ദോഹ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ 6.4 ബില്യൺ റിയാൽ നിക്ഷേപ പദ്ധതി ഖത്തറിൽ നടപ്പാക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എല്ലാവർക്കും പഠനാവസരങ്ങൾ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഭാഗമായി 22 സ്കൂളുകൾ വികസിപ്പിക്കുമെന്നും ഇതിൽ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ട് സ്കൂളുകളും ഉൾപ്പെടുന്നു. പുതിയ നാല് സ്കൂളുകൾ സ്ഥാപിക്കുന്നതിനായി സ്വകാര്യ മേഖലയുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഇത് വഴി അയ്യായിരത്തോളം വിദ്യാർഥികൾക്ക് പഠന സൗകര്യം ലഭിക്കും.
വിദ്യാർഥികൾക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും സൗജന്യമായും കുറഞ്ഞ ഫീസിലും പഠന സൗകര്യം ഉറപ്പാക്കുന്ന കമ്മ്യൂണിറ്റി റെസ്പോൺസിബിലിറ്റി പ്രോഗ്രാമിൽ, ലഭ്യമായ സീറ്റുകളുടെ എണ്ണം 40-ൽ നിന്ന് 18,000-ത്തിലധികമായി ഉയർത്തിയിട്ടുണ്ട്. വരും കാലങ്ങളിൽ പങ്കാളികളുടെ സംഭാവനകൾ രണ്ട് ബില്യൺ റിയാൽ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : education sector in Qatar Deepika DeepikaNewspaper BreakingNews An investment project worth 6.4 billion riyals