ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
Sunday, September 17, 2023 2:32 AM IST
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വസ്ത്രാലങ്കാരത്തിന് ഓസ്കർ ലഭിച്ചത്.
എന്നാൽ, 1958ൽ ആദ്യമായി ഒരു ബോളിവുഡ് ചലച്ചിത്രം മികച്ച അന്തർദേശീയ ചിത്രം എന്ന നിലയിൽ ഓസ്കർ നോമിനേഷൻ നേടിയിരുന്നു. മെഹബൂബ് ഖാന്റെ "മദർ ഇന്ത്യ’ എന്ന ടെക്നികളർ മെലോഡ്രാമ മറ്റു പല കാരണങ്ങളാലും ഇന്ത്യൻ സിനിമാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വൻ സാന്പത്തിക വിജയത്തിനപ്പുറം ഒരു യുഗസംക്രമത്തെ നാടകീയമായും പ്രതീകാത്മകമായും അടയാളപ്പെടുത്തുന്ന "മദർ ഇന്ത്യ’ പല കാരണങ്ങളാൽ ചലച്ചിത്ര ചർച്ചകളിൽ ഇന്നും ഇടം പിടിക്കുന്നു.
ഭാരത് മാതാ കീ ജയ്
സാറ്റലൈറ്റ് യുഗം എത്തുംവരെ തിയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്ന ഈ ചിത്രം എങ്ങനെയാണ് ചരിത്രത്തിലിടം നേടിയത്? ഇംഗ്ലീഷ് ശീർഷകം പേറുന്ന ഈ ഹിന്ദി ചിത്രം ഇന്ത്യൻ സ്വാതന്ത്ര്യസമര കാല സ്മരണകൾ ഉണർത്തുന്നു. ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ആനന്ദമഠം (1882) എന്ന നോവലിൽനിന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര മുദ്രാവാക്യമായി കടന്നുവന്ന "ഭാരത് മാതാ കീ ജയ്’ ആണ് ഇതിന്റെ ഉറവിടം.
ഭാരത് മാതായെ "മദർ ഇന്ത്യ’ ആക്കിയതു വഴി സംവിധായകൻ 1927ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുന്പിരി കൊണ്ടുവരുന്പോൾ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പുസ്തകം ഉയർത്തിയ ചില ദേശീയ സ്വത്വപ്രശ്നങ്ങൾക്കു മറുപടി പറയുകയായിരുന്നു.
മേയോയുടെ മഞ്ഞക്കണ്ണട
1927ൽ കാതറൈൻ മേയോ എന്ന അമേരിക്കൻ ചരിത്രകാരി ഇന്ത്യ സന്ദർശിച്ചു. ഗാന്ധിയടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കളെ കണ്ടു. അഞ്ചു മാസം ചുറ്റിസഞ്ചരിച്ച് ഇന്ത്യയിലെ പല പ്രദേശങ്ങളിലുമുള്ള നാനാവിഭാഗത്തിൽപ്പെട്ട മനുഷ്യരുമായി ഇടപെടുകയും ചെയ്ത മേയോ നാട്ടിൽ തിരികെ ചെന്നു "മദർ ഇന്ത്യ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം "ഭാരത് മാതാ’ എന്ന പദമുൾക്കൊള്ളുന്ന വൈകാരികവും സാംസ്കാരികവുമായ ധ്വനികളെ ശരിക്കും അപനിർമിച്ചു എന്നു പറയണം.
അമേരിക്കൻ വെള്ളക്കാരിയുടെ വംശീയ ധാർഷ്ട്യവും വർണ-മത മുൻവിധികളും തുറന്നുപ്രകടിപ്പിച്ചിരുന്ന മേയോ ഇന്ത്യൻ ജീവിതത്തിന്റെ ഇരുണ്ട മേഖലകളെ ആവശ്യത്തിലേറെ പ്രാധാന്യത്തോടെ പെരുപ്പിച്ചു കാട്ടിയതു കടുത്ത വിമർശനം ക്ഷണിച്ചുവരുത്തി.
രോഷംകൊണ്ട ഗാന്ധി
ആനി ബസന്റും ഗാന്ധിയും മാത്രമല്ല അമേരിക്കയിലും ബ്രിട്ടനിലും പലരും മേയോയുടെ പുസ്തകത്തെ വെറുതെവിട്ടില്ല. ഇന്ത്യയിലെ നീചമായ ജീവിതാവസ്ഥകൾ, ദാരിദ്ര്യം, പരന്പരാഗതമായ ദുരാചാരങ്ങൾ, ബാലവിവാഹമടക്കം സ്ത്രീകൾ നേരിടുന്ന ചൂഷണം, ആകമാനമായ വൃത്തിഹീനത - ഇതൊക്കെയായിരുന്നു പുസ്തകം വിസ്തരിച്ചു പറഞ്ഞത്.
"മാലിന്യനിർഗമന ദ്വാരങ്ങൾ മാത്രം പരിശോധിക്കാനയയ്ക്കപ്പെട്ട ഒരു മാലിന്യ പരിശോധകന്റെ റിപ്പോർട്ട്’ എന്നാണ് ഗാന്ധിജി പുസ്തകത്തെ വിലയിരുത്തിയത്. വിരോധാഭാസമെന്നു പറയണം മേയോ മദാമ്മയുടെ പുസ്തകം ഉണർത്തിയ പ്രതിഷേധജ്വാലകൾ സ്വാതന്ത്ര്യസമര സേനാനികൾക്കു കൂടുതൽ വീര്യം പകർന്നു.
മദർ ഇന്ത്യ പറഞ്ഞത്
സ്വാതന്ത്ര്യാനന്തരവും ദേശീയ ബോധത്തിലുയർന്നുനിന്ന അഭിമാനബോധവും പുരോഗമനത്വരയും പരിവർത്തനാഭിമുഖ്യവുമൊക്കെ കെടാതെനിന്നു. നെഹ്റുവിന്റെ ഇന്ത്യ ഫ്യൂഡൽ മൂല്യങ്ങളെ തിരസ്കരിച്ചും ഗ്രാമീണ മേഖലയിൽ ആധുനികതയെ വരവേറ്റും മുന്നേറാൻ തുടങ്ങി. ഹരിതവിപ്ലവം അതിന്റെ മുഖ്യഭാഗമാണ്.
ഈയൊരു യുഗസംക്രമത്തിന്റെ അടയാളപ്പെടുത്തലാണ് മദർ ഇന്ത്യ നിർവഹിച്ചത്. 1930കളിൽ ബോളിവുഡിൽ വന്നെത്തിയ മെഹബൂബ് ഖാൻ താൻ നിർമിച്ച ’ഔരത്’ (1940) എന്ന ചിത്രത്തിന്റെ കഥാതന്തു പ്രമേയപരമായി വിപുലീകരിച്ചും കഥയിൽ ചില മാറ്റങ്ങൾ വരുത്തിയും ഇതിഹാസഭാവം ചാർത്തി ’മദർ ഇന്ത്യ’യാക്കി തിയറ്ററുകളിലെത്തിച്ചു. പിന്നീടുള്ള കാലത്ത് ബോളിവുഡ് സിനിമയുടെ സമവാക്യങ്ങളെ നിർണായകമായി അതു സ്വാധീനിക്കുകയും ചെയ്തു. ’എല്ലാ ഇന്ത്യൻ സിനിമയും മദർ ഇന്ത്യയിൽനിന്നാണു വരുന്നത്’ എന്നു സുവേദ് അക്തർ പ്രസ്താവിക്കാൻ കാരണമിതാണ്.
ഇതു രാധയുടെ വീരഗാഥ
തന്റെ ഗ്രാമത്തിൽ പുതുതായി നിർമിച്ച ജലസേചന കനാലിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തുന്ന ’രാധ’ എന്ന വയോധികയായ അമ്മയ്ക്കു നാട്ടുകാർ കൊടുക്കുന്ന സ്വീകരണത്തോടെയാണ് കഥ തുടങ്ങുന്നത്. രാധ എന്ന മുഖ്യ കഥാപാത്രത്തിന്റെ പ്രതീക സ്വഭാവത്തിലാണ് കഥയുടെ പ്രമേയം ഉറപ്പിച്ചിരിക്കുന്നത്.
1960 കളിലെ സൂപ്പർ താരങ്ങളായ നർഗീസ്, സുനിൽ ദത്ത്, രാജേന്ദ്രകുമാർ, രാജ്കുമാർ എന്നിവരും കനയ്യാലാലും ചഞ്ചലും മുഖ്യവേഷങ്ങളിൽ വരുന്നു. ഹിന്ദി സിനിമയുടെ അവിഭാജ്യഘടകമായ നൃത്തങ്ങളും പാട്ടുകളും ഇതിനെയും സന്പന്നമാക്കുന്നു. മൂന്നു മണിക്കൂറോളമുള്ള ചിത്രത്തിന്റെ 40 മിനിറ്റുകൾ 12 ഗാനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു.
പിന്നണി ഗാനരംഗത്തെ ആചാര്യനായ നൗഷാദാണ് സംഗീതസംവിധാനം. ഹിന്ദുസ്ഥാനി സംഗീതത്തിനൊപ്പം പാശ്ചാത്യ ക്ലാസിക്കൽ സംഗീതവും മേന്പൊടിക്ക് ചേർത്തിട്ടുണ്ട്. പിന്നണി പാടിയവരെല്ലാം ഈ രംഗത്തെ സൂപ്പർ താരങ്ങൾ, മങ്കേഷ്കർ സഹോദരിമാർ, ഷംഷദ്ബീഗം, മുഹമ്മദ് റാഫി, മന്നാഡേ എന്നിവർ.
ജിജി ജോസഫ് കൂട്ടുമ്മേൽ