കാളിദാസ് പുതിയ രൂപം പുതിയ ഭാവം
Sunday, September 8, 2019 2:25 AM IST
കളിയും ചിരിയും നുണക്കുഴി കവിളുമായി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് കാളിദാസ്. ജയറാം- പാർവതി താരദന്പതികളുടെ പുത്രൻ എന്ന ഇഷ്ടത്തിനൊപ്പം ഒരുകാലത്ത് ബാലതാരമായെത്തി വിസ്മയിപ്പിക്കാനും കഴിഞ്ഞിരുന്നു. ഇന്നു മലയാളത്തിൽ മുൻനിര യുവനായകനായി ഇടം നേടിയ കാളിദാസ് ഇനി പ്രേക്ഷകർക്കു മുന്നിലെത്തുന്നതു പുതിയ രൂപത്തിലും ഭാവത്തിലുമാണ്. തന്റെ പുതിയ വിശേഷങ്ങളും പ്രതീക്ഷകളുമായി ഈ ഓണക്കാലത്ത് കാളിദാസ് മനസ് തുറക്കുന്പോൾ...
അച്ഛനെ നായകനാക്കി നിരവധി ചിത്രങ്ങൾ ഒരുക്കിയ ജയരാജിന്റെ പുതിയ ചിത്രത്തിൽ നായകനായി എത്തുകയാണല്ലോ?
ഞാൻ ആദ്യമായി ഒരു ഡബ്ബിംഗ് സ്റ്റുഡിയോയിൽ പോകുന്നത് ജയരാജ് സാർ സംവിധാനം ചെയ്ത് അപ്പ അഭിനയിച്ച സ്നേഹത്തിന്റെ വർക്ക് നടക്കുന്പോഴാണ്. എനിക്കൊരു നാലു വയസുള്ളപ്പോഴായിരിക്കും അത്. സ്ക്രീനിൽ കാണുന്നതിനപ്പുറത്തുള്ള സിനിമാ മേക്കിംഗിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ അതായിരുന്നു. അതിനു ശേഷമാണ് കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഞാൻ അഭിനയിക്കുന്നത്. ജയരാജ് സാറിന്റെ ബാക്ക്പാക്കേഴ്സിൽ അഭിനയിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. വളരെ ചലഞ്ചിംഗായ ഒരു കഥാപാത്രമാണ് എനിക്ക് അദ്ദേഹം നൽകിയിരിക്കുന്നത്. അതിനു വേണ്ടി ശരീരഭാരം കുറച്ച് തല മൊട്ടയടിച്ചു.
ജയരാജിന്റെ ചിത്രത്തിലേക്ക് വിളിച്ചപ്പോൾ ജയറാമേട്ടന്റെ പ്രതികരണം?
എന്നെ തിരക്കി ജയരാജ് സാർ ആദ്യം വിളിച്ചത് അപ്പയെയാണ്. പൈതൃകം, സ്നേഹം, മില്ലേനിയം സ്റ്റാർസ്, ആനച്ചന്തം തുടങ്ങിയ ചിത്രങ്ങളിൽ അവർ ഒന്നിച്ചു വർക്കു ചെയ്തവരാണ്. അദ്ദേഹത്തിന്റെ ആർട് സിനിമയിലും കൊമേഴ്സ്യൽ സിനിമയിലും അപ്പ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവരൊന്നിച്ചുുള്ള ഷൂട്ടിംഗ് അനുഭവങ്ങളൊക്കെ പറഞ്ഞുതന്നിരുന്നു.
ഇനി റിലീസിനെത്തുന്ന പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?
ദന്പതികളായ സുധീപ്- ഗീതിക സംവിധാനം ചെയ്ത ഹാപ്പി സർദാർ ഒക്ടോബർ രണ്ടിനു തിയറ്ററിലെത്തും. ഒരു പഞ്ചാബി സിംഗായിട്ടാണ് അതിൽ അഭിനയിക്കുന്നത്. ഒരു ഫണ് എന്റർടെയ്നറായിരിക്കും അത്. സന്തോഷ് ശിവൻ സാറിന്റെ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രവുമുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് അത്. അദ്ദേഹത്തിന്റെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്.
ചില പ്രോജക്ടുകൾക്ക് പ്രതീക്ഷിച്ച പോലെ റിസൽട്ട് കിട്ടാറില്ല. അതിനെ എങ്ങനെ കാണുന്നു?
വിജയപരാജയങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. നമുക്ക് ആദ്യം നമ്മളിലാണ് വിശ്വാസം ഉണ്ടാകേണ്ടത്. എങ്കിൽ മാത്രമേ ജീവിതത്തിൽ മുന്നോട്ടു പോകാനാകു. ഒരു ചിത്രം വിജയിച്ചില്ലെങ്കിൽ അടുത്തത് പ്രേക്ഷകർ ഏറ്റെടുക്കും എന്ന വിശ്വാസമുണ്ട്. പിന്നെ ഷൂട്ടിംഗ് സൈറ്റിലെത്തുന്പോഴും മറ്റും ജനങ്ങളിൽ നിന്നും അവരുടെ വീട്ടിലെ ഒരു കുട്ടിയോടെന്നതുപോലെയുള്ള സ്നേഹം അനുഭവിച്ചറിയുന്നുണ്ട്. പ്രേക്ഷകരുടെ ഇഷ്ടം നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
മലയാളത്തിൽ സജീവമായി നിൽക്കാനാകും എന്ന് പ്രതീക്ഷിച്ചിരുന്നോ?
ഒന്നു രണ്ടു സിനിമകൾ ചെയ്തു നോക്കാമെന്നാണ് ആദ്യം ചിന്തിച്ചിരുന്നത്. തമിഴ് സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് സംവിധായകൻ ഏബ്രിഡ് ഷൈൻ പൂമരം സിനിമയെക്കുറിച്ച പറയുന്നത്. എന്റെ കഥാപാത്രം കോളജ് രാഷ്ട്രീയത്തിലെ തീപ്പൊരി പ്രസംഗം ചെയ്യുന്നയാളാണ്. പാട്ടുകൾ തന്നെ ചിത്രത്തിൽ ഏറെയുണ്ട്. പിന്നെ ഷൂട്ടിംഗ് കൂടുതലും ഒറ്റ ഷോട്ടിൽ ഉള്ളതായിരിക്കും. അപ്പോൾ ഡയലോഗും പാട്ടുമൊക്കെ മുഴുവൻ കാണാതെ പഠിച്ചിട്ടുവേണം അവതരിപ്പിക്കാൻ. ആദ്യം കുറച്ച് പേടിതോന്നിയെങ്കിലും ചെയ്യാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പിന്നാലെ ‘ഞാനും ഞാനുമെന്റാളും’ എന്ന പാട്ടും ഹിറ്റായതോടെ പ്രതീക്ഷിച്ചതിനും അപ്പുറം വലിയ സ്വീകാര്യത എനിക്കു കിട്ടി.
ജയറാമേട്ടൻ ഡയറ്റൊക്കെ ചെയ്തു സ്ലിം ആയിരിക്കുന്നു. അതിൽ കാളിദാസിന്റെ ഇടപെടലുണ്ടോ?
നമ്മുടെ സീനിയേഴ്സായ മമ്മുക്കയും ലാലേട്ടനുമൊക്കെ ഈ പ്രായത്തിലും ഇങ്ങനെ നിൽക്കാൻ കഴിയുന്നത് അവരുടെ വിൽപവർകൊണ്ടാണ്. ഇപ്പോഴും ഏറ്റവും ബെസ്റ്റ് കൊടുക്കാനാണ് അവർ ശ്രമിക്കുന്നത്. അത്രത്തോളം ഡെഡിക്കേഷൻ പ്രഫഷനോട് അവർ നൽകുന്നുണ്ട്. അങ്ങനെയാണ് അപ്പയും ഇപ്പോൾ മേക്കോവർ ചെയ്യുന്നത്. ഡയറ്റൊക്കെ നോക്കി അപ്പ ബോഡി കൂടുതൽ ശ്രദ്ധിക്കുന്നുണ്ട് ഇപ്പോൾ.
ഓണാഘോഷം എവിടെയാണ്?
കഴിഞ്ഞ എട്ടുമാസമായി സിനിമകളുടെ തിരക്കിലായിരുന്നു. അതുകൊണ്ട് ചെന്നൈയിലെ വീട്ടിൽ ഒത്തുചേർന്ന് ഈ വർഷത്തെ ഓണം ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നു. ബാക്ക് പാക്കേഴ്സ് പൂർത്തിയാക്കി ഞാനും, അല്ലു അർജുനൊപ്പമുള്ള തെലുങ്ക് ചിത്രത്തിൽ നിന്നും അപ്പയും ഓണത്തിനു വീട്ടിലെത്തും. ചക്കിയും അമ്മയും ഞങ്ങൾക്കായി കാത്തിരിക്കുകയാണ്. ചെന്നൈയിലെ വീടും അമ്മയുണ്ടാക്കുന്ന ഭക്ഷണവും ഒരുപാട് മിസ് ചെയ്യുന്നുണ്ട് ഇപ്പോൾ.
ലിജിൻ കെ. ഈപ്പൻ