കനേഡിയൻ എഴുത്തുകാരനായ വില്യം പി. യങ് 2007ൽ പ്രസിദ്ധീകരിച്ച മനോഹരമായ ഒരു നോവലാണ് "ദ ഷാക്ക്.' പ്രസിദ്ധീകരിക്കപ്പെട്ട് അധികം താമസിയാതെ ബെസ്റ്റ് സെല്ലറായി മാറിയ ഈ നോവലിന്റെ രണ്ടു കോടിയിലേറെ കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 2017ൽ ഈ നോവലിനെ ആധാരമാക്കി നിർമിക്കപ്പെട്ട സിനിമ സാമാന്യം നല്ല ജനപ്രീതി നേടി.
ഈ നോവലിലെ പ്രധാന കഥാപാത്രം മാക്ക് എന്നറിയപ്പെടുന്ന മാക്കെൻസി ഫിലിപ്പ് ആണ്. ഭാര്യയോടും അഞ്ചു മക്കളോടുമൊപ്പം സന്തോഷകരമായ കുടുംബജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരുദിവസം തന്റെ കുട്ടികളിൽ മൂന്നുപേരോടൊപ്പം അദ്ദേഹം ഒരു ക്യാന്പിംഗ് ട്രിപ്പിനു പോയി. അതിനിടയിൽ രണ്ടു കുട്ടികൾ ഒരു കളിവള്ളത്തിൽ കളിക്കുകയായിരുന്നു. പെട്ടെന്ന് വള്ളംമറിഞ്ഞ് ഒരു കുട്ടി വെള്ളത്തിൽ മുങ്ങിത്താണു.
അല്പം അകലെനിന്ന് അതു കാണാനിടയായ മാക്ക് അതിവേഗം ഓടിയെത്തി മകനെ രക്ഷിച്ചു. ആസമയം അയാളുടെ ആറുവയസുകാരി മിസി എന്ന പൊന്നോമനപ്പുത്രി തനിച്ചായിപ്പോയി. മാക്ക് തിരിച്ചെത്തിയപ്പോഴേക്കും ആരോ അവളെ തട്ടിക്കൊണ്ടുപോയിരുന്നു. പോലീസിന്റെ അന്വേഷണത്തെത്തുടർന്ന് കാട്ടിൽ ഒരു കുടിൽ കണ്ടെത്തി. ആ കുടിലിനുള്ളിൽ ഉണ്ടായിരുന്നത് മിസിയുടെ രക്തംപുരണ്ട വസ്ത്രമായിരുന്നു. എന്നാൽ ആ കുരുന്നിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.
"ലിറ്റിൽ ലേഡി കില്ലർ' എന്നറിയപ്പെട്ടിരുന്ന സീരിയൽ കില്ലറാണ് മിസിയെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ നിഗമനം. മിസിയുടെ കൊലപാതകം മാക്കിനെയും കുടുംബാംഗങ്ങളെയും അഗാധ ദുഃഖത്തിലാഴ്ത്തി. മാക്കിനെ സംബന്ധിച്ചിടത്തോളം ആ ദുഃഖം താങ്ങാവുന്നതിലധികമായിരുന്നു. ദൈവം ഉണ്ടെങ്കിൽ ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യം അയാളെ അലട്ടാൻ തുടങ്ങി. അതോടൊപ്പം, തന്റെ മകളെ വധിച്ച കൊലയാളിയോടുള്ള വെറുപ്പും വിദ്വേഷവും വൈരാഗ്യവും അയാളുടെ മനസിൽ നിറഞ്ഞുനിന്നു.
ഒരുദിവസം മാക്കിന് ഒരു കത്തു ലഭിച്ചു. മകൾ കൊല്ലപ്പെട്ട സ്ഥലം എന്നു കരുതപ്പെട്ടിരുന്ന കുടിലിലേക്ക് ചെല്ലാനായിരുന്നു ആ കത്തിൽ അറിയിച്ചിരുന്നത്. പപ്പാ എന്ന പേരിലുള്ള ആളാണ് മാക്കിനെ അവിടേക്കു ക്ഷണിച്ചത്. കത്തിലെ സന്ദേശം വിശ്വസിക്കാൻ ആദ്യം മാക്കിനു കഴിഞ്ഞില്ല. എങ്കിലും ഒടുവിൽ അദ്ദേഹം തനിയേ അവിടേക്കു പോയി.
അവിടെയെത്തിയ മാക്ക് കണ്ടുമുട്ടുന്നത് ത്രിയേകദൈവത്തിലെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ്. അവരുമായി നടന്ന സംഭാഷണം മാക്കിനെ ആഴത്തിൽ സ്പർശിച്ചു. അങ്ങനെയാണ് തന്റെ മകളുടെ കൊലപാതകിയോട് ക്ഷമിച്ചാൽ മാത്രമേ തനിക്കു യഥാർഥ മനഃസമാധാനം ലഭിക്കൂ എന്ന തിരിച്ചറിവ് അയാൾക്കുണ്ടായത്.
മകളുടെ മരണത്തിന് ഉത്തരവാദിയായ ആളോട് ക്ഷമിക്കണമെന്ന ചിന്ത ആദ്യം അദ്ദേഹത്തിനും അസഹ്യമായി തോന്നി. ക്ഷമിക്കുന്നത് കുറ്റത്തെ ന്യായീകരിക്കുകയല്ല, പ്രത്യുത സ്വന്തം ഹൃദയത്തെ വെറുപ്പിന്റെ തടവറയിൽനിന്നു മോചിപ്പിക്കുകയാണ് എന്ന യാഥാർഥ്യം പിന്നീടയാൾ മനസിലാക്കി. അങ്ങനെയാണ് തന്റെ മകളുടെ ഘാതകനോടെന്നപോലെ സ്വന്തം പിതാവിനോടും ക്ഷമിക്കാൻ അയാൾ തയാറാകുന്നത്. മാക്കിന്റെ പിതാവ് അയാളെ പലരീതിയിൽ കഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ അയാൾക്ക് പിതാവിനോട് വലിയ വിദ്വേഷമായിരുന്നു. ആ വിദ്വേഷത്തിൽനിന്നു മോചിതനാവാനും കുടിലിലെ അനുഭവത്തിലൂടെ അയാൾക്കു സാധിച്ചു.
ഇംഗ്ലീഷ് എഴുത്തുകാരനായ ലൂയിസ് സ്മീഡ്സ് ഒരിക്കൽ എഴുതി: ""ക്ഷമിക്കുക എന്നത് തടവുകാരനെ മോചിപ്പിക്കുന്നതുപോലെയാണ്. എന്നാൽ പിന്നീടു നിങ്ങൾക്കു മനസിലാവും ആ തടവുകാരൻ നിങ്ങൾതന്നെയായിരുന്നുവെന്ന്.'' നമ്മെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന പല സംഭവങ്ങളും ജീവിതത്തിൽ നടക്കാറുണ്ട്. അവയിൽ ഭൂരിഭാഗത്തിന്റെയും കാരണക്കാർ മറ്റുള്ളവരായിരിക്കും. തന്മൂലം, ക്ഷമിക്കാൻ സാധിക്കാതെ അവരോട് വിദ്വേഷവും വൈരാഗ്യവും വച്ചുപുലർത്താനാണ് പലരും തുനിയാറുള്ളത്.
എന്നാൽ അതുകൊണ്ടു സംഭവിക്കുന്നതെന്താണെന്നോ? ഹൃദയത്തിലെ വെറുപ്പും വിദ്വേഷവും നമ്മെ അകത്തുനിന്നു തകർക്കുന്നു. അങ്ങനെ ജീവിതം കൂടുതൽ ദുരിതപൂർണമാവുകയും ചെയ്യുന്നു. നേരേമറിച്ച്, നാം മറ്റുള്ളവരോടു ക്ഷമിക്കുകയാണെങ്കിലോ? ആ നിമിഷം നാം പുതിയൊരു സ്വാതന്ത്ര്യം അനുഭവിക്കാൻ തുടങ്ങും. ഹൃദയം സമാധാനപൂരിതമാവുകയും ചെയ്യും.
മഹാത്മാഗാന്ധിയുടെ അഭിപ്രായത്തിൽ, ""ക്ഷമിക്കുന്നതു ശക്തന്മാരുടെ ഗുണമാണ്, ദുർബലർക്ക് ക്ഷമിക്കാൻ കഴിയില്ല.'' അദ്ദേഹം പറഞ്ഞിരിക്കുന്നത് വളരെ ശരിയാണ്. ദുർബലർക്കു ക്ഷമിക്കാൻ കഴിയില്ല. അതു ശക്തന്മാർക്കേ സാധിക്കൂ. ആ ശക്തി ആധ്യാത്മികശക്തിയാണെന്നുമാത്രം. അതു ലഭിക്കുന്നതാകട്ടെ ദൈവത്തിൽനിന്നു മാത്രവും. അനീതിയും വേദനയും സഹിക്കേണ്ടിവരുന്പോൾ നാം ദൈവത്തിലേക്കു തിരിയണം. അപ്പോഴാണ് ക്ഷമിക്കാനുള്ള അനുഗ്രഹം നമുക്കു ലഭിക്കുക.
ഇനി, ദ ഷാക്ക് എന്ന നോവലിലെ കഥയിലേക്കു തിരികെ വരട്ടെ. കത്തിൽ പറഞ്ഞിരുന്നതനുസരിച്ച്, മാക്ക് കാട്ടിനുള്ളിലേക്കു യാത്രചെയ്തു എന്നതു ശരിയാണ്. എന്നാൽ, അവിടെ എത്തുന്നതിനുമുന്പ് ഒരു വാഹനാപകടത്തിൽപ്പെട്ട് അയാൾ അബോധാവസ്ഥയിലായി. ആ അവസ്ഥയിലായിരുന്നപ്പോഴായിരുന്നു ത്രിയേക ദൈവത്തെ അയാൾ കണ്ടതും ദൈവികമായ സംഭാഷണം കേട്ടതും. ആ സംഭാഷണമാകട്ടെ ഹൃദയപൂർവം ക്ഷമിക്കാൻ അയാൾക്കു വഴിയൊരുക്കുന്നതായിരുന്നു.
ജീവിതത്തിൽ നമുക്കെതിരായി ആര്, എന്തു തെറ്റു ചെയ്താലും അതു ക്ഷമിക്കാനാണ് യേശുനാഥൻ പഠിപ്പിച്ചിട്ടുള്ളത്. അതിനു തയാറായാൽ ക്ഷമിക്കാനുള്ള ദൈവികശക്തി നമുക്കു ലഭിക്കുകയും ചെയ്യും. അതുവഴി സാധ്യമാകുന്നതാകട്ടെ സന്പൂർണമായ ഹൃദയസമാധാനവും.
Tags : culprit