മഹാമാരിയും പൗരസമൂഹവും
Sunday, February 14, 2021 5:27 AM IST
ഞങ്ങൾ താമസിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭാഗ്യവശാൽ കോവിഡിന്റെ വ്യാപനം ഉണ്ടായില്ല. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്ന ആളുകൾക്കു കോവിഡ് ബാധിച്ചെങ്കിലും വളരെ വിജയകരമായി നിയന്ത്രിച്ച് ഒതുക്കി. പിന്നീട് ഈ സ്റ്റേറ്റിൽ എല്ലാവർക്കുംതന്നെ രോഗബാധ ഇല്ലാതെ സാധാരണജീവിതം നയിക്കാനുള്ള ഭാഗ്യമുണ്ടായി. സ്കൂളുകളും ഓഫീസുകളും കടകളും സാധാരണനിലയിലായി. എങ്കിലും ഓസ്ട്രേലിയയിൽ പൊതുവെ പാലിച്ചുപോന്ന സുരക്ഷാ നിയമങ്ങൾ പലതും ഇവിടെയും സ്വീകരിച്ചിട്ടുണ്ട്. പുറത്തുനിന്നെത്തുന്നവരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ ക്വാറന്റൈനിലാക്കുകയും ചെയ്യും.
കഴിഞ്ഞയാഴ്ചയിൽ ടെലിവിഷനിൽ പെട്ടെന്ന് ഒരു ന്യൂസ്. വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു! ന്യൂസ് വായനയോടൊപ്പംതന്നെ ജനങ്ങൾ കൈക്കൊള്ളേണ്ട നിയമങ്ങളും പ്രഖ്യാപിച്ചു. വൈകുന്നേരം ആറുമണി മുതൽ അഞ്ചുദിവസത്തേക്ക് ലോക്ക്ഡൗൺ. സ്കൂളുകൾക്ക് ഒരാഴ്ച ഒഴിവ്. ഓഫീസുകൾ അടച്ചു. ഒരാളോ രണ്ടുപേർ ചേർന്നോ നടക്കാനിറങ്ങാം. ഒരു മണിക്കൂർ മാത്രം. മാസ്ക് നിർബന്ധം. അന്ന് ആറുമണിക്കു ശേഷം ഞാൻ പാർക്കിൽ നടക്കാൻ ചെന്നപ്പോൾ കുട്ടികൾപോലും മാസ്ക് ധരിച്ചിരിക്കുന്നു! അടുത്ത അഞ്ചുദിവസം കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ ഗവൺമെന്റ് കർശനമായി സ്വീകരിച്ചു. മനുഷ്യരെക്കൊണ്ട് നിയമം പാലിപ്പിക്കാൻ ഒരു പോലീസും ഒരിടത്തും റോന്തുചുറ്റിയതായി കണ്ടില്ല. രോഗിയെ ക്വാറന്റൈനിലാക്കുകയും അയാളുമായി സന്പർക്കത്തിലായവരെ പരിശോധിക്കുകയും മറ്റും ഗൗരവമായിത്തന്നെ ചെയ്തു. ഫലമോ? അഞ്ചുദിവസത്തിനുശേഷവും രോഗം സമൂഹത്തിലേക്കു പകർന്നില്ല!
പടർന്നുപിടിക്കുന്ന കാട്ടുതീയോട് പടവെട്ടുന്നതുപോലുള്ള ശുഷ്കാന്തിയോടെ എല്ലാവരും സഹകരിച്ചു. ഇതു വെസ്റ്റേൺ ഓസ്ട്രേലിയ എന്ന സ്റ്റേറ്റിലെ കാര്യം. മറ്റു സംസ്ഥാനങ്ങളിൽ അവിടെയും ഇവിടെയും ഉണ്ടാകുന്ന മഹാമാരിയെ വ്യാപിക്കാതെ തടഞ്ഞുനിർത്തിയിരിക്കുന്നതും ആരോഗ്യകരമായ പൗരബോധംതന്നെ. ബോർഡർ നിയമങ്ങളും കർശനമായി പാലിക്കുന്നു.
സിസിലിയാമ്മ പെരുമ്പനാനി
[email protected]