കുട്ടിക്കുതിപ്പിന്റെ കളിക്കളം
ഗെയ്ഗി ഗംഗാധരൻ
Sunday, May 18, 2025 12:47 AM IST
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂടാരം കയറ്റിയേക്കാം എന്ന ആത്മവിശ്വാസത്തിലാണ് ശാർദൂൽ ഠാക്കൂർ പന്തെറിഞ്ഞത്. എന്നാൽ, പയ്യന്റെ പതർച്ച പ്രതീക്ഷിച്ച ബൗളർക്ക് മനക്കരുത്തിന്റെ മുരൾച്ചയാണ് കേൾക്കാനായത്.
കണ്ണടച്ചു തുറക്കുംമുന്പേ എക്സ്ട്രാ കവറിനു മുകളിലൂടെ സിക്സർ! നേരിടുന്ന ആദ്യ ബോൾ എന്ന ബഹുമാനമൊന്നും 14 വയസും 23 ദിവസം മാത്രം പ്രായമുള്ള ആ കൗമാരക്കാരൻ നൽകിയതേയില്ല. സഭാകന്പമോ പരിഭ്രമമോ ഇല്ലാതെ ബോളർമാരെ നേരിടുന്ന പയ്യനെ കണ്ട് എതിരാളികൾ അന്പരന്നു. ഒരു ചാന്പ്യന്റെ ശരീരഭാഷ.
ആദ്യമത്സരത്തിൽ 34 റൺസുമായി പുറത്തായപ്പോൾ ആ കണ്ണുകളിൽനിന്ന് രണ്ടു തുള്ളികൾ അടർന്നു ഗ്രൗണ്ടിലേക്കു വീണു. അതു നിരാശയുടെ തുള്ളികളാണെന്നു പലരും കരുതി. എന്നാൽ, റൺ ഒഴുക്കിനു ചാലു വെട്ടുകയായിരുന്നെന്ന് അറിയാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല... ഇതു വൈഭവ് സൂര്യവംശി... ഈ ഐപിഎല്ലിന്റെ സെൻസേഷനായി മാറിയ രണ്ടു കൗമാരക്കാരിൽ ഒരാൾ. 2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വൈഭവം.
രണ്ടാമൻ ആയുഷ് മാത്രേ. മധുരപ്പതിനേഴിന്റെ മധുരം റൺമഴയായി പെയ്യിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇളമുറത്തന്പുരാൻ. വിരാട് കോഹ്ലിയും രോഹിത് ശർമയും അരങ്ങൊഴിയുന്പോൾ പ്രതിഭാദാരിദ്ര്യമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നണിപ്പോരാളികളാകാൻ ഒരുങ്ങുന്നവർ.
ഒരു പൊട്ടിത്തെറി
കളിക്കളത്തിലേക്കു കാലെടുത്തുവച്ചപ്പൊഴേ റിക്കാർഡിട്ട് വൈഭവിന്റെ തുടക്കം. രാജസ്ഥാൻ റോയൽസിനുവേണ്ടി അരങ്ങേറിയപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലും 19ൽ താഴെയുള്ളവരുടെ ഇന്ത്യൻ ടീമിലും ഒക്കെയുള്ള വൈഭവിന്റെ മികവിൽ സംതൃപ്തരായ രാജസ്ഥാൻ റോയൽസിന്റെ സ്കൗട്ടിംഗ് ടീമാണ് താരലേലത്തിൽ കൊച്ചുപയ്യനെ വല വീശിപ്പിടിച്ചത്. ഒരു കോടി പത്തുലക്ഷം രൂപ വില!
പതിമൂന്നാം വയസിൽ ഇന്ത്യ അണ്ടർ 19 ടീമിനു വേണ്ടി ഓസ്ട്രേലിയയ്ക്കെതിരെ 58 പന്തിൽ സെഞ്ചുറി. പിന്നീട് ഫസ്റ്റ് ക്ലാസ് മത്സരത്തിൽ ബിഹാറിനു വേണ്ടി കളി. ഐപിഎല്ലിൽ ചങ്കുറപ്പിന്റെ തുടക്കം. ആദ്യ മത്സരത്തിൽ കണ്ണീരണിഞ്ഞാണ് വൈഭവ് കൂടാരം കയറിയതെങ്കിൽ രണ്ടാം മത്സരത്തിൽ പന്തെറിയാൻ എത്തിയവരെല്ലാമാണ് കണ്ണീരണിഞ്ഞത്.
ഇന്ത്യയുടെ ഓപ്പണിംഗ് ബൗളർമാരായിരുന്ന മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവർ ആ ദിനം പെട്ടെന്നൊന്നും മറക്കില്ല. നിഷ്ഠുരമായ ആക്രമണം. അഫ്ഗാൻകാരൻ കരിം ജനറ്റിന്റെ ഒരോവറിൽ 30 റൺസാണ് പയ്യൻ വാരിക്കൂട്ടിയത്. തലങ്ങും വിലങ്ങും പതിനൊന്ന് സിക്സറുകളും ഏഴ് ബൗണ്ടറികളും. സവായ് മാൻസിംഗ് സ്റ്റേഡിയം ആദ്യം സ്തംഭിച്ചു. പിന്നെ പൊട്ടിത്തെറിച്ചു. 35 പന്തിൽ സെഞ്ചുറി!
അസാധാരണം
ഗുജറാത്ത് വീരൻമാർക്ക് മഹാഭാരതയുദ്ധത്തിൽ അഭിമന്യു വീണ ആശ്വാസമായിരുന്നു പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ വൈഭവ് പുറത്താകുമ്പോൾ. ഏറ്റവും വേഗമേറിയ ഐപിഎൽ സെഞ്ചുറിയിൽ ക്രിസ് ഗെയിലിനു തൊട്ടുപിന്നിൽ ഇടം. ഐപിഎല്ലിൽ സെഞ്ചുറി അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന, പെട്ടെന്നൊന്നും തകർക്കാനാവാത്ത റിക്കാർഡും.
നിർഭയത്വവും ഏകാഗ്രതയും വൈഭവിന്റെ കരുത്ത്. സാങ്കേതികത്വത്തിലേക്കു വന്നാൽ മറ്റാർക്കുമില്ലാത്ത തരത്തിലുള്ള ബാക്ക് ലിഫ്റ്റ് ഷോട്ടുകൾ. ബ്രയൻ ലാറ, വിനോദ് കാംബ്ലി എന്നിവരെപ്പോലെ അസാധാരണ ബാക്ക്ലിഫ്റ്റ്. സാധാരണയിൽ കൂടുതൽ പവറുള്ള ബാക്ക് ലിഫ്റ്റുകൾ. എന്നാൽ, കളിച്ചുതുടങ്ങുന്നവർക്കു പരിശീലകർ അത്തരം ബാക്ക് ലിഫ്റ്റ് ഉപദേശിക്കാറില്ല. കാരണം അതിവേഗത്തിലുള്ള ഡൗൺ സ്വിംഗ് കൂടിയില്ലെങ്കിൽ പണി പാളും. അമ്പേ പരാജയപ്പെടാനുള്ള സാധ്യത.
സെഞ്ചുറി വരവ്
ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയിറങ്ങിയ ആയുഷ് മാത്രെയാകട്ടെ 2024- 25 സീസണിൽ രഞ്ജിട്രോഫിയിൽ മുംബൈയ്ക്കു വേണ്ടി മഹാരാഷ്ട്രയ്ക്കെതിരേ സെഞ്ചുറി അടിച്ചാണ് വരവറിയിച്ചത്. ആദ്യത്തെ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയിൽ 171 റൺസ്!
ഐപിഎൽ മെഗാ ലേലത്തിൽ ശ്രദ്ധിക്കപ്പെടാതെപോയ ആയുഷിനെ പരിക്കേറ്റ റിതുരാജ് ഗെയ്ക്വാദിനു പകരക്കാരനായി കൊണ്ടുവരുന്നത് കേവലം മുപ്പതു ലക്ഷം രൂപയ്ക്ക്. എന്നാൽ, ആദ്യം കിട്ടിയ അവസരത്തിൽത്തന്നെ മുംബെ ഇന്ത്യൻസിനെതിരെ 15 പന്തിൽ 32 റൺസെടുത്ത് ശ്രദ്ധാകേന്ദ്രം. തുടർന്ന് സൺ റൈസേഴ്സിനെതിരെ 19 പന്തിൽ 30 റൺസ്.
പഞ്ചാബിനെതിരെ തിളങ്ങാനായില്ലെങ്കിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ചവിട്ടിമെതിച്ചു. ഓപ്പണറായി ഇറങ്ങിയ ആയുഷ് മാത്രെ, 48 പന്തിൽ 94 റൺസെടുത്തു പുറത്താകുമ്പോൾ, എല്ലാ ഫോർമാറ്റിലേക്കും യോജിക്കുന്ന കളിക്കാരൻ എന്ന ലേബലാണ് പതിഞ്ഞത്.
പക്വത, കൃത്യത
വൈഭവിനെ അപേക്ഷിച്ച്, ഷോട്ടുകളുടെ തെരഞ്ഞെടുപ്പിൽ കുറെക്കൂടി പക്വതയും ആയുഷിനുണ്ട്. റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരത്തിൽ ഭുവനേഷ് കുമാറിനെ നേരിട്ട രീതി നോക്കുക. പന്തിന്റെ ഗതിക്കനുസരിച്ച്, കൃത്യതയോടെ ഫീൽഡിലെ വിടവുകൾ കണ്ടെത്തി ബൗണ്ടറി പായിക്കുന്നതിൽ പരിചയസന്പന്നന്റെ പാടവം. പോയിന്റിനും ഗള്ളിക്കും ഇടയിൽ വിടവു കണ്ടെത്തി കടത്തിവിടുന്ന ഷോട്ടുകളിൽ ക്രിയാത്മകമായ ഒരു ശൈലിയുടെ തിളക്കം.
പതിനഞ്ചാം ഓവറിലെ അവസാന പന്ത് എക്സ്ട്രാ കവറിലൂടെ ഫ്ലാറ്റായി സിക്സ് അടിക്കുന്നത് കണ്ടതിന്റെ അന്പരപ്പ് പെട്ടെന്നൊന്നും മാറില്ല. സിക്സറിനോട് അമിതാസക്തി കാണാതിരുന്നപ്പോൾ ഓർമ വന്നത് കോഹ്ലിയുടെ ബാറ്റിംഗാണ്. ഏതൊരു സാഹചര്യത്തിലും വിട്ടുവീഴ്ചയില്ലാതെ ക്രിക്കറ്റിംഗ് ഷോട്ടുകളിലൂടെയാണ് കോഹ്ലിയുടെ റൺയാത്ര. ആയുഷ് മാത്രെയിലും അത്തരമൊരു ക്ലാസ് മിന്നുന്നുണ്ട്.
രണ്ടു ശൈലിക്കാരായതിനാൽ വൈഭവിനെയും ആയുഷിനെയും താരതമ്യം ചെയ്യുന്നത് അനുചിതമാകും. മൂന്നു വർഷത്തെ പരിശീലനക്കൂടുതൽ ആയുഷിൽ കുറച്ചുകൂടി പക്വത വരുത്തി. ധോണി ആയുഷിനെ ഉപദേശിച്ചത് ഒരിക്കലും വൈഭവിനെ അനുകരിക്കാൻ നോക്കരുതെന്നാണ്. ഇരുവരുടെയും ശൈലി ധോണി സൂക്ഷ്മമായി നിരീക്ഷിച്ചെന്നു വ്യക്തം.
രാഹുൽ ദ്രാവിഡ് വൈഭവിനെക്കുറിച്ച് പറഞ്ഞത്, ആ കുട്ടിയെ കൂടുതൽ നിയന്ത്രിക്കാതെ സ്വതസിദ്ധമായ രീതിയിൽ കളിക്കാൻ അനുവദിക്കുക എന്നാണ്. ചേർത്തുപിടിക്കാൻ ധോണി, ദ്രാവിഡ് തുടങ്ങിയവരുണ്ടാകുന്പോൾ ഈ കുട്ടികൾ കുതിക്കുക തന്നെ ചെയ്യും.
ബാറ്റിംഗിലെ മിന്നും വേഗം
പ്രായത്തിൽ കവിഞ്ഞ പ്രകടനം ഇതാദ്യമല്ല. ക്രിക്കറ്റിൽതന്നെ സച്ചിനും കാംബ്ലിയും കോഹ്ലിയും ലാറയും ഉദാഹരണം. സ്വതസിദ്ധമെന്നു വിളിക്കുന്ന ജൈവഘടകങ്ങൾ ഒരു ബൗളറേക്കാൾ കൂടുതൽ വേണ്ടത് ബാറ്റർക്കാണ്. പ്രതിഭാസമായി അവതരിക്കുന്ന ചില കളിക്കാരിൽ പ്രകടമായ ചില ന്യൂറോപതിക് സാധ്യത ഉണ്ടെന്നു പഠനങ്ങൾ പറയുന്നു. ഏറ്റവും പ്രധാനം ശരീരത്തിലെ ന്യൂറോൺ വിന്യാസത്തിലെ ചില പ്രത്യേകതകളാണെന്ന് ആധുനിക ശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.
ഒരു ബാറ്ററെക്കുറിച്ചു മാത്രമായി പറയുമ്പോൾ എടുത്തു പറയേണ്ട കാര്യം ഒരു ഷോട്ട് കളിക്കാനെടുക്കുന്ന സമയമാണ്. മണിക്കൂറിൽ 140 കിലോമീറ്റർ ശരാശരി വേഗത്തിൽ വരുന്ന ഒരു പന്ത് കളിക്കാൻ ഒരു ബാറ്റർക്കു കിട്ടുക ഏകദേശം 0.5 സെക്കൻഡ് മാത്രം. അതായത് ഒരു സെക്കൻഡിൽ 40 മീറ്റർ! ക്രീസിന്റെ നീളവും ബാറ്ററുടെ സ്ഥാനവും ഒക്കെ കിഴിച്ചാൽ 20 മീറ്റർ ആണ് ബാറ്റിലെത്താൻ പന്ത് സഞ്ചരിക്കുന്നത്.
ബൗളറുടെ കൈയിൽനിന്നു വിടുന്ന വേളയിൽത്തന്നെ പന്തിന്റെ വേഗം, ദിശ, സ്ഥാനം എന്നിവ കണക്കുകൂട്ടാൻ കഴിയണം. സെക്കൻഡിൽ 30 മുതൽ 60 വരെ ഫ്രെയിമുകളായാണ് ദൃശ്യങ്ങൾ കണ്ണിൽ പതിക്കുന്നത്. എല്ലാ ക്രിയകൾക്കുമായി കിട്ടുന്നത് ഒരു സെക്കൻഡിന്റെ പകുതി മാത്രമാണെന്നു മനസിലാക്കിയാൽ ബാറ്റിംഗിനു വേണ്ട ഏകാഗ്രതയുടെ ആഴമറിയാം.
കാഴ്ചയുടെ സെൻസറി ന്യൂറോണുകളും തലച്ചോറും തമ്മിലുള്ള ഏകോപനമാണ് നിർണായകം. ചിലർക്കു ജന്മസിദ്ധമായി കിട്ടുന്ന കഴിവിൽ ഈ സിഗ്നലുകളുടെ പ്രയാണത്തിനെടുക്കുന്ന സമയം വളരെ കുറവായിരിക്കും.
പ്രതിഭകൾ രണ്ടുതരം. ജന്മസിദ്ധ ജനിതകഘടനയുള്ളവർ. നിരന്തര പരിശീലനത്തിലൂടെ സ്വായത്തമാക്കിയ കഴിവുള്ളവർ. രണ്ടിനും നേട്ടവും കോട്ടവും ഉണ്ട്. ജന്മസിദ്ധ ജനിതകഘടനയുള്ളവർ ചെറുപ്രായത്തിൽത്തന്നെ കുതിക്കും. ജന്മസിദ്ധമായ കഴിവുള്ളയാൾക്കു പരിശീലനംകൂടി ചേരുന്പോൾ അമാനുഷിക പ്രതിഭകളാകും. സച്ചിൻ ടെണ്ടുൽക്കർ, ബ്രയൻ ലാറ, മാറഡോണ, മെസി...
ഇത്തവണ ഐപിഎല്ലിൽ വേറെയും യുവപ്രതിഭകളെ കണ്ടു. കേരളത്തിൽനിന്നുള്ള 24കാരൻ വിഗ്നേഷ് പുതൂർ. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി മൂന്നു വിക്കറ്റെടുത്തു ഈ ഇടം കൈയൻ ലെഗ് സ്പിന്നർ (ചൈനാമാൻ). കൂടാതെ പ്രിയാൻഷ് ആര്യ, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, അങ്ക്രിഷ് രഘുവംശി എന്നിങ്ങനെ 25 വയസിൽ താഴെയുള്ള ഒരു ഡസനിലധികം പേർ. കളിക്കാരെ വിരമിക്കുന്നുള്ളൂ, പ്രതിഭ തുടരും.