സൗദി പ്രോ ലീഗിൽ അൽ നസർ അൽ അഹ്ലി മത്സരത്തിൽ നിന്ന്.
ജിദ്ദ: സൗദി പ്രോ ലീഗിൽ അൽ നസറിന് തോൽവി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ അഹ്ലി അൽ നസറിനെ പരാജയപ്പെടുത്തിയത്. ആദ്യം ഗോൾ നേടി മുന്നിലെത്തിയിട്ടും ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും വിജയം സ്വന്തമാക്കാനായില്ല. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ഗോൾ കണ്ടെത്തി ക്രിസ്റ്റ്യാനോ അൽ നസറിന് ലീഡ് സമ്മാനിച്ചു.
താരത്തിന്റെ കരിയറിലെ 986-ാം ഗോളായിരുന്നു ഇത്. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. നാല് മിനിറ്റിനുശേഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുന്നതിൽ ക്രിസ്റ്റ്യാനോ പരാജയപ്പെട്ടു. ബോക്സിനുള്ളിൽ അവാദ് അമനെ സയ്യിദ് ബാറ്റിയ വീഴ്ത്തിയതിനെ തുടർന്നാണ് അൽ നസറിന് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.
ലീഡ് ഉയർത്താനുള്ള സുവർണാവസരമാണ് ഇതോടെ അൽ നസറിന് നഷ്ടമായത്. രണ്ടാം പകുതിയിൽ അൽ അഹ്ലി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഗലേനോ, ഇവാൻ ടോണി, റോജർ ഇബാനസ് എന്നിവർ അൽ അഹ്ലിക്കായി ലക്ഷ്യം കണ്ടു.
Tags : CristianoRonaldo SaudiProLeague AlNassr AlAhli SaudiFootball Ronaldo AlNassrDefeat