x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാഞ്ചിയിൽ ഇന്ത്യയ്ക്ക് ജയം


Published: November 30, 2025 10:18 PM IST | Updated: November 30, 2025 11:00 PM IST

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 17 റണ്‍സിനാണ് ഇന്ത്യയുടെ ജയം. കുൽദീപ് യാദവിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഇന്ത്യ ഉയർത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 332 റണ്‍സിന് ഓൾഔട്ടായി. 11 റണ്‍സിനിടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽതന്നെ ഇന്ത്യ സമ്മർദത്തിലാക്കിയിരുന്നു.

ഐഡൻ മാർക്രം (7), റയാൻ റിക്കൽട്ടണ്‍ (0), ക്വിന്‍റണ്‍ ഡി കോക്ക് (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ നഷ്ടമായത്. പിന്നാലെയെത്തിയ മാത്യൂ ബ്രീറ്റ്സ്കെയും (72) ടോണി ഡി സോർസിയും (39) ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോടു നയിച്ചു. മാത്യൂ ബ്രീറ്റ്സ്കെയ്ക്കു പുറമേ മാർക്കോ ജാൻസനും കോർബിൻ ബോഷും അർധ സെഞ്ചുറി നേടി.

ഇന്ത്യയ്ക്കുവേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർഷിദ് റാണ മൂന്ന് വിക്കറ്റും അർഷദീപ് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ യശ്വസി ജയ്സ്‌വാളിനെ (16 പന്തിൽ 18) നഷ്ടമായിരുന്നു. പിന്നീട് രോഹിത്ത് ശർമയും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രോഹിത് ശർമ 51 പന്തിൽ 57 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്.

കോഹ്ലി 120 പന്തിൽ ഏഴ് സിക്സും 11 ഫോറും ഉൾപ്പെടെ 135 റണ്‍സെടുത്തു. താരത്തിന്‍റെ 52-ാമത്തെ ഏകദിന സെഞ്ചുറിയായിരുന്നു. കെ.എൽ. രാഹുലും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. 56 പന്തിൽ 60 റണ്‍സെടുത്താണ് രാഹുൽ മടങ്ങിയത്. ജഡേജ 32 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ, നാന്ദ്രെ ബർഗർ, കോർബിൻ ബോഷ്, ഓട്ട്നീൽ ബാർട്ട്മാ്ൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags : South Africa India cricket

Recent News

Corehub Up