ഉലകം ചുറ്റും ടെക് Artist
സന്ദീപ് സലിം
Sunday, May 4, 2025 1:06 AM IST
ചിത്രകലയെയും സാങ്കേതിക വിദ്യയെയും കൂട്ടിക്കലർത്തിയപ്പോൾ ഈ യുവകലാകാരൻ നടന്നുകയറിയത് ടെക് ആർട്ടിന്റെ വിസ്മയ നേട്ടങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച മികവ്. ലോകവേദികളിൽ ഇടം. ആലപ്പുഴ സ്വദേശി ഫെബിൻ റഷീദ് എന്ന ടെക് ആർട്ടിസ്റ്റിന്റെ നിറമുള്ള വിജയഗാഥ.
കാലം മാറി കഥ മാറിയെന്നു കേട്ടിട്ടുണ്ട്. എന്നാൽ, കഥ മാത്രമല്ല കലയും മാറുമെന്നു തെളിയിക്കുകയാണ് ആലപ്പുഴ വാടയ്ക്കൽ സ്വദേശി ഫെബിൻ റഷീദ്. വര തന്നെ മാറ്റിക്കൊണ്ടാണ് ഫെബിൻ ചിത്രകലയുടെ കഥ മാറ്റിയെഴുതുന്നത്. ത്രീഡി സ്കൾപ്ചർ, കംപ്യൂട്ടർ കോഡിംഗ്, എഐ ഒക്കെ സാധാരണക്കാരുടെ ജീവിതത്തെപ്പോലും തട്ടി വിളിക്കുന്പോൾ പെയിന്റും ബ്രഷുംകൊണ്ടു മാത്രം മത്സരിച്ചു നിൽക്കാനാവില്ലെന്നു ഫെബിനു തോന്നി. അതുകൊണ്ട് കാൻവാസ് ഒന്നുമാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. ചിത്രം വരയ്ക്കുന്നതിൽ ഈ പറയുന്ന സാങ്കേതിക വിദ്യകൾകൂടി ചാലിച്ചാൽ എന്താണെന്നായി പിന്നത്തെ ചിന്ത. അങ്ങനെയാണ് ഫെബിൻ പരന്പരാഗത ചിത്രരചനാ രീതികൾ ഒന്നു മാറ്റിപ്പിടിച്ചത്.
ഉള്ളിലുണ്ടായിരുന്ന കലാകാരനെ പുതിയൊരു കാൻവാസിലേക്കു തുറന്നുവിട്ടു. എൻജിനിയറായിട്ടു ജോലി തുടങ്ങിയ ഫെബിൻ വളരെപ്പെട്ടെന്നു തന്നെ ഡിസൈനർ, ചിത്രകാരൻ എന്ന നിലയിലേക്കു മാറി. ദൃശ്യങ്ങളോടും സാങ്കേതിക വിദ്യകളോടുമുള്ള ഇഷ്ടം ഇവയെ തമ്മിൽ കൂട്ടിക്കലർത്താൻ ഫെബിനെ പ്രേരിപ്പിച്ചു.
പ്രധാനമന്ത്രിയുടെ അഭിനന്ദനം
അങ്ങനെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, എആര്‍/വിആര്‍, ജെസ്ചേഴ്സ്, വോയ്സ്, ജനറേറ്റീവ് ആര്‍ട്സ്, ബ്ലോക്ക്ചെയിന്‍, ത്രീഡി സ്കള്‍പ്ചര്‍, കംപ്യൂട്ടര്‍ കോഡിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന സാങ്കേതികവിദ്യകളിലൂടെ ചിത്രങ്ങൾ സൃഷ്ടിക്കാൻ ശ്രമം തുടങ്ങി.
ടെക് ആര്‍ട്ട് മേഖല വലിയ സാധ്യതകളാണ് തനിക്കു തന്നതെന്ന് അദ്ദേഹം ആവേശത്തോടെ പറയുന്നു. "ടെക് ആര്‍ട്ട് ഇത്രയും വിപുലമായ സാധ്യതകൾ തുറക്കുമെന്നു കരുതിയതേയില്ല. ഏറ്റവും വലിയ ആവേശം എഐ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്‍സിയും ഇന്ത്യന്‍ എംബസിയും ഞാൻ നിർമിച്ച എഐ വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പാരിസിലേക്കു ക്ഷണിച്ചതാണ്.
ഉച്ചകോടിയുടെ രണ്ടാം ദിവസമാണ് അവസരം ലഭിച്ചത്. അന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രദര്‍ശനം കണ്ട് അനുമോദിച്ചു. കൂടാതെ ഫ്രഞ്ച് സര്‍ക്കാര്‍ നടത്തിയ പ്രത്യേക ചടങ്ങില്‍ ക്ഷണിതാവായിപങ്കെടുക്കാന് കഴിഞ്ഞതും ടെക് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്കു ലഭിച്ച വലിയ അംഗീകാരം.'
ലോകവേദികളിൽ
ടെക് ആര്ട്ടിന് നമ്മുടെ നാട്ടിലെക്കാള്‍ നിലവിൽ വിദേശത്താണ് സാധ്യതകളെന്നു ഫെബിന് പറയുന്നു. ഫെബിന്റെ ആര്‍ട്ട് വര്‍ക്ക് ആദ്യമായി വിദേശത്തു പ്രദര്‍ശിപ്പിച്ചത് ഫ്ളോറന്‍സ് ബിനാലെയിലായിരുന്നു. അത് ഒരു എഐ ആര്‍ട്ട് വര്‍ക്കായിരുന്നു. ഓറിയ കാത്തിയെന്നായിരുന്നു പേരിട്ടത്. ആര്‍ട്ട് വര്‍ക്ക് നിര്‍മിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു എഐ ആര്‍ട്ടിസ്റ്റായിരുന്നു ഓറിയ കാത്തി. മറ്റൊരു എന്‍ജിനിയറായിരുന്ന സ്ലീബാ പോളുമായി ചേര്‍ന്നാണ് ഈ എഐ ആര്‍ട്ടിസ്റ്റിനെ നിര്‍മിച്ചത്.
പിന്നീട് ഈ വര്‍ക്ക് മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരുന്നു. പിന്നീട് ഫെബിന്റെ സൃഷ്ടികള്‍ ആര്‍ട്ട് ദുബായ് (യുഎഇ), മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ (ദുബായ്, യുഎഇ), ഗ്രാന്‍ഡ് പലേ (പാരീസ്), ആര്‍സ് ഇലക്ട്രോണിക്ക (ഗ്ലോബല്‍ ഗാലറി), ന്യൂറിപ്സ് ക്രിയേറ്റിവിറ്റി ഗാലറി (വാന്‍കൂവര്‍, കാനഡ), ആര്‍ട്ട് ബേസലിലെ സ്കോപ്പ് ആര്‍ട്ട് ഷോ (മയാമി, യുഎസ്എ), ഏഥന്‍സ് ഡിജിറ്റല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ (എഡിഎഎഫ്, ഏഥന്‍സ്, ഗ്രീസ്), ബോസ്റ്റണ്‍ സൈബര്‍ ആര്‍ട്സ് (ബോസ്റ്റണ്‍, യുഎസ്എ), സിംഗപ്പുര്‍ ആര്‍ട്ട് വീക്ക് (സിംഗപ്പുര്‍) തുടങ്ങി നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ചു.
ഫെബിന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനം കേരളത്തില്‍ അധികമൊന്നും നടന്നിട്ടില്ല. ഒരു സോളോ എക്സിബിഷന് ആലപ്പുഴ ആര്‍ട്ട് ഗാലറിയില്‍ കഴിഞ്ഞ ഏപ്രിൽ ഏഴുമുതൽ 16 വരെ നടത്തി. മൂന്നു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടന്ന ഉട്ടോപ്യന്‍ ഡിസ്റ്റോപ്പിയ എന്ന ഡിജിറ്റല്‍ ഫെസ്റ്റിലാണ് ഫെബിന്റെ ആര്‍ട്ട് വര്‍ക്ക് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സാങ്കേതിക വിദ്യയെ മാറ്റിനിര്‍ത്തി കലകള്‍ക്ക് ഇനി നിലനിൽപ്പില്ല എന്നു തോന്നും വിധമാണ് ടെക് ആര്‍ട്ട് മേഖലയുടെ വളര്‍ച്ചയെന്ന് ഫെബിന് ചൂണ്ടിക്കാട്ടുന്നു.
നിറം മാറുന്ന അദ്ഭുതം!
ഏറ്റവും വലിയ തൃപ്തി ആലപ്പുഴ എന്നു പേരിട്ട വർക്ക് ആണെന്നു ഫെബിൻ പറയുന്നു. 160 മണിക്കൂറിലേറെ ചെലവിട്ട് കോഡിംഗിലൂടെ മാത്രം സൃഷ്ടിച്ചതാണിത്. വരയോ ഡ്രോയിംഗ് സോഫ്റ്റ്വേറുകളോ ഉപയോഗിക്കാതെ ലൈന്‍ ബൈ ലൈന്‍ കോഡ് ചെയ്തു പടം സൃഷ്ടിക്കുകയായിരുന്നു. ഇതിനു മറ്റു ചില പ്രത്യേകതകളുമുണ്ട്.
ലൊക്കേഷന്‍ അനുസരിച്ചു നമ്മള് കാണുന്ന ചിത്രത്തിന്റെ പശ്ചാത്തലം മാറും. ബീച്ച്, ലൈറ്റ്ഹൗസ്, മുല്ലയ്ക്കല്, കുട്ടനാട്, പുന്നമട ഫിനിഷിംഗ് പോയിന്റ് എന്നീ സ്ഥലങ്ങളെ ബേസ് ചെയ്താണ് ഈ വർക്ക്. ബീച്ചിൽനിന്നാണ് ഒരാൾ ഈ ചിത്രം കാണുന്നതെങ്കിൽ ഇമേജിന്റെ പശ്ചാത്തലത്തിൽ ബീച്ച് തെളിയും. കുട്ടനാട്ടിൽനിന്നു നോക്കിയാൽ കുട്ടനാടിന്റെ പ്രകൃതിഭംഗിയാവും തെളിയുക.
അതുപോലെ രാവിലെ കാണുന്ന നിറത്തിലാവില്ല ഉച്ചയ്ക്ക്. വൈകുന്നേരം കാണുന്നതാവില്ല രാത്രിയില്‍. കാലാവസ്ഥയ്ക്കനുസരിച്ചും മാറ്റം വരും. ആലപ്പുഴയില്‍ മഴ പെയ്താല്‍ ഈ ചിത്രത്തിലും മഴ പെയ്യും. ലോകത്തെ പ്രഗല്ഭ കലാകാരന്മാരില്നിന്ന് ആലപ്പുഴ എന്ന ചിത്രത്തിനു ഏറെ പ്രശംസ കിട്ടിയെന്ന് അദ്ദേഹം പറയുന്നു.
ആറു പേറ്റന്റുകൾ
ഇഷ്ടപ്പെട്ട മറ്റൊരു വര്‍ക്ക് ഡ്രീം ക്യാച്ചര്‍ എന്നതാണ്. ഇതു ത്രീഡി സ്കള്‍പ്ചര്‍ ആണ്. ഒരു വ്യക്തി ഉണര്‍വിന്റെയും ഉറക്കത്തിന്റെയും ഇടയില്‍ കാണുന്ന കാഴ്ചകളെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച ഡിജിറ്റലായി പുനഃസൃഷ്ടിച്ച് ഈ സ്കള്പ്ചറിലേക്കു ചേര്‍ക്കും. ഈ വിഷയത്തില്‍ ഐഐടി ഹൈദരാബാദില്‍ ഇദ്ദേഹം പിഎച്ച്ഡിയും ചെയ്യുന്നുണ്ട്.
റിട്ടയേര്‍ഡ് സിവില്‍ എന്‍ജിനിയറായ അബ്ദുള്‍ റഷീദിന്റെയും ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസറായിരുന്ന റംല ബീവിയുടെയും മകനായി ആലപ്പുഴയില്‍ ജനിച്ച ഫെബിന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എസ്ഡിവി സെന്‍ട്രല്‍ സ്കൂളിലും ചങ്ങനാശേരി ഗുഡ്ഷെപ്പേര്‍ഡ് സ്കൂളിലുമായാണ്. പിന്നീട് ചെങ്ങന്നൂര്‍ എൻജിനിയറിംഗ് കോളില്‍ പഠനം. തുടര്‍ന്ന് ഡിസൈനില്‍ ഐഐടി ഹൈദരാബാദില്‍നിന്നു മാസ്റ്റര്‍ ഡിഗ്രി. ദുബായിയില്‍ പ്രോജക്ട് മാനേജറായി ജോലി ചെയ്യുന്ന ആഷ്ന സാഹിറാണ് ഭാര്യ.
നിലവില്‍ ടെക് ആര്‍ട്ടില്‍ ആറു പേറ്റന്റുകള്‍ ഫെബിനുണ്ട്. കൂടാതെ ഫോര്‍ബ്സ്, പോപ്പുലര്‍ സയന്‍സ്, എന്‍ബിസി, ഫാസ്റ്റ് കമ്പനി തുടങ്ങി ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഫോട്ടോ: പി. മോഹനൻ