പരിപാടിയിൽ നിന്ന്
ബ്രിസ്ബെയ്ൻ: അക്കേഷ്യ റിഡ്ജിലെ വൈഎംസിഎ ഹാളിൽ കരിങ്കുന്നം സംഗമം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായ സംഗമം വിവിധ പരിപാടികളോടെ സമാപിച്ചു.
നാട്ടിൽ നിന്ന് വന്ന മാതാപിതാക്കൾ ചേർന്ന് നിലവിളക്ക് തെളിച്ചുകൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു. ചീഫ് കോഓർഡിനേറ്റർ റോണി പച്ചിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ കോഓർഡിനേറ്റർമാരായ ബിനു ആലപ്പാട്ട്, അലോഷ്യസ് ചെറുകര, റോബിൻ കുഴിപറമ്പിൽ എന്നിവർ സംസാരിച്ചു.
കരിങ്കുന്നംകാർ തമ്മിലുള്ള സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകുന്നതിന് ഇത്തരം സംഗമങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റോണി പച്ചിക്കര അഭിപ്രായപ്പെട്ടു.

പാട്ടും നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളോടെ സുന്ദരമായ ഒരു സായാഹ്നം അരങ്ങേറി. കരിങ്കുന്നവുമായി ബന്ധപ്പെട്ട പഴയകാല ഓർമകളും അനുഭവങ്ങളും നിരവധി പേർ പങ്കുവച്ചത് സംഗമത്തിന് കൂടുതൽ മിഴിവേകി.
കഥാകാരിയും പുരസ്കാര ജേതാവുമായ സോളി മേരി തോമസിനെ റോണി പച്ചിക്കരയും രക്ഷാധികാരി സ്റ്റെബി ചെറിയാക്കലും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
സംഗമത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡിസ്മി ജോൺ ചുക്കുംകല്ലേൽ, ബിനീഷ് ചേലമുട്ടിൽ, ജെഫി ആനക്കലാമല, ജിനി ജോൺ മാവേലി പുത്തൻപുരയിൽ എന്നിവരാണ് ഭാരവാഹികൾ.
പഴയ സൗഹൃദങ്ങൾ പുതുക്കിയും പുതിയ ബന്ധങ്ങൾ സ്ഥാപിച്ചും കരിങ്കുന്നത്തിന്റെ പൈതൃകവും ഓർമകളും പുതുതലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദിയായി മാറിയ കരിങ്കുന്നം സംഗമം പങ്കെടുത്ത എല്ലാവരുടെയും മനസിൽ മായാത്ത ഓർമയായി മാറി.
Tags : KarinkunnamSangamam BrisbaneMalayalis CommunityGathering FriendshipAndCulture