്ടുണ്ട്.

യുകെയിലെ സീറോ-മലബാർ കത്തോലിക്ക സമൂഹത്തിന്റെ അജപാലന ശുശ്രൂഷയിലും ഫാ. സാജു തന്റെ കെെയൊപ്പു ചാർത്തിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടനിൽ സീറോമലബാർ രൂപതസ്ഥാപിതമാകുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം സീറോമലബാർ വിശ്വാസികൾക്ക് ആത്മീയവും അജപാലനപരവും കൂടാതെ മതബോധന മേഖലയിലും പ്രശംസനീയമായ തലത്തിൽ നേതൃത്വം നൽകിപ്പോന്നിരുന്നു.
ബ്രോംലിയിൽ സീറോമലബാർ കുർബാന കേന്ദ്രം ആരംഭിക്കുകയും, 20011-2018 വരെ സീറോമലബാർ കുർബാന കേന്ദ്രത്തിന്റെ പ്രീസ്റ്റ് ഇൻ ചാർജായിരുന്ന അച്ചൻ, 2018 മുതൽ 2024 വരെ ചീമിൽ സീറോമലബാർ മിഷൻ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കപ്പുച്ചിൻ സഭാംഗമായി വൈദികപട്ടം സ്വീകരിച്ച സാജു അച്ചൻ നിലവിൽ ബ്രോംലി ഡീനറിയുടെ ഡീനായും സൗത്ത്വർക്ക്അതിരൂപതയുടെ വൈദിക സമിതിയിലെ അംഗമായും സേവനം അനുഷ്ഠിച്ചുവരുന്നു.
ചാപ്റ്റർ കാനൻ പദവിയിലുള്ള അദ്ദേഹത്തിന്റെ നിയമനം ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന കത്തോലിക്കാ സഭയുടെ വളർന്നുവരുന്ന വൈവിധ്യത്തെയും, പ്രാദേശിക സഭയെ വിശ്വസ്തതയോടെ സേവിക്കുന്ന വിദേശ വൈദികരുടെ വിലപ്പെട്ട സംഭാവനകളോടുമുള്ള റോമൻ കത്തോലിക്കാ സഭയുടെ സമീപനവും അംഗീകാരവുമാണ് സാജു അച്ചന് ലഭിച്ച ഉന്നത നിയമനം പ്രതിഫലിപ്പിക്കുന്നത്.
സാജു അച്ചന്റെ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ഇടവകാംഗങ്ങൾക്കും അതോടൊപ്പം വർഷങ്ങളായി അദ്ദേഹം സേവനം ചെയ്തിട്ടുള്ള അനേകം വിശ്വാസ സമൂഹങ്ങൾക്കും വലിയ സന്തോഷത്തിനും അഭിമാനത്തിനും കാരണമായിരിക്കുകയാണ് അദ്ദേഹത്തിന് ലഭിച്ച ചാപ്റ്റർ കാനൻ പദവി.
Tags : Fr.Dr.SajuPinakkat CatholicArchdioceseofSouthwark NRINews SouthwarkArchdiocese MalayaliCommunity