ന്യൂയോർക്ക്: ന്യൂയോർക്കിൽ അമ്മയെയും രണ്ട് മക്കളെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. 54 വയസുകാരിയായ മൗന ഒമർ സാലിഹ് അലി, ഏഴും ഒമ്പതും വയസുള്ള കുട്ടികളെയാണ് ശനിയാഴ്ച പെരിന്റണിലെ താമസസ്ഥലത്തുനിന്ന് കാണാതായത്.
മൗനയുടെ മൂത്ത മകൻ ഒമർ സാലിഹ് (30), സുഹൃത്തുക്കളായ ഗാമിൽ അഹമ്മദ്, ഡാജൂർ പോൾ, അമർ അബ്ദുള്ള ഖാസിം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ യെമനിലേക്ക് കടത്താനായിരുന്നു പ്രതികളുടെ നീക്കമെന്നും ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും ഇവരെ ഒളിപ്പിക്കാനാണ് ശ്രമിച്ചതെന്നും പോലീസ് ആരോപിക്കുന്നു.

ഇതൊരു തട്ടിക്കൊണ്ടുപോകലല്ല, മറിച്ച് "രക്ഷപ്പെടുത്തൽ' ആണെന്നാണ് ഒമറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. തന്നെ സഹായിക്കണമെന്നും പോലീസ് സഹായം വേണമെന്നും ആവശ്യപ്പെട്ട് ഒമ്പത് വയസുകാരൻ പ്ലേസ്റ്റേഷൻ5 (PS5) വഴി സന്ദേശം അയച്ചിരുന്നതായി മകൻ അവകാശപ്പെടുന്നു.
കാണാതായ അമ്മയെയും മക്കളെയും സുരക്ഷിതരായി കണ്ടെത്തി. തട്ടിക്കൊണ്ടു പോയതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മകൻ ഒമറിനെ ജിപിഎസ് നിരീക്ഷണത്തോടെ വീട്ടിൽ തുടരാൻ കോടതി അനുവദിച്ചു.
Tags : Mother and siblings kidnapped USA