വാസ: മരണത്തിലേക്ക് 20 മിനിറ്റ്
ടൈറ്റാനിക് ദുരന്തത്തേക്കാൾ ദയനീയമായിരുന്നു സ്കാൻഡിനേവിയയിലെ വാസ എന്ന യുദ്ധക്കപ്പലിന്‍റേത്. കന്നിയാത്ര ഒരു കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും വീശിയ കാറ്റ് കപ്പലിനെ ഉലച്ചുകളഞ്ഞു. കപ്പൽ തീരത്തേക്കു നീങ്ങിയെങ്കിലും നിരവധി ജീവനക്കാർ കരതൊട്ടില്ല. നടുക്കുന്ന യാഥാർഥ്യം അതല്ല, ആ ദുരന്തം വിളിച്ചുവരുത്തിയതായിരുന്നു എന്നാണ്. വാസ മ്യൂസിയത്തിലെത്തി ആ കപ്പൽ കണ്ട ലേഖകൻ എഴുതുന്നു...

2019 ജൂ​ണ്‍ മാ​സ​ത്തി​ൽ സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ഡെ​ൻ​മാ​ർ​ക്ക്, ഫിൻലൻ​ഡ്, സ്വീ​ഡ​ൻ, നോ​ർ​വെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത് ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. യാ​ത്ര​യു​ടെ നാ​ലാ​മ​ത്തെ ദി​വ​സ​മാ​യി​രു​ന്നു ഫിൻലൻഡിലെ ഹെ​ൽ​സി​ങ്കി​യി​ൽ നി​ന്ന് സ്വീ​ഡ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ക്‌ഹോ​മി​ലേ​ക്കു​ള്ള യാ​ത്ര. ഹെ​ൽ​സി​ങ്കി തു​റ​മു​ഖ​ത്തു​നി​ന്ന് സ​മീ​പ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ധാ​രാ​ളം ഫെ​റി സ​ർ​വീ​സു​ക​ൾ ഉ​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ക​പ്പ​ലു​ക​ൾ തു​റ​മു​ഖ​ത്തേ​ക്കു വ​രിക​യും പോ​വുക​യും ചെ​യ്യു​ന്ന കാ​ഴ്ച ആ​ക​ർ​ഷ​ണീ​യ​മാ​ണ്.

ക​പ്പ​ലി​ൽനി​ന്നു​ള്ള ഹെ​ൽ​സി​ങ്കി ക​ത്തീഡ്ര​ലി​ന്‍റെ ദൃ​ശ്യം വേ​റി​ട്ടൊ​രു കാ​ഴ്ച​യാ​യി. എ​സ്റ്റോണി​യ, ലാ​ത്വി​യ, ലി​ത്വാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ലൂ​ടെ ക​പ്പ​ൽ അ​തി​ന്‍റെ പ്ര​യാ​ണം തു​ട​ർ​​ന്നു.​ പി​റ്റേ​ന്ന് പ്ര​ഭാ​ത​ത്തി​ൽ എ​ട്ടു​മ​ണി​യോ​ട​ടു​ത്താ​ണ് ക​പ്പ​ൽ സ്റ്റോ​ക്ക്‌ഹോ​മി​ലെ​ത്തിച്ചേർ​ന്ന​ത്. തു​ട​ർ​ന്നു​ള്ള യാ​ത്ര ഞ​ങ്ങ​ളു​ടെ ഗൈ​ഡ് പ​റ​ഞ്ഞി​രു​ന്ന​പ്ര​കാ​രം വാ​സ എ​ന്ന ച​രി​ത്രപ്രാ​ധാ​ന്യ​മു​ള്ള മ്യൂ​സി​യ​ത്തി​ലേ​ക്കാ​യി​രു​ന്നു. സ്റ്റോ​ക്ക്‌ഹോ​മി​ലെ ജൂ​ർ ഗോ​ർ​ഡ​ൻ ദ്വീപിലെ റോ​യ​ൽ നാ​ഷ​ണ​ൽ സി​റ്റി പാ​ർ​ക്കി​ലാ​ണ് നൂ​റ്റാ​ണ്ടു​ക​ളു​ടെ സ്മൃ​തി​ക​ൾ ഉ​റ​ങ്ങു​ന്ന വാ​സ മ്യൂ​സി​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

സ്കാ​ൻ​ഡി​നേ​വി​യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ടൂ​റി​സ്റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന മ്യൂ​സി​യ​മാ​ണ് വാ​സ. 1628 മു​ത​ൽ ച​രി​ത്രം കൈയൊപ്പ് ചാ​ർ​ത്തി സം​ര​ക്ഷി​ച്ചു​പോ​രു​ന്ന യു​ദ്ധ​ക്ക​പ്പ​ലാ​യ വാ​സ​യു​ടെ ച​രി​ത്ര ഏ​ടു​ക​ളി​ലേ​ക്ക് ആ​രെ​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സ്മാ​ര​ക മ​ന്ദി​ര​മാ​ണ് വാ​സ മ്യൂ​സി​യം.
സ്വീ​ഡി​ഷ് നാ​ഷ​ണ​ൽ മാ​രിടൈം ​ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് മ്യൂ​സി​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് വാ​സ മ്യൂ​സി​യ​മെ​ങ്കി​ലും മ​റ്റ് മ്യൂ​സി​യ​ങ്ങ​ളേ​ക്കാ​ൾ ച​രി​ത്ര​പ​ര​വും വ്യ​ത്യ​സ്ത​വു​മാ​യ ഒ​രു മ്യൂ​സി​യ​മാ​യി​ത്തീരു​ന്ന​ത്, ഒ​രു ജ​ന​ത​യു​ടെ ക​ണ്ണീ​ർ വീ​ണ ച​രി​ത്ര​മായതു​കൊ​ണ്ടാ​ണ്. വാ​സ മ്യൂ​സി​യ​ത്തി​ലേ​ക്കു പ്ര​വേ​ശ​നപാ​സെ​ടു​ത്ത് ക​യ​റു​ന്പോ​ൾ മ​റ്റേ​തോ ലോ​ക​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​നു​ഭ​വ​മാ​ണ് ആ​ർ​ക്കും ഉ​ണ്ടാ​വു​ക.

പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ന്‍റെ ആ​രം​ഭ​കാ​ല​ത്ത് നി​ർ​മി​ച്ച സ്വീ​ഡിഷ് യു​ദ്ധ​ക്ക​പ്പ​ലാ​യ വാ​സ​യു​ടെ അ​തി​മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​മാ​ണ് മ്യൂ​സി​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​രെ​യും ആ​ദ്യംത​ന്നെ എ​തി​രേ​ൽ​ക്കു​ന്ന​ത്.

നി​ർ​മാ​ണം

സ്വീ​ഡിഷ് രാ​ജാ​വാ​യ ഗു​സ്താ​വ് ര​ണ്ടാ​മ​ൻ അ​ഡോ​ൾ​ഫി​ന്‍റെ ആ​ജ്ഞ​യാ​ൽ 1626 ലാണ് വാ​സ​യു​ടെ നി​ർമാ​ണം​ആരം​ഭി​ച്ച​ത്. ഹെ​ൻ​റി​ക് ഹൈ​ബ​ർ​ട്ട്സ​ണും ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ അ​രേ​ണ്ട് ഡി​ഗ്രു​ട്ടു​മാ​യി​ട്ടാ​യി​രു​ന്നു ഗു​സ്താ​വ് രാ​ജാ​വ് ക​പ്പ​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​ർ ഒ​പ്പു​വ​ച്ച​ത്. സൈ​നി​ക​ശ​ക്തി വ​ർ​ധിപ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോടെയാ​ണ് വാ​സ​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പോ​ളിഷ് - ലി​ത്വാ​നി​യ​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ദ്ധ​ക്ക​പ്പ​ൽ നി​ർമാ​ണം അ​നി​വാ​ര്യ​മാ​യി​രു​ന്നുതാ​നും.

ആ​ദ്യം ഒ​രു ചെ​റി​യ ക​പ്പ​ലി​ന്‍റെ നി​ർ​മാ​ണ​മാ​ണ് രാ​ജാ​വ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും ക​പ്പ​ൽ നി​ർമാ​ണം പു​രോ​ഗ​മി​ക്കു​ന്തോ​റും രാ​ജാ​വി​ന്‍റെ നി​ർ​ദേശ​മ​നു​സ​രി​ച്ച് അ​ടി​ക്ക​ടി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​ക്കൊ​ണ്ടി​രു​ന്നു. തി​രു​വാ​യ്ക്ക് എ​തി​ർ​വാ​യ് ഇ​ല്ലാ​ത്ത​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ നീ​ങ്ങി. 1627 ൽ ​ഹെ​ൻ​റി​ക് ഹൈ​ബ​ർ​ട്ട്സ​ണ്‍ നി​ര്യാ​ത​നാ​യ​തി​നെത്തു​ട​ർ​ന്ന് അ​ദ്ദേ​ത്തി​ന്‍റെ ശി​ഷ്യ​നാ​യ ഹെ​യ്ൻ ജാ​തോ​ബ്സ​നെ രാ​ജാ​വ് ക​പ്പ​ലി​ന്‍റെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചു. 69 മീ​റ്റ​ർ നീ​ള​വും 50 അ​ടി ഉ​യ​ര​വും 1200 ട​ണ്‍ ഭാ​ര​വു​മു​ണ്ടാ​യി​രു​ന്ന വാ​സ പ​ണി​പ്പു​ര​യി​ലാ​ക്കിക്ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഒ​രു വ​ലി​യ യു​ദ്ധ​ക്ക​പ്പ​ലാ​യി മാ​റിക്കഴി​ഞ്ഞി​രു​ന്നു. 10 ബോ​ട്ടു​ക​ളും 64 പീ​ര​ങ്കി​ക​ളും 120 ട​ണ്‍ ഭാ​ര​വും നൂ​റു​ക​ണ​ക്കി​ന് ശി​ല്പ​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന വാ​സ ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ളു​ള്ള യു​ദ്ധ​ക്ക​പ്പ​ലാ​യി​രു​ന്നു.

സ്വീ​ഡിഷ് രാ​ജ​കു​ടും​ബ​ങ്ങ​ളു​ടെ മ​ഹ​ത്വ​ത്തെ പ്ര​കീ​ർ​ത്തി​ക്കു​ന്ന കൊ​ത്തുപ​ണി​ക​ൾകൊ​ണ്ടാ​ണ് ക​പ്പ​ലി​ലെ ത​ടി​ക​ൾ അ​ല​ങ്ക​രി​ച്ചി​രു​ന്ന​ത്. ക​പ്പ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഹൈ​ട​ക് യു​ദ്ധ​ക്കപ്പ​ൽ എ​ന്ന വി​ശേ​ഷ​ണ​മാ​ണ് വാ​സയ്​ക്ക് ല​ഭി​ച്ച​ത്.ക​ന്നി​യാ​ത്ര

1628 ഓ​ഗ​സ്റ്റ് പത്തിനാ​ണ് വാ​സ അ​തി​ന്‍റെ ആ​ദ്യ യാ​ത്ര​യ്ക്കാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ക​പ്പ​ലി​ന്‍റെ നി​ർമാ​ണ​വേ​ള​യിൽ ഗു​സ്താ​വ് ര​ണ്ടാ​മ​ൻ അ​ഡോ​ൾ​ഫ് രാ​ജാ​വ് ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ നി​ർ​ദേശ​ങ്ങ​ളം പ​രി​ഷ്കാ​ര​ങ്ങ​ളും ക​പ്പ​ലി​നെ സാ​ര​മാ​യി ബാ​ധി​ച്ചു എ​ന്ന സ​ത്യം രാ​ജ​പ്രീ​തി​ക്ക് കോ​ട്ടം വ​രു​ത്തു​മെ​ന്നു ക​രു​തി ക​പ്പ​ൽ നി​ർ​മാ​താ​ക്ക​ൾ വി​സ്മ​രി​ച്ച​ത് വാ​സ​യെ ഒ​രു ച​രി​ത്ര ദു​ര​ന്ത​മാ​ക്കി മാ​റ്റി.

ചെ​റി​യ ക​പ്പ​ൽ നി​ർ​മി​ക്കു​ക എ​ന്ന ആ​ദ്യ പ​ദ്ധ​തി​യി​ൽ മാ​റ്റം വ​രു​ത്തി വ​ലി​യ ക​പ്പ​ലാ​യ​പ്പോ​ൾ സം​ഭ​വി​ച്ച പോ​രാ​യ്മ​ക​ൾ ക​പ്പ​ലി​ന്‍റെ മേ​ൽനോ​ട്ടം വ​ഹി​ച്ചി​രു​ന്ന ക്യാ​പ്റ്റ​ൻ സോഫ്രിംഗ് ഹാൻസണെ വേ​ട്ട​യാ​ടാ​ൻ തു​ട​ങ്ങി. ക​പ്പ​ൽ പു​റ​പ്പെ​ടാ​ൻ ഏ​താ​നും നാ​ൾ ബാ​ക്കി​നി​ൽ​ക്കെ ക്യാ​പ്റ്റ​ൻ സോ​ഫ്രിം​ഗ് ഹാ​ൻ​സ​ണ്‍ വൈ​സ് അ​ഡ്മി​റ​ൽ ഫ്ളെ​മിം​ഗി​നെ താ​മ​സസ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചുവ​രു​ത്തു​ക​യും ക​പ്പ​ലി​നെ സം​ബ​ന്ധി​ച്ചു​ള്ള ത​ന്‍റെ ആ​ശ​ങ്ക​ക​ൾ പ​ങ്കു​വയ്ക്കു​ക​യും ചെ​യ്തു.

വാ​സ എ​ന്ന യു​ദ്ധ​ക്ക​പ്പ​ൽ കാ​ഴ്ചയ്​ക്ക് മ​നോ​ജ്ഞ​മാ​ണെ​ങ്കി​ലും അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണവൈ​ക​ല്യ​ങ്ങ​ളാ​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലെ​ന്നു​ള്ള ത​ന്‍റെ നി​ഷ്പ​ക്ഷ​മാ​യ അ​ഭി​പ്രാ​യം അ​ഡ്മി​റ​ലി​നോ​ട് ക്യാ​പ്റ്റ​ൻ വി​ശ​ദീ​ക​രി​ച്ചു. പി​ന്നീ​ട് അ​വ​രി​രു​വ​രും ക​പ്പ​ൽ ബ​ല​ക്ഷ​യ​മു​ള്ള​താ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്കു ക​ട​ന്നു. മു​പ്പ​തോ​ളം ആ​ളു​ക​ളെ ക​പ്പ​ലി​ന്‍റെ മുകൾത്തട്ടിൽ കു​റു​കെ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഓ​ടി​ച്ച​പ്പോ​ൾ ക​പ്പ​ൽ അ​പ​ക​ട​ക​ര​മാം​വി​ധം ച​ലി​ക്കാ​ൻ തു​ട​ങ്ങി. ആ ​ഓ​ട്ടം തു​ട​ർ​ന്നാ​ൽ വാ​സ മു​ങ്ങു​മെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി​യ ഫ്ളെ​മിം​ഗ് ഓ​ട്ടം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും പ​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ളു​ക​ൾ ഓ​ട്ടം നി​ർ​ത്തി​യ​പ്പോ​ൾ വാ​സ​യു​ടെ ച​ല​നം നി​ല​യ്ക്കു​ക​യും ക​പ്പ​ൽ സാ​ധാ​ര​ണ സ്ഥി​തി​യി​ലാ​വു​ക​യും ചെ​യ്തു.

ക​പ്പ​ലി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ആ​ധിപൂ​ണ്ട ക്യാ​പ്റ്റ​ൻ ഹാ​ൻ​സ​ണ്‍, വാ​സ​യി​ലെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തുനി​ന്ന് പി​ൻ​മാ​റാ​ൻ ശ്ര​മി​ക്കു​ക​യും അ​ഡ്മി​റ​ൽ ഫ്ളെ​മിം​ഗി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഫ്ളെ​മിം​ഗാ​ക​ട്ടെ ഗു​സ്താ​വ് രാ​ജാ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യും വാ​സ​യി​ൽനി​ന്ന് പി​ൻ​മാ​റാ​നു​ള്ള ക്യാ​പ്റ്റ​ന്‍റെ തീ​രു​മാ​ന​ത്തെ രാ​ജാ​വി​ന്‍റെ അ​നു​മ​തി​യോ​ടെ ത​ള്ളി​ക്ക​ള​യു​ക​യു​മാ​ണു​ണ്ടാ​യ​ത്. രാ​ജാ​വി​ന്‍റെ ആ​ജ്ഞ​യെ ധി​ക്ക​രി​ക്കാ​ൻ മ​ന​സു​വ​രാ​ത്ത ഹാ​ൻ​സ​ണ്‍ ക​പ്പ​ലി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച യാ​ഥാ​ർ​ഥ്യ​ത്തെ ത​ള്ളി​ക്ക​ള​യു​ക​യും വാ​സ എ​ന്ന യു​ദ്ധക്ക​പ്പ​ലി​ന്‍റെ ക്യാ​പ്റ്റ​നാ​യി തു​ട​രു​ക​യും ചെ​യ്തു.

മു​ൻ നി​ശ്ച​യപ്ര​കാ​ര​മു​ള്ള 1628 ഓ​ഗ​സ്റ്റ് പത്തിനു ക​പ്പ​ലി​ന്‍റെ ക​ന്നി​യാ​ത്ര​യു​ടെ ദി​നം ആ​ഗ​ത​മാ​യി.
മു​ങ്ങു​ന്നു വാ​സ​യു​ടെ സ​ഞ്ചാ​രം കാ​ണാ​ൻ സ്വീ​ഡീ​ഷ് ജ​ന​ത ഒ​ന്നാ​കെ തു​റ​മു​ഖ​ത്തു ത​ടി​ച്ചു​കൂ​ടി. ക​പ്പ​ൽ മു​ന്നോ​ട്ടു ച​ലി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​തു​ ക​ണ്ടുനി​ന്ന ജ​ന​ങ്ങ​ളു​ടെ ആ​മോ​ദ​ത്തി​ന് ശ​ക്തി വ​ർ​ധി​ച്ചു.

എ​ന്നാ​ൽ ആ ​സ​ന്തോ​ഷം അ​ധി​ക​നേ​രം നീ​ണ്ടു​നി​ന്നി​ല്ല. നി​ന​ച്ചി​രി​ക്കാ​ത്ത നേ​ര​ത്ത് പ്ര​തി​കൂ​ല​ങ്ങ​ൾ രൂ​പ​പ്പെ​ടാ​ൻ തു​ട​ങ്ങി. ക​പ്പ​ൽ 1300 മീ​റ്റ​ർ മാ​ത്രം പി​ന്നി​ട്ട​പ്പോ​ൾ വീ​ശി​യ​കാ​റ്റ് ക​പ്പ​ലി​നെ തു​റ​മു​ഖ​ത്തേ​ക്കുത​ന്നെ തി​രി​കെ കൊ​ണ്ടു​വ​ന്നു. ക​പ്പ​ൽ പൊ​ടു​ന്ന​നെ ചെരി​യു​ക​യും മി​നി​റ്റുക​ൾ​ക്കു​ള്ളി​ൽ വാ​സ എ​ന്ന യു​ദ്ധ​ക്ക​പ്പ​ൽ 82 മീ​റ്റ​ർ ആഴത്തിൽ വെ​ള്ള​ത്തി​ലേ​ക്ക് താ​ഴു​ക​യും ചെ​യ്തു.

ക​ന്നിയാ​ത്ര​യി​ൽ 20 മി​നി​റ്റ് മാ​ത്രം നീങ്ങിയ വാസ 30 മനുഷ്യരെ മൃ​ത്യു​വി​ന്‍റെ ലോ​ക​ത്ത് എ​ത്തി​ച്ചു. 50 പേർ മരിച്ചെന്നും ചില കണക്കുകൾ പറയുന്നു. ക​പ്പ​ൽ പു​റ​പ്പെ​ട്ട​പ്പോ​ൾ ആ​മോ​ദ​ത്തോ​ടെ ഹ​ർ​ഷാ​ര​വം മു​ഴ​ക്കി​യ​വ​ർ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ഷാ​ദചി​ത്ത​രാ​യി ആ​ർ​ത്ത​നാ​ദം മു​ഴ​ക്കി​യ​തി​ന്‍റെ സ്മ​ര​ണ​ക​ളോ​ടെ​യാ​ണ് വാ​സ മ്യൂ​സി​യം ച​രി​ത്ര​ത്തി​ന് മു​ൻ​പി​ൽ നി​ൽ​ക്കു​ന്ന​ത്.

ഉ​യ​ർ​ത്തു​ന്നു

വാ​സ എ​ന്ന യു​ദ്ധക്ക​പ്പ​ലി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഏ​റെ അ​വ​ബോ​ധ​മു​ണ്ടാ​യി​രു​ന്ന സ്വീ​ഡിഷ് ഭ​ര​ണ​കൂ​ടം ക​പ്പ​ൽ ഉ​യ​ർ​ത്താ​ൻ ശ്ര​മ​മാ​രം​ഭി​ച്ചെ​ങ്കി​ലും എ​ല്ലാം വി​ഫ​ല​മാ​യിത്തീരു​ക​യാ​ണുണ്ടാ​യ​ത്. നി​ര​ന്ത​ര​മാ​യ ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി 1660ൽ ​ഡൈ​വിം​ഗ് ബെ​ൽ ഉ​പ​യോ​ഗി​ച്ച് ക​പ്പ​ലി​ൽ​നി​ന്ന് പീ​ര​ങ്കി​ക​ൾ വേ​ർ​തി​രി​ക്കാ​ൻ സാ​ധി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​യി​രു​ന്നു.

സ്റ്റോ​ക്ക്‌ഹോം ​ഉ​ൾ​ക്ക​ട​ലി​ന്‍റെ അ​ടി​യി​ൽ 333 വ​ർ​ഷ​ത്തോ​ളം മു​ങ്ങി​ക്കിട​ന്ന വാ​സ എ​ന്ന യു​ദ്ധക്ക​പ്പ​ലി​നെ സം​ര​ക്ഷി​ക്കാ​ൻ ഭ​ര​ണ​കൂ​ടം ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​ത് ഒ​രു ജ​ന​ത​യു​ടെ ച​രി​ത്ര ആ​ദ​ര​വി​നു​ള്ള മി​ക​ച്ച തെ​ളി​വാ​ണ്. 1961ൽ ​സ​മു​ദ്ര​ത്തോ​ടു യു​ദ്ധം ചെ​യ്ത് വാ​സ​യെ ക​ര​യി​ലെ​ത്തി​ച്ച​പ്പോ​ൾ ക​പ്പ​ലി​ന്‍റെ 98% കേ​ടു​കൂ​ടാ​തെ​യി​രു​ന്ന​ത് പു​രാ​വ​സ്തു ശാ​സ്ത്ര​ജ്ഞ​രെ​പ്പോ​ലും അ​ദ്ഭുത​പ്പെ​ടു​ത്തി​യ യാ​ഥാ​ർഥ്യ​മാ​യി​രു​ന്നു.

ത​ണു​പ്പു നി​റ​ഞ്ഞ​തും ഓ​ക്സി​ജ​ൻ ഇ​ല്ലാ​ത്ത​തു​മാ​യ ബാ​ൾ​ട്ടി​ക് ക​ട​ൽ ജ​ലം മൂ​ല​മാ​യി​രു​ന്നുവ​ത്രേ വാ​സ സം​ര​ക്ഷി​ക്ക​പ്പെ​ട്ട​ത്. അതാവാം ബാ​ക്ടീ​രി​യയി​ൽനി​ന്ന് ക​പ്പ​ലി​നെ സം​ര​ക്ഷി​ച്ച​തെന്നായിരുന്നു ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ച​രി​ത്ര​മാ​വു​ക​യും ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത ഒ​രു വി​ലാ​പ നൊ​ന്പ​ര​മാ​ണ് സ്വീ​ഡിഷ് ജ​ന​ത​യ്ക്ക് ഇന്നു വാ​സ. പ്ര​തി​വ​ർ​ഷം 15 ദ​ശല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​കർ വാ​സ ​മ്യൂ​സി​യ​ത്തി​ലെ​ത്തി എ​ക്സി​ബി​ഷ​നു​ക​ൾ ക​ണ്ടു മ​ട​ങ്ങു​ന്ന​തി​ന്‍റെ​യും കാ​ര​ണം അ​തു​ത​ന്നെ​യാ​ണ്.

വാ​സ മ്യൂ​സി​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ഏ​വ​ർ​ക്കു​മാ​യി ഒ​രു ഡോ​ക്യു​മെ​ന്‍റ​റി സ​ദാ പ്ര​ദ​ർ​ശി​പ്പി​ക്കാ​റു​ണ്ട്. വാ​സ എ​ന്ന ക​പ്പ​ലി​ന്‍റെ നി​ർ​മാ​ണ​ത്തപ്പറ്റി​യും 17-ാം നൂ​റ്റാ​ണ്ടി​ലെ സ്വീ​ഡിഷ് ജ​ന​ത​യു​ടെ ജീ​വി​ത​ത്തപ്പറ്റി​യു​മെ​ല്ലാം സ​മ​ഗ്ര​മാ​യി പ്ര​തിപാ​ദിക്കു​ന്ന ഈ ​ഡോ​ക്യു​മെ​ന്‍റ​റി വാ​സ എ​ന്ന ച​രി​ത്ര വി​സ്മ​യ​ത്തെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കു​ക​ത​ന്നെ ചെ​യ്യും.

17-ാം നൂ​റ്റാ​ണ്ടി​ലെ നാ​വി​ക വാ​സ്തുവി​ദ്യാ​ച​രി​ത്ര​ത്തി​ലെ പ​രാ​ജ​യ​മാ​യി വാ​സ​യെ കാ​ണു​ന്ന വി​മ​ർ​ശ​ക​ർ ഉ​ണ്ടാ​കാ​മെ​ങ്കി​ലും നൂ​റ്റാ​ണ്ടു​ക​ളെ​പ്പോ​ലും അ​തി​ജീ​വി​ച്ച് ജ​ന​മ​ന​സി​ൽ സ്ഥാ​നംപി​ടി​ച്ച് ഒ​രു ഫീ​നി​ക്സ് പ​ക്ഷി​യെപോ​ലെ നി​ൽ​ക്കു​ന്ന വാ​സ​യെ​ന്ന പ​ഴ​യ യു​ദ്ധ​ക്ക​പ്പ​ലി​നെ സ്വീ​ഡിഷ് ജ​ന​ത ഇ​ന്ന് ഹൃ​ദ​യ​ത്തി​ലേ​റ്റി​യി​രി​ക്കു​ക​യാ​ണ്.

സ​ണ്ണി പാ​ത്തി​ക്ക​ൽ