"നാടകമാക്കാൻ എളുപ്പമല്ലാത്ത നോവൽ'
സി.എൽ. ജോസ് തൃശൂർ.
Sunday, September 21, 2025 6:10 AM IST
ഡാഫ്നെ ദു മോറിയർ എന്ന ഇംഗ്ലീഷ് എഴുത്തുകാരി രചിച്ച് 1938ൽ ആദ്യ പതിപ്പായി പുറത്തിറക്കിയറെബേക്ക എന്ന നോവലിന്റെ സ്വതന്ത്ര പരിഭാഷ ഈ ലക്കം മുതൽ സണ്ഡേ ദീപിക പ്രസിദ്ധീകരിക്കുന്നു. നോവലിന്റെ പരിഭാഷ നിർവഹിച്ചത് പ്രശസ്ത നാടകകൃത്ത് സി.എൽ. ജോസ് ആണ്. നവതി പിന്നിട്ട വേളയിലാണ് അദ്ദേഹം ഈ ശ്രമകരമായ ജോലി പൂർത്തീകരിച്ചത്. ആ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു...
ഏതാണ്ട് അറുപതു വർഷം മുന്പ് കൗമുദി വാരികയുടെ പത്രാധിപർ കെ. ബാലകൃഷ്ണനെ തൃശൂരിൽവച്ച് കാണാനിടയായി. പലതും സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം അടുത്തകാലത്തു വായിച്ചതും നാടകീയത നിറഞ്ഞതുമായ ഒരു നോവലിനെക്കുറിച്ചു പറഞ്ഞു: ""ശക്തവും സംഘർഷാത്മകവുമായ ഒരുപാടു രംഗങ്ങളുണ്ടിതിൽ. ജോസിന് നല്ലൊരു നാടകത്തിനു വകയുണ്ട്. ശ്രമിച്ചുനോക്കൂ''. ഡാഫ്നെ ദു മോറിയറിന്റെ റെബേക്ക ആയിരുന്നു ആ നോവൽ.
മാസങ്ങൾക്കുശേഷം, "ഭൂമിയിലെ മാലാഖ' എന്ന എന്റെ നാടകം ചലച്ചിത്രമാക്കിയപ്പോൾ അതിന്റെ ഷൂട്ടിംഗ് കാണാനായി ഞാൻ മദ്രാസിൽ പോയി. പ്രേം നസീർ, തിക്കുറിശി, മുത്തയ്യ, അടൂർ ഭാസി, സുകുമാരി തുടങ്ങിയവരാണ് അഭിനേതാക്കൾ. ഷൂട്ടിംഗ് പുരോഗമിക്കവേ ഒരുദിവസം അവിടത്തെ മൂർ മാർക്കറ്റ് സന്ദർശിച്ചു. പഴയ പുസ്തകങ്ങളുടെ വന്പിച്ച ശേഖരമുള്ള പല കടകളും കണ്ടു.
ഞാൻ നോക്കിയ കൂട്ടത്തിൽ അതാ ഇരിക്കുന്നു പത്രാധിപർ ബാലകൃഷ്ണൻ പറഞ്ഞ നോവൽ. രണ്ടു രൂപ കൊടുത്ത് ഉടനെ അതു വാങ്ങി.
നാട്ടിൽ തിരിച്ചെത്തിയശേഷമാണ് പുസ്തകം വായിക്കാനെടുത്തത്. നാനൂറോളം പേജുകളുണ്ട്. നല്ല പിരിമുറുക്കമുള്ള, ഉദ്വേഗഭരിതമായ കഥാതന്തു. വായന തീർന്നതോടെ ഒരുകാര്യം ഉറപ്പായി- ഇതു നാടകമാക്കാൻ എളുപ്പമല്ല. സമയവും സൗകര്യവും ഒത്തുവരുന്പോൾ മലയാളത്തിൽ ഇതിന്റെ സ്വതന്ത്ര പരിഭാഷ ഇറക്കാമെന്നു തീരുമാനിച്ചു.
പിന്നീട് ഒരുപാടു വർഷങ്ങൾക്കു ശേഷമാണ് പുസ്തകം വീണ്ടുമെടുത്തു വായിച്ചത്. പിന്നെ ആസ്വദിച്ച് ഒന്നുകൂടി വായിച്ചു. എന്നിട്ടാണ് എഴുത്തു തുടങ്ങിയത്. കഥയുടെ ഒഴുക്കിനോ കെട്ടുറപ്പിനോ ഭംഗംവരാതെ വേണ്ടുവോളം സമയമെടുത്ത് നോവലിനെ ഒന്ന് ഒതുക്കിയെടുത്തു. വിരസമെന്നു തോന്നിയ ഭാഗങ്ങൾ ഒഴിവാക്കി. പരത്തിപ്പറഞ്ഞിട്ടുള്ളതു കുറേ വെട്ടിച്ചുരുക്കി.
ഇങ്ങനെയുള്ള ഒരു "ശസ്ത്രക്രിയ'യ്ക്കു ശേഷമാണ് പുതുക്കിപ്പണിത ഈ പരിഭാഷ പുറത്തിറക്കുന്നത്. തൊണ്ണൂറാം വയസിൽ നിർവഹിച്ച ഈ പരിഭാഷ, ഇത്തരത്തിലുള്ള എന്റെ ആദ്യ സംരംഭം വിജയമോ പരാജയമോ എന്നു വിധിയെഴുതേണ്ടത് സഹൃദയരായ മാന്യവായനക്കാരാണ്. നിങ്ങളുടെ മുന്നിൽ ഇതു വിനയപൂർവം സമർപ്പിക്കുന്നു.