ആരോ​രു​മി​ല്ലാ​ത്ത​വ​രു​ടെ വി​ലാ​പം
പ​ര​മ​ദ​യ​നീ​യം എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥ​മാ​നങ്ങൾ‌ അ​ടു​ത്ത​യി​ടെ സന്ദർശിക്കാനി​ട​യാ​യ ചേ​രി​യി​ലെ ഒ​രു കൂ​ര​യി​ൽ കാ​ണാ​നി​ട​യാ​യി. പു​റ​ന്പോ​ക്കി​ലെ കു​ടു​സു​മു​റി​ക​ളി​ലൊന്നിൽ ക​ഴി​യു​ന്ന മൂ​ന്നു കു​ട്ടി​ക​ൾ. അ​വ​രു​ടെ അ​ച്ഛ​ൻ ജ​യി​ലി​ലാ​ണ്. അ​മ്മ മ​രി​ച്ചു​പോ​യി. സം​ര​ക്ഷി​ക്കാ​ൻ മു​ത്ത​ശ്ശി മാ​ത്ര​മേ​യു​ള്ളു. കൂ​ര​യു​ടെ മു​ൻ​വ​ശ​ത്ത് റോ​ഡും പി​ൻ​വ​ശ​ത്ത് റെ​യി​ൽ​വേ പാ​ള​വും. അ​യ​ൽ​വീ​ടു​ക​ളി​ൽ അ​ടു​ക്ക​ളജോ​ലി ചെ​യ്തു കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​ന​ംകൊണ്ട് പേ​ര​ക്കു​ട്ടി​ക​ളെ പോ​റ്റു​ക​യാ​ണ് വ​ല്യ​മ്മ.

സ്കൂ​ൾ തു​റ​ക്ക​ലി​ന് ആ​ഴ്ച​ക​ൾ മാത്രം ബാ​ക്കി​നിൽക്കെ ചെ​റി​യ സ​ഹാ​യ​ങ്ങ​ളു​മാ​യി ചേ​രി​യി​ലെ​ത്തിയപ്പോൾ കാ​ണാ​നാ​യ​ത് ഇ​ത്ത​ര​ത്തി​ൽ നി​സ​ഹാ​യ​രാ​യി ക​ഴി​യു​ന്ന നി​ര​വ​ധി കു​ട്ടി​ക​ളു​ടെ ദൈ​ന്യ​ത​യാ​ണ്. സ്കൂ​ൾ ബാ​ഗ്, നോ​ട്ട്ബു​ക്ക്, ചോ​റ്റു​പാ​ത്രം, കു​ട തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളു​ടെ​യും ആ​വ​ലാ​തി​ക​ളു​ടെ​യും ന​ടു​വി​ലാ​ണ് ഇ​വ​രേ​റെ​യും. ര​ക്ഷി​താ​ക്ക​ളു​ടെ ജീ​വി​ത ത​ക​ർ​ച്ച​യും ല​ഹ​രി ഉ​പ​യോ​ഗ​വും തൊ​ഴി​ലി​ല്ലാ​യ്മ​യു​മൊ​ക്കെ​യാ​ണ് മക്കളെ ഈ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​ച്ച​ത്. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും സം​ര​ക്ഷ​ണ​ത്തിലും പ്രോത്സാഹനത്തിലും വ​ള​രു​ന്ന കു​ട്ടി​ക​ൾ മി​ക്ക ചേ​രി​ക​ളി​ലും വി​ര​ള​മാ​ണുതാനും.

അ​നാ​ഥ​ത്വം വ​ലി​യൊ​രു നൊ​ന്പ​ര​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത് ഇ​തുപോലുള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ഞ്ഞു​ങ്ങ​ളെ അടുത്തറിയുന്പോ​ഴാ​ണ്. പ​ല​ർ​ക്കും അ​ച്ഛ​നി​ല്ല, അ​മ്മ​യി​ല്ല, കൂട​പ്പി​റ​പ്പു​ക​ളി​ല്ല, ബ​ന്ധു​ക്ക​ളി​ല്ല. അ​രാ​ജ​ക​ത്വ​ത്തി​ൽ വ​ള​രു​ന്ന​ മക്കൾ ഭാ​വി​യി​ൽ ന​ല്ല​വ​രും മി​ടു​ക്ക​രു​മാ​യി മാ​റു​ക എ​ളു​പ്പ​മ​ല്ല. സ​ന്പ​ന്ന​രും ദ​രി​ദ്ര​രും ത​മ്മി​ലെ വേ​ർ​തി​രി​വ് സ​മൂ​ഹ​ത്തി​ൽ ഇ​പ്പോ​ഴും ഏറെ ആഴത്തിലുണ്ടെന്ന് മനസിലാക്കാം.

സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ളവരുടെ മ​ക്ക​ൾ പെ​രു​മ​യു​ള്ള സ്കൂളുകളിൽ പ​ഠി​ക്കു​ന്പോ​ൾ ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒതുങ്ങി പ​ഠി​ക്കാ​ൻ പോ​കു​ന്ന​വ​രാ​ണ് കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ൾ. ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളി​ലും വ​നാ​ന്ത​ര​ങ്ങ​ളി​ലും പു​റ​ന്പോ​ക്കു​ക​ളി​ലു​മൊ​ക്കെ വ​ള​രു​ന്ന കു​ട്ടി​ക​ൾ​ക്കും പ​രി​മി​തി​ക​ൾ മാ​ത്ര​മേ​യു​ള്ളു. മെ​ച്ച​പ്പെ​ട്ട പ​ഠ​ന സാ​ഹ​ച​ര്യ​വും സം​ര​ക്ഷ​ണ​വും പ്രോ​ത്സാ​ഹ​ന​വും ല​ഭി​ച്ചാ​ൽ ഇ​വ​രി​ൽ പ​ല​രും ഉന്നത നി​ല​യി​ൽ എ​ത്താ​ൻ ക​ഴി​വും സാ​ധ്യ​ത​യു​മു​ള്ള​വ​രു​മാ​ണ്.

എ​ന്നാ​ൽ ജീ​വി​തസാ​ഹ​ച​ര്യം പലരേയും, ഏറിയാൽ പ​ത്താം ക്ലാ​സി​നു​പ​രി​യാ​യ ഒ​രു ലോ​ക​ത്തി​ലേ​ക്കും ജീ​വി​ത​ഭ​ദ്ര​ത​യി​ലേ​ക്കും എ​ത്തി​ക്കി​ല്ലെ​ന്ന​ത് ഏ​റെ ദു​ഃഖ​ക​ര​മാ​ണ്. ശി​ക്ഷ​ണ​വും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വു​മി​ല്ലാ​തെ വ​ള​രു​ന്ന കു​ട്ടി​ക​ളി​ൽ പ​ല​രും ചെ​റി​യ പ്രാ​യ​ത്തി​ൽതന്നെ കു​റ്റ​വാ​സ​ന​ക​ളി​ലേ​ക്കു തി​രി​യാ​ൻ‌ സാ​ഹ​ച​ര്യ​മു​ണ്ട്. മാ​താ​പി​താ​ക്ക​ളി​ൽനി​ന്ന് കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ക​രു​ത​ലാ​ണ് സു​ര​ക്ഷ. സു​ര​ക്ഷ എ​ന്ന വാ​ക്കി​ൽ ര​ക്ഷ​യും വാ​ത്സ​ല്യ​വും ക​രു​ത​ലും സാ​ന്ത്വ​ന​വു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

ഇ​വ​യൊ​ന്നും ല​ഭി​ക്കാ​ൻ‌ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ കൈ​നീ​ട്ടു​ന്ന​ത് ഏ​താ​നും നോ​ട്ടു​ബു​ക്കു​ക​ൾ​ക്കോ ഒ​രു കു​ട​യ്ക്കോ വേ​ണ്ടി​യാ​ണ്. ചി​ല​രാ​വ​ട്ടെ കൈ​നീ​ട്ടു​ന്ന​ത് അ​ൽ​പം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്.

ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​ണ് ഭ​ദ്ര​ത​യെ​ന്നി​രി​ക്കെ പല കാരണങ്ങളാൽ ക​രു​ത​ൽ ല​ഭി​ക്കാ​തെ പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഒ​രു കൈ ​സ​ഹാ​യം ന​ൽ​കാ​ൻ സാ​ധി​ച്ചാ​ൽ അതു വ​ലി​യ പു​ണ്യ​ക​ർ​മ​മാ​ണ്. പാ​ഠ​പു​സ്ത​ക​വും യൂ​ണി​ഫോ​മും സ്കൂ​ളി​ൽനിന്ന് സൗ​ജ​ന്യ​മാ​യി കി​ട്ടി​യാ​ൽ തീ​രു​ന്ന​ത​ല്ല സ്കൂ​ൾ തു​റ​ക്ക​ലി​ന്‍റെ ചെ​ല​വു​ക​ൾ. ദാ​രി​ദ്ര്യവും അ​രാ​ച​ക​ത്വ​വും നി​റ​ഞ്ഞ ഒട്ടേറെ കു​ട്ടി​ക​ൾ ഇ​ക്കാ​ല​ത്ത് ചു​റ്റു​പാ​ടു​ക​ളി​ലു​മു​ണ്ടെ​ന്നി​രി​ക്കെ സാധിക്കുന്ന സ​ഹാ​യം അ​വ​ർ​ക്കു ന​ൽ​കാ​ൻ മ​ന​സു​ണ്ടാ​ക​ണം.

സംരക്ഷണമില്ലാത്ത കു​ട്ടി​ക​ൾ വ​ഴി​തെ​റ്റു​ന്ന​തി​നും പി​ന്നാ​ക്കം പോ​കു​ന്ന​തി​നും അ​വ​രെ മാ​ത്രം കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. സ്വ​ന്തം മ​ക്ക​ൾ​ക്ക് അ​വ​ർ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന വി​ല​യേ​റി​യ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്പോ​ൾ ചേ​രി​ക​ളി​ലെ​യും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ​യും ആ​രോ​രു​മി​ല്ലാ​ത്ത മ​ക്ക​ൾ​ക്കു​കൂ​ടി ഒ​രു പ​ഠ​ന​സ​മ്മാ​നം ന​ൽ​കാ​നാ​യാ​ൽ അ​തൊ​രു വ​ലി​യ സ​ദ്പ്ര​വൃ​ത്തി​യാ​ണ്.

പി.​യു. തോ​മ​സ്, ന​വ​ജീ​വ​ൻ