അപ്രതീക്ഷിത വേര്‍പാടെന്നു വിശേഷിപ്പിക്കാനാവില്ല അമ്പത്തഞ്ചുകാരനായ ഉസ്താദ് റാഷിദ് ഖാന്റെ മടക്കത്തെ. രോഗത്തോടു നീണ്ടകാലം പോരാടി, ഇനി നിന്റെ ഇഷ്ടം നടക്കട്ടെയെന്നു തലപ്പൊക്കമുള്ള പുഞ്ചിരിയോടെ മരണത്തെ ആശംസിച്ചെന്നവണ്ണം ഒരു പോക്ക്... കേള്‍ക്കുന്നവര്‍ക്കെല്ലാം ആത്മബന്ധം തോന്നുന്ന സ്വരമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത...
1986-87 കാലത്താണ്. കോല്‍ക്കത്തയില്‍ നന്നായി പാടുന്ന ഒരു പയ്യനുണ്ടെന്നറിഞ്ഞ പണ്ഡിറ്റ് ഭീംസെന്‍ ജോഷി അവനെ പൂനയിലേക്കു ക്ഷണിച്ചു. സവായ് ഗന്ധര്‍വ ഫെസ്റ്റിവലില്‍ പാടാനായിരുന്നു ക്ഷണം. അവന് കോല്‍ക്കത്തയില്‍നിന്നു തീവണ്ടിയില്‍ യാത്ര തിരിച്ചു.
കാറില്‍ പെട്രോള്‍ നിറയ്ക്കാന്‍ പൂനയിലെ ഡെക്കാണ് ജിംഖാന വരെ പോകാറുള്ള പണ്ഡിറ്റ് ജോഷി അന്ന് അല്പംകൂടി മുന്നോട്ടു റെയില്‍വേ സ്റ്റേഷന് വരെ പോയി ആ പയ്യനെ കാറില്‍ കയറ്റിക്കൊണ്ടുവന്നു. പതിനെട്ടുകാരനായ ആ പയ്യനെ അന്ന് അധികമാരും അറിയില്ല. പണ്ഡിറ്റ് ജോഷിയുടെ പ്രതീക്ഷപോലെ പില്ക്കാലത്ത് അവന് ഇന്ത്യന്‍ സംഗീതരംഗത്ത് ഏറെ അറിയപ്പെട്ടു- ഉസ്താദ് റാഷിദ് ഖാന്!
റാഷിദ് ഖാന്റെ പൂനയിലെ ആദ്യ കച്ചേരി പണ്ഡിറ്റ് ഭീംസെന്‍ ജോഷിയുടെ മകന് ശ്രീനിവാസ് ജോഷി ഓര്‍മിക്കുന്നതിങ്ങനെ: യൗവനത്തിലേക്കു കടക്കുന്ന തീര്‍ത്തും മെലിഞ്ഞൊരാള്‍. ഇത്രയും പൗരുഷമുള്ള, ശുദ്ധമായ സ്വരങ്ങള്‍ വരുന്നത് ആ ശരീരത്തില്നിന്നാണെന്നു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ ശുദ്ധമായ ചട്ടക്കൂടില്‍ ചേര്‍ന്നു നില്ക്കുന്ന അതിസുന്ദരമായ കലാവാസന അദ്ദേഹത്തിലുണ്ടായിരുന്നു. രാംപുര്‍ ഘരാനയുടെ പാരമ്പര്യപാതയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.
പണ്ഡിറ്റ് ഭീംസെന്‍ ജോഷിയോട് ഒരിക്കല്‍ ഒരഭിമുഖത്തില്‍ ചോദിച്ചു- ആര്‍ക്കാവും അങ്ങയുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും യോഗ്യത? ഉസ്താദ് റാഷിദ് ഖാന് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതോടെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതരംഗം റാഷിദ് ഖാനെ കൂടുതല്‍ ശ്രദ്ധിച്ചുകേട്ടുതുടങ്ങി. ഇന്ത്യന്‍ വായ്പ്പാട്ടിന്റെ ഭാവിക്കുള്ള ഉറപ്പ് എന്നാണ് പണ്ഡിറ്റ് ജോഷി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
സംഗീതജ്ഞന് ജനിക്കുന്നു
1968 ജൂലൈ ഒന്നിന് ഉത്തര്‍പ്രദേശിലെ ബദായുനിലാണ് റാഷിദ് ഖാന്റെ ജനനം. മഹത്തായ പാരമ്പര്യമുള്ള സംഗീതകുടുംബത്തില്‍ ജനിക്കുന്നതുകൊണ്ടു മാത്രം ആരും പാട്ടുകാരനാകണമെന്നില്ല. രാംപുര്‍-സഹസ്വാന് ഘരാനയുടെ സ്ഥാപകന്‍ ഇനായത് ഹുസൈന് ഖാന്, ഉസ്താദ് നിസാര്‍ ഹുസൈന് ഖാന്, ഉസ്താദ് ഗുലാം മുസ്തഫാ ഖാന്- റാഷിദ് ഖാന്റെ ബന്ധുബലം മഹാസംഗീതജ്ഞരുടെ പട്ടികയാല്‍ സമ്പന്നം.
എന്നിട്ടും ബാലനായ റാഷിദ് ഖാനു സംഗീതത്തില്‍ അല്പം താത്പര്യമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അമ്മാവന് ഗുലാം മുസ്തഫാ ഖാന് അവനിലെ കഴിവു കണ്ടെത്തി. ബോംബെയില്‍ അല്പകാലം അവനെ പരിശീലിപ്പിക്കുകയും ചെയ്തു. എന്നാല്‍, കര്‍ക്കശക്കാരനായ നിസാര്‍ ഹുസൈന് ഖാന്റെ കീഴിലെ പരിശീലനമാണ് റാഷിദ് ഖാന് എന്ന സംഗീതജ്ഞനെ രൂപപ്പെടുത്തിയത്.
പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങും ശബ്ദ പരിശീലനം. ഒരേ സ്വരംതന്നെ മണിക്കൂറുകള്‍ പരിശീലിക്കണം- മിക്കപ്പോഴും ദിവസം മുഴുവന്‍! ഈ കഷ്ടപ്പാടൊന്നും സഹിക്കാന്‍ അവനു മനസില്ലായിരുന്നു. അതുകൊണ്ടുതന്നെ സംഗീതം മനസിനു പിടിച്ചിരുന്നുമില്ല.
പതിനൊന്നാം വയസിലായിരുന്നു ആദ്യ കച്ചേരി. നിസാര്‍ ഹുസൈന് ഖാന് കോല്‍ക്കത്തയിലെ ഐടിസി സംഗീത് റിസര്‍ച്ച് അക്കാദമിയില്‍ ചേര്‍ന്നപ്പോള്‍ റാഷിദ് ഖാനും ഒപ്പംകൂടി. പ്രായമപ്പോള് പതിന്നാല്. അവിടെനിന്നങ്ങോട്ട് അദ്ദേഹത്തിലെ സംഗീതകാരന് വളര്‍ച്ചയുടെ ആരോഹണ സ്വരങ്ങള്‍ താണ്ടി. സംഗീതത്തിലെ ഓള് റൗണ്ടര്‍ എന്ന വിശേഷണവും നേടി.
ആമിര്‍ ഖാന്, ഭീംസെന്‍ ജോഷി എന്നിവരുടെ ശൈലികളോടു കൂടുതല്‍ ആഭിമുഖ്യമുണ്ടായിരുന്നു. വരികളുടെ അര്‍ഥത്തിനു കൂടുതല്‍ ഭാവം നല്‍കിക്കൊണ്ടുള്ള അല്പം വൈകാരികമായ ആലാപനം അദ്ദേഹം കൊണ്ടുവന്ന പുതുമയായിരുന്നു. മറ്റു സംഗീതവിഭാഗങ്ങളെ കൂട്ടിയിണക്കി പരീക്ഷണങ്ങള്‍ക്കും അദ്ദേഹം തയാറായി. സൂഫി ഫ്യൂഷന്‍, പാശ്ചാത്യ സംഗീത വിദഗ്ധനായ ലൂയിസ് ബാങ്ക്സുമൊത്തുള്ള പരീക്ഷണ സംഗീത പരിപാടികള്‍, സിത്താറിസ്റ്റും സുഹൃത്തുമായ ഷാഹിദ് പര്വേശുമൊരുമിച്ചു നടത്തിയ ജുഗല്‍ബന്ദികള്‍ തുടങ്ങിയവയെല്ലാം ആരാധകരുടെ മനംകവർന്നു.
ബോളിവുഡില്‍
ഇസ്മയില്‍ ദര്‍ബാറിന്റെ ഈണത്തില്‍ കിസ്ന: ദ വാറിയര്‍ പോയറ്റ് എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ ഹിന്ദി ചലച്ചിത്രഗാന രംഗത്തേക്കും റാഷിദ് ഖാന് കടന്നുചെന്നു. 2007ല്‍ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന ചിത്രത്തിലെ ആവോഗെ ജബ് തും സാജ്നാ എന്ന ഗാനം അതിഗംഭീര ഹിറ്റായി മാറി. സന്ദേശ് ശാന്തില്യയായിരുന്നു സംഗീത സംവിധായകന്.
തുടര്‍ന്നങ്ങോട്ട് ശ്രദ്ധേയമായ ഒട്ടനവധി സിനിമകളില്‍ ആ സ്വരം കേട്ടു. പോയവര്‍ഷം പുറത്തിറങ്ങിയ ഗോള്‍ഡ്ഫിഷ് എന്ന ചിത്രത്തിലും അദ്ദേഹത്തിന്റെ പാട്ടുണ്ടായിരുന്നു- ചന്ദാ സേ ചുപ്കേ... എന്നാല്‍ ശാസ്ത്രീയസംഗീതത്തിന്റെ വഴി ഹൃദയത്തില്‍ ചേര്‍ത്തിരുന്നതിനാല്‍ സിനിമയിലെ കൂടുതല്‍ അവസരങ്ങളോട് അദ്ദേഹം മുഖംതിരിക്കുകയായിരുന്നു.
ആവോഗെ ജബ് തും എന്ന പാട്ടിന്റെ അദ്ദേഹംതന്നെ പാടിയ പല പല രൂപങ്ങള്‍ ഇന്നും സംഗീതപ്രേമികളുടെ മനസുകളില്‍ പ്രണയമഴ പെയ്യിക്കുന്നുണ്ട്.
പാട്ടിനപ്പുറം
കോല്ക്കത്തക്കാലത്ത് ഐടിസി അക്കാദമിയിലെ ബൃഹത്തായ ഓഡിയോ ലൈബ്രറിയില്‍ മഹാരഥന്മാരുടെ റിക്കാര്‍ഡിംഗുകള്‍ കേട്ടുകേട്ട് മണിക്കൂറുകള്‍ ചെലവിടുന്നതായിരുന്നു റാഷിദ് ഖാന്റെ പതിവുകളിലൊന്ന്. പാട്ടിനപ്പുറം കൂട്ടുകാരുടെ ലോകം.
രാവേറുവോളം സുഹൃത്തുക്കളുമൊന്നിച്ചു കളിചിരികളുമായി കഴിയും. ക്രിക്കറ്റ് കളി കാണലും പാചകവുമായിരുന്നു മറ്റ് ഇഷ്ടങ്ങള്‍. നോണ്‍ വെജ് വിഭവങ്ങള്‍ ഒരുക്കാന്‍ പ്രത്യേക മിടുക്കായിരുന്നെന്ന് സുഹൃത്തുക്കളുടെ സാക്ഷ്യം. കാന്‍സര്‍ ബാധിതനായി ദീര്‍ഘനാളത്തെ ചികിത്സയ്ക്കൊടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച കോല്‍ക്കത്തയിലായിരുന്നു ഉസ്താദ് റാഷിദ് ഖാന്റെ അന്ത്യം.
ആവോഗെ ജബ് തും സാജ്നാ..
അംഗ്നാ ഫൂല് ഖിലേംഗേ...
(പ്രിയപ്പെട്ടവളേ, നീ വരുമ്പോഴെല്ലാം എന്റെ വീട്ടുമുറ്റത്തെ ചെടികള്‍ പൂവിടും...)
ഉസ്താദ് ഇപ്പോള്‍ നക്ഷത്രങ്ങള്‍ക്കൊപ്പം പാട്ടിന്റെ പൂക്കള്‍ വിടര്ത്തുന്നുണ്ടാകണം..
ഹരിപ്രസാദ്