വാഷിംഗ്ടൺ ഡിസി: വിദേശ പൗരന്മാരുടെ രാജ്യപ്രവേശന പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ വർഷം വീസകൾ റദ്ദാക്കി. മൊത്തം 85,000 വീസകളാണ് റദ്ദാക്കിയതിൽ റെക്കോർഡിട്ടത്. ഇതിൽ 8,000ൽ അധികം വിദ്യാർഥി വീസകൾ ഉൾപ്പെടുന്നു, ഇത് 2024ൽ റദ്ദാക്കിയതിന്റെ ഇരട്ടിയിലധികം വരുമെന്നത് നടപടിയുടെ ഗൗരവം വ്യക്തമാക്കുന്നു.
പൊതുസുരക്ഷാ ഭീഷണികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് വീസ റദ്ദാക്കൽ നടപടികൾ ഊർജ്ജിതമാക്കിയത്. റദ്ദാക്കലുകളിൽ പകുതിയോളം കേസുകളും പൊതുസുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
മദ്യപിച്ച് വാഹനമോടിക്കൽ (DUIs), ആക്രമണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വീസകളാണ് പ്രധാനമായും റദ്ദാക്കിയത്. റദ്ദാക്കപ്പെട്ട വീസകളിൽ ഇന്ത്യൻ പൗരന്മാരുടേത് എത്രയാണെന്ന് നിലവിൽ വ്യക്തമല്ല. എന്നാൽ, റദ്ദാക്കിയ വീസിറ്റർ, വിദ്യാർഥി വീസകളുടെ എണ്ണം കാര്യമായേക്കാം എന്നാണ് സൂചനകൾ.
വീസ റദ്ദാക്കലിന് പുറമെ, മറ്റ് സുരക്ഷാ, കുടിയേറ്റ നിയന്ത്രണ നടപടികളും ട്രംപ് ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. യുഎസിലെ സംരക്ഷിത സംസാര സ്വാതന്ത്ര്യത്തെ ന്ധസെൻസർഷിപ്പ് നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്ത’ അപേക്ഷകരെ തള്ളിക്കളയാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭാഗികമായോ പൂർണമായോ യാത്രാ നിയന്ത്രണങ്ങളുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തി.നൈജീരിയയിലെ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങളിൽ പങ്കുള്ളവർക്കെതിരെ പുതിയ വീസ നിയന്ത്രണ നയം പ്രഖ്യാപിച്ചു.
കള്ളക്കടത്ത് ശൃംഖലകളുമായി ചേർന്ന് കുടിയേറ്റക്കാരെ അനധികൃതമായി കടത്താൻ സഹായിച്ചതിന് ആറ് മെക്സിക്കൻ ഏവിയേഷൻ എക്സിക്യൂട്ടീവുകൾക്കും അവരുടെ കുടുംബങ്ങൾക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തി വീസ റദ്ദാക്കി.
വിദേശ വിദ്യാർഥികളുടെ പരിശോധന ഒറ്റത്തവണയുള്ള പശ്ചാത്തല പരിശോധനയായിരിക്കില്ലെന്നും, ഇത് ഒരു തുടർ പ്രക്രിയയായിരിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി. യുഎസിൽ പ്രവേശിക്കുന്ന ഓരോ വിദേശ പൗരന്റെയും പശ്ചാത്തലം അതീവ ശ്രദ്ധയോടെ വിലയിരുത്താനാണ് പുതിയ നീക്കം.
Tags : Security review tightened US visa