നീരജ - ഒറ്റയ്ക്കാകുന്ന സ്ത്രീകളിൽ ഒരാൾ
Sunday, May 21, 2023 2:30 AM IST
മധുരത്തിനുശേഷം ശ്രുതി രാമചന്ദ്രന് നായികയായ നീരജ തിയറ്ററുകളിലേക്ക്. ജീവിതപങ്കാളിയെ നഷ്ടമായ സ്ത്രീയുടെയും പുരുഷന്റെയും വൈകാരിക ആഘാതം ഒരുപോലെയാണെങ്കിലും സമൂഹം അവരിൽ ഏൽപ്പിക്കുന്ന മുറിവുകള്‍ തികച്ചും വ്യത്യസ്തമാണെന്നു സിനിമ പറയുന്നു. നതിചരമി എന്ന കന്നഡ സിനിമയുടെ റീമേക്കാണിത്.
‘ആണിനും പെണ്ണിനും വൈകാരികവും ഭൗതികവുമായ ആവശ്യങ്ങളുണ്ട്. പക്ഷേ, ഒരു പെണ്ണ് അതേക്കുറിച്ചു സംസാരിക്കുമ്പോഴുളള സമൂഹത്തിന്റെ പ്രതികരണത്തെപ്പറ്റിയാണു നീരജ. അത്രമേല്‍ ശക്തമായ കഥാപാത്രം. എക്കാലവും നമ്മള് ചര്‍ച്ച ചെയ്യേണ്ട വിഷയം'- ശ്രുതി പറഞ്ഞു.
അവരും നീരജയും തമ്മില്‍
നീരജയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പോസിറ്റീവായോ നെഗറ്റീവായോ സ്വാധീനിക്കുന്ന കുറെ കഥാപാത്രങ്ങളുണ്ട്. ജിനു ജോസഫിന്റെ കഥാപാത്രം അരുൺ, നീരജയുടെ ജീവിതത്തെ കുറച്ചധികം സ്വാധീനിക്കുന്നുണ്ട്. ഗോവിന്ദ് പത്മസൂര്യയാണ് നീരജയുടെ ഭര്‍ത്താവ് അലക്സിന്റെ വേഷത്തിൽ. ജിനുവിന്റെ ഭാര്യവേഷമാണ് ശ്രിന്ദയുടേത്. നീരജയില്നിന്നു തീർത്തും വ്യത്യസ്തമായ കഥാപാത്രം.
പാതി സീനില്‍ വരുന്ന അഭിനേതാക്കൾപോലും പ്രാധാന്യമുള്ളവരാണ്. അവരില്ലാതെ ഈ കഥ പറയാനാവില്ല. ഒരു പാട്ടില്‍ മാത്രമേ ഗോവിന്ദ് പത്മസൂര്യ വരുന്നുള്ളൂ. കലേഷിന്റെ കഥാപാത്രം അനുമോഹന്‍ വരുന്നത് നീരജയുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവിലാണ്. അഭിജ ശിവകലയും ചിത്രത്തിലുണ്ട്. രഘുനാഥ് പലേരിയാണ് അലക്സിന്റെ അച്ഛനായി വേഷമിടുന്നത്.
ഗുരു സോമസുന്ദരത്തിനു സൈക്യാട്രിസ്റ്റിന്റെ വേഷമാണ്. കുറച്ചു നാളുകള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ ആക്ടിംഗ് വര്‍ക്ഷോപ്പില്‍ പങ്കെടുത്തിരുന്നു. കൊടുക്കല്‍ വാങ്ങലുകളാണല്ലോ അഭിനയം. എതിരേ നില്ക്കുന്ന ആർട്ടിസ്റ്റുമായി ഒരു രസതന്ത്രം രൂപപ്പെടണം. ഞങ്ങളിൽനിന്ന് അനുയോജ്യമായ ഇന്‍പുട്സ് ഉണ്ടായതോടെ അതു നല്ല അനുഭവമായി.
അന്വേഷണത്തിനും മേലേ
ഇതിനുമുന്നേ ചെയ്ത അന്വേഷണം സിനിമയിൽ കഥാപാത്രത്തിന്റെ ഇമോഷണല്‍ ഗ്രാഫ് ഇത്രയും വരില്ല. വൈകാരികമായി ഏറെ കയറ്റിറക്കങ്ങളുള്ള നീരജയെ അവതരിപ്പിക്കുക കുറേക്കൂടി ക്ലേശകരമായിരുന്നു. കുറേ സ്ത്രീകളുമായി സംസാരിച്ചാണ് സംവിധായകന് രാജേഷ് കെ.രാമന് സിനിമയൊരുക്കിയത്. പങ്കാളിയെ നഷ്ടമായവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഞാനും കാണുന്നുണ്ട്.
കന്നട സിനിമ കണ്ട ശേഷമല്ല നീരജ ചെയ്തത്. അതു മനസിലിരുന്ന് ഇത് അത്രയും നന്നായോ എന്ന താരതമ്യത്തിനു മുതിരേണ്ടെന്നു കരുതി. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ - അതു വിധവയാവാം, അവിവാഹിതയാവാം, വിവാഹമോചിതയാവാം. അവരുടെ ജീവിതത്തില്‍ സമൂഹത്തിന്റെ ഇടപെടല്‍ മുന്നേയുണ്ട്. ഈ സിനിമയിലൂടെ അതു മാറും എന്നൊന്നും കരുതുന്നില്ല. പക്ഷേ, ഒന്നു ചിന്തിപ്പിക്കാനുള്ള ശ്രമമാണ്.
അഭിനയം, ഡബ്ബിംഗ്, എഴുത്ത്
എന്റെ കഥാപാത്രം മോശമായ കാര്യങ്ങള്‍ പറയുന്നതോ ചെയ്യുന്നതോ ആണെങ്കിലും എനിക്കു പ്രശ്നമില്ല. കഥാപാത്രത്തെ ഞാന്‍ ജഡ്ജ് ചെയ്യില്ല. പക്ഷേ, ആ സിനിമയുടെ സന്ദേശം അതാണെങ്കില്‍ ആ സിനിമ ചെയ്യില്ല. സിനിമ ശക്തമായ മാധ്യമമാണ്. അതു നല്കുന്ന സന്ദേശം പ്രാധാന്യമുള്ളതാണ്.
സുരേഷ് ഗോപിക്കൊപ്പം ജെഎസ്കെ എന്ന സിനിമ ചെയ്തു. അതിലെ മൂന്നു പ്രധാന കഥാപാത്രങ്ങളിലൊരാള്‍. മറ്റൊന്ന്, വിഷ്ണു നാരായണന് സംവിധാനം ചെയ്ത ബിജു മേനോനൊപ്പമുള്ള സിനിമ. ജെയ്കെ സംവിധാനം ചെയ്ത സുരാജും കുഞ്ചാക്കോ ബോബനുമുള്ള സിനിമയില്‍ നായികയാണ്. അരുണ്‍ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിന് ഗോപുരങ്ങളില്‍ ഇന്ദ്രജിത്തിന്റെ നായിക. വിദ്യാസാഗര്‍ വീണ്ടും മലയാളത്തിലെത്തുന്ന സിനിമ. സര്‍ജാനോ, വിന്‍സി അലോഷ്യസ് എന്നിവരാണു മറ്റു വേഷങ്ങളില്‍. കമലയ്ക്കു ശേഷം ചില സിനിമകളില്‍ കൂടി ഡബ്ബ് ചെയ്തു.
ഭര്‍ത്താവ് ഫ്രാന്‍സിസുമൊത്ത് എഴുതിയ തെലുങ്കുസിനിമയുടെ ചിത്രീകരണം തുടരുന്നു. മലയാളത്തില്‍ ഞങ്ങള്‍ രണ്ടു സിനിമ എഴുതുന്നുണ്ട്. അഭിനയവുമുള്ളതിനാല് എനിക്കുകൂടി താത്പര്യമുള്ള സിനിമകളാണ് ഒന്നിച്ച് എഴുതാറുള്ളത് - ശ്രുതി പറഞ്ഞു.