ജോഷി മാസില്‍ ആക്ഷന്‍ ആന്റണി!
Sunday, December 3, 2023 2:28 AM IST
ജോജു ജോര്‍ജ് നായകനായ ജോഷി സിനിമ ആന്റണിയുടെ മേക്കിംഗ് വിശേഷങ്ങളുമായി തിരക്കഥാകൃത്ത് രാജേഷ് വര്‍മ.
ജോജു ജോര്‍ജും കല്യാണി പ്രിയദര്‍ശനും മുഖ്യവേഷങ്ങളിലെത്തുന്ന ജോഷി സിനിമ ആന്റണി തിയറ്ററുകളില്‍. ചിത്രം മാസ് ആക്ഷന്‍ ഫാമിലി ഇമോഷണല്‍ ത്രില്ലറാണ്. 'ഇത് ആന്റണിയുടെയും ആൻ മരിയയുടെയും കഥയാണ്. ആന്റണിക്കു മാത്രമായി ഇതില്‍ നിലനില്‍പ്പില്ല. ഈ കഥയ്ക്കു കാരണം തന്നെ ആൻ മരിയയാണ്. അവളുടെ ജീവിതത്തിലേക്കു വരുന്ന ക്രിമിനലും കൊലപാതകിയുമായ മനുഷ്യനാണ് ആന്റണി. അവര്‍ തമ്മിലുള്ള ബന്ധമാണ് ഈ സിനിമയുടെ എഗ്സൈറ്റിംഗ് ഫാക്ടര്‍ '- തിരക്കഥാകൃത്ത് രാജേഷ് വര്‍മ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
യഥാര്‍ഥ സംഭവം
സിനിമയിലെത്തുംമുമ്പ് ലൈഫ് സ്റ്റൈല്‍ ജേർണലിസ്റ്റായിരുന്നു. ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് ഇറങ്ങി. സ്വതന്ത്ര തിരക്കഥാകൃത്തായതു ജീത്തുജോസഫ് സിനിമ ലൈഫ് ഓഫ് ജോസൂട്ടിയില്‍. തുടര്‍ന്ന് ഉപചാരപൂര്‍വം ഗുണ്ടാജയനു തിരക്കഥ, സംഭാഷണമൊരുക്കി. യഥാര്‍ഥ സംഭവത്തില്‍നിന്നു രൂപപ്പെടുത്തിയ കഥയാണ് ആന്റണിയുടേത്.
ഒരു ക്രിമിനലും പെണ്‍കുട്ടിയും തമ്മിലുള്ള കലഹത്തില്‍ തുടങ്ങുന്ന ബന്ധവും അച്ഛന്-മകള്‍ ബന്ധത്തിലേക്കുള്ള അതിന്റെ വളര്‍ച്ചയും അതിലുണ്ടാകുന്ന വെല്ലുവിളികളും അതിനെ നേരിടുന്നതുമാണ് സിനിമ. സുഹൃത്തായ എബ്രിഡ് ഷൈനോടാണ് ഈ കഥ ആദ്യം പറഞ്ഞത്. ജോഷിക്കു പറ്റിയ കഥയെന്നു പറഞ്ഞ എബ്രിഡ് അദ്ദേഹത്തോടു കഥപറയാന്‍ അവസരമൊരുക്കി. കഥ കേട്ടയുടന്‍ ജോഷി സാര്‍ ഓകെ പറഞ്ഞു.
ആന്റണി ആന്ത്രപ്പേര്
ഗ്യാങ്സ്റ്ററാണ് ആന്റണി ആന്ത്രപ്പേര് എന്ന ആന്റണി. പണക്കാരനായ ഒരു ക്രിമിനല്‍. കുട്ടിക്കാലത്തു തന്നെ ഫാമിലിയെ നഷ്ടമായതിന്റെ പ്രതികാരമായി പതിനെട്ടു വയസിനകം രണ്ടുപേരെ കൊന്നു ജയിലില്‍ പോയി എന്ന ഫ്ളാഷ്ബാക്കും. ആന്റണിയാകുന്നതു ജോജു ജോര്‍ജ്. അപാര സ്ക്രീന്‍ പ്രസന്‍സും കഴിവുകളും ഏറെ കാലിബറുമുള്ള ഒരാക്ടറാണ് ജോജു. ഇരട്ടയില്‍ രണ്ടു വേഷങ്ങള്‍ അത്രമേല്‍ വ്യത്യസ്തമായി കൈകാര്യം ചെയ്തതു നമ്മള് കണ്ടതാണ്. ജോഷി സാറിന് ഏറെ ഇഷ്ടമുള്ള നടന്മാരില് ഒരാള്‍.
ജോഷി സ്റ്റൈൽ
ഈ സിനിമ അനൗണ്‍സ് ചെയ്യുന്നതിന് ഏഴു മാസം മുമ്പാണ് ഞാന്‍ ജോഷി സാറിന്റെയടുത്ത് എത്തിയത്. ഒപ്പം വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടാണ്. റൈറ്റേഴ്സിനു സ്പേസ് തരുന്ന സംവിധായകന്. ചില ഭാഗങ്ങള്‍ വേണ്ടെന്നു പറയുമ്പോള്‍ അതു മാറ്റിയെഴുതി, അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കനുസരിച്ചു വര്‍ക്ക് ചെയ്യുക എന്നെ സംബന്ധിച്ചു ലേണിംഗ് ആയിരുന്നു. പേന എടുക്കുന്നില്ലെന്നേയുള്ളൂ. അദ്ദേഹത്തിന്റെയുള്ളില്‍ ഒരു റൈറ്ററുണ്ട്. സജഷൻസ് കേള്‍ക്കുമ്പോള്‍ അതു മനസിലാകും. ഇത്രയും വര്‍ഷത്തെ അനുഭവങ്ങളില്നിന്നാകുമല്ലോ അദ്ദേഹം അതൊക്കെ പറഞ്ഞിട്ടുണ്ടാവുക.
മേക്കിംഗില്‍ അദ്ദേഹത്തിന്റേതായ ഒരു സ്വതന്ത്ര പ്രവര്‍ത്തനമുണ്ട്. ഒരു ക്രിയേറ്റീവ് വര്‍ക്കുണ്ട്. ഡയലോഗ് മാറ്റല്‍ എന്ന രീതിയിലല്ല അത്. എഴുതിയപ്പോള്‍ നമ്മള് കണ്ട കാഴ്ച ആയിരിക്കില്ല അദ്ദേഹം മേക്ക് ചെയ്തുവരുമ്പോള്‍. അതിനേക്കാള്‍ വലുതും മനോഹരവുമായ ഒരു കാഴ്ചയായി അതു മാറും. മാസിനും ആക്ഷനും പ്രാധാന്യം കൊടുക്കുന്നതിനൊപ്പം അവയെ സപ്പോര്‍ട്ട് ചെയ്യുന്ന ഇമോഷന് അതിലേറെ പ്രാധാന്യം കൊടുക്കുന്നതാവാം ജോഷിസിനിമകളുടെ വിജയരഹസ്യം.
കല്യാണി
ആൻ മരിയയായി ഫസ്റ്റ് ചോയ്സ് കല്യാണി തന്നെയായിരുന്നു. ബോക്സിംഗ് ചാമ്പ്യനാണ് ആൻ മരിയ. ഏറെ ഡെഡിക്കേറ്റഡാണ് കല്യാണി. ഡയലോഗൊക്കെ കാണാതെ പഠിച്ചു തയാറെടുപ്പുകളോടെ മാത്രമേ ലൊക്കേഷനില്‍ വരാറുള്ളൂ. ബോക്സിംഗ് കൂടാതെ കല്യാണിയുടെ സ്റ്റണ്ട് സീനുകളുമുണ്ട്. കല്യാണിയുടെ ആദ്യ ജോഷി സിനിമയാണിത്. ആൻ മരിയയുടെ അമ്മയായി ആശാ ശരത്തും അച്ഛനായി ടിനി ടോമും സ്ക്രീനിൽ.
വിജയരാഘവന്, ചെമ്പന്‍
വിജയരാഘവന്റെ ആദ്യത്തെ അന്ധ കഥാപാത്രം ഇതിലാണ്. ആന്റണിയുടെ ഗോഡ്ഫാദര് അവറാന് മുതലാളിയുടെ വേഷം. അയാളുടെ പേരിലാണ് ആ നാട് അറിയപ്പെടുന്നത്, അവറാന് സിറ്റി. അയാളെ പരിചരിക്കാന്‍ വരുന്ന മായ എന്ന യുവതിയുടെ വേഷമാണ് നൈല ഉഷയ്ക്ക്. ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും സംഭവിക്കുന്ന കഥയാണിത്. ചെമ്പന്‍ വിനോദ്, അപ്പാനി ശരത് തുടങ്ങിയവരാണു മറ്റു പ്രധാന വേഷങ്ങളില്‍.
എഴുതുമ്പോള്‍
ഇതുവരെ ഒരു നടനെയും മനസില്‍ കണ്ട് സിനിമ എഴുതിയിട്ടില്ല. ഇതെഴുതുമ്പോള്‍ മനസില്‍ ആന്റണി മാത്രമായിരുന്നു. ആ കഥാപാത്രം മാത്രമേ നോക്കാറുള്ളൂ. പക്ഷേ, വിജയരാഘവന്റെ കഥാപാത്രം എഴുതിയപ്പോള്‍ അദ്ദേഹമായിരുന്നു മനസില്‍. ആക്ടറിനെ മനസില്‍ കണ്ട് എഴുതിയാല്‍ സംവിധായകന് എളുപ്പമാകുമെന്നാണ് ജോഷി സാർ പറയാറുള്ളത്. മാസ് അല്ലെങ്കില്‍ ആക്ഷന്‍ പടങ്ങള്‍, ഇമോഷനും മാസും ചേര്‍ന്ന പടങ്ങള്‍... കൂടുതലായി എഴുതണമെന്നാണ് എന്റെ ആഗ്രഹം.
ടി.ജി.ബൈജുനാഥ്