വിലാപഭൂമിയിലെ സുവിശേഷം
Saturday, March 19, 2022 11:11 PM IST
മുഖാച്ചേവിലെ കോണ്വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരിപ്പല്ല, ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും കുടുംബസമാനമായ അനുഭവമാണ് ഇവിടെയെത്തുന്നവർക്കുള്ളത്.
തലയ്ക്കു മീതെ പായുന്ന മിസൈലുകളിൽനിന്ന് ജീവനുമായി പലായനം ചെയ്തവരെക്കൊണ്ടു നിറഞ്ഞ റെയിൽവേ സ്റ്റേഷൻ. നെടുവീർപ്പും നിലവിളിയും ഉയരുന്ന ആൾക്കൂട്ടത്തിനപ്പുറം, ഒഴിഞ്ഞ കോണിൽ ദുഖഭാരത്തോടെ ഒരു അമ്മ. അവരുടെ വിറയാർന്ന കരങ്ങളിൽ ബലംപകർന്ന് മൂന്നും പത്തും വയസുള്ള രണ്ടു കുഞ്ഞുമക്കൾ.
യുക്രെയ്നിലെ നിലയ്ക്കാത്ത വെടിയൊച്ചകളുടെയും അരക്ഷിത ജീവിതങ്ങളുടെയും ആകുലതയും ഭീതിയും ഇവരുടെ മുഖങ്ങളിൽ നിഴലിക്കുന്നുണ്ട്. യുദ്ധഭൂമിയിൽ നിന്നു രക്ഷപ്പെട്ടോടുന്ന അനേകർക്കൊപ്പമാണ് അമ്മയും മക്കളും റെയിൽവെ സ്റ്റേഷനിൽ എത്തിപ്പെട്ടത്. ഭാണ്ഡങ്ങൾ പുറത്തും തലയിലും കരുതി പായുന്നവരുടെ വേഗത്തിന് അടുത്തെത്താൻ അമ്മയ്ക്കു സാധിക്കുന്നില്ല. കാറ്റിൽ ഉലയുന്ന പഞ്ഞിമരം പോലെ ഏന്തിനടക്കുന്ന അമ്മയുടെ കൈകൾ മക്കളെ വകഞ്ഞു നെഞ്ചോടു ചേർത്തു പിടിച്ചിട്ടുണ്ട്.
അപരിചിതയായ ആ സ്ത്രീയോടു സിസ്റ്റർ ലിജി പയ്യപ്പള്ളി സ്നേഹാർദ്രതയോടെ ചോദിച്ചു.
ഇനി എങ്ങോട്ടാണ്..?
‘എങ്ങോട്ടെന്ന് അറിയില്ല. എന്റെ കുഞ്ഞുങ്ങൾ ബോംബുവർഷത്തിൽ മരിക്കരുതെന്നു മാത്രമാണ് ആഗ്രഹം. മക്കൾക്കു വേണ്ടി, അവർ മരിക്കാതിരിക്കാൻ, തല ചായിക്കാൻ സുരക്ഷിതമായ അൽപം ഇടം..! അതു മാത്രമേ ആഗ്രഹമുള്ളൂ.
ഇന്നലെ വരെ ജീവിക്കാൻ വേണ്ടതെല്ലാം ഉണ്ടായിരുന്നു. പക്ഷേ ഇന്ന് മക്കൾ വിശന്നു കരയുന്നതു കാണേണ്ടിവരുന്ന അമ്മയാണു ഞാൻ. എല്ലാം നഷ്ടപ്പെടുത്തി ഓടിപ്പോരേണ്ടി വന്നവരാണ് ഞങ്ങൾ!
എനിക്കു മുപ്പത്തിരണ്ടു വയസായി. ഇത്രയും വർഷം ഞാൻ ജീവിച്ചു. എന്നാൽ എന്റെ മക്കൾ, ജീവിച്ചു തുടങ്ങിയിട്ടേയുള്ളൂ. സ്വത്തുവകയെല്ലാം മിസൈൽ പതിച്ചു നഷ്ടമായി. എന്റെ കുഞ്ഞുങ്ങൾ ഇനിയും ജീവിക്കണം..’
കണ്ണീർ വറ്റി നെഞ്ചു പിടയുന്ന അമ്മയുടെ കണ്ണുകളിലെ ആശങ്കയും ചുണ്ടിലെ വിതുന്പലും യുക്രെയ്നിലെ അനേകായിരം അമ്മമാരിൽ കണ്ടറിയുകയാണ് മലയാളിയായ സിസ്റ്റർ ലിജി പയ്യപ്പള്ളി.
പിറന്ന മണ്ണിൽ നിന്നു ജീവനുമായി ഓടിപ്പാഞ്ഞുവന്ന യുക്രെയ്ൻകാരിയായ ഈ അമ്മയെയും കുഞ്ഞുങ്ങളെയും കൈപിടിച്ച് സിസ്റ്റർ തന്റെ കാറിൽ കയറ്റി കോണ്വെന്റ് ലക്ഷ്യമാക്കി നീങ്ങി.
പലായനം, പാലനം
പടിഞ്ഞാറൻ യുക്രെയ്നിലെ മുഖാച്ചേവിൽ, അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യപ്പിള്ളിയ്ക്കും സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്സ് ഓഫ് സെന്റ് മാർക്ക് (എസ്ജെഎസ്എം) കോണ്വെന്റിലെ മലയാളികൾ ഉൾപ്പടെയുള്ള മറ്റു സന്യാസിനിമാർക്കും ഒരു മാസത്തിലേറെയായി വിശ്രമമില്ല. യുദ്ധഭൂമിയിൽ നിന്നു വിതുന്പിയും വിറങ്ങലിച്ചും ഓടിവരുന്നവർക്കു സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തണലൊരുക്കുകയാണിവർ. പ്രത്യാശയുടെ പുലരികളിലേക്കു കൈപിടിക്കുകയാണിവർ. രാജ്യം, മതം, വർഗം, വർണം തുടങ്ങിയ കനപ്പെട്ട മതിലുകളൊന്നും ഈ കന്യാസ്ത്രീകളുടെ കാരുണ്യക്കടലിൽ പ്രതിബന്ധങ്ങളാവുന്നില്ല.
ജനിച്ചു വളർന്ന രാജ്യത്തു യുദ്ധം സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം അന്യമാക്കിയപ്പോൾ, എങ്ങോട്ടെന്നില്ലാതെ ചിതറിയോടേണ്ടിവന്ന എത്രയോ അമ്മമാരെയും കുഞ്ഞുങ്ങളെയും വിവിധ രാജ്യക്കാരായ അഭയാർഥികളെയുമാണ് ഇപ്പോഴത്തെ ഭീതിയുടെ രാപകലുകളിൽ സന്യാസിനിമാർ കണ്ടെടുത്തത്. അവരെയൊക്കെ കോൺവന്റിന്റെ സുരക്ഷയ്ക്കുള്ളിൽ പരിചരിച്ചും വിശപ്പടക്കിയും ആശ്വസിപ്പിച്ചും ഇവർ കാരുണ്യത്തിന്റെ മാലാഖമാരായി മാറിയിരിക്കുന്നു.
ഭൂമിയിലെ കാവൽമാലാഖമാർ
മുഖാച്ചേവിലെ കന്യാസ്ത്രീമഠവും ചേർന്നുള്ള കെട്ടിടവും ഇപ്പോൾ അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരിപ്പല്ല, ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും കുടുംബസമാനമായ അനുഭവമാണ് ഇവിടെയെത്തുന്നവർക്കുള്ളത്.
അങ്കമാലി നായത്തോട് സ്വദേശിനിയായ സിസ്റ്റർ ലിജിക്കൊപ്പം എളവൂർ സ്വദേശിനി സിസ്റ്റർ അമല, ചാലക്കുടി മേലൂർ സ്വദേശിനി സിസ്റ്റർ ജയതി എന്നീ മലയാളി സന്യാസിനിമാരും പലായനവഴികളിലൂടെ ഓടിയെത്തുന്നവരെ പരിപാലിക്കാനുണ്ട്.
യുദ്ധഭൂമിയിൽനിന്നെത്തുന്ന മലയാളികൾ ഉൾപ്പെടെ ഏറെപ്പേർക്ക് താമസവും ഭക്ഷണവും സുരക്ഷിതസ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യങ്ങളും ഈ സഹോദരിമാർ ഒരുക്കി നൽകുകയാണ്. രാപകൽ വ്യത്യാസമില്ലാതെ ഉണ്ണാതെയും ഉറങ്ങാതെയും ഇവർ അനേകായിരങ്ങളുടെ കാവൽസേനയായി മാറിയിരിക്കുന്നു. സിസ്റ്റർ ക്രിസ്റ്റീനയും യുക്രെയ്ൻകാരായ മറ്റു സന്യാസിനികളും ഇവരോടു കൈകോർക്കുന്നു.
അയൽരാജ്യങ്ങളായ പോളണ്ട്, റുമേനിയ തുടങ്ങി പ്രദേശങ്ങളിലൂടെ സ്വന്തം നാടുകളിലേക്കും വീടുകളിലേക്കും സുരക്ഷിതരായി മടങ്ങാൻ ആഗ്രഹിക്കുന്നവരെ കന്യാസ്ത്രീകൾ അവരുടെ വാഹനങ്ങളിൽ അതിർത്തികളിലെത്തിക്കുന്നു. ഇന്ത്യക്കാരും പ്രത്യേകിച്ചു മലയാളി വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകളെ ഇവർ സാഹസികമായി രാജ്യാതിർത്തികളിലേക്കെത്തിച്ചു. യുക്രെയിൻകാരിയായ സിസ്റ്റർ ക്രിസ്റ്റീനയാണ് ഈ യാത്രകളുടെ സാരഥി.
തേടിയെത്തുന്നവർക്കും പാതയോരങ്ങളിൽ അഭയാർഥികളായി കടന്നുപോകുന്നവർക്കും അഭയം നൽകി കോണ്വെന്റിൽ രക്ഷ ഒരുക്കുകയാണിവർ. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ ജനസമൂഹമാണ് ഇവരുടെ സുരക്ഷാവലയത്തിൽ കഴിയുന്നത്. എല്ലാവരെയും സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ഞങ്ങൾ സജ്ജരാണ്. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുകയാണ് ഇപ്പോൾ ഞങ്ങളുടെ പ്രേഷിത ശുശ്രൂഷ.
ഇതു ഞങ്ങളുടെ കടമയും ക്രിസ്തീയ ദൗത്യവുമാണ്. ദൈവത്തിന്റെ ഇടപെടലും സ്നേഹമുള്ള യുക്രെയ്ൻ ജനതയുടെ സഹായവും ഞങ്ങളെ ബലപ്പെടുത്തുന്നു. ക്രൂശിതനായ ക്രിസ്തുവിന്റെ സഹനങ്ങളെപ്രതി ഞങ്ങൾ സഹനദാസികളായി ഈ ജനതയുടെ കണ്ണീരൊപ്പുകയാണ്- സിസ്റ്റർ ലിജി പറഞ്ഞു.
ഇതോടകം ഘട്ടങ്ങളിലായി മലയാളി കുടുംബങ്ങൾ ഉൾപ്പടെ ഒട്ടേറെപ്പേർക്ക് കോണ്വെന്റിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ അഭയമൊരുക്കിയിട്ടുണ്ട്. ഇവിടെ സുരക്ഷിതത്വം അറിഞ്ഞ മലയാളി മെഡിക്കൽ വിദ്യാർഥികൾ ആയിരത്തോളം പേരാണ്. ആഴ്ചകൾ പിന്നിടുന്പോഴും മറ്റെങ്ങോട്ടും പോകാൻ മാർഗമില്ലാതായ നൂറോളം അഭയാർഥികൾ ഇവിടെയുണ്ട്. ഇവർക്കൊപ്പം 25 കുഞ്ഞുങ്ങളുമുണ്ട്. ഇന്ത്യാക്കാർ ഏറെപ്പേരും നാട്ടിലേക്കു മടങ്ങുകയോ സുരക്ഷിതമായ മറ്റു രാജ്യങ്ങളിലേക്കു മാറുകയോ ചെയ്തിട്ടുണ്ടെന്നു സിസ്റ്റർ ലിജി പയ്യപ്പള്ളി പറഞ്ഞു.
അതിർത്തികളിലെ ആശ്വാസം
‘അതിരുകളിലെ’ സുവിശേഷ ദൗത്യത്തെ തിരിച്ചറിഞ്ഞവരാണു സന്യാസിനിമാർ. യഥാർഥത്തിൽ ഉക്രെയ്നിൽ പ്രധാന നഗരങ്ങളിലുള്ളവരെ ആ രാജ്യത്തിന്റെ അതിരുകളിലേക്കും അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലേക്കും ഓടിപ്പോകാൻ നിർബന്ധിതരാക്കുകയാണ് യുദ്ധം.
സ്ലോവാക്യയുടെയും ഹംഗറിയുടെയും അതിർത്തിയോടടുത്താണു മലയാളി സന്യാസിനിമാർ സേവനം ചെയ്യുന്ന പടിഞ്ഞാറൻ യുക്രെയ്നിലെ മുഖാച്ചേവ്. തലസ്ഥാനമായ കീവിൽനിന്നു 800 കിലോമീറ്റർ മാറിയാണ് മഞ്ഞുപുതച്ച ഈ പ്രദേശം . ഇവിടുന്നു 30 കിലോമീറ്റർ യാത്രചെയ്താൽ സ്ലോവാക്യൻ അതിർത്തിയായി.
45 കിലോമീറ്റർ ഹംഗറിയുടേയും 60 കിലോമീറ്റർ റുമേനിയയുടെയും അതിർത്തികളിലേക്ക്. നിലവിലെ സാഹചര്യത്തിൽ താരതമ്യേന സുരക്ഷിത മേഖലയാണ് മുഖാച്ചേവ് ഉൾപ്പെടുന്ന പടിഞ്ഞാറൻ ഉക്രെയ്നെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ സന്യാസിനിമാർ താമസിക്കുന്ന സ്ഥലങ്ങളിലും മുന്നറിയിപ്പുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
‘യുദ്ധം എത്രനാൾ നീണ്ടുപോയാലും ഞങ്ങൾ എങ്ങോട്ടേക്കുമില്ല. ഞങ്ങളുടെ കരുതലും അഭയവും പ്രതീക്ഷിച്ച് ഇവിടെയുള്ളവരെ വിട്ട് ഞങ്ങൾ എവിടേക്കുമില്ല.’ സന്യാസിനിമാരുടെ തീക്ഷ്ണതയുള്ള വാക്കുകൾ. സിസ്റ്റർ ലിജി പയ്യപ്പിള്ളി യുക്രെയിനിൽ സേവനം ആരംഭിച്ചിട്ടു ഇരുപതാം വർഷമാണിത്. സുവിശേഷ പ്രഘോഷണരംഗത്താണ് പ്രധാനമായും സേവനം.
പ്രാർഥനാ സഹായം തേടി ഇവരെ തേടിയെത്തുന്നതിലേറെയും യുക്രേനിയക്കാരാണ്. കോണ്വെന്റിനോടനുബന്ധിച്ചു ധ്യാനകേന്ദ്രത്തിന്റെ നിർമാണം നടക്കുന്നു. അവിടെയും ഇപ്പോൾ യുദ്ധഭൂമികളിൽ നിന്നെത്തുന്നവരെ പാർപ്പിച്ചിരിക്കുകയാണ്.
ഇവാനോ ഫ്രാങ്ക്വിസ്; ഒരു വിലാപം
യുദ്ധത്തിൽ മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ പാർപ്പിച്ചിരിക്കുന്ന ഇവാനോ ഫ്രാങ്ക്വിസ് ഇന്നത്തെ യുക്രെയ്ന്റെ ഹൃദയം നുറുങ്ങുന്ന വിലാപഭൂമിയാണ്. ഒന്നും രണ്ടും വയസായ നാൽപതിലേറെ കുഞ്ഞുങ്ങളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. എല്ലാവരും മാതാപിതാക്കൾ നഷ്ടമായവർ. അവരെ നിരത്തിക്കിടത്തിയിരിക്കുന്ന കാഴ്ച ആരെയും കരയിപ്പിക്കും. ആരുടെയൊക്കെയോ യുദ്ധക്കൊതി അനാഥമാക്കിയ കുരുന്നു ജീവിതങ്ങൾ.!
മക്കളെ സ്നേഹിച്ചു കൊതിതീർന്നിട്ടില്ലാത്ത എത്രയോ അമ്മമാർ, പിതാക്കന്മാർ... വെടിയേറ്റും ഷെൽവർഷത്തിലും മിസൈൽ ആക്രമണങ്ങളിലും നിരപരാധികളായ ഇവർ കൊല്ലപ്പെടുന്പോൾ, ആരുമില്ലാതായി മാറുന്ന കുഞ്ഞുങ്ങളെക്കുറിച്ച് യുദ്ധക്കൊതിയന് മാർ ഒരു നിമിഷം ആലോചിച്ചിരുന്നെങ്കിൽ...! സിസ്റ്റർ ലിജിയുടെ വാക്കുകൾ.
ഈ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കുടുംബങ്ങളെത്തേടിയുള്ള വീഡിയോകൾ യുക്രെയ്നിൽ വൈറലാണെന്നു മാത്രമല്ല, ആ നാടിന്റെ വലിയ വിലാപക്കാഴ്ച കൂടിയാണ്.
ഈ അമ്മമാരെയും കുഞ്ഞുങ്ങളെയും ഓർത്ത്...
യുക്രെയ്ൻ ജനതയുടെ സങ്കടം തിരിച്ചറിയുന്ന മലയാളി സമൂഹത്തോടും ലോകത്തോടും നന്ദി അറിയിക്കുകയാണ് സിസ്റ്റർ ലിജി. ഇന്ത്യയിൽ നിന്നുള്ള എല്ലാവരും തന്നെ നാട്ടിലേക്കു മടങ്ങിയെത്തി. ദൈവത്തിനു സ്തുതി.
ഈ യുദ്ധമൊന്നു തീർന്നിരുന്നെങ്കിൽ എന്നാശിക്കുന്ന യുക്രെയ്ൻ ജനതയെപ്പോലെ, ലോകത്തിലെവിടെയും സമാധാനത്തിനായി ആഗ്രഹിക്കുന്നവരുണ്ട്. ഇവിടെ ഇപ്പോഴും മരിച്ചു വീഴുന്നവരും യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരും പറയാതെ പറയുന്നതും അതുതന്നെ. പലായനം ചെയ്യുന്നവർ തിങ്ങിനിറഞ്ഞ റെയിൽവേ സ്റ്റേഷനുകളിലെ തിക്കിലും തിരക്കിലുംപെട്ട് എത്രയോ പേരാണു മരിക്കുന്നത്!
ജനവാസ മേഖലകളിലേക്കാണ് റഷ്യൻ സേന ഇപ്പോൾ മിസൈൽ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം നവജാതശിശുക്കൾ ഏറെയുള്ള ആശുപത്രിക്കു നേരെ ആക്രമണമുണ്ടായി. അവിടെയും അമ്മമാരും കുഞ്ഞുങ്ങളും മരിച്ചുവീണു. കാലങ്ങൾക്കു മുന്പേ രക്തപങ്കിലമായ യുക്രെയ്ന്റെ മണ്ണ് സർവവും തകർന്ന യുദ്ധഭൂമിയായിക്കഴിഞ്ഞു.
യുക്രെയ്നിലെ ക്രൈസ്തവർ, സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ... എന്നാരംഭിക്കുന്ന പ്രാർഥന ദിവസവും 40 തവണ ചൊല്ലുന്നുണ്ട്. യുദ്ധം അവസാനിക്കാനും സമാധാനം പുലരാനും ആഗ്രഹിക്കുന്ന ലോകത്തിലെല്ലായിടത്തുമുള്ള വിശ്വാസികളും അതേറ്റുചൊല്ലണമെന്നാണ് അപേക്ഷ. ഓരോ മതവിശ്വാസികളും തങ്ങളുടെ ദൈവത്തോടു തങ്ങളുടേതായ ഭാഷയിൽ പ്രാർഥിക്കണം.
ഒരു കാര്യം ഉറപ്പാണ്. യുക്രെയ്നിൽ മരിച്ചുവീഴുന്ന നിഷ്കളങ്കരായ അനേകരുടെയും അവരുടെ ബന്ധുക്കളുടെയും വിലാപം ദൈവം കേൾക്കും. ലോകം തിരിച്ചറിയും. യുദ്ധത്തിനെതിരെ ലോകമനസാക്ഷിയെ വീണ്ടും ഉണർത്താൻ അതു കാരണമാകും.
കരഞ്ഞു തളർന്ന, കണ്ണീരു വറ്റിയ യുക്രെയ്നിലെ അമ്മമാരും കുഞ്ഞുങ്ങളും ഈ നോന്പുകാലത്ത് നമ്മുടെ എല്ലാവരുടെയും മനസുകളിലുണ്ടാവട്ടെയെന്നാണ് യുക്രെയിനിലെ ഈ കന്യാസ്ത്രീകളുടെ പ്രാർഥന.
സിജോ പൈനാടത്ത്