പരിപാടിയിൽ നിന്ന്
കുവൈറ്റ് സിറ്റി: പ്രവാസികളുടെ മനസിൽ സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പരത്തി ഇൻകാസ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ഓണപെരുമ 2026' വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു.
കുവൈറ്റിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകൾ സമൂഹത്തിൽ എത്രത്തോളം ആഴത്തിലുള്ളതാണെന്നും കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പ്രധാന്യവും ഓർമിപ്പിച്ചുകൊണ്ട് നടന്ന ഈ സമ്മേളനം പ്രവാസലോകത്തിന് പുതിയൊരു അനുഭവമായി മാറി.
ഇൻകാസ് കുവൈറ്റ് ചെയർമാൻ രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ എംഎൽഎ എം. ജെ. സെബാസ്റ്റ്യൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
വിശിഷ്ടാതിഥിയായി എത്തിയ കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. കുവൈറ്റ് പ്രവാസികളുടെ കേരളവുമായുള്ള ബന്ധത്തെയും നാടിന്റെ വികസന സാധ്യതകളെയും കുറിച്ച് എം.ജെ. സെബാസ്റ്റ്യൻ സംസാരിച്ചു.
മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഷറഫുദ്ദീൻ കണ്ണേത്ത്, റ്റി.വി. എസ് കാർഗോ & ട്രാവൽസ് മാനേജിംഗ് ഡയറക്ടർ ഡോ. എം.എസ്. ഹൈദർ അലി, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, പ്രോഗ്രാം കൺവീനർ ജെയിംസ് വി. കൊട്ടാരം, മീഡിയ കൺവീനർ മധു മാഹി, വനിത കൺവീനർ സാറാമ്മ ജോൺസ്, യൂത്ത് വിംഗ് കൺവീനർ ഒസാമ വാഹിദ്, പ്രോഗ്രാം ജോയിന്റ് കൺവീനർ ബിജു അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അനൂപ് സ്വാഗതവും ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങൾ ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ഷെറിൻ മാത്യു കൊട്ടാരം, തമ്പി ലൂക്കോസ് എന്നിവർ ചേർന്ന് കൈമാറി. ജില്ലാ കൺവീനർമാർ വിശിഷ്ടാതിഥികളെയും മറ്റുള്ളവരെയും ഷാൾ അണിയിച്ച് ആദരിച്ചു.
കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ രാവിലെ പത്തരയ്ക്ക് ഈശ്വര പ്രാർഥനയോടു കൂടി ആരംഭിച്ച ചടങ്ങുകൾ ഒത്തുകൂടിയ ജനസഹസ്രങ്ങളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു.
കേരളത്തിന്റെ തനതു കലാരൂപങ്ങളായ നാടൻപാട്ടുകൾ, സിനിമ ഗാനങ്ങൾ, ഫ്യൂഷൻ മ്യൂസിക്, നാടോടി നൃത്തങ്ങൾ, മനോഹരമായ ചുവടുകൾ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, റോക്ക് ഡാൻസ്, തിരുവാതിര, എന്നിവയോടൊപ്പം മഹാബലിയുടെ പ്രൗഢഗംഭീരമായ വരവും ആഘോഷത്തിന് മാറ്റുകൂട്ടി.
പൗർണ്ണമി സംഗീതും ആൻസി സോണിയും സ്റ്റേജിൽ പരിപാടികൾ നിയന്ത്രിച്ചു. എല്ലാവിധ പ്രതിസന്ധികളെയും തട്ടിമാറ്റി ഇൻകാസ് പ്രവർത്തകരും അവരുടെ കുടുംബങ്ങളും ഒറ്റക്കെട്ടായി നിന്ന് ഈ മഹാസംഗമം വൻ വിജയമാക്കി മാറ്റുകയായിരുന്നു. ചടങ്ങിന്റെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു.