റവ. പ്രതേഷ് ഉമ്മൻ
ഡെട്രോയിറ്റ്: ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (ഐപിഎൽ) 650-ാമത് പ്രതിവാര ഓൺലൈൻ പ്രാർഥനായോഗം ചൊവ്വാഴ്ച വൈകുന്നേരം നടന്നു. ന്യൂജഴ്സി റാൻഡോൾഫ് മാർത്തോമ്മ ചർച്ച് വികാരി റവ. പ്രതേഷ് ഉമ്മൻ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ബൈബിളിലെ ശൗൽ രാജാവിന്റെ ചരിത്രപരമായ ജീവിതത്തെയും ദൈവനിയോഗത്തിന്റെ ഗൗരവത്തെയും ആസ്പദമാക്കി അദ്ദേഹം നൽകിയ സന്ദേശം പങ്കെടുത്തവർക്ക് ആത്മീയ ഉണർവ്വേകി.
ശക്തനായ ഭരണാധികാരിയും മികച്ച സൈനിക നേതൃത്വം നൽകിയ വ്യക്തിയുമായിരുന്നെങ്കിലും കേവലം ഭൗതിക ശക്തിയോ അധികാരമോ കൊണ്ട് ദൈവിക നിയോഗം പൂർത്തിയാക്കാൻ കഴിയില്ലെന്ന് ശൗലിന്റെ ജീവിതം വ്യക്തമാക്കുന്നുവെന്ന് പ്രഭാഷണത്തിൽ ചൂണ്ടിക്കാണിച്ചു.
ഒന്നാം ശമൂവേൽ 15-ാം അധ്യായത്തിൽ കാണുന്നതുപോലെ, പ്രവാചകനായ ശമൂവേൽ മുഖേന ലഭിച്ച ദൈവിക കല്പനകൾ ഭാഗികമായി മാത്രം അനുസരിക്കുകയും സ്വന്തം സൗകര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തതാണ് ശൗലിന്റെ പതനത്തിന് കാരണമായത്.
സ്ഥാനമാനങ്ങൾ എത്ര ഉയർന്നതാണെങ്കിലും ദൈവിക കല്പനകൾക്ക് കീഴടങ്ങുകയാണ് പ്രധാനം. ദൈവം നൽകിയ പദവിയേക്കാൾ പ്രധാനം, ആ സ്ഥാനത്തിരുന്ന് അവിടുത്തെ ഹിതത്തോട് എത്രത്തോളം വിശ്വസ്തത പുലർത്തുന്നു എന്നതാണെന്ന് യോഗം വിലയിരുത്തി.
ഡെട്രോയിറ്റിൽ നിന്നുള്ള സി.വി. സാമുവൽ സ്വാഗത പ്രസംഗവും ആമുഖ സന്ദേശവും നൽകി യോഗം ആരംഭിച്ചു. ബെത്ലഹേം, പിഎയിൽ നിന്നുള്ള ഡോ. അലക്സ് തോമസ് ആരംഭ പ്രാർഥന നിർവഹിക്കുകയും ന്യൂജഴ്സിയിൽ നിന്നുള്ള ബീന മാത്യു 1 ശമുവേൽ 15: 22-26 ഭാഗങ്ങൾ വായിക്കുകയും ചെയ്തു.
തുടർന്ന് ഹൂസ്റ്റണിൽ നിന്നുള്ള ജോസഫ് ടി. ജോർജ് (രാജു) മധ്യസ്ഥ പ്രാർഥന നയിച്ചു. ഹൂസ്റ്റണിൽ നിന്നുള്ള ടി.എ. മാത്യു നന്ദി രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചുള്ള അറിയിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു.
ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ. കെ.ബി. കുരുവിളയുടെ സമാപന പ്രാർഥനയോടും ആശീർവാദത്തോടും കൂടി യോഗം പരിസമാപ്തിയിലായി. ഹൂസ്റ്റണിൽ നിന്നുള്ള ഷിജു ജോർജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.
വരുന്ന ആഴ്ചയിലെ (നവംബർ മൂന്ന്) 651-ാമത് പ്രാർഥനായോഗത്തിൽ ന്യൂയോർക്കിൽ നിന്നുള്ള ഇവാ. മോൻസി കെ. അബ്രഹാം വചനസന്ദേശം നൽകുന്നതും ഹൂസ്റ്റണിൽ നിന്നുള്ള മറിയാമ്മ അബ്രഹാം (ലളിത) മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നതുമായിരിക്കും.
Tags : IPL WeeklyPrayer MeetingOrganized USA NRINews