ഭൂമിയിലെ സ്വർഗം വെള്ളി വെളിച്ചത്തിൽ
Sunday, August 11, 2019 2:20 AM IST
ദൂരെ നിന്നുള്ള നിലവിളിയോ, ശബ്ദം നിലയ്ക്കാറായ ഒരു തേങ്ങലോ കൂടാതെ കാഷ്മീരിനെ നമുക്ക് ഓർക്കാനാവില്ല. എങ്കിലും മുന്പ് പാടിപ്പതിഞ്ഞൊരു ഗാനം ഇവിടെ ഓർമ വരുന്നു, “ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതു കാഷ്മീരാണ്!’’ ദേവദാരുവും പൈൻമരങ്ങളും നിറഞ്ഞ കാടുകളും പൂക്കൾ വിരിഞ്ഞ താഴ്വരകളും മഞ്ഞു പൊഴിയുന്ന മലനിരകളുമാണ് കാഷ്മീരിന് ഈ വിശേഷണം നൽകിയത്.
വസന്തം വിടരുകയും മഞ്ഞു പൊഴിയുകയും ചെയ്യുന്ന വിസ്മയ ഭൂമിയാണ് പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും സംഗമസ്ഥലമായി മാറുന്നത്. ആ വൈരുദ്ധ്യമാണ് കാഷ്മീരിനെ സെല്ലുലോയ്ഡിന്റെ ഇഷ്ട ഭൂമികയാക്കി മാറ്റിയതും. രക്തം തളം കെട്ടിയ മണ്ണിൽ നിന്നും പ്രണയത്തിന്റെ പനിനീർ ചെടികൾ വിരിയുന്നതാണ് വെള്ളിവെളിച്ചം ഒരുക്കിയ തിരയിൽ പലപ്പോഴും കണ്ടത്. ബോളിവുഡും മലയാളം- തമിഴ്- തെലുങ്ക് ഭാഷാ ചിത്രങ്ങളും കാഷ്മീരിന്റെ ദൃശ്യഭംഗിയിൽ വെള്ളിത്തിരകളിൽ മാന്ത്രിക കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് കാഷ്മീരിനെ ഇന്നും സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാക്കി മാറ്റുന്നതിന്റെ കാരണം. അപ്പോഴും രാഷ്ട്രീയവും സാമൂഹികവും മതപരവും ചരിത്രപരവുമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രണയവും യുദ്ധവും പറഞ്ഞ കഥകളാണ് കാഷ്മീരിന്റെ മണ്ണിൽ നിന്നും നാം കണ്ടിട്ടുള്ളത്.
പട്ടാളക്കഥകളുടെ നാട്

ഭാരതത്തിന്റെ തെക്കേ അറ്റത്തുള്ള കേരളക്കരയെ സംബന്ധിച്ച് പട്ടാളക്കാർ ദേശത്തിനു വേണ്ടി വീരമൃത്യു വരിക്കുന്ന നാടാണ് കാഷ്മീർ. പാക്കിസ്ഥാനും ഇന്ത്യക്കും ഇടയിലായി ചോരകിനിയുന്ന ഒരു മുറിപ്പാടാണ് കാഷ്മീർ. അവിടെ നിന്നും മലയാളികൾ വെള്ളിത്തിരയിൽ കണ്ടു തുടങ്ങുന്നതും പട്ടാളക്കാരുടെ ജീവിതങ്ങളാണ്.
മലയാള സിനിമയുടെ ചരിത്രം കാഷ്മീരിലൂടെ സഞ്ചരിച്ചിട്ടുള്ളത് പട്ടാളക്കാരുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ജീവത്യാഗത്തിന്റെയും സംഭവങ്ങളെ പറയാനായി മാത്രമാണ്. തമിഴിലും ഹിന്ദിയിലും സ്ഥിതി മറിച്ചല്ല. എങ്കിലും ഹിന്ദി ചിത്രങ്ങൾ മാത്രമാണ് ഇടയ്ക്കെങ്കിലും കാഷ്മീരിന്റെ വർണശബളമായ മുഖങ്ങളെ വരച്ചിടാറുള്ളത്.
മലയാളത്തിനു തുഷാരം വിതറി
കാഷ്മീരിന്റെ വ്യത്യസ്തമാർന്ന സൗന്ദര്യം ആദ്യമായി മലയാളികൾ കാണുന്നത് 1981-ൽ ഐ.വി. ശശി ഒരുക്കിയ തുഷാരത്തിലൂടെയായിരുന്നു. പട്ടാളക്കാരുടെ ജീവിതമായിരുന്നു ആ ചിത്രത്തിന്റെ പശ്ചാത്തലം. രതീഷ് നായകനായി എത്തിയ ചിത്രത്തിൽ ബാലൻ കെ.നായർ, സീമ, റാണി പത്മിനി, ലാലു അലക്സ്, ഹിന്ദി നടൻ ജാഫർ ഖാൻ തുടങ്ങിയ വലിയ താരനിര എത്തി. പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും കാഷ്മീരിന്റെ വിവിധങ്ങളായ ഭൂപ്രകൃതിയുമൊക്കെ ചിത്രത്തിലൂടെ കണ്ടു. “മഞ്ഞേ വാ... മധുവിധു വേള’ എന്ന ഗാനത്തിൽ പൈൻ മരക്കാടുകളും മലനിരകളും തടാകവും ഇടം നേടുന്നുണ്ട്.
എന്നാൽ കാഷ്മീരിലെ കേട്ടു പരിചിതമായ ഭീകര മുഖവും കൊടും തണുപ്പിലെ പട്ടാളക്കാരുടെ ദുസഹമാർന്ന ജീവിതവും കാണിച്ചു തന്നത് സംവിധായകൻ ജോഷി മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നായർ സാബിലാണ്. മുട്ടറ്റം മഞ്ഞിൽ നീങ്ങിയാണ് മലനിരകളിലൂടെയുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ജോഷിയും സംഘവും ഒരുക്കിയത്. മഞ്ഞിൽക്കൂടി തെന്നിയുള്ള സ്കേറ്റിംഗും ട്രെക്കിംഗുമെല്ലാം ചിത്രത്തിലൂടെ കണ്ടു. കൊടും മഞ്ഞിൽ പട്ടാളക്കാരുടെ പരിശീലനവും തീവ്രവാദി ആക്രമണവും നായർ സാബും ബറ്റാലിയനും നയിക്കുന്ന പ്രതികാരവുമൊക്കെയായി എന്താണ് കാഷ്മീർ എന്നു മലയാളികളെ മനസിലാക്കിക്കൊടുത്തു ചിത്രം.
എങ്കിലും കാഷ്മീരിനെ തൊട്ടറിഞ്ഞ ഒരു പട്ടാളക്കാരനിൽ നിന്നും ചലച്ചിത്ര രൂപങ്ങൾ പിറവിയെടുത്തപ്പോഴാണ് സൈന്യ ജീവിതത്തിന്റെ മറ്റൊരു മുഖം മലയാളികൾ കണ്ടു തുടങ്ങുന്നത്. ഭീകരാന്തരീക്ഷം തളംകെട്ടിയ കാഷ്മീരിൽ നിന്നും കീർത്തി ചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 തുടങ്ങിയ ചിത്രങ്ങളുമായി മേജർ രവി എത്തി. അന്നുവരെ കണ്ട പട്ടാളക്കഥകളുടെയും യുദ്ധസിനിമകളുടെയും പൊളിച്ചെഴുത്തലായിരുന്നു അദ്ദേഹത്തിന്റെ സിനിമകൾ. മോഹൻലാലിനെ മേജർ മഹാദേവൻ എന്ന കഥാപാത്രമായി 2006-ൽ അവതരിപ്പിച്ച കീർത്തിചക്ര മണ്ണിൽ ഇസ്്ലാമിക് തീവ്രവാദികളും ഇന്ത്യൻ പട്ടാളവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്. ശ്രീനഗറും ദാൽതടാക തീരവുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് സൈറ്റുകളായി മാറിയത്. കാഷ്മീർ ജനതയുടെ ജീവനു സംരക്ഷകരാകുന്ന പട്ടാളക്കാരുടെ ജീവിതവും ഈ ചിത്രത്തിലൂടെ മലയാളികൾ കണ്ടു. പിന്നീട് 2008-ൽ ഈ ചിത്രത്തിന്റെ തന്നെ തുടർച്ചയായി എത്തിയ കുരുക്ഷേത്ര പോരാട്ട വീര്യത്തിന്റെ കഥയാണ് പറഞ്ഞതെങ്കിലും അവിടത്തെ ഭൂപ്രകൃതിയുടെ വരണ്ട മുഖമാണ് കാണിച്ചു തന്നത്.

അന്താരാഷ്ട്ര രാജ്യരക്ഷാ നിയമപ്രകാരം പാക്കിസ്ഥാനും ഇന്ത്യയും അതിര് വേർതിരിച്ചിരിക്കുന്ന അദൃശ്യമായ ചുവന്ന രേഖയാണ് ലൈൻ ഓഫ് കണ്ട്രോൾ അഥവാ എൽഒസി. അവിടെ പിക്കറ്റ് 43-യിൽ സംരക്ഷകനായി എത്തുന്ന പൃഥ്വിരാജിന്റെ ഹവിൽദാർ ഹരീന്ദ്രന്റെ കഥ മേജർ രവി പറഞ്ഞ ചിത്രമായിരുന്നു പിക്കറ്റ് 43. കിലോമീറ്ററുകളാൽ ചുറ്റും മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളിൽ സീറോ ഡിഗ്രി സെൽഷ്യസിനും താഴെ അന്തരീക്ഷം മാറുന്പോൾ അതിർത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള ഇരു രാജ്യത്തേയും പട്ടാളക്കാരുടെ ആത്മബന്ധം കാണിച്ച സിനിമയായിരുന്നു അത്.
തമിഴകത്തിനു റോജ പകർന്ന മുഖം
തീവ്രവാദത്തിന്റെയും പോരാട്ടങ്ങളുടേയും മണ്ണായി പ്രേക്ഷക മനസിൽ കാഷ്മീരിനെ മാറ്റിയതിൽ കടുത്ത ദേശീയവാദ സിനിമകൾ സൃഷ്ടിച്ച പങ്ക് ചെറുതല്ല. അത്തരത്തിൽ ഇന്ത്യൻ പ്രേക്ഷകകരുടെ കാഴ്ചാശീലുകളിൽ ദേശീയ ബോധത്തിന്റെ പുതിയ മാനം പകർന്ന ചിത്രമായിരുന്നു 1992-ൽ മണിരത്നം സംവിധാനം ചെയ്തെത്തിയ റോജ. കാഷ്മീരിന്റെ നല്ലതും മോശവുമായ എല്ലാ അവസ്ഥകളും ചിത്രം പ്രതിനിധാനം ചെയ്യുന്പോഴും കാഷ്മീരിന്റെ അന്നത്തെ ഭീകരസാഹചര്യം കാരണം ചിത്രം ഷൂട്ട് ചെയ്തത് മണാലിയിലും ഹിമാചൽ പ്രദേശിലെ മലനിരകളിലുമാണ്. പിന്നീടും കാഷ്മീരിലേക്ക് തമിഴ് സിനിമ അത്രമാത്രം സഞ്ചരിച്ചില്ല എന്നതാണ് സത്യം. 2016-ൽ വിക്രം പ്രഭു നായകനായി എത്തിയ വാഗയിലാണ് കാഷ്മീരിനെ അവസാനം കാണുന്നത്. ഇന്ത്യാ- പാക്ക് അതിർത്തിയായ വാഗയിൽ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പട്ടാളക്കാരൻ പാക്കിസ്ഥാന്റെ പിടിയിലാകുന്നതും പിന്നീടു രക്ഷപ്പെടുന്നതുമായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തിൽ വാഗ അതിർത്തി മേഖലകളും മറ്റും ചിത്രീകരിച്ചിരിക്കുന്നത് ജമ്മു കാഷ്മീരിലും പഹൽഗാം പ്രദേശങ്ങളിലുമായിരുന്നു.
ബോളിവുഡ് കാഷ്മീരിൽ
മറ്റു ഭാഷാ ചിത്രങ്ങൾ കണക്കിലെടുക്കുന്പോൾ ഹിന്ദി ചിത്രങ്ങൾക്ക് എന്നും പ്രിയപ്പെട്ട ലൊക്കേഷനാണ് കാഷ്മീർ. ഇവിടെ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതും സിനിമകൾ കൂടുതൽ ചിത്രീകരിച്ചതുമായ ഇടങ്ങളിലൊന്നാണ് ബേതാബ് വാലി. പഹൽഗാം ടൗണിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്ഥലത്തിന് ഈ പേരു ലഭിച്ചതു തന്നെ ബേതാബ് എന്ന ഹിന്ദി ചിത്രം ഇവിടെ ചിത്രീകരിച്ചതിനാലാണ്. അത്രത്തോളം ആ ദേശത്തിന്റെ സംസ്കാരവുമായി ഹിന്ദി സിനിമയ്ക്കു ബന്ധമുണ്ട്.
1965-ൽ റിലീസായ ജബ് ജബ് ഭൂൽ കിലെയിലാണ് കാഷ്മീരിന്റെ സൗന്ദര്യം ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകർ ആദ്യമായി അറിഞ്ഞു തുടങ്ങുന്നത്. ദാൽ തടാകത്തിലൂടെയുള്ള ശശി കപൂർ- നന്ദ ജോഡികളുടെ പ്രണയ സല്ലാപം ഇന്നും കാഴ്ചയെ മദിപ്പിക്കുന്നതാണ്. പിന്നീട് കാഷ്മീർ കി കലി, ഷമ്മി കപൂറിന്റെ ജംഗ്ലീ, ജാൻവർ, യാഷ് ചോപ്രയുടെ സിൽസില, സന്തോഷ് ശിവൻ സംവിധാനം ചെയ്ത തഹാൻ, പട്ടാളക്കഥ പറഞ്ഞ ചിത്രങ്ങളായ ശൗര്യ, ലക്ഷ്യാ, ശിഖന്ദർ, ലംഹാ എന്നിവയും കാഷ്മീരിന്റെ കഥകളാണ് പറഞ്ഞത്.
പൂർണമായും കാഷ്മീരിന്റെ സമകാലിക സംഭവങ്ങളെ വ്യക്തമായി ചിത്രീകരിച്ച ചിത്രമായിരുന്നു 2014-ൽ എത്തിയ വിശാൽ ഭരദ്വാജിന്റെ ഹൈദർ. ഷെയ്ക്സ്പിയർ നാടകത്തിലെ ദുരന്ത നായകനായ ഹാംലറ്റിനെ കാഷ്മീരിന്റെ പശ്ചാത്തലത്തിൽ പറിച്ചു നടുകയായിരുന്നു സംവിധായകൻ. ഹാംലറ്റ് അനുഭവിച്ച മാനസിക സമ്മർദങ്ങളുടെ വ്യക്തി വൈകാരിക പശ്ചാത്തലങ്ങൾക്കൊപ്പം കാഷ്മീരിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമുണ്ടായിരുന്ന സ്ഥിതിഗതികളും ഷാഹിദ് കപൂർ അവതരിപ്പിച്ച ഹൈദറിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. കാഷ്മീരിൽ പതിറ്റാണ്ടുകളായി നിലനിന്നു പോരുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേക്ക്, അരികുവത്കരണത്തിലേക്ക്, ഇന്നും ഒഴുകുന്ന രക്ത ധാരകളിലേക്ക് ചിത്രം നമ്മളെ കൊണ്ടെത്തിക്കുന്നു. തോരാത്ത കണ്ണീരിനുത്തരവാദികൾ ഭരണകൂടവും വ്യവസ്ഥിതിയും ഇനിയും പൊളിച്ചെഴുതപ്പെടാത്ത നിയമങ്ങളുമാണെന്ന് ചിത്രം അടിവരയിടുന്നുമുണ്ട്.
യഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ജബ് തക് ഹെ ജാനിൽ കാഷ്മീരിൽ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥനായി എത്തുന്ന കഥാപാത്രമാണ് ഷാരുഖ് ഖാൻ. ശ്രീഗനർ, ലഡാക്ക്, പഹൽഗാം, ഗുൽമേർഗ് തുടങ്ങിയിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. പ്രിയങ്ക ചോപ്ര- ഇർഫാൻ ഖാൻ ജോഡികളായി എത്തിയ സാത് ഖൂൻ മാഫ്, ഹൃത്വിക് റോഷന്റെ മിഷൻ കാഷ്മീർ എന്നീ ചിത്രങ്ങളൊക്കെ കാഷ്മീരിൽ ദൃശ്യവത്കരിച്ചവയാണ്. ആലിയ ഭട്ടിന്റെ കരിയറിലെ ആദ്യ ചിത്രം സ്റ്റുഡന്റ് ഓഫ് ദി ഇയറും ഹൈവേയും പോയ വർഷം പുറത്തിറങ്ങിയ റാസിയും കാഷ്മീരിലൂടെയാണ് സഞ്ചരിക്കുന്നത്. രണ്വീർ സംഗിനെ താരമാക്കിയ റോക്ക്സ്റ്റാറിലും കഥാപശ്ചാത്തലം കാഷ്മീരായിരുന്നു.
അമിതാഭ് ബച്ചൻ അഭിനയിച്ച് ഇന്നും നിത്യഹരിത ഗാനമായ “കഭി കഭി മേരെ ദിൽ മേം’ ചിത്രീകരിച്ചിരിക്കുന്നതും കാഷ്മീരിന്റെ മഞ്ഞ് വീഴുന്ന പൈൻ മരങ്ങൾക്കിടയിലാണ്. ഋഷി കപൂറിനെ താരമാക്കിയ ഹീന, സഞ്ജീവ് കുമാറിന്റെ ആന്ദി എന്നീ ചിത്രങ്ങളുടെ ഗാനങ്ങളിലും ഈ മനോഹര ഭൂമി കാണാനാകും. കത്രീന കൈഫ്- ആദിത്യാ റോയി കപൂറിന്റെ ഫിറ്റൂറും സിദ്ധാർത്ഥ് മൽഹോത്രയുടെ അയ്യാരിക്കും പശ്ചാത്തലം ഇവിടമായിരുന്നു.

സമുദ്രനിരപ്പിൽ നിന്നും 10000 അടി ഉയരത്തിൽ സോൻമാർഗിനു അടുത്ത് താജിവാസ് ഗ്ലാസിയർ മലയടിവാരത്തിൽ 7000-ത്തോളം ജനങ്ങളെ അണിനിരത്തി ഇന്ത്യാ-പാക്ക് അതിർത്തി പുനഃസൃഷ്ടിച്ച ചിത്രമായിരുന്നു സൽമാൻ ഖാന്റെ ബജ് രംഗി ഭായിജാൻ. പാക്കിസ്ഥാനിൽ നിന്നുള്ള ഉൗമയായ പെണ്കുട്ടി ഇന്ത്യയിൽ അകപ്പെട്ടു പോകുന്നതും സൽമാൻ ഖാൻ അവതരിപ്പിച്ച ബായിജാൻ അവളെ തിരികെ പാക്കിസ്ഥാനിലെ വീട്ടിലെത്തിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ രണ്ടാം പകുതിയിൽ കഥ നടക്കുന്നത് മുഴുവൻ പാക്കിസ്ഥാനിലാണ്. എന്നാൽ പാക്കിസ്ഥാനായി ചിത്രത്തിൽ കാണിച്ചിരിക്കുന്നത് കാഷ്മീരും പരിസരങ്ങളുമാണ്. ഭൂമിശാസ്ത്രപരമായുള്ള സമാനത പാക്കിസ്ഥാനായി ചിത്രീകരിക്കാൻ കാഷ്മീരിനു സഹായകമായി. യെ ജവാനി യെ ദിവാനി എന്ന ചിത്രത്തിൽ കാഷ്മീർ ചിത്രീകരിച്ച് മണാലി മലനിരകളായി അവതരിപ്പിച്ചതിൽ അന്നത്തെ ജമ്മു കാഷ്മീരിന്റെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അതൃപ്തി പ്രകടിപ്പിച്ചതു വാർത്തയായിരുന്നു.
ഇതിനു പുറമെ ടോം ക്രൂസിന്റെ ഹോളിവുഡ് സിനിമയായ മിഷൻ ഇന്പോസിബിൾ ഫാൾഒൗട്ടിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി കാഷ്മീർ ആവശ്യപ്പെട്ടെങ്കിലും സുരക്ഷ പ്രമാണിച്ച് ഇന്ത്യ അനുമതി നൽകിയിരുന്നില്ല.
സിനിമാക്കാരുടെ പ്രിയ സങ്കേതങ്ങൾ
മുഗൾ ഭരണാധികാരി ജഹാംഗിർ പത്നി നൂർജഹാനു വേണ്ടി നിർമിച്ച ഷാലിമാർ ഉദ്യാനത്തിൽ നിരവധി ബോളിവുഡ് സിനിമകളുടെ ഗാനരംഗങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. സമുദ്രനിരപ്പിൽ നിന്നും 2730 മീറ്റർ ഉയരത്തിലുള്ള ഗുൽമാർഗാണ് സിനിമാക്കാരുടെ പ്രിയപ്പെട്ട മറ്റൊരു ലൊക്കേഷൻ. അൽപതർ ലേക്ക്, അക്കാബാൽ, ഒൗട്ടർ സർക്കിൾ വാക്ക് എന്നിവയാണ് ഗുൽമാർഗിലെ പ്രധാന സ്ഥലങ്ങൾ.
കാഷ്മീരിനെക്കുറിച്ച് ഓർക്കുന്പോൾ വെള്ളിത്തിരയിൽ മഞ്ഞു വീഴുന്ന കാഴ്ചയാണ് മനസിലെത്തുന്നതെങ്കിലും ദാൽ തടാകത്തിനെ ഒരിക്കലും ഒഴിച്ചു കൂടാനാവാത്തതാണ്. പതിറ്റാണ്ടുകളായി ബോളിവുഡ് സിനിമാ കാഴ്ചകളിൽ കാഷ്മീരിലെ ഈ നദീതടം ഏറെ സജീവമാണ്. ലഹ്വാൻ നദിയുടെ തീരത്ത് പൈൻ, ഫിർ മരങ്ങളാൽ ഇടതൂർന്ന ലോലബ് താഴ്വര, യേശുവിന്റെ പുൽമേട് എന്നു പ്രാദേശികമായി അറിയപ്പെടുന്ന ദൂത്ഗംഗ നദിയുടെ തീരത്ത് ശാന്തമായി സ്ഥിതിചെയ്യുന്ന യൂസ്മാർഗ്, കിഷൻ നദിയുടെ തീരമായ ഗുരേസ് വാലി, സുന്ദര ഗ്രാമ പ്രദേശമായ അരു, ശ്രീനഗറിൽ നിന്നും 40 കി.മീ. അകലെയുള്ള ബൗൾ ആകൃതിയിലുള്ള പുൽത്തകിടി ദൂത്പത്രി, ബ്രിൻഗി നദിയുടെ തീരവും കൊടുംകാടാൽ ചുറ്റപ്പെട്ട ഡക്ക്സം എന്നീ പ്രദേശങ്ങളൊക്കെ ഇന്നു സിനിമാ പ്രവർത്തകരുടെ ഇഷ്ട ഭൂപ്രകൃതിയായി മാറിയിരിക്കുന്നു.
ഇതിനു പുറമെ ഇന്നും വിനോദസഞ്ചാരികൾ തേടിപ്പിടിച്ചെത്തുന്ന പച്ചപ്പുനിറഞ്ഞ കുന്നകളാൽ നിറഞ്ഞ ചട്പാൽ, ബിൻഗി നദിയുടെ തീരവും സമുദ്രനിരപ്പിൽ നിന്നും 8000 അടി ഉയരത്തിലുള്ള മനോഹര താഴ്വരയുമായ ദക്സം, കാഷ്മീരിനും ലഡാക്കിനും മധ്യേ 7000 അടി ഉയരത്തിലുള്ള വർവാൻ താഴ് വര തുടങ്ങിയ പ്രദേശങ്ങളൊക്കെ ഇന്നു വിവിധ സിനിമകളുടെ കാഴ്ചാനുഭവത്തിൽ വസന്തം വിരിക്കുന്ന ഭൂതലങ്ങളാണ്.
ലിജിൻ കെ. ഈപ്പൻ