പലതുള്ളി അനുഭവങ്ങളുടെ കവിത
Sunday, October 7, 2018 6:05 AM IST
വർഷങ്ങൾക്കു മുന്‍പ് ഒരു സന്ധ്യ.... മലപ്പുറം ജില്ലയിലെ എടപ്പാൾ കവലയിലൊരിടത്ത് സുഹൃത്തുക്കൾ ആരെങ്കിലും വരുമോയെന്നു കാത്തിരിക്കുകയാണ് ഒരു യുവാവ്. പലതരം ചിന്തകൾ അയാളിലൂടെ കടന്നുപോകുന്നുണ്ട്. അതിലൊന്ന് ഇവ്വിധമായിരുന്നു: ഈനേരത്ത് ഇവിടെയുള്ള നൂറുകണക്കിന് ആളുകൾക്കിടയിൽ ഒരു ചായവാങ്ങിക്കുടിക്കാനുള്ള കാശുപോലും പോക്കറ്റിലില്ലാത്ത ഒരേയൊരാൾ ഞാൻ മാത്രമായിരിക്കും!
അല്പസമയം കടന്നുപോയി. പൊടുന്നനെയതാ അല്പമകലെയുള്ള സിനിമാ ടാക്കീസിന്റെ കോളാന്പി മൈക്കിൽനിന്ന് ഒരു പാട്ട് ഒഴുകിവരുന്നു- കിനാവിന്റെ കടവില്‍ ഇളനീര്... അതുകേട്ടതും ആ യുവാവിന്റെ മനസ് പ്രകാശഭരിതമായി. അയാൾ അപ്പോൾ ചിന്തിച്ചത് ഇങ്ങനെയായിരുന്നു:
സ്വയമെഴുതിയ പാട്ട് യേശുദാസിന്റെ ശബ്ദത്തിൽ ലൗഡ് സ്പീക്കറിലൂടെ കേട്ടുകൊണ്ട് ഇങ്ങനെയിരിക്കാൻ ഭാഗ്യംചെയ്തവരാരും ഇപ്പോൾ എടപ്പാളിലില്ല! ആ ഭാഗ്യവാനാണ് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രൻ.
ദേവീക്ഷേത്ര നടയിൽ...
1977ൽ പുറത്തിറങ്ങിയ പല്ലവി എന്ന ചിത്രത്തിലെ പാട്ടാണ് മുകളിൽപ്പറഞ്ഞ കിനാവിന്റെ കടവില്‍ ഇളനീര്. കവിത തുളുന്പുന്ന വരികളാൽ ആ പാട്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും സൂപ്പർഹിറ്റായത്, ഇന്നും ഹൃദയങ്ങളിൽ തിളങ്ങുന്നത് അതേ ചിത്രത്തിലെ മറ്റൊരു പാട്ടാണ്- ദേവീക്ഷേത്ര നടയിൽ, ദീപാരാധനാ വേളയിൽ... കണ്ണൂർ രാജന്റെ ഈണത്തിൽ ആ പാട്ട് റെക്കോർഡ് ചെയ്തുകഴിഞ്ഞ് യേശുദാസ് ചോദിച്ചു: ഹൗ സ്വീറ്റ്! ഇത്രയും ലളിതവും സുന്ദരവുമായ കവിത അടുത്തൊന്നും പാടിയിട്ടില്ല. ആരാണ് ഇതെഴുതിയത്?
യേശുദാസിന്റെ കസേരയ്ക്കു പിന്നിൽ ആരാധനയോടെ നിന്നിരുന്ന രവീന്ദ്രനെ സിനിമയുടെ സംവിധായകൻ ബി.കെ. പൊറ്റേക്കാട് മെല്ലെ മുന്നോട്ടുനീക്കിനിർത്തി പറഞ്ഞു- ദാ, ഇയാളാണ്, പരത്തുള്ളി രവീന്ദ്രൻ!. ഒരു തമിഴ് പാട്ടിന്റെ റെക്കോർഡിംഗ് അടിയന്തരമായി തീർക്കേണ്ടിയിരുന്ന യേശുദാസ് പല്ലവിയിലെ രവീന്ദ്രനെഴുതിയ, തുടക്കത്തിൽപ്പറഞ്ഞ കിനാവിന്റെ കടവില്‍ എന്ന പാട്ടുകൂടി പാടിയശേഷമാണ് അന്ന് ഭരണി സ്റ്റുഡിയോയിൽനിന്നു മടങ്ങിയത്.
നാലു പതിറ്റാണ്ടിനുശേഷവും ദേവീക്ഷേത്ര നടയിൽ മലയാളികളുടെ പ്രിയഗാനമാണ്. ആ വരികളും ആലാപനവും ഹൃദയങ്ങളിൽ വരയ്ക്കുന്ന വാങ്മയചിത്രങ്ങൾക്ക് തെളിഞ്ഞുനിൽക്കുന്ന ദീപസ്തംഭത്തിന്റെ സ്വർണശോഭയുണ്ട് ഇന്നും. യേശുദാസിനെത്തേടി മികച്ചഗായകനുള്ള സംസ്ഥാന അവാർഡ് എത്തിയതും ഈ പാട്ടിലൂടെയാണ്.
ഭാഗ്യനിർഭാഗ്യങ്ങൾ
പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ തറവാടായ പരത്തുള്ളിയിലാണ് രവീന്ദ്രന്റെ ജനനം. ഒന്പതാംക്ലാസിൽ പഠിക്കുന്പോൾ അച്ഛൻ മരിച്ചതോടെ അമ്മയെ നോക്കേണ്ട ചുമതല ഏകമകനായ രവീന്ദ്രനായി. പത്താംക്ലാസിൽ പഠനം നിർത്തി വിവിധ തൊഴിലുകളിലേക്കിറങ്ങി. വീടിനടുത്ത അടയ്ക്കാ കന്പനിയിൽ കണക്കുനോക്കൽ, ജയ്പൂരിൽ സൈക്കിൾ കന്പനി തൊഴിലാളി, എടപ്പാളിലെ ചിട്ടി സ്ഥാപനത്തിലെ ജോലി... ജീവിതം മുന്നോട്ടുപോയത് അങ്ങനെയൊക്കെ.
ഇടയ്ക്കെപ്പോഴോ എഴുത്തിലും വായനയിലും കന്പംകയറി. കുട്ടികൾക്കുള്ള നാടകങ്ങളും പാട്ടുകളുമെഴുതിയായിരുന്നു തുടക്കം. സ്വാഭാവികമായും സിനിമയും സ്വപ്നങ്ങളിൽ വിടർന്നു. ആഗ്രഹം പറഞ്ഞപ്പോൾ അയൽവാസിയായൊരാൾ പരിഹസിച്ചതോടെ അതൊരു വാശിയായി. ചില സുഹൃത്തുക്കളുടെ സഹായത്തോടെ സംവിധായകൻ ബി.കെ. പൊറ്റേക്കാടിനെ സമീപിച്ച് തന്റെ കൈവശമുണ്ടായിരുന്ന കഥ പറഞ്ഞു. കഥയിലെ കാന്പറിഞ്ഞ അദ്ദേഹം തിരക്കഥയും സംഭാഷണവുംകൂടി എഴുതാൻ രവീന്ദ്രനോട് ആവശ്യപ്പെട്ടു. നിർമാതാവ് ടി.പി. ഹരിദാസിന്റെ സഹായത്തോടെ മദ്രാസിലെത്തി തിരക്കഥ പൂർത്തിയാക്കുകയും ചെയ്തു.
മുന്‍പൊരിക്കൽ എഴുതിവച്ച നാലു വരികൾ സിനിമയ്ക്കു പാട്ടായി ഉപയോഗിക്കാമെന്നു വന്നപ്പോൾ ദീർഘനാളത്തെ സ്വപ്നം സഫലമാകുകയായിരുന്നു. സംഗീതസംവിധായകൻ കണ്ണൂർ രാജനോടൊപ്പം രണ്ടുമൂന്നുമാസക്കാലമാണ് പാട്ടുകൾക്കുവേണ്ടി രവീന്ദ്രൻ ചെലവഴിച്ചത്. ആദ്യ നാലുവരികൾക്ക് അനുപല്ലവിയെഴുതി പൂർത്തിയാക്കി. പ്രകൃതിയോടടക്കമുള്ള ആരാധനാപൂർണമായ പ്രണയഭാവങ്ങളാണ് വരികളിൽ നിറയുന്നത്.
ഈണമിടുന്നസമയം കണ്ണൂർ രാജനുമായി നേരിയ അഭിപ്രായവ്യത്യാസമുണ്ടായി. പാട്ടിലെ ഒരു വാക്കിൽ മാറ്റം വരുത്തണമെന്ന രാജന്റെ നിർദേശത്തിന്, പറ്റില്ല എന്നായിരുന്നു രവീന്ദ്രന്റെ ഉറച്ച മറുപടി. അദ്ദേഹമെഴുതിയ വാക്കുവച്ചുതന്നെ പാട്ട് റെക്കോർഡ് ചെയ്തു. പാട്ടിന്റെ ഭാവംതന്നെ മാറുമെന്ന ഉറപ്പുകൊണ്ടാണ് വാക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാഞ്ഞതെന്ന് രവീന്ദ്രൻ പറയുന്നു.
കണ്ണൂർ രാജന് അക്കാര്യം അപ്പോഴേ ബോധ്യപ്പെട്ടെങ്കിലും അന്ന് ചുറ്റുമുണ്ടായിരുന്നവരിൽ ചിലർ പരത്തുള്ളി രവീന്ദ്രന് ഒരു ബഹുമതി ചാർത്തിനൽകി- നിഷേധി! ഒരുപക്ഷേ ആ സംഭവമാകണം അദ്ദേഹത്തിനു മുന്നിൽ സിനിമയുടെ വാതിലുകൾ പിന്നീടു തുറക്കാതിരുന്നതിനു കാരണം. വിരലിലെണ്ണാവുന്ന അവസരങ്ങൾ പിന്നീടു ലഭിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ചില സിനിമകൾ വെളിച്ചംകണ്ടതുമില്ല.
മുന്നൂറിലധികം നാടകങ്ങൾക്കും ഒട്ടേറെ കാസറ്റുകൾക്കും പാട്ടുകളെഴുതിയ പരത്തുള്ളി രവീന്ദ്രൻ അവഗണനയുടെ ഇരുട്ടിൽ വീണുപോയി. തന്റെ സൃഷ്ടികൾ മറ്റു പ്രശസ്തരുടെ പേരിൽ അറിയപ്പെടുകപോലും ചെയ്തു. പ്രതിഫലം ചോദിച്ചുവാങ്ങുക പതിവില്ലാത്തതിനാൽ സാന്പത്തിക പ്രതിസന്ധികളും കൂട്ടായെത്തി. അങ്ങനെയാണ് ഒരു ചായകുടിക്കാനുള്ള കാശുപോലും പോക്കറ്റിലില്ലാതെ അന്ന് ആ പ്രതിഭയെ എടപ്പാൾ ജംഗ്ഷനിൽ കണ്ടത്. അക്ഷരങ്ങൾക്ക് വിലപറയാറില്ല എന്നാണ് ഇപ്പോൾ പരത്തുള്ളി രവീന്ദ്രൻ അതേക്കുറിച്ച് ഓർക്കുന്നത്. ആദ്യചിത്രത്തിന് 1,500 രൂപ പ്രതിഫലംകിട്ടിയ പ്രതിഭയാണെന്ന് ഓർക്കണം. ചിത്രത്തിലെ നായകനായിരുന്ന വിൻസെന്റിന് 7,000 രൂപമാത്രം പ്രതിഫലം നൽകിയപ്പോഴാണ് അതെന്നും!
ജീവിതസർവകലാശാല
എടപ്പാൾ നടുവട്ടത്തിനടുത്ത് കാലടിത്തറ മതിലകത്ത് ഗോവിന്ദമേനോന്റെയും പരത്തുള്ളി കുഞ്ഞുലക്ഷ്മിയമ്മയുടെയും മകനായാണ് രവീന്ദ്രൻ ജനിച്ചത്. ഇപ്പോൾ കോഴിക്കോട് രാമനാട്ടുകരയ്ക്കു സമീപം ചേലേന്പ്രയിലാണ് താമസം. വയസ് എഴുപത്തഞ്ചാകുന്നു. കവിതകളും പത്നി ചന്ദ്രികയും കൂട്ടിനുണ്ട്. കഴിഞ്ഞദിവസമായിരുന്നു വിവാഹത്തിന്റെ അന്‍പതാം വാർഷികം. രാജീവ് (വയനാട്), മഞ്ജുള, പ്രസൂണ്‍ (റഷ്യ) എന്നിവരാണ് മക്കൾ.
രണ്ടുവർഷംമുന്പ് വെല്ലുവിളിയുമായിവന്ന സ്ട്രോക്കിനെ ചിരിച്ചും നെഞ്ചുവിരിച്ചും പരത്തുള്ളി രവീന്ദ്രൻ നേരിട്ടു. തളർന്ന വലതുകൈയിനെ വീണ്ടും വരുതിയിലാക്കുകയും ചെയ്തു. അടുത്തയിടെ ഒരു കാവ്യസമാഹാരം എഴുതി പ്രസിദ്ധീകരിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി ഫോക്ലോർ വിഭാഗത്തിൽവച്ചായിരുന്നു പ്രകാശനം. ജീവിതമാകുന്ന സർവകലാശാലയിൽ അനുഭവങ്ങളാണ് ബിരുദങ്ങളെന്നു ഉറച്ചശബ്ദത്തിൽ പറയും പരത്തുള്ളി രവീന്ദ്രൻ. പൊള്ളിക്കുന്ന പലതുള്ളി അനുഭവങ്ങളിൽനിന്നുയർന്ന പെരുവെള്ളമാണ് ആ നിലപാട്.
ഹരിപ്രസാദ്