ദേവഗിരിയിലെ ഇലാൻസ സ്പർശം
Saturday, May 24, 2025 11:46 PM IST
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പലരും മോഹിക്കുന്ന ഇടം. ഈ വിസ്മയം ഇങ്ങനെ അണിയിച്ചൊരുക്കിയതിനു പിന്നിൽ ഒരു കുടുംബമുണ്ട്. ഒരു ആർക്കിടെക്ട് കുടുംബം
ലൈബ്രറി എന്നു കേൾക്കുന്പോൾ എന്താണ് നിങ്ങളുടെ മനസിൽ? പഴഞ്ചൻ കസേരയിൽ ചാഞ്ഞും ചെരിഞ്ഞും കാൽ മരച്ചും നടുകഴച്ചുമൊക്കെ കഷ്ടപ്പെട്ടിരുന്നു വായിക്കുന്ന ഇടം... അല്ലെങ്കിൽ കൈയിലെ ടൗവ്വൽ കൊണ്ട് മുഖം പൊത്തി തൊട്ടാൽ പൊടിപറക്കുന്ന ബുക്ക് ഷെൽഫുകളിലുള്ള തെരച്ചിൽ...
കാറ്റും വെളിച്ചവും കടക്കാത്ത ഇടുക്കുമുറികൾ... എന്നാൽ, എല്ലാം മറന്നേക്കൂ... ദേവഗിരി സെന്റ് ജോസഫ് കോളജിലെ ലൈബ്രറി ഒരു സ്വപ്നലോകമാണ്. ആധുനിക സൗകര്യങ്ങളുള്ള ഒരു മാളിലോ ഫൈവ് സ്റ്റാർ ഹോട്ടൽ ലോഞ്ചിലോ ചെന്നതുപോലെയുള്ള ഒരു വേറിട്ട അനുഭവം.
മാനേജ്മെന്റിന്റെയും ലൈബ്രറി കൺസൾട്ടന്റ് ആയ റവ.ഡോ.ജോൺ നീലങ്കാവിലിന്റെയും മനസറിഞ്ഞ് ഈ ലൈബ്രറിക്കു രൂപവും ഭാവവും പകർന്നതിനു പിന്നിൽ ഒരു കുടുംബമുണ്ട്. ലോകപൈതൃകപദവിയുള്ള കോഴിക്കോടിന് തിലകക്കുറിയായി ഈ ലൈബ്രറിയെ പണിതൊരുക്കിയ കോഴിക്കോട് ചെലവൂരിലെ ഒരു ആർക്കിടെക്ട് കുടുംബം.
വിസ്മയം ഒരുക്കുന്നവർ
ചെലവൂര്‍ ഇലാന്‍ റെസിഡന്‍സിയിലെ തടത്തില്‍ ടി.ഡി. ഫ്രാന്‍സിസ്, ഭാര്യ ജയ്സി ഫ്രാന്‍സിസ്, മകന് കരണ്‍ ജെ. ഫ്രാങ്ക് എന്നിവരുടെ കരവിരുതും അധ്വാനവും രൂപകല്പനാ വൈഭവവും ഒത്തുചേർന്നപ്പോൾ ദേവഗിരി ലൈബ്രറി ഒരു വിസ്മയമായി മാറുകയായിരുന്നു.
പുതുതലമുറയുടെ ഇഷ്ടങ്ങളോട് ഓരോ ഇഞ്ചും ചേർത്തൊരുക്കിയ ഒരു ന്യൂജെൻ ലൈബ്രറി. വീട്, വിവിധ സ്ഥാപനങ്ങൾ ഇതൊക്കെ രൂപകല്പന ചെയ്തു നിർമിച്ച് നേരത്തേതന്നെ ശ്രദ്ധ നേടിയവരാണ് ഇലാൻസ ഡിസൈൻ സ്റ്റുഡിയോ.
എന്നാൽ, ദേവഗിരി കോളജിലെ ലൈബ്രറി ഈ ആർക്കിടെക്ട് കുടുംബത്തിന്റെ പേരും പെരുമയും കടൽ കടത്തിയിരിക്കുന്നു. മാധ്യമങ്ങളിലൂടെ ലൈബ്രറിയുടെ ദൃശ്യങ്ങൾ കണ്ടവരെല്ലാം അതിന്റെ ആർക്കിടെക്ചറൽ മികവിനെ ആവോളം പുകഴ്ത്തുന്നു. എന്നെങ്കിലും അവിടമൊന്നു സന്ദർശിക്കണമെന്ന് ആഗ്രഹം പറയുന്നു.
സിനിമാറ്റിക് ലൈബ്രറി
വായനയുടെ ഒരു സിനിമാറ്റിക് അനുഭവമാണ് ഈ ലൈബ്രറി സമ്മാനിക്കുന്നത്. ഒാരോരുത്തരുടെയും മൂഡ് അനുസരിച്ച് പുസ്തകവുമായി ഇരിക്കാനുള്ള ഇടം തെരഞ്ഞെടുക്കാം. ഒന്നിച്ചിരുന്നും ഒറ്റയ്ക്കിരുന്നും വായിക്കാം.
വേറിട്ട വായനാനുഭവം സ്വന്തമാക്കാൻ ഡിസൈൻ ചെയ്തിരിക്കുന്ന ക്യുബിക്കിളുകൾ ഇന്നു വിദ്യാർഥികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. കഫ്റ്റീരിയ മോഡലിൽ ഒറ്റമുറി വായനാമൂലകളുണ്ടിവിടെ.
ആരുടെയും ശല്യമില്ലാതെ ഇരുന്നു വായിക്കാം. കൂട്ടംകൂടിയിരുന്നു വായിക്കണോ... അതിനും സൗകര്യം. ഗവേഷകർക്കുള്ള ക്യുബിക്കിൾ കുറെക്കൂടി സ്വകാര്യത നൽകും.
ലാപ്ടോപ്, ബുക്കുകൾ, രേഖകൾ തുടങ്ങിയവ സ്വന്തമായി സൂക്ഷിക്കാൻ ക്യുബിക്കിൾസിൽ ഇടമുണ്ട്. അവിടെ മറ്റാർക്കും പ്രവേശനമില്ല. താക്കോല്‍ പഠന കാലയളവില്‍ ഗവേഷകര്‍ക്കു സ്വന്തമായി സൂക്ഷിക്കാം.
ഫിംഗർ പ്രിന്റ് പഞ്ചിംഗ് വഴിയാണ് ക്യുബിക്കിളുകളിലേക്കു പ്രവേശനം. ലൈബ്രറിയിലെ കാഴ്ചകളൊക്കെ കണ്ട് ഗാലറിയിരുന്നു വായിക്കുന്ന അനുഭവം ഒന്നാലോചിച്ചു നോക്കിക്കേ.
നാലു നിലകളിലായി എയർ കണ്ടീഷൻ ചെയ്ത ലൈബ്രറിയുടെ മുക്കിനും മൂലയിലും ഭിന്നശേഷിക്കാർക്കു വരെ അനായാസം എത്താനുള്ള സൗകര്യങ്ങളുമുണ്ട്.
ന്യൂജെൻ ലുക്ക്
42,000 ചതുരശ്രയടിയിൽ വിശാലമായി കിടക്കുന്ന ലൈബ്രറിയുടെ ആംബിയൻസ് യുവതലമുറയ്ക്കു ഹരമായില്ലെങ്കിലേ അതിശയമുള്ളൂ. ഗ്ലാസ് വാട്ടര്‍ഫാള്‍, ഷെയ്ഡുകളില്ലാത്ത സ്വാഭാവിക വെളിച്ച വിതാനം, ഓട്ടോമാറ്റിക് ഗ്ലാസ് വാതിലുകള്‍, ഗ്ലാസ് ലിഫ്റ്റുകള്‍, ഗാന്ധിസ്ക്വയര്‍, ചാവറ സ്ക്വയര്‍, ഇന്‍കുബേഷന്‍ കോര്‍ണര്‍, ബുക്ക് ടവര്‍...
എണ്ണിയാല്‍ തീരാത്ത കൗതുകങ്ങളും സൗകര്യങ്ങളുമാണ് ഈ ലൈബ്രറിയിൽ ഒരുക്കപ്പെട്ടിരിക്കുന്നത്. ലൈബ്രറിയിലെ ഓരോ സീറ്റിലും ചാര്‍ജിംഗ് സോക്കറ്റുകളുണ്ട്. എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യതയും.
ഗാര്ഡന് ലൈബ്രറിയില്‍ കാട്ടുചെടികളുടെ സജ്ജീകരണം ആരുടെയും ശ്രദ്ധയാകർഷിക്കും. കനത്ത ചൂടിനെ തടയാൻ മേല്‍ക്കൂരയില്‍നിന്നു പനങ്കുലപോലെ തൂങ്ങിക്കിടക്കുന്ന കാട്ടുചെടികളേക്കാള് മറ്റെന്തു പ്രകൃതിദത്ത സാധ്യതയാണുള്ളതെന്നു ചോദിക്കുന്നു സസ്യശാസ്ത്ര ബിരുദധാരികൂടിയായ ജയ്സി.
വായനയെ ഒരു ലഹരിയാക്കാവുന്ന വിധമാണ് ഇലാൻസ ഒരോ ഇടവും ക്രമീകരിച്ചത്. ദേവഗിരിയിലെ ലൈബ്രറി ഒരുക്കുന്നതിൽ ഫ്രാൻസിസിന് മറ്റൊരു ഇഷ്ടം കൂടിയുണ്ടായിരുന്നു.
അദ്ദേഹം അവിടത്തെ പൂർവവിദ്യാർഥി കൂടിയാണ്. ഇടുങ്ങിയ മുറികളും വെളിച്ചംകയറാ മൂലകളും പൊളിച്ചെഴുതണമെന്നു പണ്ടേ തോന്നിയിരുന്നുവെന്ന് ഫ്രാന്‍സിസ് പറയുന്നു.
ദേശീയ പുസ്കാര നിറവിൽ
ഒറ്റ വർഷംകൊണ്ട് ദേവഗിരി കോളജ് ലൈബ്രറി നവീകരണം പൂര്‍ത്തിയാക്കിയ ഇലാന്സ ഡിസൈന്‍ സ്റ്റുഡിയോയെ ദേശീയതല പുരസ്കാരത്തിന് അര്‍ഹമാക്കിയത് ദേവഗിരി ലൈബ്രറിയുടെ സ്റ്റീല്‍ സ്ട്രക്ചറുകളുപയോഗിച്ചുള്ള നിര്‍മാണ രൂപകല്പന വിദ്യയാണ്.
മിനിസ്ട്രി ഓഫ് സ്റ്റീല്‍ പ്രമോഷന്റെ 2024ലെ എസ്എസ്എംബി പുരസ്കാരം ഇലാന്സയ്ക്കായിരുന്നു. കല്ല്, മണൽ, സിമന്റ് എന്നിവയ്ക്കു പകരം സ്റ്റീലിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിയതിനു പല വമ്പന്മാരെയും പിന്തള്ളിയാണ് ഇലാന്സ പുരസ്കാര ജേതാക്കളായത്.
ഇലാന്സയുടെ സ്റ്റീല്‍ മോഡല്‍ നിര്‍മാണ രൂപകല്പനയെ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതകൾ കേന്ദ്രമന്ത്രാലയം ആരാഞ്ഞിട്ടുണ്ട്.
കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും റിസോര്‍ട്ടുകളുടെയും വാസ്തുശില്പ രൂപകല്പന നിര്‍വഹിച്ചിട്ടുള്ള തടത്തില്‍ ഫ്രാന്‍സിസും കുടുംബവും ദൈവനിയോഗം പോലെ കരുതുന്ന പാഷനാണ് വാസ്തുശില്പ രൂപകല്പന.
മകന് കരണ്‍ ആര്‍ക്കിടെക്ചര്‍ കോഴ്സ് പൂര്‍ത്തിയാക്കി മാതാപിതാക്കളോടൊപ്പം സജീവമാണ്. മകള്‍ മിലന് ജെ. ഫ്രാങ്കും മറ്റൊരു ജീവിതവഴിയേക്കുറിച്ച് ചിന്തിച്ചിട്ടില്ല.
ആര്‍ക്കിടെക്ട് കോഴ്സ് പൂര്‍ത്തിയാക്കി മിലനുംകൂടി എത്തുന്നതോടെ ഈ കുടുംബത്തിൽനിന്ന് ഇനിയും ഏറെ വിസ്മയങ്ങൾ പ്രതീക്ഷിക്കാം.
ബിനു ജോര്‍ജ്