പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞ് കരിന്പടം പുതപ്പിക്കുന്ന സന്ധ്യകളിലും കൂരിരുൾ രാത്രികളിലും മാനം മ്ലാനമാകുന്ന പകലുകളിലുമൊക്കെ വേറിട്ട ഭാവങ്ങൾ തീർക്കുന്ന മഴ.
ഇക്കൊല്ലം കർക്കടക വാവിനും മഴയുണ്ടായില്ല. കരിമേഘങ്ങളുമുണ്ടായില്ല. വരാനിരിക്കുന്ന ചിങ്ങത്തിലെ അത്തം പത്തോണം കുതിർക്കാനാകും മഴയുടെ ഒളിച്ചുകളി.
മഴയാരവം മണ്‍സൂണ്‍ പകുതിയിലും എത്തിയിട്ടില്ല. ഇടവപ്പാതിയിൽ തുള്ളിക്കൊരു തുടം പെയ്തിറങ്ങി കുളിരു കോരിയിടേണ്ടതായിരുന്നു. നമ്മുടെ മഴക്കാലം ആകെ മാറിയിരിക്കുന്നു. വേനലിൽ മഴ. മഴക്കാലത്ത് വെയിൽ. മേഘക്കീറുകളിലെവിടെയോ ഉൗളിയിട്ടുപോയ മഴ കാലംതെറ്റി മൂന്നുനാലു നാളങ്ങു തിമർക്കും, പിന്നാലെ മിന്നൽപ്രളയവും ദുരന്തക്കെടുതികളും പകർച്ചവ്യാധികളും. നാലഞ്ചു കൊല്ലമായി കാലവർഷം ഇത്തരത്തിൽ കളിപ്പിക്കാനും കലഹിക്കാനും തുടങ്ങിയിട്ട്.
ഇങ്ങനെയായിരുന്നില്ല അറബിക്കടലും സഹ്യസാനുക്കളും അതിരിടുന്ന കേരളത്തിന്റെ കാലചക്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു തെക്കുപടിഞ്ഞാറൻ മണ്‍സൂണിന്റെ വാതിലായിരുന്നു കേരളം. ജൂണിൽ തുടങ്ങി മൂന്നു മാസത്തെ കാലവർഷത്തിനു പിന്നാലെ വടക്കുകിഴക്കൻ മണ്‍സൂണ്‍. ഒക്ടോബറിലെ അന്തിക്കോളിന് അകന്പടിയായി വെള്ളിടിയും മിന്നലും കൂടെ പെരുമഴയും.
അറബിക്കടലിൽനിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് ഇടവപ്പാതിയെ ആനയിക്കുന്നതെങ്കിൽ ബംഗാൾ ഉൾക്കടലിൽനിന്നു തമിഴ്നാടു കടന്നുവരുന്ന കാറ്റാണ് തുലാമഴയെ എത്തിക്കുന്നത്. കേരളത്തിലെ വാർഷിക മഴയുടെ ദീർഘകാല ശരാശരി 2924.7 മില്ലി മീറ്ററാണ്. ഇതിൽ 2049.2 മില്ലി മീറ്റർ ഇടവപ്പാതിയിലും 491.7 മില്ലി മീറ്റർ തുലാപ്പെയ്ത്തിലും ലഭിക്കേണ്ടതാണ്.
ഇതിൽതന്നെ 720.1 മില്ലി മീറ്റർ മഴ ജൂലൈയിലും 643 മില്ലിമീറ്റർ മഴ ജൂണിലും ദീർഘകാല ശരാശരിയായി കണക്കാക്കപ്പെട്ടിരുന്നു. ആ അനുപാതമൊക്കെ വഴിപിഴച്ചു വർഷകാലത്തിന്റെ മുക്കാൽപങ്കും ഓഗസ്റ്റിലോ സെപ്റ്റംബറിലോ പ്രളയപ്പെയ്ത്തായി മാറുന്നു. ഈ ദുരന്തമഴ കേരളമൊന്നാകെയോ ജില്ലയൊട്ടാകെയോ പെയ്യണമെന്നുമില്ല.
ഏതാനും കുന്നോരങ്ങളിൽ ഏതാനും മണിക്കൂറുകൾ മാത്രം അതിവർഷമുണ്ടായി മലയിടിച്ചിലും ഉരുൾപ്പൊട്ടലും മഹാപ്രളയവും ദുരന്തങ്ങളുമായി മാറുന്ന പ്രതിഭാസം. രാശി തെറ്റിയ കലികാലം നാലഞ്ചു മണിക്കൂറിനുള്ളിൽ പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൊക്കയാർ, കൂട്ടിക്കൽ ഗ്രാമങ്ങളെയും ഗ്രാമവാസികളെയും വകഞ്ഞെടുത്തതിന്റെ മുറിവുകളും കണ്ണീരോർമകളും എന്നു മായാൻ.
ഓർമയിലെ മഴക്കാലം
പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞു കരിന്പടം പുതപ്പിക്കുന്ന സന്ധ്യകളിലും കൂരിരുൾ രാത്രികളിലും മാനം മ്ലാനമാകുന്ന പകലുകളിലുമൊക്കെ വേറിട്ട ഭാവങ്ങൾ തീർക്കുന്ന മഴ.
മീനമാസത്തിലെ പൊള്ളുന്ന ചൂടു മാന്തിക്കീറുന്ന മണ്ണിലേക്ക് ആർത്തലച്ചിറങ്ങുന്ന പുതുമഴയുടെ ഗന്ധം, മണ്ണിൽ മുളച്ചു പൊന്തുന്ന പുതുനാമ്പുകൾ, മഴ തീർന്നാലും പെയ്യുന്ന മരങ്ങൾ, കുടിച്ചുകുതിർന്ന മണ്ണിൽനിന്നു പൊട്ടിയൊഴുകുന്ന ഉറവച്ചാലുകൾ.
നിറഞ്ഞു പതഞ്ഞൊഴുകുന്ന പുഴകളും തോടുകളും. തവളകളുടെയും ചീവീടുകളുടെയും സന്ധ്യാസംഗീതം. കരിന്പടത്തിനുള്ളിലേക്കുവരെ അരിച്ചുകയറുന്ന തണുപ്പ്. നേരഭേദമില്ലാതെ ചൂളംവിളിയോടെ പുരപ്പുറത്തു വീഴുന്ന കല്ലുമഴയുടെ ചിലന്പൊലി. മഴ നനഞ്ഞും ചേന്പില ചൂടിയും നടക്കുന്ന ഗ്രാമീണർ.
ഉച്ചത്തോർച്ചപോലുമില്ലാതെ തോരാമഴയും കാറ്റും പ്രതീക്ഷകളെ തകിടംമറിച്ചിരുന്ന കർക്കടക പഞ്ഞകാലം. ഞാറ്റുവേലക്ക് വിതച്ച വിത്തും വിളവും നശിക്കാതെ പാടങ്ങളിലും പറന്പുകളിലും കർഷകർ ഉറക്കമിളച്ചിരിക്കുന്ന സഹനം.
കർക്കടകത്തിൽ പത്തുണക്ക് എന്നൊരു പഴഞ്ചൊല്ലുണ്ടായിരുന്നു. പത്തു മഴ, പത്തുവെയിൽ, പത്തു മഞ്ഞ് അങ്ങനെയാണ് കർക്കടകം ചിങ്ങത്തിനു വഴിമാറിയിരുന്നത്. ചിങ്ങത്തിൽ മാനം തെളിയുന്പോൾ ഓണത്തുന്പിയും ഓണപ്പൂക്കളും ആഘോഷം തുടങ്ങും. പ്രകൃതിയുടെ ആ കണിശമൊക്കെ കാലത്തിന്റെ പിഴവിൽ കൈമോശം വന്നിരിക്കുന്നു.
മഴയനുഭവം
ഓരോ മഴയ്ക്കും അന്നൊക്കെ തനതു താളവും സംഗീതവും അടയാളവുമുണ്ടായിരുന്നു. ചിലപ്പോൾ താണ്ഡവത്തിന്റെ അതല്ലെങ്കിൽ ലാസ്യത്തിന്റെ അതുമല്ലെങ്കിൽ ഭയാനകതയുടെയൊക്കെ താളംതുള്ളിയാണ് മഴ വന്നു തോർന്നിരുന്നത്. പ്രപഞ്ചവിപഞ്ചികയിൽ കാറ്റിന്റെ വിരലുകൾ തഴുകുന്പോൾ ഉതിർന്നുവീഴുന്ന മഴയുടെ സംഗീതം എത്ര ഹൃദ്യമായിരുന്നു. കാറ്റിനു കരുത്തുകൂടുന്പോൾ ആലിപ്പഴം വീഴ്ത്തും. അതല്ലെങ്കിൽ കോരിച്ചൊരിയും.
മനസിനു കുളിരായോ തൂവൽ സ്പർശമായോ മഴ സംവദിച്ചിരുന്നു. മഴയാണു ഭൂമിയെ ജൈവമണ്ഡലമാക്കി നിലനിറുത്തുന്നതെന്നു മറന്നുകൂടാ. ചാറ്റൽമഴ മുതൽ പെരുമഴ വരെ പെയ്ത്തിനു പലതായിരുന്നു ഭാവങ്ങൾ. സൂര്യനു മറയാവരണമിട്ട് കൂട്ടംകൂട്ടമായി നീങ്ങുന്ന കരിമേഘങ്ങൾ. ആരവത്തോടെ ആഞ്ഞുവീശുന്ന തണുത്ത കാറ്റ്. ചന്നം ചിന്നം തുടങ്ങി ചാഞ്ഞും നേരെയും പെയ്തു ഭൂമിയെ കുളിപ്പിക്കുന്ന മഴ.
വഴിത്താരകളിലൂടെ കുണുങ്ങിയോടുന്ന ഉറവച്ചാലുകൾ ചവിട്ടിത്തെറിപ്പിച്ച് സ്കൂളുകളിലേക്കുള്ള ബാല്യ നടത്തം. സ്കൂളിലെ മേച്ചിലോടുകളുടെ വിള്ളലുകളിലൂടെ ക്ലാസ്മുറിയുടെ തറയിലേക്കും തലമുകളിലേക്കും പടർന്നിറങ്ങുന്ന വെള്ളത്തുള്ളികൾ...
വീട്ടിൽ മണ്ണെണ്ണച്ചിമ്മിനിവിളക്കിന്റെ അരണ്ട മഞ്ഞവെളിച്ചത്തിൽ പഠിക്കാനിരിക്കുന്പോഴാവും മുറ്റത്ത് കണ്ണഞ്ചിപ്പിക്കുന്ന ഇടിമിന്നലുകൾ. കൂടെ ആകാശത്തെ പിളർത്തുംപോലെ ഇടിഗർജനവും.
അതിരാവിലെ കുതിർന്നു നിൽക്കുന്ന പ്രകൃതിക്ക് എന്തൊരു ചന്തമായിരുന്നു. കാറ്റിലുലയുന്ന മരശിഖിരങ്ങളും മഴത്തുള്ളികൾ വെള്ളിക്കൊലുസിട്ട ചെടികളും.
തെങ്ങിൻതലപ്പിലും മാവിൻചില്ലയിലും കൂട്ടമായിരുന്നു വെള്ളം കുടഞ്ഞുകളയുന്ന കാക്കക്കറുന്പികൾ. മഴരസം പൂണ്ട് കുറുകുന്ന വെള്ളരിപ്രാവുകൾ. മുറ്റത്തു കണ്ണുതുറക്കാൻ കാത്തിരിക്കുന്ന നാലുമണിപ്പൂക്കൾ. തൊടിയിൽ മഴത്തുള്ളികളോടു കിന്നാരം പറയുന്ന ചെന്പരത്തിയും ചെത്തിയും തെച്ചിയും മന്ദാരവും. മഴമേഘങ്ങളിൽ കുടുങ്ങി ഭൂമിയെ തൊടാൻ പാടുപെടുന്ന സൂര്യൻ.
കാലം തെറ്റിയ കാലം
കുറെക്കാലമായി വേനലിൽ തുടങ്ങുകയാണു കാലവർഷത്തിനു സമാനമായ പെയ്ത്ത്. ചുഴലിക്കാറ്റുകളുടെ പ്രലോഭനമില്ലാതെതന്നെ ഇക്കാലങ്ങളിലെ ഇടവമാസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുന്നുവെന്നത് അസാധാരണമാണ്. മഴമേഘങ്ങളുടെ ഘടനയിൽതന്നെ നാലഞ്ചു വർഷങ്ങളായി മാറ്റങ്ങൾ പ്രകടമായിരിക്കുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിൽ 35 ശതമാനത്തോളം ശരാശരി മഴക്കുറവും ഓഗസ്റ്റ്, സെപ്റ്റംബറിൽ മുന്നറിയിപ്പില്ലാത്ത പെരുമഴയിൽ ഈ കുറവ് പൂർണമായി നികത്തപ്പെടുകയും ചെയ്യുന്ന പ്രതിഭാസം.
കേരളത്തിന്റെ ആകാശവിതാനിപ്പിൽ മുൻപൊക്കെ താരതമ്യേന ആഴം കുറഞ്ഞ മേഘങ്ങളാണ് മഴക്കാലത്ത് കാണപ്പെട്ടിരുന്നത്. എന്നാൽ ഇക്കാലത്തെ ഓഗസ്റ്റ് മാസങ്ങളിൽ കിലോമീറ്ററുകൾ ആഴമുള്ള കൂന്പാരമേഘങ്ങളുടെ സാന്നിധ്യമാണ് അതിതീവ്ര മഴയ്ക്ക് കാരണമായിക്കൊണ്ടിരിക്കുന്നത്.
പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും കൂട്ടിക്കലിലുമൊക്കെ നാടിനെ വിഴുങ്ങിയ മഹാപ്രളയത്തിനും ഉരുൾപൊട്ടലിനും വഴിവച്ചത് കൂന്പാരമേഘങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തുന്പിക്കൈ വണ്ണത്തിൽ പെയ്തൊഴിഞ്ഞുണ്ടായ തോന്ന്യാസമാണ്.
മണിക്കൂറിൽ പത്ത് സെന്റീമീറ്ററോ അതിലധികമോ മഴ രേഖപ്പെടുത്തുന്ന മേഘവിസ്ഫോടനങ്ങളും പതിവായിരിക്കുന്നു. കാലാവസ്ഥാവിഭാഗം സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും പൊതുമുന്നറിയിപ്പാണ് നൽകുന്നത് എന്നതിനാൽ പ്രാദേശികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം ദുരന്തസാഹചര്യം മുൻകൂട്ടി അറിയിക്കാനാവുന്നില്ല.
സവിശേഷമായ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും സന്പന്നമായ കേരളത്തിലെ അതിതീവ്ര മാറ്റങ്ങൾ വിരൽചൂണ്ടുന്നത് ആഗോളതാപനത്തിന്റെയും എൽനിനോ പോലുള്ള പ്രതിഭാസങ്ങളുടെയും ഫലമായി കാലാവസ്ഥ കൂടുതൽ അസ്ഥിരമാകുന്നുവെന്നാണ്.
സഹ്യപർവതത്തിന്റെ സ്വാധീനവും വിശാലമായ സമുദ്രസാമീപ്യവും കാലാവസ്ഥയെ സങ്കീർണമാക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ജനജീവിതം അരക്ഷിതമാകുന്ന കാരണങ്ങളിൽ പ്രധാനമാണ് താപനഫലമായി അറബിക്കടൽ ദ്രുതഗതിയിൽ ചൂടു കൂടുന്നുവെന്നത്. മറ്റു സമുദ്രതടങ്ങളിലെ താപം ഒരു നൂറ്റാണ്ടുകൊണ്ട് ഒരുഡിഗ്രി സെൽഷ്യസിൽ താഴെ വർധിച്ചപ്പോൾ അറബിക്കടൽ 1.1 ഡിഗ്രിക്കുമുകളിൽ ചൂടായതാണു കാലാവസ്ഥയെ മാറ്റിമറിക്കുന്നതിൽ പ്രധാന കാരണം.
പ്രത്യാഘാതങ്ങൾ
മണ്‍സൂണ്‍ അസ്ഥിരമാകുന്നതാണ് സമീപകാലത്ത് ദൃശ്യമാവുന്ന കാഴ്ച. മേൽമണ്ണ് വെള്ളം സംഭരിച്ച് ആഴങ്ങളിലെ സുഷിരങ്ങളിൽ കരുതലായി സൂക്ഷിക്കുന്നതു മണ്‍സൂണ്‍ മാസങ്ങളിലെ നൂൽമഴയിൽ നിന്നാണ്. കാലംതെറ്റി പെയ്യുന്ന പെരുമഴയിൽ വെള്ളം മണ്ണിനും പുഴകൾക്കും കായലുകൾക്കും ഉൾക്കൊള്ളാനാവാതെ ഞൊടിയിടെ കരകളെ വിഴുങ്ങി ഒരു ദിനരാത്രംകൊണ്ട് അറബിക്കടലിലെത്തുന്നു. ഇത്രയും വെള്ളം താങ്ങാനാവാതെ കലികയറുന്ന കടൽ ഇരച്ചുകയറി തീരങ്ങളെ വിഴുങ്ങുകയാണ്.
വരുംവർഷങ്ങളിലും ഈ ക്രമരാഹിത്യം വർധിച്ചുവരുമെന്നാണു പഠനങ്ങൾ. മണ്‍സൂണിൽ ലഭിക്കുന്ന ആകെ മഴയുടെ അളവിൽ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും മഴപ്പെയ്ത്തിന്റെ ക്രമത്തിലും വിതരണത്തിലും സാരമായ വ്യത്യാസം സംഭവിച്ചുകൊണ്ടിരിക്കും. ചില ദിവസങ്ങളിൽ തീവ്രമഴ പെയ്യുകയും കുറെ ദിവസങ്ങളോളം പിണങ്ങി നിൽക്കുകയും ചെയ്യുന്നത് ഇനി പതിവാകും. മഴ മാറിനിൽക്കുന്ന ദിവസങ്ങളിൽ കൊടുംചൂടു നാടിനെ പൊള്ളിക്കുകയും ചെയ്യുന്നു.
മഴയും വെയിലും തമ്മിലെ ഏറ്റുമുട്ടൽ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടാണു കാലംതെറ്റി വൃക്ഷങ്ങൾ തളിർക്കുന്നതും പൂവിടുന്നതും കായിടുന്നതുമൊക്കെ. ചിലതിനു കായ്ഫലം കൂടും, ചിലതു കൊഴിഞ്ഞുപോകും. പകർച്ചവ്യാധികളിൽ കേരളം കിടക്കയിലാകുന്നതും മുറതെറ്റിയ മഴക്കാലത്തിന്റെ പ്രത്യാഘാതംതന്നെ.
മഴയും ഞാറ്റുവേലകളുമായും ബന്ധമുണ്ട്. തിരുവാതിരയിൽ മഴ തിരിമുറിയാതെ എന്നായിരുന്നല്ലോ ചൊല്ല്.
ആഗോളതാപനം സൃഷ്ടിക്കുന്ന അനിശ്ചിതത്വവും വ്യതിയാനങ്ങളും മണ്‍സൂണ്‍ പ്രതിഭാസത്തെ പ്രവചനാതീതമാക്കും. കൃഷിയെ മാത്രമല്ല മത്സ്യബന്ധനത്തെയും കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിക്കും. മഹാപ്രളയങ്ങളും മണ്ണിടിച്ചിലുമൊക്കെ മലയോരവാസികളുടെയും തീരദേശജനതയുടെയും അതിജീവനത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണല്ലോ.
കഴിഞ്ഞ വർഷം ഡിസംബർ വരെ മഴ നീണ്ടപ്പോൾ നെൽകർഷകർക്ക് ഒന്നിലധികം തവണ നട്ട ഞാറ് പലർക്കും ഉപേക്ഷിക്കേണ്ടിവന്നു. വൈകിയ കൃഷിയിൽ കൊയ്ത്തു സമയപ്പോഴേക്കും ശക്തമായ വേനൽ മഴയിൽ വിളവ് വെള്ളത്തിലായി.
ജൂണിൽ മഴ, നവംബറിൽ തണുപ്പ്, മാർച്ചിൽ ചൂട്, പിന്നെ പുതുമഴ.. അതായിരുന്നു ഋതുചക്രം. ചതിക്കാത്ത മഴയെ വിശ്വസിച്ചായിരുന്നു മാവേലിനാട്ടിലെ നടീലും പറിച്ചുനടീലും വിളവെടുപ്പുമൊക്കെ. അധ്യയനവും ഉത്സവവും ആഘോഷങ്ങളും ചടങ്ങുകളും യാത്രകളുമൊക്കെ കാലത്തെയും കാലാവസ്ഥയെയും അടിസ്ഥാനമാക്കിയായിരുന്നു. പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന പല്ലവി അപ്പാടെ ശരിയായിവരികയാണിപ്പോൾ.
റെജി ജോസഫ്