മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ നഗരവുമാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുൻ തലസ്ഥാനം എന്ന പ്രൗഢിയും പാരന്പര്യവും കോൽക്കത്തയെ പിന്തുടരുന്നു. ബ്രിട്ടീഷ് പ്രതാപകാലത്തെ നിർമിതികളും ശേഷിപ്പുകളും സാംസ്കാരികപാരന്പര്യവും വിപ്ലവചരിത്രങ്ങളുമെല്ലാംതന്നെ കോൽക്കത്തയെ എക്കാലവും മറ്റ് നഗരങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്നു.
കോൽക്കത്ത മഹാനഗരം ഒരിക്കൽ കണ്ടു പോന്നിട്ടുള്ളവരുടെ മനസിൽ എന്നും മായാതെ നിൽക്കുന്ന ഒരു അടയാളമുണ്ട്. ഹൂഗ്ലി നദിക്ക് മീതെ നീണ്ടുനിവർന്നു കിടക്കുന്ന ഹൗറ പാലം. 1500 അടി നീളവും 71 അടി വീതിയുമുള്ള ഹൗറ ബ്രിഡ്ജ് കോൽക്കത്തയുടെ നഗരഭൂപടത്തിൽ മഹത്തായ അടയാളമായി തെളിഞ്ഞുനിൽക്കുന്നു.
ലോകത്തിലെതന്നെ എറ്റവും വലിയ തൂക്കുപാലങ്ങളിലൊന്നാണിത്. എട്ടു നിര റോഡുകളുള്ള പാലത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേകം യാത്രാമാർഗങ്ങളുണ്ട്. ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്നുമാണിത്. ഒരു ലക്ഷത്തോളം വാഹനങ്ങളും എണ്ണമറ്റ കാൽനടയാത്രക്കാരുമാണ് പ്രതിദിനം ഈ പാലത്തിലൂടെ കടന്നുപോകുന്നത്. പൂർണമായി ഉരുക്കിൽ പണിത ഈ പാലത്തിൽ നട്ടും ബോൾട്ടും ഉപയോഗിച്ചിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
രണ്ടാംലോക മഹായുദ്ധകാലത്താണ് ഹൗറ പാലത്തിന്റെ നിർമാണം നടക്കുന്നത്. 1862ൽ ബംഗാൾ ഗവണ്മെന്റ് ഈസ്റ്റ് ഇന്ത്യാ റെയിൽവേ കന്പനിയുടെ ചീഫ് എഞ്ചിനീയറായ ജോർജ് ടേണ്ബുളിനോട് ഹൂഗ്ലി നദിക്ക് പാലം നിർമിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ ആവശ്യപ്പെട്ടതോടെയാണ് പാലം നിർമിക്കാനുള്ള ആശയം രൂപപ്പെട്ടത്. അക്കൊല്ലം മാർച്ച് 19-ന് അദ്ദേഹം പാലം പണിയുന്നതിനുള്ള ബ്ലൂപ്രിന്റ് തയാറാക്കി. കോൽക്കത്തയിലെ പുൽത്തഘട്ട് ഈ പദ്ധതി നടപ്പാക്കാൻ അനുയോജ്യമായ സ്ഥലമാണെന്ന് നിർദേശിക്കുകയും ചെയ്തു.
പിന്നീട്, ഹൗറയെയും കോൽക്കത്തയെയും ബന്ധിപ്പിക ്കുന്ന പോണ്ടൂണ് പാലം നിർമിച്ചു. വെള്ളപ്പൊക്കത്തെയും തിരക്കേറിയ ഗതാഗതത്തെയും നേരിടാൻ ഇതിന് കഴിഞ്ഞില്ല. ബംഗാൾ സർക്കാർ ബദൽ മാർഗങ്ങൾ തേടുകയും ഒടുവിൽ പുതിയ പാലം കമ്മീഷൻ ചെയ്യുകയും ചെയ്തു. പാലത്തിന്റെ പുനർനിർമാണത്തിനായി ദി ബ്രൈത്ത് വൈറ്റ് ബേണ് ആൻഡ് ജെസ്സോപ്പ് കണ്സ്ട്രക്ഷൻ കന്പനിക്ക് കരാർ നൽകി. 1942 ലാണ് പൊതു ഉപയോഗത്തിനായി ഹൗറാ പാലം ഒൗദ്യോഗികമായി തുറന്നു കൊടുക്കുന്നത്.
പോണ്ടൂണ് പാലത്തിന് പകരം പുതിയ ഹൗറ പാലം എന്നാണ് ആദ്യം പേരിട്ടിരുന്നത്. 1965 ജൂണ് പതിനാലിന് മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പേരിൽനിന്ന് രബീന്ദ്രസേതു എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഹൂഗ്ലി നദിക്കു കുറുകെ ഇതുൾപ്പടെ ആകെ നാല് പാലങ്ങളുണ്ട്. വിദ്യാസാഗർ സേതു, വിവേകാനന്ദ് സേതു, പുതുതായി നിർമ്മിച്ച നിവേദിത സേതു എന്നിവയാണ് മറ്റു പാലങ്ങൾ.
കോൽക്കത്തയിലേക്ക് യാത്രചെയ്യുന്പോൾ, വിവിധ കോണുകളിൽ നിന്ന് ഹൗറ പാലത്തിന്റെ വിസ്മയക്കാഴ്ച കാണാം. കടത്തുവള്ളത്തിൽ ഹൂഗ്ലിക്കു കുറുകെ യാത്ര ചെയ്യുന്പോഴാണ് പാലത്തിന്റെ വിസ്തൃതിയും ഗാംഭീര്യവും യഥാർഥത്തിൽ ആസ്വദിക്കാനാവുക. ഈ ഐക്കണിക് പാലം കാണാനും ഗംഭീര കാഴ്ചയിൽ മനം മയങ്ങാനുമുള്ള മറ്റൊരു മാർഗം ഘട്ടുകൾക്ക് സമീപം ഇരിക്കുന്നതാണ്. കോൽക്കത്ത നിവാസികളുടെ ജീവിതരീതിയും അവരുടെ പ്രയാണത്തിൽ ഹൗറ എങ്ങനെയാണ് പ്രധാന പങ്ക് വഹിക്കുന്നതെന്നും മനസിലാക്കാനുള്ള ഏറ്റവും നല്ല മാർഗം കൂടിയാണ് ഈ ഘട്ടുകൾ സന്ദർശിക്കുന്നത്.
രാത്രി കോൽക്കത്ത നഗരം ഇരുട്ടിലാകുന്പോൾ ഹൗറ പാലം ആയിരക്കണക്കിന് എൽഇഡി ബൾബുകളാൽ പ്രകാശിതപൂരിതമാകുന്ന കാഴ്ച അതീവ ഭംഗിയുള്ളതാണ്. വിനോദസഞ്ചാരികൾക്ക് പുറമേ, മനോഹര ചിത്രങ്ങളെടുക്കാൻ നിരവധി ട്രാവൽ ഫോട്ടോഗ്രാഫർമാരും എത്തുന്നു. ഹൗറ പാലം സന്ദർശിക്കാതെ കോൽക്കത്തയിലേക്കുള്ള ഒരാളുടെയും യാത്ര പൂർണമാകുമെന്നു പറയാനാകില്ല. നവംബർ മുതൽ ഫെബ്രുവരിവരെ ശൈത്യകാലത്ത് പാലം സന്ദർശിക്കുകയായിരിക്കും ഏറ്റവും ആസ്വാദ്യകരം. ഈ മാസങ്ങളിൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസാണെന്നത് യാത്രക്കാർക്കു കൂടുതൽ സൗകര്യപ്രദമാണ്.
സെബി മാത്യു