ബെർലിൻ: ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബേബി ഫൂഡ് ബ്രാൻഡായ ഹിപ്പിന്റെ ഉത്പന്നങ്ങളിൽ എലിവിഷം കണ്ടെത്തിയതിനെത്തുടർന്ന് യൂറോപ്പിൽ ജാഗ്രതാ നിർദേശം. ഓസ്ട്രിയയിലെ സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഹിപ്പ് ബ്രാൻഡിന്റെ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിൽ (കാരറ്റ്സ് ആൻ്റ് പൊട്ടറ്റോസ്) എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി.
ആരെങ്കിലും മനഃപൂർവം വിഷം കലർത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നു. ജർമനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഈ ഉത്പന്നം തിരിച്ചുവിളിച്ചു.
ഉപഭോക്താവ് നൽകിയ പരാതിയെത്തുടർന്ന് 190 ഗ്രാം വരുന്ന ജാറിലെ സാംപിൾ പരിശോധിച്ചപ്പോഴാണ് എലിവിഷം സ്ഥിരീകരിച്ചത്. പണം തട്ടാനുള്ള ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായി ആരോ ചെയ്തതാണിതെന്ന് സംശയിക്കുന്നു.
സംശയാസ്പദമായ ജാറുകൾ തിരിച്ചറിയാൻ പോലീസ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ജാറിന്റെ അടിയിൽ ചുവന്ന വട്ടത്തോടുള്ള വെള്ള സ്റ്റിക്കർ ഉണ്ടായിരിക്കും. അടപ്പ് നേരത്തെ തുറന്നതോ അല്ലെങ്കിൽ കേടുപാടുകൾ ഉള്ളതോ ആയിരിക്കാം. ഈ ഉത്പന്നം ആരും ഉപയോഗിക്കരുതെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകി.
അബദ്ധത്തിൽ ഇതിന്റെ പാക്കറ്റിൽ തൊടുകയാണെങ്കിൽ കൈകൾ നന്നായി കഴുകാനും നിർദേശമുണ്ട്. ഓസ്ട്രിയയിലെ ആയിരത്തിലധികം സൂപ്പർമാർക്കറ്റുകളിൽ നിന്ന് നിലവിൽ ഈ ഉത്പന്നം പിൻവലിച്ചിട്ടുണ്ട്. ജർമനിയിൽ ഇത് സംബന്ധിച്ച അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.
Tags : HiPP Baby Food Austria Rat Poison Discovery