സിനിമാക്കഥ പറയുന്ന വൈദികൻ
വ​ര​യ​ൻ എ​ന്ന ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്പോ​ൾ അ​തി​ന്‍റെ പി​ന്ന​ണി​യി​ൽ ഒ​രു വൈ​ദി​ക​ന്‍റെ തൂ​ലി​ക​യു​മു​ണ്ട്. കൊ​ല്ലം അ​ഞ്ച​ൽ ആ​ശ്ര​മ​ത്തി​ലെ ഫാ. ​ഡാ​നി ക​പ്പു​ച്ചി​നാ​ണ് ചി​ത്ര​ത്തി​നു ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ക​ർ​മ മ​ണ്ഡ​ല​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​പ്ര​വ​ർ​ത്ത​ന​വും സു​വി​ശേ​ഷ പ്ര​ച​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​ക്കു​ക​യാ​ണ് ഈ ​വൈ​ദി​ക​ൻ. യു​വ​താ​രം സി​ജു വി​ൽ​സ​ൻ വൈ​ദി​ക​നാ​യി ഒ​പ്പം വ​ലി​യ താ​ര​നി​ര​യി​ൽ ഒ​രു​ക്കി​യ വ​ര​യ​ന്‍റെ വി​ശേ​ഷ​ങ്ങ​ളു​മാ​യി ഫാ. ​ഡാ​നി ക​പ്പു​ച്ചി​ൻ...

വൈദികനും തിരക്കഥാകൃത്തും

ചെ​റു​പ്പം മു​ത​ൽ സി​നി​മ കാ​ണു​ന്ന​തും ക​ണ്ട സി​നി​മ​ക​ളു​ടെ ക​ഥ മ​റ്റു​ള്ള​വ​രോ​ട് പ​റ​യു​ന്ന​തും വ​ള​രെ താ​ല്പ​ര്യ​മാ​യി​രു​ന്നു. സെ​മി​നാ​രി​ പരിശീലന സ​മ​യ​ത്ത് ഇടവേളയിൽ മാ​ത്ര​മാ​യി​രു​ന്നു സി​നി​മ കാ​ഴ്ച. ബൈ​ബി​ൾ ക​ഥ​ക​ളും പ​ഠ​ന​ങ്ങ​ളും സി​നി​മാ​റ്റി​ക്കാ​യി സ​മീ​പി​ക്കു​ന്ന സ്വ​ഭാ​വം എ​നി​ക്കു​ണ്ട്. ക​ഥ​ക​ൾ സി​നി​മാ ഭാ​ഷ​യി​ൽ മ​റ്റു​ള്ള​വ​രോ​ട് അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മാ​യി​രു​ന്നു. സി​നി​മ എ​ഴു​ത്ത് വ​ള​രെ ഇ​ഷ്ട​മു​ള്ള കാ​ര്യ​മാ​ണ്. സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന ജി​ജോ ജോ​സ​ഫ് എ​ന്ന സു​ഹൃ​ത്ത് മു​ഖേ​ന​യാ​ണ് വ​ര​യ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഴു​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഞാ​ൻ പ​റ​ഞ്ഞ ക​ഥ​ക​ളിൽ അ​ദ്ദേ​ഹ​ത്തി​നു വ​ള​രെ താ​ല്പ​ര്യം തോ​ന്നു​ക​യും അ​തു തി​ര​ക്ക​ഥ​യി​ലേ​ക്ക് എത്തുകയും ചെയ്തു.

ക​പ്പു​ച്ചി​ൻ വൈ​ദി​ക​ന്‍റെ ക​ഥ

ന​മ്മു​ടെ ജീ​വി​ത​വു​മാ​യി ചേ​ർ​ന്നു നി​ല്ക്കു​ന്ന പ​രി​ചി​ത​മാ​യ ചി​ല സം​ഭ​വ​ങ്ങ​ളും മു​ഹൂ​ർ​ത്ത​ങ്ങ​ളും ചി​ത്ര​ത്തി​ൽ ചി​ത​റി​ക്കി​ട​പ്പു​ണ്ട്. അ​തി​നെ കൃ​ത്യ​മാ​യി ഒ​രു ക​ഥ​യി​ലൂ​ടെ പ​റ​യു​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ൽ ചി​ത്തി​ര​ക്കാ​യ​ലി​നോ​ട് ചേ​ർ​ന്ന് ഒ​രു ഗ്രാ​മം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ക​ഥ​യെ പ്ര​തി​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നു പോ​ലും ക​യ​റി​ച്ചെ​ല്ലാ​ൻ പ​റ്റാ​ത്ത പ്ര​ശ്ന​ങ്ങ​ളു​ള്ള ആ ​സ്ഥ​ല​ത്തെ പ​ള്ളി​യി​ലേ​ക്ക് ഒ​രു വൈ​ദി​ക​ൻ എ​ത്തു​ക​യാ​ണ്. അ​ദ്ദേ​ഹം ആ ​നാ​ട്ടി​ലും അ​വി​ടെ​യു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ലും സ്വാ​ധീ​ന​മു​ണ്ടാ​ക്കു​ന്നു. തു​ട​ർ​ന്ന് വൈ​ദി​ക​ൻ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ​യാ​ണ് പ​ശ്ചാ​ത്ത​ല​ം. അ​തു വാ​ണി​ജ്യ ചേ​രു​വ​ക​​ളോ​ടെ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു.

സി​ജു വി​ൽ​സ​ൻ വൈദിക​ൻ

2019 ലാ​ണ് വ​ര​യ​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​ത്. അ​തി​നു മു​ന്പ് സി​ജു വി​ൽ​സ​ൻ ചെ​യ്ത സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ള​രെ സൗ​മ്യ​മു​ള്ളതാ​ണെ​ന്നു ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​യ​ര​വും അ​ഭി​ന​യ ശൈ​ലി​യും വ​ര​യ​ന്‍റെ കാ​സ്റ്റിം​ഗി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി. മേ​ക്കോ​വ​ർ കൂ​ടി വ​ന്ന​പ്പോ​ൾ സി​ജു വി​ൽ​സ​ണ്‍ ആ ​ക​ഥാ​പാ​ത്ര​മാ​യി മാ​റി.

സ​ഭ​യു​ടെ പി​ന്തു​ണ

എ​ന്‍റെ സ​ഹ​ചാ​രി​ക​ളാ​യ വൈദികരോടും സഭയിലെ അ​ധി​കാ​രി​ക​ളോ​ടു​മാ​ണ് വ​ര​യ​ന്‍റെ ക​ഥ ആദ്യം ച​ർ​ച്ച ചെ​യ്ത​ത്. അ​വ​ർ​ക്ക് ഇ​ഷ്ട​മാ​യ​പ്പോ​ൾ എ​നി​ക്കും ധൈ​ര്യ​മാ​യി. അ​ങ്ങ​നെ​യാ​ണ് തി​ര​ക്ക​ഥ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. സ​ഭ​ാ മേധാവികളുടെ എ​ല്ലാ പി​ന്തു​ണ​യും എ​ക്കാ​ല​വു​മു​ണ്ട്. കൊ​ല്ലം അ​സീ​സി നാ​ട​ക ട്രൂപ്പ് കപ്പുച്ചിൻ സ​ഭ​യു​ടേ​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം നി​ര​വ​ധി വേ​ദി​ക​ളി​ൽ ബൈ​ബി​ൾ നാ​ട​ക​ങ്ങ​ളും സ​മൂ​ഹി​ക നാ​ട​ക​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ സി​നി​മ എ​ന്ന​ത് സ​ഭ​യെ സം​ബ​ന്ധി​ച്ചു പു​തി​യൊ​രു സം​ഗ​തി​യ​ല്ല. പു​തി​യൊ​രു കാ​ൽ​വ​യ്പ് മാത്രം.

കലയും സുവിശേഷ പ്രചാരണത്തിന്

ക​ല​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​തും സു​വി​ശേ​ഷ​മാ​ണ്. ഭാ​വി​യി​ലും സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. ഒ​രു പു​രോ​ഹി​ത​നാ​യ​തി​നാ​ൽ ഒ​രു ക​ഥ പ​റ​യാ​നൊ​രു​ങ്ങു​ന്പോ​ൾ ഭ​ക്തി കേ​ന്ദ്രീ​കൃ​ത​മാ​കു​മെ​ന്നു​ള്ള മു​ൻ ധാ​ര​ണ പ​ല​ർ​ക്കു​മു​ണ്ട്. ആ​ത്മീ​യമായത് ര​സാ​വ​ഹ​മാ​യും വാ​ണി​ജ്യ​പ​ര​മാ​യും ഒ​രു​ക്കാ​മെന്ന് തോ​ന്നി​യി​ട്ടു​ണ്ട്. ബൈ​ബി​ൾ ക​ഥ​ക​ളും മാ​സ് പ​രി​വേ​ഷ​മു​ള്ള​താ​ണ്. അ​നീ​തി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച ക്രി​സ്തു​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​രി​ശി​ലെ മ​ര​ണ​വും മാ​സ് ചേ​രു​വ​ക​ളോ​ടെ​യു​ള്ള​താ​ണ്. ശ​രി​യാ​യി വാ​യി​ച്ചാ​ൽ ഒ​രു മാ​സ് സി​നി​മ കാ​ണു​ന്ന​തു​പോ​ലെ ബൈ​ബി​ൾ മ​ന​സി​ൽ പ​തി​യും. വ​ര​യ​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും വാ​യി​ച്ചു കേ​ട്ട​പ്പോ​ൾ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വി​നും നാ​യ​ക​നും അ​തു ബോ​ധ്യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടാ​ണ് വാ​ണി​ജ്യ സിനിമ യായി വ​ര​യ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

സമൂഹ മാധ്യമങ്ങളിൽ ഹി​റ്റ്

ക​ള്ളുഷാ​പ്പി​ലും ചീ​ട്ടു ക​ളി​ക്കാ​രു​ടെ ഒ​പ്പ​വു​മി​രി​ക്കു​ന്ന വ​ര​യ​നി​ലെ അ​ച്ച​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചി​ല വി​മ​ർ​ശ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​വി​ടെ​യും ശ​രി​യാ​യ മാ​ന​സാ​ന്ത​ര​ത്തി​ന്‍റെ സു​വി​ശേ​ഷ​മാ​ണ് അ​ച്ച​ൻ പ​റ​യു​ന്ന​ത്. ഒ​രാ​ൾ അ​ടി​മു​ടി മാ​റു​ന്ന​താ​ണ് മാ​ന​സാ​ന്ത​ര​മാ​യി ന​മ്മ​ൾ കാ​ണു​ന്ന​ത്. ക്രി​സ്തു പ​ഠി​പ്പി​ച്ച മാ​ന​സാ​ന്ത​ര​മു​ണ്ട്. വീ​ഞ്ഞു കു​ടി​യ​നെ​ന്നും ഭോ​ജ​ന പ്രി​യ​നെ​ന്നും ചു​ങ്ക​ക്കാ​രോ​ടും പാ​പി​ക​ളോ​ടും കൂ​ടെ വി​രു​ന്ന് ക​ഴി​ക്കു​ന്ന​നവനെന്നും ക​ല്യാ​ണ വീ​ട്ടി​ൽ വീ​ഞ്ഞു​ണ്ടാ​ക്കി​യ​വ​നെ​ന്നും ക്രി​സ്തു​വി​നെ​ക്കു​റി​ച്ച് ചിലർ പറഞ്ഞേക്കാം. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ഇ​ട​ങ്ങ​ളി​ലു​മു​ള്ള​വ​രി​ലേ​ക്കാ​ണ് ക്രി​സ്തു മാ​ന​സാ​ന്ത​ര​ത്തി​ന്‍റെ പാ​ത തെ​ളി​യി​ച്ച​ത്. വ​ര​യ​ൻ എ​ന്ന സി​നി​മ​യി​ലെ ഫാ. ​എ​ബി ക​പ്പു​ച്ചി​നും ആ ​പാ​ത​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മ​ദ്യ​പാ​നി​യു​ടെ ജീ​വി​ത​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് ക​ള്ളി​നേ​ക്കാ​ൾ വ​ലി​യ ല​ഹ​രി​യെ​ന്തെ​ന്ന് അ​ച്ച​ൻ പ​ഠി​പ്പി​ക്കു​ന്നു. ചീ​ട്ടു ക​ളി​ക്കാ​ര​നോ​ട് ക​ളി​യി​ൽ തോ​റ്റ് പ​ണം ന​ഷ്ട​മാ​യി, അ​പ​ഹാ​സ്യ​നാ​യി, ജോ​ക്ക​റാ​യി മാ​റു​ന്ന​ത് നീ ​ത​ന്നെ​യാണെന്ന് അ​ച്ച​ൻ പ​റ​യു​ന്നു. ജോ​ക്ക​റാ​കാ​തെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​വ​രാ​നു​ള്ള ആ​ർ​ജ​വ​മാ​ണ് അ​ച്ച​ൻ പ​ക​രു​ന്ന​ത്.