പ്യാലിയുമായി സംവിധായക ദന്പതികൾ
Sunday, July 3, 2022 2:25 AM IST
കേരളത്തിലെത്തിയ കാഷ്മീരി സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പ്യാലി. അതിലൊരാളായ അഞ്ച് വയസുകാരി പെണ്കുട്ടിയുടെ പേരാണ് പ്യാലിയെന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെയുള്ളിൽ പ്യാലിയുടെ മുഖമുണ്ടാകും. അതുകൊണ്ടുതന്നെ ചിത്രത്തിനു ഏറ്റവും അനുയോജ്യമായ പേരാണിതെന്നു തോന്നി
നവാഗതരായ ബിബിത - റിൻ ദന്പതികൾ സംവിധാനം ചെയ്ത പ്യാലി തിയറ്ററുകളിലേക്കെത്തുകയാണ്. അഞ്ചു വയസുകാരി ബാർബി ശർമയാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രം.
ദുൽഖറിന്റെ വേഫെറെർ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം ഉൗഷ്മളായ ഒരു കഥയാണ് പറയുന്നത്. അന്തരിച്ച നടൻ എൻ.എഫ്. വർഗീസിന്റെ മകൾ സോഫിയ വർഗീസാണ് നിർമാണം. സംസ്ഥാന പുരസ്കാര നേട്ടങ്ങളുടെ തിളക്കത്തിലാണ് പ്യാലി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായക ദന്പതികൾ...
വ്യത്യസ്തമായ പേര്
ബബിത: കേരളത്തിലെത്തിയ കാഷ്മീരി സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പ്യാലി. അതിലൊരാളായ അഞ്ച് വയസുകാരി പെണ്കുട്ടിയുടെ പേരാണ് പ്യാലിയെന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെയുള്ളിൽ പ്യാലിയുടെ മുഖമുണ്ടാകും. അതുകൊണ്ടുതന്നെ ചിത്രത്തിനു ഏറ്റവും അനുയോജ്യമായ പേരാണിതെന്നു തോന്നി.
സാഹോദര്യ സ്നേഹം
ബബിത: രണ്ടു സഹോദരങ്ങളുടെ സ്നേഹമാണ് ചിത്രത്തിന്റെ പ്രമേയം. പ്യാലിക്ക് ഒരു സഹോദരനുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇരുവരും കേരളത്തിലെത്തിയതാണ്. അവരുടെ ജീവിതവും അതിജീവനവുമാണ് ചിത്രം പറയുന്നത്. മറ്റു രാഷ്ട്രീയ പശ്ചാത്തലമൊന്നും ചിത്രത്തിനില്ല. കേരളത്തിൽ നിരവധി കാഷ്മീരി സ്വദേശികളുണ്ട്. ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലെത്തിയ രണ്ടു സഹോദരങ്ങൾ അവരുടെ ചെറിയ ജീവിതത്തിൽ കണ്ടെത്തുന്ന ചെറിയ സന്തോഷങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം.
റിൻ: പുറത്തുനിന്നു നോക്കുന്ന ഒരാൾക്ക് അന്യദേശത്തു വന്നു ജീവിക്കുന്ന ആ സഹോദരങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നു തോന്നാം. എന്നാൽ ഏതു സാഹചര്യങ്ങളിലും അവരുടെയുള്ളിലുള്ള സ്നേഹവും സാഹോദര്യവുമാണ് അവരുടെ ആനന്ദം. അതാണ് പറയാൻ ശ്രമിച്ചിരിക്കുന്നത്.
പ്രമേയത്തിന്റെ പ്രസക്തി
ബബിത: ഒരു സംഭാഷണവേളയിൽ പ്യാലിയുടെ ജീവിതം ഒരു കഥയായി റിന്നാണ് പറയുന്നത്. എന്റെ മനസിനെ അതു വളരെ സ്വാധീനിച്ചു. ഇതായിരിക്കും ഞങ്ങളുടെ ആദ്യ സിനിമയെന്ന് അപ്പോൾത്തന്നെ തോന്നിയിരുന്നു. ഞങ്ങൾ ഒന്നിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ്. അതെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
റിൻ: കുറെച്ചേറെ കഥകൾ എഴുതിയതിൽ ആദ്യ സിനിമ ഇതായിരിക്കണമെന്നു ഞങ്ങൾ തീരുമാനിച്ചു. സംവിധായകർ എന്ന നിലയിൽ കുട്ടികളെ അണിനിരത്തി സിനിമയൊരുക്കുക എന്ന വെല്ലുവിളി ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു.
ഇത് കുട്ടികളുടെ സിനിമ എന്ന ലേബലിൽ അല്ല പ്രേക്ഷകരുടെ മനസിലെത്തുന്നത്. രണ്ടു കുട്ടികളിലൂടെ വലിയ ലോകത്തിന്റെ കഥയാണ് പറയുന്നത്. ഛായാഗ്രഹണത്തിലും സംഗീതത്തിലും എഡിറ്റിംഗിലും ആർട്ടിലും മികച്ച റിസൾട്ടാണ് ഓരോ മേഖലയിലുമുള്ള പ്രതിഭകൾ ചിത്രത്തിനായി നൽകിയിരിക്കുന്നത്.
വിസ്മയിപ്പിച്ച് ബാർബി ശർമ്മ
റിൻ: പ്യാലി എന്ന കഥാപാത്രത്തെയാണ് ബാർബി ശർമ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിനായുള്ള തെരഞ്ഞെടുപ്പിനു പിന്നിൽ വലിയ ശ്രമങ്ങളുണ്ട്. എവിടെ പോകുന്പോഴും കുട്ടികളിൽ ഞങ്ങൾ പ്യാലിയെ തേടി.
നിരവധി ഓഡീഷനും നടത്തി. പിന്നീട് ഒരു പരസ്യചിത്രത്തിലാണ് ബാർബിയെ കാണുന്നത്. കുട്ടിയുടെ മാതാപിതാക്കളെ സമീപിക്കുകയും കഥ അയച്ചുകൊടുക്കുകയും ചെയ്തു. മലയാളം അറിയാത്ത കുട്ടിയാണ് ബാർബി. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് സമയത്തും ഡബ്ബിംഗിനും ഏറെ സമയം ചെലവഴിച്ച് മലയാളം ഡയലോഗുകൾ പഠിപ്പിച്ചെടുക്കുകയായിരുന്നു.
സംസ്ഥാന പുരസ്കാര നേട്ടം
റിൻ: സംസ്ഥാന തലത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ബാർബിക്കും മികച്ച കലാസംവിധായകനുള്ള പുരസ്കാരം സന്തോഷ് രാമനും ലഭിച്ചു. കുട്ടികളുടെ ചിത്രം എന്ന കാറ്റഗറിയിലല്ല പ്യാലി മത്സരിച്ചത്. സംസ്ഥാന പുരസ്കാരം ചിത്രത്തിനു കൂടുതൽ ജനശ്രദ്ധ നേടിത്തന്നു.
ചലഞ്ചിംഗ് സിനിമ യാത്ര
റിൻ: ഞങ്ങൾ രണ്ടുപേരും സിനിമാ പശ്ചാത്തലത്തിൽനിന്ന് വന്നിട്ടുള്ളതല്ല. ബബിത ഐടി മേഖലയും ഞാൻ ഇന്റീരിയൽ ഡിസൈനറുമാണ്. സിനിമകൾ കണ്ടാണ് സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം ഞങ്ങളിലുണ്ടാകുന്നത്. മലയാളി പ്രേക്ഷകർ കാണാത്ത ഒരു പ്രമേയത്തിൽ സിനിമ ചെയ്യണമെന്നു തീരുമാനിച്ചിരുന്നു. ഷോർട്ട് ഫിലിം ചെയ്താണ് ഞങ്ങളുടെ തുടക്കം.
ബബിത: എൻ.എഫ്. വർഗീസിന്റെ മകൾ സോഫിയയുമായി സൗഹൃദമുണ്ടായിരുന്നു. പ്യാലിയുടെ കഥ രൂപപ്പെട്ടതിനുശേഷം അവരോട് കഥ പറഞ്ഞിരുന്നു. കഥ ഇഷ്ടപ്പെട്ടാണ് അവർ നിർമാതാവായി എത്തുന്നത്.
എൻ.എഫ്. വർഗീസ് പിക്ചേഴ്സ് എന്ന പേരിൽ അദ്ദേഹത്തിനു സമർപ്പണമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വലിയൊരു ഉത്തരവാദിത്വമായിരുന്നു അത്. മനസിലെ സിനിമ വെള്ളിത്തിരയിലും ഒരുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾ രണ്ടുപേർക്കും അവർ നൽകിയിരുന്നു.
റിൻ: ഷൂട്ടിംഗ് കഴിഞ്ഞ് ഫസ്റ്റ് കോപ്പിയായതിനുശേഷമാണ് ദുൽഖർ സൽമാൻ സഹ നിർമാതാവായി എത്തുന്നത്. നിരവധി താരങ്ങൾ ചിത്രത്തിലുണ്ടെങ്കിലും രണ്ടു കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങൾ എന്നു പറയുന്പോൾ പല ഡിസ്ട്രിബ്യൂട്ടേഴ്സും പിൻമാറുകയായിരുന്നു. എഡിറ്റർ ഡോണ് മാക്സ് ചിത്രം കണ്ട് ഇഷ്ടപ്പെട്ടാണ് ദുൽഖറിന്റെ പ്രൊഡക്ഷനിലേക്ക് ചിത്രം എത്തുന്നത്. അവർ സിനിമ കാണുകയും കോപ്രൊഡ്യൂസ് ചെയ്യുകയുമായിരുന്നു.
വനിത സംവിധായിക<\b>
ബബിത: റിന്നും ഞാനും ഒന്നിച്ചാണ് പ്യാലി ഒരുക്കിയത്. വനിതാ സംവിധായികയെന്നത് പ്രത്യേകതയായി എനിക്കു തോന്നിയിട്ടില്ല. നമ്മുടെ ക്രിയാത്മകതയാണ് സിനിമയായി രൂപപ്പെടുന്നത്. പരസ്പരം സപ്പോർട്ട് ചെയ്തും ഒന്നിച്ചും മുന്നോട്ടു സഞ്ചരിക്കുകയായിരുന്നു. നമ്മുടെ ടീമിന്റെയിടയിലും മറ്റൊരിടത്തും ഞാനൊരു വനിതയായതുകൊണ്ടുമാത്രം പ്രത്യേക പരിഗണന ലഭിച്ചെന്നും അങ്ങനെ വേണമെന്നും എനിക്കു തോന്നുന്നില്ല.