സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി ഷൂട്ടിംഗ് തുടങ്ങുന്നതു മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതു വരെ എല്ലാം കൂടെ നിന്നു ചെയ്യും... മഹേഷും മാരുതിയും സിനിമയുടെ നിർമാതാവും നടനുമായ മണിയൻപിള്ള രാജു പറയുന്നു.
കഥ ഇഷ്ടമായെങ്കില്‍ മാത്രമേ സിനിമ നിര്മിക്കുകയുള്ളുവെന്നും കമിറ്റ്മെന്റിന്റെ പേരിൽ ആരുമായും പടം ചെയ്യില്ലെന്നും മണിയന്‍പിള്ള രാജു. ആസിഫ് അലിയും മംമ്തയും പിന്നെ, ഒരു മാരുതിയും കഥാപാത്രങ്ങളായ ‘മഹേഷും മാരുതിയു’മാണ് അദ്ദേഹം നിര്‍മിച്ച പുതിയ സിനിമ. ചിത്രത്തില്‍ ആസിഫിന്റെ അച്ഛന്വേഷത്തിലെത്തുന്നതും മണിയന്‍പിള്ള രാജുവാണ്.
‘എത്ര വലിയ ആളാണെങ്കിലും സബ്ജക്ട് ഇഷ്ടമായില്ലെങ്കില്‍ തുറന്നുപറയും. ബിസിനസിനെ സൗഹൃദവുമായി ബന്ധപ്പെടുത്താറില്ല. 50 കോടിയുടെ തമിഴ് പടം ചെയ്യാം എന്നൊക്കെ പറഞ്ഞു സുഹൃത്തുക്കള്‍ വരാറുണ്ട്. അതിലൊന്നും കാര്യമില്ല. ചിലപ്പോള്‍ പുതിയ പിള്ളേരാവും പുതിയ ആശയങ്ങളുമായി വന്ന് ചെറിയ ബജറ്റില്‍ തീരുന്ന പടം ചെയ്യുന്നത്. കഥയാണു ഹീറോ’- മണിയന്‍പിള്ള രാജു പറഞ്ഞു.
മഹേഷും മാരുതിയും
സച്ചി-സേതു ചോക്ലേറ്റ് എഴുതിയ കാലത്തുതന്നെ ഞാന്‍ അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തിരുന്നു. അതു നടക്കാതെ പോയി. സച്ചി ഡയറക്ടറായി. സേതു തനിയെ ഒരു പടം ചെയ്തു. ഒരിക്കല്‍ സേതു എന്നോട് ഒരു സബ്ജക്ട് പറഞ്ഞു. കേട്ടപ്പോള്‍ വളരെ രസകരമെന്നു തോന്നി. ആരും പറയാത്ത, പുതുമയുള്ള കഥ. തിയറ്ററില്‍ കാണാനുള്ള ഒരു സംഭവം അതിലുണ്ടെന്നു തോന്നി. അങ്ങനെയാണ് മഹേഷും മാരുതിയും നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2020ല്‍ തുടങ്ങാനിരുന്ന പടമാണ്. അപ്പോഴേക്കും കോവിഡ് തുടങ്ങി.
ആസിഫ് അലിയാണു മഹേഷിന്റെ റോളിൽ. ആസിഫിനെപ്പോലെ ഒരു നടനെ ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു. കെട്ട്യോളാണ് എന്റെ മാലാഖയ്ക്കു ശേഷം ആസിഫിന്റെ മികച്ച പെര്‍ഫോമന്‍സാണ് ഇതിൽ. അടുത്തിടെയായി സബ്ജക്ട് തെരഞ്ഞെടുക്കുന്നതില്‍ ആസിഫ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഗൗരിയായി കല്യാണിയെയാണ് ആദ്യം പരിഗണിച്ചത്. പക്ഷേ, തമിഴ് പടത്തിന്റെ തിരക്കില്‍ ഡേറ്റ് വൈകുമെന്നായതോടെ മംമ്തയിലേക്ക് എത്തി. ആസിഫും മംമ്തയും തമ്മില്‍ നല്ലൊരു കെമിസ്ട്രിയുമുണ്ട്. ഡല്‍ഹിയില്‍ നിന്നു നാട്ടിലെത്തുന്ന ബോള്‍ഡായ പെണ്‍കുട്ടിയാണ് ഗൗരി. പരിഷ്കാരിയുടേതായ ലുക്കും പെര്‍ഫോമന്‍സും വേണം. ആ വേഷത്തിനു മംമ്ത കൃത്യമായിരുന്നു.
മഹേഷിന്റെ പാഷനാണ് കാര്‍. കാറില്ലാത്ത ഒരു തുരുത്തിലേക്ക് അവന്റെ അച്ഛന് ഒരു മാരുതി കാര്‍ വാങ്ങിക്കൊണ്ടുവരുന്നു. വില്ക്കാന് സമ്മതിക്കാതെ മഹേഷ് അതു കൊണ്ടുനടക്കുകയാണ്. പ്രേമത്തിനുപോലും രണ്ടാം സ്ഥാനമേ നല്‍കുന്നുള്ളൂ. ഈ കാറുമായി ബന്ധമുള്ള ഇമോഷനുകളും സെന്റിമെന്റ്സും ഫാമിലി പ്രശ്നങ്ങളുമൊക്കെയാണ് ഈ സിനിമ. കുടുംബപ്രേക്ഷകര്‍ക്കുള്ള ഫീല്‍ഗുഡ് പടവുമാണ്.
റോങ്നമ്പറില് തുടക്കം
ഞാനും പ്രിയനും ശ്രീനിവാസനും ശങ്കറും ചേര്‍ന്നു നിര്‍മിച്ചതാണ് ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍. അങ്ങനെ നിര്‍മാണരീതി പിടികിട്ടി. സ്വന്തമായൊരു പടം ചെയ്യണമെന്നു പറഞ്ഞതു പ്രിയദര്‍ശനാണ്. അങ്ങനെയാണു വെള്ളാനകളുടെ നാട് നിര്‍മിച്ചത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പതിനഞ്ചിനടുത്തു പടങ്ങള്‍ ചെയ്തു.
ഞാന്‍ അടിസ്ഥാനപരമായി നടനാണ്. സിനിമയില്‍ വന്നിട്ടു നാല്പത്തിയെട്ടു വര്‍ഷമായില്ലേ. പ്രേക്ഷകരുടെ പള്‍സും ടേസ്റ്റും അറിയാം. കഴിഞ്ഞ വര്‍ഷത്തെ ട്രെന്‍ഡ് ആയിരിക്കില്ല ഇപ്പോൾ. ഓരോ പടത്തിന്റെയും കളക്ഷന്‍, ഓടിയതിനു പിന്നിലെ രഹസ്യം, അല്ലെങ്കില്‍ എന്തുകൊണ്ട് ഓടിയില്ല...എല്ലാം ഞാന്‍ പഠിക്കും. നമ്മള് എപ്പോഴും അപ്ഗ്രേഡ് ചെയ്യണം. അപ്പോഴേ അപ് റ്റു ഡേറ്റ് ആവുകയുള്ളൂ.
സിനിമയെടുത്തില്ലെങ്കിലും നിസാര കാര്യങ്ങള്‍ക്കുപോലും ടെന്‍ഷനുള്ള ആളാണു ഞാന്‍. പക്ഷേ, ദേഷ്യമൊക്കെ ഒരു മിനിറ്റില്‍ തീരും. സിനിമാനിര്‍മാണം എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി ഷൂട്ടിംഗ് തുടങ്ങുന്നതു മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതു വരെ എല്ലാം കൂടെനിന്നു ചെയ്യും. സിനിമയും ഭാഗ്യമാണ്. പക്ഷേ, ഭാഗ്യത്തിനുവേണ്ടി കാത്തിരുന്നാല്‍ അത് തേടിവരില്ല. പല വഴികളിലൂടെ കഠിനാധ്വാനം ചെയ്യണം.
സെക്കന്‍ഡ് പാര്‍ട്ട്
ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍, വെള്ളാനകളുടെ നാട്, എയ് ഓട്ടോ, ഛോട്ടാ മുംബൈ, ഒരുനാള്‍വരും എന്നിങ്ങനെ മോഹന്‍ലാലിനെ നായകനാക്കി അഞ്ച് സിനിമകള്‍ നിര്‍മിച്ചു. ഛോട്ടാ മുംബൈയ്ക്കും വെളളാനകളുടെ നാടിനും രണ്ടാം ഭാഗം എന്ന രീതിയിലുള്ള വാര്‍ത്തകളിൽ വാസ്തവമില്ല. ഇപ്പോള്‍ പുതിയ സബ്ജക്ടുകളും പുതുമയുള്ള പടങ്ങളുമൊക്കെയാണ് ഓടുന്നത്.
ആറാം തമ്പുരാൻ സൂപ്പര്‍ഹിറ്റാണല്ലോ. എന്തിനാണ് അതിനു രണ്ടാം ഭാഗം കൊണ്ടുവരുന്നത്. അതൊരു ക്ലാസിക് ഹിറ്റായി അവിടെ നില്ക്കട്ടെ. സെക്കന്‍ഡ് പാര്‍ട്ടുകളോട് എനിക്കു താത്പര്യമില്ല. മറ്റൊരു ലൊക്കേഷന്‍, മറ്റൊരു മൂഡ്...എനിക്ക് അടുത്ത ഒരു കഥയിലാണു താത്പര്യം.
ഒടിടി
മുമ്പു സിനിമ കാണാന്‍ ജനം തിയറ്ററില്‍ വരുമായിരുന്നു. തിയറ്ററില്‍ കാണാനായില്ലെങ്കില്‍ ഒടിടിയില്‍ കാണാനാകുമെന്ന് ഇന്ന് അവര്‍ക്കറിയാം. നമ്മള് ഗുരുവായൂരിൽ പോയി തൊഴുന്നു. വീട്ടില്‍ ഗുരുവായൂരപ്പന്റെ പടം മുറിക്കുള്ളില്‍ വച്ചും തൊഴാം. രണ്ടും രണ്ടു ഫീല്‍ അല്ലേ. ഒടിടി വന്നാലും സിനിമ അങ്ങനെ തന്നെ നില്ക്കും. പക്ഷേ, വലിയൊരു വിഭാഗം അതിലേക്കു പോയിട്ടുണ്ട്.
തിയറ്ററില്‍ ഭക്ഷണം കൊണ്ടുപോകാന്പാടില്ല, അവിടെനിന്നു പോപ്കോണ്‍ വാങ്ങണം എന്നൊക്കെ നിബന്ധനകള്‍ വരുമ്പോള്‍ ആളുകള്‍ വീട്ടിലിരുന്നു പടം കണ്ടെന്നിരിക്കും. സ്റ്റാറുകളുടെ പടം മാത്രമേ ഒടിടിക്കാര്‍ വാങ്ങുകയുള്ളൂ. പ്രൊഡ്യൂസേഴ്സിന് അങ്ങനെയും ഗുണമില്ല.
രാഷ്ട്രീയവും സിനിമയും
ഞാനെടുക്കുന്ന സിനിമ കണ്ട് കേരളത്തിലെ ജനം നല്ലവരാവണം, അവര്‍ പുതിയ രീതിയില്‍ ചിന്തിക്കണം എന്നൊന്നും ഞാന്‍ പറയില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ രാഷ്്ട്രീയ കാഴ്ചപ്പാടുണ്ട്. രാഷ്്ട്രീയചിത്രങ്ങള് നിർമിക്കാൻ ഒട്ടും താത്പര്യമില്ല.
കോമഡിക്ക് ഒരു ഡയലോഗ് പറയാന്‍ പറ്റില്ല. കാസ്റ്റ് പറയാന്‍ പറ്റില്ല. തടി കൂടിയെന്നോ മെലിഞ്ഞുപോയെന്നോ പറയാന്‍ പാടില്ല. ഒരാളുടെ കുറ്റങ്ങളും കുറവുകളുമൊന്നും വിളിച്ചുപറയാന്‍ പാടില്ല... നൂറുനൂറു നിയമങ്ങള്ക്കിടയില്നിന്നാണ് ഒരു സിനിമയുണ്ടാക്കുന്നത്. സെന്‍സര്‍ഷിപ്പ് നിയമങ്ങളില്‍ പലതും മാറ്റേണ്ടതുണ്ട്.
ഡ്രീം പ്രോജക്ട് മനസിലുണ്ട്. ചുറ്റുപാടുകള്‍ ഒത്തുവന്നാല്‍ നിര്‍മിക്കാന്‍ തയാറാണ്. പക്ഷേ, ആ സബ്ജക്ടില്‍ എനിക്കു വിശ്വാസം വരണം. എനിക്കതു മാനേജ് ചെയ്യാനാകുമോ എന്നും നോക്കും. നടനായി ഇത്രയും നാൾ പിടിച്ചുനിന്നില്ലേ. ന്യൂ ജനറേഷന്റെ അച്ഛൻ, അപ്പൂപ്പൻ, അമ്മാവൻ വേഷങ്ങളിലേക്കു വിളിച്ചാൽ സന്തോഷം - മണിയന്‍പിള്ള രാജു പറഞ്ഞു.
ടി.ജി. ബൈജുനാഥ്