ലൂയിസ് പീറ്ററിന്റെ കവിതകൾ
Saturday, June 7, 2025 7:08 AM IST
ലൂയിസ് പീറ്ററിന്റെ കവിതകൾ
ലൂയിസ് പീറ്റർ
പേജ്: 92 വില: ₹ 160
യെസ് പ്രസ്, എറണാകുളം
ഫോൺ: 9048588887
അതിതീവ്രമായ മനുഷ്യഭാവങ്ങളും അനുഭവങ്ങളുടെ തീക്ഷ്ണതയും ചുറ്റിപ്പിടിച്ച വരികളാണ് ലൂയീസ് പീറ്ററിന്റെ കവിതകളിൽ കാണുന്നത്. തെരുവിന്റെ ജീവിതത്തെ ആഘോഷമാക്കിയ കവിക്ക് പലപ്പോഴും കവിതയുടെ രസക്കൂട്ടുകൾ കിട്ടിയിരുന്നത് തെരുവുകാഴ്ചകളിൽനിന്നാവാം. നിങ്ങളൊരോരുത്തരുടെയും വിലാപങ്ങളുടെ മറുപുറം മാത്രമാണ് ഞാനെന്നാണ് കവി പറയുന്നത്.
ഏലിയൻസ്
എൻ.സി. നായർ
പേജ്: 102 വില: ₹ 140
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471 2471533
ഫാന്റസി വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു നോവൽ. ഏലിയൻസും അതിന്റെ ചക്രവർത്തിയും പുരാണകഥാപാത്രങ്ങളുമെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ത്രില്ലർ നോവലിന്റെ ആദ്യഭാഗമാണിതെന്നു പുസ്തകത്തിന്റെ ആമുഖം പറയുന്നു.
വിശുദ്ധ ചാവറ, ഒരു ആവാസവ്യവസ്ഥ
റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ
പേജ്: 104 വില: ₹ 199
കറന്റ് ബുക്സ്, കോട്ടയം
സമഗ്രതയാണ് ചാവറയച്ചന്റെ പ്രത്യേകത. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പകർത്താവുന്ന മാതൃകയും ഉപദേശങ്ങളും നൽകിയ കേരളത്തിന്റെ നവോത്ഥാന നായകൻ. ചാവറയച്ചന്റെ ജീവിതത്തെ ഒരു ആവാസവ്യവസ്ഥയായി വിലയിരുത്തുകയാണ് ലേഖകൻ.
പൗരസ്ത്യ കാനൻ നിയമം ഒരു ആമുഖം
ഡോ. ജയിംസ് മാത്യു പാന്പാറ
സിഎംഐ
പേജ്: 590, വില: 550
കർമലകുസുമം
സെന്റ് ജോസഫ് പ്രസ്, മാന്നാനം
ഫോൺ: 0481-2597296, 7909223390
പൗരസ്ത്യ കത്തോലിക്ക സഭകളുടെ സഭാജീവിതത്തിനു മാർഗനിർദേശകമായ പൗരസ്ത്യ കാനൻ സംഹിത 1990ലാണ് പ്രസിദ്ധീകൃതമായത്. തുടർന്നു പലപ്പോഴായി സഭാ ജീവിതത്തെ സംബന്ധിക്കുന്ന വിവിധ നിയമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
റോമൻ കൂരിയയെ സംബന്ധിക്കുന്ന പാസ്തോർ ബോനൂസ് (1988), പ്രെദികാത്തെ എവാൻജെലിയും(2022) എന്നിവ കൂടാതെ മറ്റു പല നിയമങ്ങളും വിശുദ്ധ ജോൺപോൾ രണ്ടാമൻ, ബനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് പാപ്പാമാർ പ്രാബല്യത്തിൽ വരുത്തി. ഈ നിയമസംഹിതകളെ ആധാരമാക്കി കാനൻനിയമ വിദഗ്ധനും ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. ജയിംസ് പാന്പാറ തയാറാക്കിയ 40 ലേഖനങ്ങളുടെ സമാഹാരമാണ് ഈ ബൃഹദ്ഗ്രന്ഥം.
ഒരാമുഖ ഗ്രന്ഥത്തിന്റെ ചട്ടവട്ടമല്ല ഈ പുസ്തകത്തിനുള്ളത്. ആനുകാലിക പ്രാധാന്യമുള്ളതും ദൈനംദിന ജീവിതത്തിൽ പ്രസക്തവുമായ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണിവ. സ്വവർഗാനുരാഗത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ നിലപാടുകൾ, ഗർഭഛിദ്രത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങൾ, മിശ്രവിവാഹങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി പരിശോധിക്കുന്നു. സഭയുടെ പരന്പരാഗതമായ പഠനങ്ങളും കാനൻ നിയമത്തിൽ വ്യവച്ഛേദിച്ചിരിക്കുന്ന വസ്തുതകളും ഏവർക്കും മനസിലാകുന്ന വിധത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.
റോമൻ കൂരിയയുടെ പരിഷ്കരണം, കാനൻ നിയമവും ഇന്ത്യൻ സിവിൽ നിയമവും , കാനൻ നിയമത്തിലൂടെ വെളിപ്പെടുന്ന സന്യസ്ത-സമർപ്പിത-അല്മായ ജീവിതശൈലി, രൂപതാഭരണ സംവിധാനങ്ങൾ, ഇടവക സംവിധാനത്തിന്റെ കാനോനിക ചട്ടക്കൂടുകൾ, സന്യാസജീവിതത്തിന്റെ സഭാത്മക സ്വഭാവം മുതലായ ലേഖനങ്ങൾ വിജ്ഞാനപ്രദവും വിശ്വാസികളെക്കുറിച്ചുള്ള സഭയുടെ കരുതൽ വെളിപ്പെടുത്തുന്നതുമാണ്.
സീറോ മലബാർ സഭയിലെ ആരാധനക്രമ വിവാദത്തിലെ വിവിധ വശങ്ങൾ ഒരു നിയമജ്ഞന്റെ വീക്ഷണത്തിൽ അവതരിപ്പിക്കുന്ന ഏതാനും ലേഖനങ്ങൾ ഈ പഠനഗ്രന്ഥത്തിലുണ്ട്. മാർപാപ്പയോടുള്ള അനുസരണം, ജനാഭിമുഖ ബലിയർപ്പണവും വിശ്വാസികളുടെ അവകാശവും, മെത്രാപ്പോലീത്തൻ വികാരിയുടെ സ്ഥാനം, ഭൂമിവിവാദത്തെപ്പറ്റിയുള്ള സിഞ്ഞത്തൂര അപ്പസ്തോലിക്കയുടെ വിധി, ഫ്രാൻസിസ് പാപ്പയുടെ സന്ദേശങ്ങൾ, ശീശ്മയും വലിയ മഹറോൻ ശിക്ഷയും, ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ചവരുടെ അവകാശങ്ങളും കടമകളും എന്നിവ അവയിൽ ചിലതാണ്.
യാമപ്രാർഥനകൾ, കുന്പസാരം എന്ന കൂദാശ, വിശുദ്ധ കുർബാനയും കാനൻനിയമവും മുതലായ പഠനാർഹമായ ലേഖനങ്ങൾ വേറെയുമുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രത്യേക ട്രൈബ്യൂണൽ ജഡ്ജിയായി നിയമിതനായ ഗ്രന്ഥകാരനുമായി കർമലകുസുമം പത്രാധിപർ നടത്തിയ അഭിമുഖമാണ് ഗ്രന്ഥത്തിലെ അവസാന അധ്യായം.