ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലണ്ടൻ: ബ്രിട്ടീഷ് നാവികസേനയുടെ പക്കലുള്ള നാല് വാൻഗാർഡ് ക്ലാസ് ആണവ അന്തർവാഹിനികളിൽ മൂന്നെണ്ണവും ഒരേസമയം സമുദ്രത്തിൽ വിന്യസിച്ച് ബ്രിട്ടന്റെ അസാധാരണ സൈനിക നീക്കം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഒരേസമയം മൂന്ന് അന്തർവാഹിനികൾ ദൗത്യത്തിനായി കടലിലിറങ്ങുന്നത്. എച്ച്എംഎസ് വാൻഗാർഡ്, എച്ച്എംഎസ് വിജിലന്റ്, എച്ച്എംഎസ് വെഞ്ചൻസ് എന്നീ മൂന്ന് അന്തർവാഹിനികളാണ് നിലവിൽ സമുദ്രത്തിൽ വിവിധ ദൗത്യങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നത്.
ഇവയിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും ആണവ പോർമുനകൾ ഘടിപ്പിച്ച ട്രിഡന്റ് ബാലിസ്റ്റിക് മിസൈലുകളുമായി അതീവ രഹസ്യമായ പ്രതിരോധ പട്രോളിംഗിലാണ്.
വിന്യാസം ഇങ്ങനെ:
പട്രോളിംഗും പരിശീലനവും: നിലവിൽ കടലിലുള്ള മറ്റ് രണ്ട് അന്തർവാഹിനികളിൽ ഒന്ന്, പട്രോളിംഗ് നടത്തുന്ന അന്തർവാഹിനിയുടെ ചുമതല ഏറ്റെടുക്കാനുള്ള തയാറെടുപ്പുകളിലാണ്.
മൂന്നാമത്തേത് അറ്റകുറ്റപ്പണികൾക്ക് ശേഷമുള്ള സമുദ്ര പരീക്ഷണങ്ങളിലോ പരിശീലന ദൗത്യങ്ങളിലോ ആണെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
നാലാമൻ അറ്റകുറ്റപ്പണിയിൽ: ബ്രിട്ടന്റെ നാലാമത്തെ വാൻഗാർഡ് ക്ലാസ് അന്തർവാഹിനിയായ എച്ച്എംഎസ് വിക്ടോറിയസ് നിലവിൽ പ്ലൈമൗത്തിലെ ഡെവൺപോർട്ട് നാവിക താവളത്തിൽ വിപുലമായ അറ്റകുറ്റപ്പണികളിലാണ്.
പ്രതിരോധ നയം: 1969 മുതൽ മുടക്കമില്ലാതെ തുടരുന്ന ബ്രിട്ടന്റെ കടൽ അധിഷ്ഠിത ആണവ പ്രതിരോധ നയത്തിന്റെ (Continuous At-Sea Deterrence) ഭാഗമായി എല്ലായ്പ്പോഴും കുറഞ്ഞത് ഒരു ആണവ അന്തർവാഹിനിയെങ്കിലും കടലിൽ പട്രോളിംഗ് നടത്താറുണ്ട്.
റഷ്യയ്ക്കുള്ള മുന്നറിയിപ്പല്ല: മൂന്ന് ആണവ അന്തർവാഹിനികൾ ഒരേസമയം കടലിലിറക്കിയത് റഷ്യയ്ക്കുള്ള ബോധപൂർവമായ സൈനിക മുന്നറിയിപ്പല്ലെന്നും മറിച്ച് റോയൽ നേവിയുടെ പ്രവർത്തനക്ഷമത വർധിച്ചതിന്റെ സൂചനയാണെന്നും നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചുകാലമായി അറ്റകുറ്റപ്പണികൾ വൈകിയതിനാൽ കേവലം രണ്ട് അന്തർവാഹിനികളെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം ബ്രിട്ടീഷ് നാവികസേനയ്ക്ക് ഉണ്ടായിരുന്നു. ഇതിന്റെ ഫലമായി എച്ച്എംഎസ് വാൻഗാർഡിന് തുടർച്ചയായി 200 ദിവസത്തിലധികം കടലിൽ കഴിയേണ്ടി വന്നത് വാർത്തയായിരുന്നു.
എന്നാൽ മൂന്നാമതൊരു അന്തർവാഹിനി കൂടി സജ്ജമായതോടെ നാവികസേനാംഗങ്ങളുടെ ജോലിഭാരം കുറയ്ക്കാനും അന്തർവാഹിനികളുടെ വിന്യാസം കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Tags : NuclearSubmarine UK NRINews RareMove