നൂറ്റാണ്ടുകളുടെ കഥപറയുന്ന ബുര്‍ഹാന്‍പുര്‍
അജിത് ജി. നായർ
Sunday, September 21, 2025 6:15 AM IST
താപ്തി നദിയുടെ തീരത്ത് മധ്യപ്രദേശിലുള്ള പുരാതന നഗരമാണ് ബുര്‍ഹാന്‍പുര്‍. ഖന്ദേഷ് പ്രദേശം ഭരിച്ചിരുന്ന ഫറൂഖി രാജവംശത്തിലെ സുല്‍ത്താനായിരുന്ന മാലിക് നസീര്‍ ഖാന് 1388ല്‍ പണികഴിപ്പിച്ചതാണ് ഈ നഗരം. സൂഫി സന്യാസിയായിരുന്ന ഷെയ്ഖ് ബുര്‍ഹാന്‍ ഉദ് ദിനിനോടുള്ള ബഹുമാനാര്‍ഥം നഗരത്തിന് അദ്ദേഹത്തിന്റെ പേരു നല്കി. ഫറൂഖി രാജവംശത്തിന്റെ കീഴില്‍ അഭിവൃദ്ധിപ്രാപിച്ച നഗരം പിന്നീട് മുഗളന്മാരുടെ അധീനതയിലാവുകയായിരുന്നു.
1536ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണ്‍ ഗുജറാത്ത് കീഴടക്കിയശേഷം ഇവിടം സന്ദര്‍ശിച്ചതോടെയാണ് ബുര്ഹാന്പുരിന്റെ മുഗള്ബന്ധം ആരംഭിക്കുന്നത്. 1576-1596 കാലയളവിലെ ഖന്ദേഷ് സുല്‍ത്താനായിരുന്ന രാജാ അലി ഖാന് മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ അധീശത്വം അംഗീകരിക്കുകയും അക്ബറിന്റെ സാമന്തനായി ഇവിടം തുടര്‍ന്നു ഭരിക്കുകയും ചെയ്തു.
എന്നാല്‍ രാജാ അലിഖാനു ശേഷം വന്ന മകന് ബഹാദൂര്‍ ഖാന് അക്ബറിന്റെയും മകന് ദാനിയാലിന്റെയും മേല്‍ക്കോയ്മ അംഗീകരിക്കാന്‍ ഒരുക്കമായിരുന്നില്ല. ഇത് അക്ബറെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് 1599ല്‍ ബുര്ഹാന്പുരിലേക്ക് മാര്‍ച്ച് ചെയ്ത അക്ബര്‍ 1600 ഏപ്രില്‍ എട്ടിന് നഗരം പിടിച്ചെടുക്കുകയായിരുന്നു.
ഡെക്കാന്‍ മേഖലയില്‍ മുഗള്‍ സ്വാധീനത്തിനു തുടക്കം കുറിക്കുന്നതിനും ഇത് കാരണമായി. പിന്നീട് ഡെക്കാനിലെ മുഗളന്മാരുടെ പ്രധാന താവളവും ഇതു തന്നെയായിരുന്നു.
അക്ബര്‍ തന്റെ മകനായ ജഹാംഗീറിനെ ഡെക്കാനിലെ ഗവര്‍ണറായി നിയമിച്ചു. പിന്നീട് ജഹാംഗീറിനന്റെ മകനായ പര്‍വേസ് ഇവിടെ ഗവര്‍ണറായി. 1617ല്‍ ജഹാംഗീറിന്റെ മറ്റൊരു മകനായ ഖുറം ഇവിടുത്തെ ഗവര്‍ണറായി അവരോധിതനായതോടെ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ നിരവധി യുദ്ധങ്ങളില്‍ മുഗള്‍സൈന്യത്തെ വിജയത്തിലേക്കു നയിച്ച ഖുറത്തിന്റെ മികവില്‍ സംപ്രീതനായ ജഹാംഗീര്‍ അദ്ദേഹത്തിന് "ഷാ’ എന്ന പദവി കല്പ്പിച്ചുനല്കി. തുടര്‍ന്ന് അദ്ദേഹം ഷാജഹാന് എന്ന പേരില്‍ പ്രസിദ്ധനാവുകയും ജഹാംഗീറിന്റെ കാലശേഷം മുഗള്‍ ചക്രവര്‍ത്തിയായി മാറുകയും ചെയ്തത് ചരിത്രം.
ഷാജഹാനെ സംബന്ധിച്ച് ബുര്‍ഹാന്‍പുര്‍ പിന്നീട് മറക്കാനാവാത്ത നഗരമായി മാറി. 1631 ജൂണ്‍ ഏഴിന് ഷാജഹാന് തന്റെ പ്രിയപത്നിയായ മുംതാസ് മഹലിനെ നഷ്ടമായത് ഇവിടെവച്ചായിരുന്നു. നഗരത്തിലുള്ള ഒരു ഉദ്യാനത്തിലായിരുന്നു മുംതാസിന്റെ മൃതശരീരം ആദ്യം സംസ്കരിച്ചത്.
പിന്നീടത് ആഗ്രയിലേക്ക് മാറ്റുകയും വിഖ്യാതമായ താജ് മഹലിന്റെ സൃഷ്ടിയിലേക്ക് അത് നയിക്കപ്പെടുകയുമായിരുന്നു.18-ാം നൂറ്റാണ്ടായപ്പോഴേക്കും മുഗളന്മാരുടെ ശക്തി ക്ഷയിക്കുകയും മറാത്തകള്‍ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
പേഷ്വകള്‍, ഹോള്‍ക്കര്‍മാര്‍, സിന്ധ്യകള്‍, പവാര്‍മാര്‍ ഉള്‍പ്പെടെയുള്ള നിരവധി മറാത്ത രാജവംശങ്ങള്‍ പിന്നീട് ഇവിടം ഭരിച്ചു. 19-ാം നൂറ്റാണ്ടായപ്പോഴേക്കും ബുര്‍ഹാന്‍പുര്‍ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ ബുര്‍ഹാന്‍പുര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
1857ല്‍ പൊട്ടിപ്പുറപ്പെട്ട ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ താന്തിയാതോപ്പി ഇവിടെയുള്ള ബ്രിട്ടീഷ് ഔട്ട്പോസ്റ്റുകള്‍ ആക്രമിച്ചുകൊണ്ട് സമരാഗ്നി ആളിക്കത്തിച്ചു. പിന്നീട് ഗാന്ധിജിയുടെ കാലഘട്ടത്തില്‍ നിസഹകരണ പ്രസ്ഥാനം, നിയമ ലംഘന സമരം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയവയ്ക്കും ബുര്‍ഹാന്‍പുര്‍ സാക്ഷിയായി.
സ്വതന്ത്ര്യാനന്തരം ബുര്‍ഹാന്‍പുര്‍ മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. ഇന്ന് മധ്യപ്രദേശിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമാണിത്. പവര്‍ ലൂമുകളില്‍ അധിഷ്ഠിതമായ വസ്ത്രവ്യവസായവും സാംസ്കാരിക സമ്പന്നതയും ബുര്ഹാന്പുരിനെ വേറിട്ടുനിര്‍ത്തുന്നു.
വാസ്തു വൈദഗ്ധ്യത്തിലും ഇന്ത്യയിലെ എണ്ണപ്പെട്ട നഗരങ്ങളിലൊന്നാണ് ബുര്‍ഹാന്‍പുര്‍. മനോഹങ്ങളായ കൊട്ടാരങ്ങളും ഉദ്യാനങ്ങളും പ്രതിരോധ സംവിധാനങ്ങളും സമ്മേളിക്കുന്ന ഷാഹി ക്വില ഫറൂഖിമുഗള് വാസ്തുവിദ്യകളുടെ പ്രാവീണ്യം പ്രതിഫലിപ്പിക്കുന്ന നിര്‍മിതിയാണ്.
മുഗള്‍ വാസ്തു ശൈലിയില്‍ പണിത ജാമി മസ്ജിദ്, മാനുകളുടെ സങ്കേതമായ അഹുഖാന, മുംതാസ് മഹലിന്റെ ആദ്യത്തെ ശവകുടീരം, ഭൂഗര്‍ഭ ജലസംവിധാനമായ കുണ്ഡി ഭണ്ടാര എന്നിവയെല്ലാം ആളുകളെ ബര്ഹാന്പുരിലേക്ക് ആകര്‍ഷിക്കുന്നു.