ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫ്ലോറിഡ: ഫ്ലോറിഡയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ഫ്ലോറിഡ ടേൺപൈക്കിലായിരുന്നു അപകടം. അതിവേഗത്തിലെത്തിയ എസ്യുവി റോഡരികിലെ സഹായവാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട എസ്യുവി റോഡിൽനിന്ന് തെന്നിമാറി തീപിടിച്ചു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ആറുപേരും തീപിടിത്തത്തിൽ വെന്തുമരിച്ചതായാണ് റിപ്പോർട്ട്.
ചാൾസ് മിൽട്ടൺ സീനിയർ - മാർഷൽ ക്ലാർക്ക് മിൽട്ടൺ ദമ്പതികളുടെ മൂന്ന് മക്കളായ ചാൾസ്, ജകാര, ദൽവന എന്നിവരും ഇവരുടെ പങ്കാളികളും ഒരു സുഹൃത്തുമാണ് അപകടത്തിൽ മരിച്ചത്.
യൂണിവേഴ്സൽ ഒർലാൻഡോയിലെ ഹാലോവീൻ ഹൊറർ നൈറ്റ്സ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഘം അപകടത്തിൽപ്പെട്ടത്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം മാധ്യമശ്രദ്ധ നേടി.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന് ആശ്വാസമായി അവശേഷിക്കുന്നത് അപകടത്തിൽപ്പെട്ടവരോടൊപ്പമുണ്ടായിരുന്ന കൊച്ചുമകളാണെന്നാണ് റിപ്പോർട്ട്.
Tags : CarCrash Florida ThreeSiblings NRINews