റെബേക്ക നോവൽ അധ്യായം- 2
സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
Saturday, September 27, 2025 8:39 PM IST
ഡാഫ്നെ ദു മോറിയർ
""അറിയില്ലേ? ഇതാണ് വളരെ പ്രസിദ്ധമായ മാൻഡെർലി. ആരും കാണാൻ കൊതിക്കുന്ന സ്ഥലം...''
എന്റെ ഓർമകൾ ചിറകടിച്ച് ബഹുദൂരം പിറകോട്ടുപോയി. കുറേ വർഷങ്ങൾക്കുമുന്പ്, ഞാൻ കുട്ടിയായിരുന്നപ്പോൾ സ്റ്റേഷനറി ഷോപ്പിൽനിന്ന് ഒരു പിക്ചർ പോസ്റ്റ് കാർഡ് വാങ്ങി. പ്രകൃതിഭംഗിയുള്ള പശ്ചാത്തലത്തിൽ കൊട്ടാരസമാനമായ ഒരു വീടിന്റെ വർണശബളമായ ചിത്രം.
ചുറ്റും പൂക്കളും ചെടികളും നിബിഢമായ വൃക്ഷങ്ങളും വളർന്നുനിൽക്കുന്നു. ടെറസിന്റെ താഴെ മുൻവശത്ത് കരിങ്കൽപാളികൾ പതിച്ച ചവിട്ടുപടികൾ. അവ ചെന്നിറങ്ങുന്നത് വിശാലസുന്ദരമായ പച്ചപ്പുൽത്തകിടിയിൽ.
അത്യാകർഷകമായ ആ പുൽത്തകിടി തൊട്ടുള്ള കടൽക്കരവരെ നീണ്ടുകിടക്കുന്നു. അസ്തമിക്കാറായ സൂര്യന്റെ തങ്കക്കിരണങ്ങളും ആ ചിത്രത്തിനു കൂടുതൽ ശോഭ പകരുന്നു. ചുരുക്കംപറഞ്ഞാൽ വർണനാതീതമായ ഒരു വിസ്മയലോകം. രണ്ടു പെൻസ് കൊടുത്താണ് ഞാൻ ആ കാർഡ് വാങ്ങിയത്. അതെന്റെ അന്നത്തെ പോക്കറ്റ് മണിയുടെ പകുതിയാണ്.
വാങ്ങിക്കഴിഞ്ഞശേഷം ഷോപ്പുടമയായ സ്ത്രീയോടു ചോദിച്ചു: ""ഏതു സ്ഥലമാണ് ഈ പിക്ചർ കാർഡിൽ?.'' എന്റെ അറിവില്ലായ്മയിൽ അതിശയിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു: ""അറിയില്ലേ? ഇതാണ് വളരെ പ്രസിദ്ധമായ മാൻഡെർലി. ആരും കാണാൻ കൊതിക്കുന്ന സ്ഥലം. മുന്പൊരിക്കൽ ഞാൻ അവിടെ പോയിട്ടുണ്ട്.
എവിടെത്തുടങ്ങി എവിടെയവസാനിക്കുന്നുവെന്ന് പറയാൻ പറ്റാത്ത അത്ര വലിപ്പം. ചെറു കുന്നുകൾ, താഴ്വരകൾ, പാറക്കെട്ടുകൾ, കാടുപോലെ തഴച്ചുവളർന്നുനിൽക്കുന്ന മരങ്ങൾ, മുന്തിരിത്തോട്ടം, ആപ്പിൾ മരങ്ങൾ, തണൽവിരിച്ച നടപ്പാതകൾ, അങ്ങനെയങ്ങനെ...''
ഹോട്ടലിൽ വന്നുകയറിയ വിശിഷ്ടാതിഥി ആ മാൻഡെർലിയുടെ ഉടമയാണത്രേ. എന്റെ വിസ്മയം വർധിച്ചു. അന്നുരാത്രി ഞാൻ ഉറങ്ങാൻകിടന്നത് മാൻഡെർലിയെക്കുറിച്ചുള്ള ചിന്തകളുമായിട്ടാണ്. കുറേക്കഴിഞ്ഞപ്പോൾ അറിയാതെ ഞാൻ സ്വപ്നത്തിലേക്കു വഴുതിവീണു.
സ്വപ്നത്തിന്റെ ചിറകിൽ ഞാൻ മാൻഡെർലിയിലേക്കു യാത്രചെയ്തു. കാറ്റും കുളിരും നിറഞ്ഞ വീഥിയിലൂടെ സഞ്ചരിച്ചു. ഇരുവശത്തും കാടുപോലെ തോന്നിക്കുന്ന പച്ചിലച്ചാർത്തുകൾ വളർന്നുനിൽക്കുന്നു. ആപ്പിൾ മരങ്ങളടക്കം ധാരാളം ഫലവൃക്ഷങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, വിവിധതരം പുഷ്പങ്ങൾ കാറ്റത്തു തലയാട്ടുന്നു. പലനിറങ്ങളിലുള്ള ബൊഗെയ്ൻവില്ലപ്പൂക്കൾ പടർന്നുപന്തലിച്ചു പുഞ്ചിരിതൂകുന്നു.
വിപുലമായ സൗകര്യങ്ങളോടുകൂടിയ, ഭംഗിയേറിയ ഒട്ടനേകം മുറികളുള്ള രാജകൊട്ടാരംപോലെ മാളിക. പിന്നിൽ കുറേദൂരം കടലും തീരവുമുള്ള ഒരദ്ഭുതലോകം. ആ സ്വപ്നസാമ്രാജ്യത്തിലൂടെ ഞാൻ ഒരുപാടു സഞ്ചരിച്ചു. ആകാശത്തുനിന്ന് ഒഴുകിയിറങ്ങുന്ന വെണ്ണിലാവ് ബീച്ചിലെ മണൽപ്പരപ്പിലുടനീളം പാലിന്റെ വെണ്മപുരട്ടി. ഭൂമിയിൽ ഒരു സ്വർഗം വിരിഞ്ഞപോലെ.
ഇടയ്ക്ക് എന്റെ സ്വപ്നം മുറിഞ്ഞു. ഞാൻ ഉണർന്നു. കിടക്കുന്നത് ഹോട്ടൽമുറിയിലെ കിടക്കയിൽ. സൂര്യന്റെ വെളിച്ചം കണ്ണിലടിച്ചു. അങ്ങനെ മാൻഡെർലി കണ്ണിൽനിന്നു മറഞ്ഞു.
(തുടരും)