ഡ്രീം ക്യാച്ചർ ഫീവർ
Sunday, June 17, 2018 3:18 AM IST
തടികൊണ്ടുള്ള ഒരു വളയം. അതിൽ നിറയെ പലനിറത്തിലുള്ള നൂലുകൾ ചുറ്റിയിരിക്കുന്നു. ഈ വളയത്തിനുള്ളിൽ നൂലുകൾകൊണ്ട് നെയ്ത എട്ടുകാലിവലപോലെയുള്ള രൂപം. ഈ വലയ്ക്കുള്ളിൽ അവിടവിടെയായി മുത്തുകൾ പിടിപ്പിച്ചിട്ടുണ്ട്. പ്രധാന വളയത്തിൽ നിന്ന് താഴേക്ക് കോർത്തിട്ടിരിക്കുന്ന നീളമുള്ള നൂലുകൾ. അവയുടെ അറ്റത്ത് കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള തുവലുകൾ കെട്ടിയിട്ടിരിക്കുന്നു.
നിങ്ങൾ ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ ഉപയോഗിക്കുന്നവരാണെങ്കിൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ എപ്പോഴെങ്കിലും ഇത്തരമൊരു വസ്തുവിന്റെ ചിത്രം ആരെങ്കിലും പോസ്റ്റ് ചെയ്തത് കണ്ടിട്ടുണ്ടാകണം. ഡ്രീം ക്യാച്ചർ എന്നാണ് അലങ്കാരവസ്തുവിന്റെ പേര്. ചുരുങ്ങിയകാലം കൊണ്ട് നമ്മുടെ നാട്ടിലെ മിക്ക വീടുകളുടെയും ചുവരുകളിൽ ഇവർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. സ്വന്തം കൈകൾകൊണ്ട് ഡ്രീം ക്യാച്ചറുകൾ മെനഞ്ഞെടുത്ത് അവയുടെ ചിത്രങ്ങളെടുത്ത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ പോസ്റ്റു ചെയ്യുകയാണ് നമ്മുടെ നാട്ടിലെ പെണ്കുട്ടികളുടെയും വീട്ടമ്മമാരുടെയും ഇടയിലെ ഇപ്പോഴത്തെ ട്രെൻഡിംഗ് ഹോബി.
കഥ പറയും ഡ്രീം ക്യാച്ചറുകൾ
വീടുകളുടെ ചുവരുകൾ അലങ്കരിക്കുന്ന ഒരു വസ്തുവായിട്ടാണ് നമ്മുടെ നാട്ടിൽ ഡ്രീം ക്യാച്ചർ അറിയപ്പെടുന്നത്. എന്നാൽ യഥാർഥത്തിൽ ഡ്രീം ക്യാച്ചറുകൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രവും പാരന്പര്യവും അവകാശപ്പെടാനുണ്ട്. വടക്കേ അമേരിക്കയിലെ ഒജിബ്വേ സംസ്കാര കാലഘട്ടത്തിലാണ് ആദ്യമായി ഡ്രീം ക്യാച്ചറുകൾ ഉപയോഗിച്ചു തുടങ്ങിയത്. കുട്ടികൾ ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കാണാതിരിക്കാനും അവർക്ക് ദുർഭൂതങ്ങളുടെ കണ്ണുകിട്ടാതിരിക്കാനും തൊട്ടിലിന്റെ മുകളിൽ ഡ്രീം ക്യാച്ചറുകൾ കെട്ടുമായിരുന്നു. ഡ്രീം ക്യാച്ചറിലെ എട്ടുകാലി വല ഉറക്കത്തിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് അവർ വിശ്വസിച്ചിരുന്നത്. പിന്നീട് അമേരിക്കയിൽ വേരെടുത്ത പല സംസ്കാരങ്ങളിലും കുട്ടികളുടെ സംരക്ഷകരായി ഡ്രീം ക്യാച്ചറുകൾ ഉപയോഗിച്ചു.
ഐക്യത്തിന്റെ ചിഹ്നം
തദ്ദേശീയരായ വിവിധ അമേരിക്കൻ ജനവിഭാഗങ്ങളെ തമ്മിൽ ഒരുമിച്ച് നിറുത്തുക എന്ന ലക്ഷ്യത്തോടെ 1960കളിൽ പാൻ അമേരിക്കൻ മൂവ്മെന്റ് ആരംഭിച്ചു. ഈ സമയത്ത് അമേരിക്കൻ ഐക്യത്തെ സൂചിപ്പിക്കുന്ന ഒരു അടയാളമായിരുന്നു ഡ്രീം ക്യാച്ചറുകൾ. ഇങ്ങനെയാണ് ഡ്രീം ക്യാച്ചറുകൾ ലോകശ്രദ്ധ നേടിത്തുടങ്ങിയത്. പിന്നീട് ദുഃസ്വപ്നങ്ങൾ തടയാൻ മാത്രമല്ല, നല്ല സ്വപ്നങ്ങൾ കാണിക്കാനും ഡ്രീം ക്യാച്ചറുകൾക്കാകും എന്നൊരു കഥ പരന്നു. ഇതോടെ ഡ്രീം ക്യാച്ചറുകളുടെ പ്രശസ്തി ഇരട്ടിയായി.
ഡ്രീം ക്യാച്ചർ നമ്മുടെ നാട്ടിൽ
കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിലാണ് ഡ്രീം ക്യാച്ചറുകൾ നമ്മുടെ നാട്ടിൽ പ്രശസ്തമായത്. സമൂഹമാധ്യമങ്ങൾ തന്നെയാണ് ഇതിന്റെ പ്രസിദ്ധിക്ക് പിന്നിൽ. മിക്ക ലേഡീസ് സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലുമൊക്ക ഡ്രീം ക്യാച്ചറുകൾ വാങ്ങാൻ കിട്ടും. എന്നാൽ പൂർത്തിയായ ഡ്രീം ക്യാച്ചറുകളേക്കാൾ ഡിമാൻഡുള്ളത് ഡ്രീം ക്യാച്ചർ നിർമ്മിക്കാനുള്ള വസ്തുക്കൾക്കാണെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഓണ്ലൈൻ സൈറ്റായ ആമസോണിൽ കഴിഞ്ഞ മാസം ഏറ്റവും ആവശ്യക്കാരുള്ള ഉത്പന്നങ്ങളിൽ ഒന്നായിരുന്ന ഡ്രീം ക്യാച്ചർ സെറ്റുകൾ.
തയാറാക്കിയത്: റോസ് മേരി ജോൺ