വിരുന്നുകാരായ കുരുന്നുകൾ
Sunday, December 1, 2019 2:52 AM IST
വിദേശത്തുനിന്നു മാതാപിതാക്കളൊത്തു നാട്ടിലെത്തുന്ന കുട്ടികളോടു കൂട്ടുകൂടാനും അവരുടെ കൂടെ കളിക്കാനും നാട്ടിൽ കഴിയുന്ന കുഞ്ഞുങ്ങൾ വൈമുഖ്യം കാട്ടാറുണ്ട്. അവർ സംസാരിക്കുന്ന ഇംഗ്ലീഷ് ഭാഷപോലും പരിഹസിക്കപ്പെടുന്പോൾ ആ പിള്ളേർ അനുഭവിക്കുന്ന മാനസിക വ്യഥയെപ്പറ്റി പലരും ചിന്തിക്കാറേയില്ല. ഒഴിവുകാലം കഴിയുംമുൻപേ തിരിച്ചുപോകാൻ ശഠിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് പരിഹാസശൈലിയാണെന്നു നാം ഗ്രഹിക്കാതെ പോകുന്നു.
നാട്ടിലെ സംസ്കാരത്തിൽ വളർത്തിയെടുക്കാമെന്ന സദുദ്ദേശ്യത്തിൽ മക്കളെ കേരളത്തിലെ സ്കൂളുകളിൽ ചേർക്കുന്ന രക്ഷാകർത്താക്കളും മനസിലാക്കാത്ത ഒരു കാര്യമുണ്ട്. അവരുടെ മകൻ സതീർഥ്യരുടെ ഇടയിൽ അപരിചിതജീവിയായി കഴിയേണ്ടിവരുന്ന അന്തരീക്ഷമാണ് സ്കൂളുകളിൽ. മാതാപിതാക്കൾ കൂടെയില്ലാത്ത ധനികരായ ഈ കുട്ടികൾ വാസ്തവത്തിൽ ദാരിദ്ര്യമനുഭവിക്കുന്നവരാണ്. സ്നേഹവും മാന്യതയും അംഗീകാരവും സന്തുലിതയളവിൽ കിട്ടാതെ പോകുന്ന നിർഭാഗ്യർ.
ക്ലാസിൽ സായിപ്പ്, മദാമ്മ തുടങ്ങിയ പേരുകൾ നല്കി വിനോദപാത്രമാകാൻ കുട്ടികളെയും കോടീശ്വരർ എന്ന ഗണത്തിൽപ്പെടുത്തി കൊഴുത്ത സംഭാവനകൾ കൊടുക്കാൻ മാതാപിതാക്കളെയും കരുക്കളാക്കുന്ന പ്രവണത അപലപനീയംതന്നെ. വികസിത രാജ്യങ്ങളിൽ വിദ്യാർഥികൾ സ്വാഭാവികമായിത്തന്നെ സ്വായത്തമാക്കുന്ന സത്ഗുണങ്ങളാണ് സത്യസന്ധത, സമയപാലനം, കൃത്യനിഷ്ഠ, തെറ്റുസമ്മതിക്കൽ, ഖേദപ്രകടനം തുടങ്ങിയവ. വിദേശത്തു ജനിച്ചുവളർന്ന കുഞ്ഞുങ്ങളെ വിരുന്നുകാരായി തരംതിരിക്കാതെ അവരുടെ സന്പർക്കം വിവേകപൂർവം ഉപയോഗപ്പെടുത്താൻ അധ്യാപകരും ശ്രദ്ധിക്കണം.
സിസിലിയാമ്മ പെരുമ്പനാനി