കരുതലിൻ തീരത്ത്
ജോൺസൺ പൂവന്തുരുത്ത്
Saturday, August 9, 2025 3:35 PM IST
സുനാമി, രണ്ടു പതിറ്റാണ്ട് മുന്പ് ലോകത്തെ നടുക്കിയ ഭീകര ദുരന്തം. നിരവധി ജീവനുകളെ തിര കൊണ്ടുപോയി. ഏതാനും മിനിറ്റുകൾകൊണ്ട് തീരജനത അവരുടെ ആവാസകേന്ദ്രങ്ങളിൽനിന്നു പറിച്ചെറിയപ്പെട്ടു. എന്നാൽ, നാട് അവരെ കൈവിട്ടില്ല. അവർക്കായി ഗ്രാമങ്ങൾ പടുത്തുയർത്തി. ഇതാ ഇരുപതു വർഷങ്ങൾക്കു ശേഷം ആ ഗ്രാമങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്...
നീണ്ട ഇരുപതു വർഷങ്ങൾക്കു ശേഷം... ചെവിയോർത്താൽ കടലിന്റെ സ്പന്ദനം കേൾക്കാവുന്ന ഗ്രാമങ്ങളിലേക്കാണ് ഈ യാത്ര. സത്യംപറഞ്ഞാൽ ഈ ഗ്രാമങ്ങളൊക്കെ ഉണ്ടായിവന്നതല്ല, ഉണ്ടാക്കിയെടുത്തതാണ്.
ആ ഗ്രാമങ്ങൾ ഉണ്ടാക്കിയെടുത്തവരാണ് രണ്ടു പതിറ്റാണ്ടിനു ശേഷം ദീപികയുടെ റിപ്പോർട്ടിംഗ് സംഘത്തിനൊപ്പം ആ മണ്ണിലേക്ക് ചെല്ലുന്നത്. 2004 ഡിസംബർ 26ന് രാവിലെ ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിച്ച ഗ്രാമങ്ങൾ. അവിടെയുള്ള ആരെയും മുൻകൂട്ടി അറിയിക്കാതെയുള്ള യാത്ര. വഴികാട്ടാൻ ഒപ്പമുള്ളത് കരുനാഗപ്പള്ളി മരുതൂർകുളങ്ങരക്കാരൻ ജറോം ചേട്ടൻ എന്ന ജറോം എസ്. കാർഡോസ് അമ്പനാട്ട് ആണ്.
സാമൂഹ്യസേവന രംഗത്ത് പതിറ്റാണ്ടുകളായി നിശബ്ദ സേവനം ചെയ്യുന്ന മനുഷ്യൻ. അന്ന് ഈ ഗ്രാമങ്ങളിലെ വീടുകളും മറ്റും പണിതുയർത്തുന്പോൾ സൂപ്പർവൈസറായി രാപകൽ ഓടിനടന്ന ആളാണ് ജറോം ചേട്ടൻ. അവിടെയുള്ള ആളുകളെയും വീടുകളെയുമൊക്കെ മനഃപാഠമാക്കിയിരുന്നയാൾ.
പക്ഷേ, വർഷങ്ങൾ കഴിഞ്ഞതോടെ വഴികളും സ്ഥലങ്ങളും സംവിധാനങ്ങളുമെല്ലാം ഒരുപാട് മാറിപ്പോയിരിക്കുന്നു. അതുകൊണ്ട് ഇടയ്ക്കിടെ വഴിയെക്കുറിച്ച് ജറോം ചേട്ടനു പോലും കൺഫ്യൂഷൻ... കരുനാഗപ്പള്ളി കുലശേഖരപുരം ചൈതന്യഗ്രാമത്തിലേക്കായിരുന്നു ആദ്യ യാത്ര.
സ്നേഹം വീടായപ്പോൾ
സുനാമി ദുരന്തത്തിൽ ഇരയായി വീടും കിടപ്പാടവും സന്പത്തുമെല്ലാം കടൽ കവർന്ന പാവപ്പെട്ട മനുഷ്യർ ആശ്രയമില്ലാതെ പെരുവഴിയിലായിരുന്നു. കൊല്ലം ആലപ്പാട്, ആലപ്പുഴ ആറാട്ടുപുഴ എന്നിവിടങ്ങളിലായിരുന്നു ഏറ്റവും വലിയ ആഘാതം. ദുരിതാശ്വാസ ക്യാന്പുകളിൽ നാളെകളെക്കുറിച്ചോർത്ത് അവർ ആകുലപ്പെട്ടു.
എന്നാൽ, സമൂഹത്തിന്റെ സ്നേഹവും കരുതലും അവർക്കുള്ള വീടുകളായി ഉയർന്നു. സർക്കാർ നിർദേശപ്രകാരം നൂറു കണക്കിനു വീടുകളാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളുമൊക്കെ നിർമിച്ചു നൽകിയത്. ഇതിൽ ഗണ്യമായ പങ്ക് നിർവഹിച്ചത് കേരള കത്തോലിക്ക സഭയുടെ സാമൂഹ്യസേവന വിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറവും വിവിധ രൂപതകളിലെ സോഷ്യൽ സർവീസ് സൊസൈറ്റികളുമായിരുന്നു.
ഭാരത കത്തോലിക്ക സഭയുടെ സേവനമുഖമായ കാരിത്താസ് ഇന്ത്യയായിരുന്നു ഇതിന്റെ പിൻബലം. ഇതിനൊപ്പം വിദേശ സംഘടനകളും രൂപതകളുമൊക്കെ കൈകോർത്തതോടെ ഒരു അദ്ഭുതദൗത്യം തന്നെയായിരുന്നു കത്തോലിക്ക സഭ ഏറ്റെടുത്തു പൂർത്തിയാക്കിയത്. ചില സ്ഥലങ്ങളിൽ ഗ്രാമങ്ങൾതന്നെ നിർമിച്ചു. ബാധിത മേഖലയിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ വീടുകൾ പുനർനിർമിച്ചുകൊടുത്തു.
ഗ്രാമങ്ങൾ ഉയരുന്നു
കടൽ പ്രഹരിച്ച ജീവിതങ്ങൾക്കു കയറിക്കിടക്കാൻ ഒരു ഇടം കിട്ടുക എന്നതായിരുന്നു ഏറ്റവും പ്രധാനം. കടൽത്തീരത്തുനിന്ന് ഒന്നും രണ്ടും കിലോമീറ്ററുകൾ അകലെ സർക്കാർ നിശ്ചയിച്ചു നൽകിയ ഇടങ്ങളിലാണ് സുനാമി ദുരിതബാധിതർക്കായി അന്നു ഗ്രാമങ്ങൾ ഉയർന്നത്.
പത്തും ഇരുപതും മുപ്പതുമൊക്കെ വീടുകൾ ചേർന്ന ഗ്രാമങ്ങൾ വിവിധ സംഘടനകൾ പടുത്തുയർത്തി. ഏറ്റവും വിസ്മയകരമായ പ്രവർത്തനം നിർവഹിച്ചത് കേരള സോഷ്യൽ സർവീസ് ഫോറം തന്നെയായിരുന്നു. കൊല്ലം രൂപതയുടെ കൊയ്ലോൺ സോഷ്യൽ സർവീസ് സൊസൈറ്റി (ക്യുഎസ്എസ്എസ്) യുടെ മേൽനോട്ടത്തിൽ 1200ലേറെ വീടുകളാണ് കൊല്ലം മേഖലയിൽ മാത്രം പൂർത്തീകരിച്ചു നൽകിയത്.
അതിനൊപ്പം കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി (കെഎസ്എസ്എസ്) നിർമിച്ചുനൽകിയ 36 വീടുകളിൽപെട്ടതായിരുന്നു ചൈതന്യഗ്രാമം. ഒറ്റ വർഷംകൊണ്ടാണ് തെങ്ങിൻതോപ്പായി കിടന്നിരുന്ന ആ തീരമേഖലയിൽ ചൈതന്യഗ്രാമം സൃഷ്ടിച്ചെടുത്തത്.
ആകാംക്ഷയോടെ
രണ്ടു പതിറ്റാണ്ടിനു ശേഷം അവിടേക്കാണ് മടക്കയാത്ര. പലേടത്തും പലരും വച്ചുകൊടുത്ത സുനാമിവീടുകൾ തകർച്ചയുടെ വക്കിലാണെന്നു ചില വാർത്തകളും കണ്ടിരുന്നു. “നമ്മൾ ചെല്ലുമെന്ന് അവരെ അറിയിച്ചിട്ടുണ്ടോ? അവരൊക്കെ എങ്ങനെയാകും ഇപ്പോൾ പ്രതികരിക്കുക?” ചോദ്യം സുനാമി സമയത്തു കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ആയിരുന്ന ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റേത്.
2005ൽ വീടുകൾ നിർമിച്ചുനൽകിയ ശേഷവും രണ്ടു വർഷത്തിലേറെ ഈ മേഖലയിൽ കെഎസ്എസ്എസ് അവരുടെ ജീവിതം കരുപ്പിടിപ്പിക്കാൻ മുയൽ വളർത്തൽ ഉൾപ്പെടെയുള്ള ഉപവരുമാന മാർഗങ്ങളുമായി ചൈതന്യഗ്രാമത്തിലെ വീട്ടുകാർക്കൊപ്പം നിന്നിരുന്നു. പിന്നീട് അവർ ജീവിച്ചുതുടങ്ങിയപ്പോൾ ദൗത്യം പൂർത്തിയാക്കി പിൻവാങ്ങി.
ഇരുപതു വർഷം കഴിഞ്ഞപ്പോൾ ഒരു ആകാംക്ഷ. എന്തായിരിക്കും അവരുടെ അവസ്ഥ? ആരെങ്കിലുമൊക്കെ വീടു മാറിപ്പോയിട്ടുണ്ടാകുമോ? വീടുകളുടെ സ്ഥിതി എന്തായിരിക്കും? വീടുകളുടെ സൗകര്യങ്ങളെക്കുറിച്ച് ഇപ്പോൾ അവർ എങ്ങനെയായിരിക്കും പ്രതികരിക്കുക? ഇങ്ങനെയുള്ള ചിന്തകൾ മൈക്കിളച്ചനെ അലട്ടുന്നതിനാലാണ് ക്വയ്ലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അന്നത്തെ അമരക്കാരനായിരുന്ന ഫാ. റൊമാൻസ് ആന്റണിയോടുള്ള ചോദ്യം.
സാമൂഹ്യസേവനത്തിനു വേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവച്ച ഫാ. റൊമാൻസ് ആന്റണി ചിരിയോടെയാണ് ആ ചോദ്യത്തെ നേരിട്ടത്. “നമ്മൾ വരുന്ന വിവരം ആരെയും മുൻകൂട്ടി അറിയിച്ചിട്ടില്ല. ഈ വിസിറ്റ് അവർക്കും നമുക്കും ഒരു സർപ്രൈസ് ആയിരിക്കട്ടെ”.
അവർ മറന്നിട്ടില്ല
ഇടവഴികളിലൂടെ ഓടിയ വാഹനങ്ങൾ ഒടുവിൽ ജറോം ചേട്ടന്റെ നിർദേശപ്രകാരം ഒരിടത്തു നിർത്തി. സമീപത്തു കണ്ട ഒരു കവാടം ചൂണ്ടിക്കാട്ടി ഇതാണ് ചൈതന്യ ഗ്രാമമെന്നു ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആവേശത്തോടെ പറഞ്ഞു.
എത്രയോ ദിവസങ്ങൾ കയറിയിറങ്ങി നടന്ന സ്ഥലങ്ങളാണ്. പ്രിയപ്പെട്ട ആരെയോ വർഷങ്ങൾകൂടി കാണാൻ പോകുന്ന ആവേശത്തോടെയാണ് മൈക്കിളച്ചനും റൊമാൻസച്ചനും വാഹനത്തിൽനിന്ന് ഇറങ്ങിയത്. ഞങ്ങൾ പിന്നാലെ എത്തുന്നതിനു മുന്പുതന്നെ ഇരുവരും ചൈതന്യഗ്രാമത്തിലെ ആദ്യം കണ്ട വീടിന്റെ മുറ്റത്തേക്കു കയറി. വീടിന്റെ ഭിത്തിയിൽ കെഎസ്എസ്എസ് ചൈതന്യ എന്ന പേര് മായാതെ ഇപ്പോഴുമുണ്ട്.
നാലു സെന്റ് സ്ഥലത്ത് രണ്ടു മുറിയും ചെറിയൊരു വരാന്തയും അടുക്കളയും ടോയ്ലറ്റും ഉൾപ്പെട്ട കോൺക്രീറ്റ് വീടായിരുന്നു അന്നു സുനാമിബാധിതർക്കായി നിർമിച്ചത്. രണ്ട് അച്ചൻമാർ വീട്ടുമുറ്റത്തേക്കു വരുന്നതു കണ്ടതും മിനി എന്ന വീട്ടമ്മ അന്പരപ്പോടെ പുറത്തേക്ക് ഇറങ്ങിവന്നു.
കണ്ടത്തിൽ കിഴക്കേതിൽ ഓമനയും മകൾ മിനിയുമാണ് ഇവിടെ താമസിക്കുന്നത്. മക്കൾ മൂന്നു പേരുണ്ട്. അവർ ജോലിക്കു പോയി. വർഷങ്ങൾക്കു മുന്പ് കണ്ടതാണെങ്കിലും വീടു വച്ചുതന്ന അച്ചൻമാരെ ഓർക്കുന്നുണ്ടെന്ന് അവർ സന്തോഷത്തോടെ പറഞ്ഞു. ജീവിതത്തിന്റെ വലിയ പ്രതിസന്ധിഘട്ടത്തിൽ സഹായവുമായി എത്തിയവരോടുള്ള നന്ദി അവരുടെ പെരുമാറ്റത്തിൽ കാണാമായിരുന്നു.
ഇരുപതു വർഷങ്ങൾക്കു ശേഷം തങ്ങളുടെ കാര്യങ്ങളറിയാനാണ് വീണ്ടും വന്നതെന്നു പറഞ്ഞപ്പോൾ മിനിക്കും അമ്മയ്ക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
വീട്ടിലെ വിശേഷങ്ങളും സാഹചര്യങ്ങളുമൊക്കെ മിനി വിവരിച്ചു. വീടിനു രണ്ടു പതിറ്റാണ്ട് കഴിഞ്ഞതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെന്നും അത്യാവശ്യം ചില പണികൾ തങ്ങൾതന്നെ നടത്തിയെന്നും മിനി പറഞ്ഞു. വീടിന് അറ്റകുറ്റപ്പണികൾ ആവശ്യമുള്ള ചില ഭാഗങ്ങളെക്കുറിച്ചും അവർ പറഞ്ഞപ്പോൾ തീർച്ചയായും ഇക്കാര്യങ്ങൾ മനസിലാക്കി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് തങ്ങൾ വന്നതെന്ന് വൈദികർ രണ്ടുപേരും പറഞ്ഞു.
സ്ഥലം എംഎൽഎയുമായി സംസാരിച്ച് സുനാമി ഗ്രാമത്തിലെ വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ നടപടിയെടുപ്പിക്കാൻ ശ്രമിക്കാമെന്നു റൊമാൻസ് അച്ചൻ വാക്കുനൽകി. ഇതോടെ മറ്റു വീടുകളിലേക്കുകൂടി മിനി ഞങ്ങളുടെ ഒപ്പംവന്നു.
ആരും മറക്കാത്ത നാളുകൾ
മിനിയുടെ വീട്ടുമുറ്റത്ത് വൈദികർ നിൽക്കുന്നതു കണ്ടാണ് തൊട്ടടുത്ത സൂര്യൻപറന്പിൽ ദേവദാസി എന്ന എഴുപത്തിരണ്ടുകാരി ഇറങ്ങിവന്നത്. താനും ഭർത്താവും രോഗാവസ്ഥയിലാണെന്നും വീട് ഒന്നു പരിഷ്കരിച്ചു കിട്ടിയാൽ നന്നായിരുന്നുവെന്നുമായിരുന്നു അവരുടെ ആവശ്യം. അവരെ ആശ്വസിപ്പിച്ചിട്ട് തൊട്ടടുത്ത വീട്ടിലേക്ക്.
ട്യൂട്ടോറിയൽ അധ്യാപകനായ ഗണേഷ് സുനാമി ബാധിതനല്ല. ഇവിടെ താമസിച്ചിരുന്നവരിൽനിന്ന് അഞ്ചു വർഷംമുന്പ് വീടു വാങ്ങിയതാണ്. എങ്കിലും ഗ്രാമം നിർമിച്ചുനൽകിയവരാണെന്നറിഞ്ഞപ്പോൾ ഗണേഷ് സ്നേഹത്തോടെ അകത്തേക്കു ക്ഷണിച്ചു.
കുലശേഖരപുരം തയ്യിൽ അന്പലത്തിനു സമീപമാണ് ചൈതന്യഗ്രാമം. എല്ലാവരുംതന്നെ ഹിന്ദുമത വിശ്വാസികൾ. അതുകൊണ്ടുതന്നെ മിക്കവീടുകളുടെയും വരാന്തയോടു ചേർന്ന് ചെറിയൊരു പൂജാമുറി കാണാം.
അന്പലത്തിന്റെ മുറ്റത്തായിരുന്നു ചൈതന്യഗ്രാമത്തിന്റെ ഉദ്ഘാടനവും ഭവനത്തിന്റെ താക്കോൽ കൈമാറ്റവുമൊക്കെ നടന്നത്. കർദിനാൾ മാർ വർക്കി വിതയത്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്. ബിഷപ് ഡോ. സ്റ്റാൻലി റോമൻ, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് കുന്നശേരി, സഹായമെത്രാൻ മാർ മാത്യു മൂലക്കാട്ട്, ബിഷപ് ഡോ. ജോസഫ് ജി. ഫെർണാണ്ടസ് എന്നിവരും നിരവധി വൈദികരും രാഷ്ട്രീയനേതാക്കളും കെഎസ്എസ്എസ് സ്വാശ്രയ സംഘാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബിഷപ്പുമാരടക്കം അന്ന് അന്പലമുറ്റത്തെ വേദിയിലേക്ക് എത്തിയപ്പോൾ ഉത്സവലഹരിയിലാണ് നാട്ടുകാർ സ്വീകരിച്ചത്. അടുത്ത വീട് കൊച്ചുകടയിൽ ഡി.കെ. ഹരിദാസിന്റേതാണ്. ചെറിയഅഴീക്കൽനിന്നാണ് ചൈതന്യഗ്രാമത്തിലേക്കു വന്നത്.
സങ്കടങ്ങളും സന്തോഷങ്ങളും
ഇപ്പോഴും മിക്കവരും മീൻപിടിത്തത്തിനു പോകുന്നുണ്ടെന്നു തൊട്ടുചേർന്നുള്ള വീട്ടിലെ ഗിരീഷ് കുമാർ പറഞ്ഞു. പുലർച്ചെ രണ്ടോടെ പോകും. ഉച്ചയോടെ തിരികെയെത്തും. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്ററോളം അകലെയാണ് കടൽ. അതിനാൽ പുലർച്ചെയുള്ള യാത്ര ഇത്തിരി ബുദ്ധിമുട്ടാണ്.
ഇക്കാര്യം അന്നു പറഞ്ഞപ്പോൾ എല്ലാ വീട്ടുകാർക്കും കടൽത്തീരംവരെ എത്താനായി സൈക്കിൾ വാങ്ങി നൽകിയില്ലായിരുന്നോയെന്ന് മൈക്കിളച്ചൻ ചോദിച്ചു. അന്നു സൈക്കിൾ കിട്ടിയത് മിക്കവർക്കും രാത്രിയാത്രയ്ക്കു വലിയ ഉപകാരമായിരുന്നെന്ന് ഗിരീഷും ഹരിദാസും ഓർമിച്ചു.
ചൈതന്യഗ്രാമത്തിൽ മുയൽവളർത്തൽ സംരംഭത്തിനും കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കമിട്ടിരുന്നു. എന്നാൽ, കാലാവസ്ഥയുടെ പ്രത്യേകത കാരണം മുയൽവളർത്തൽ അത്ര വിജയമായില്ല. മീൻ പിടിക്കാൻ പോയാൽ മെച്ചമുണ്ടോയെന്ന ചോദ്യത്തിന് ഇത് അനിശ്ചിതത്വത്തിന്റെ ജോലിയാണെന്നു ഗിരീഷ് പറഞ്ഞു.
ചിലപ്പോൾ ഒന്നും കിട്ടാതെ മടങ്ങും. മറ്റു ചിലപ്പോൾ 5,000 രൂപവരെ കിട്ടാം. ഒരു വള്ളത്തിൽ 60 പേർ വരെയുണ്ടാകും. ചെറിയഴീക്കൽ സുനാമി വന്നപ്പോൾ ഒരു രണ്ടുനില കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിക്കയറിയാണ് ഗീരിഷും കുടുംബവും മറ്റു പലരും അന്നു രക്ഷപ്പെട്ടത്.
ഇന്നു മീൻപിടിക്കാൻ പോയിട്ട് ഒന്നും കിട്ടിയില്ലെന്നായിരുന്നു മാമ്മൂട്ടിൽ ബേബിയുടെ സങ്കടം. 11 വർഷം മുന്പ് ഭർത്താവ് കടലിൽ വച്ചു മരിച്ച സുകുമാരി, കൊച്ചുതറയിൽ വിജയൻ, കിഴക്കേവീട്ടിൽ സുരാജും ശരണ്യയും ഇവരൊക്കെ അന്നത്തെയും ഇന്നത്തെയും വിശേഷങ്ങളുമായി ഇറങ്ങിവന്നു. ശൂന്യത മാത്രം മുന്നിലുണ്ടായിരുന്ന തങ്ങൾക്ക് ജീവിതം തിരികെപ്പിടിച്ചു നൽകിയവരെ വീണ്ടും കണ്ടതിന്റെ ആശ്ചര്യവും സന്തോഷവും പല മുഖങ്ങളിലുമുണ്ടായിരുന്നു.
അതിജീവനം
ഇതിനിടെ, ജയേഷ് ഭവനിൽ ജയേഷ്കുമാറിനെ കണ്ടു. നടക്കാനും സംസാരിക്കാനും ചെറിയ ബുദ്ധിമുട്ട്. മീൻപിടിക്കാൻ പോയപ്പോൾ കടലിൽ വച്ചു സ്ട്രോക്ക് വന്നതാണ്. പതിയെ സുഖപ്പെട്ടുവരുന്നു. പരാതിയോ പരിഭവമോ ഇല്ലാതെ ചിരിക്കുന്ന മുഖത്തോടെയാണ് ജയേഷ് ഞങ്ങളെ സ്വീകരിച്ചത്. ജയേഷിന്റെ ഒരു മകൾ ബിഎസ്സി നഴ്സിംഗ് പഠിക്കുകയാണ്. മറ്റൊരാൾ പ്ലസ് വണ്ണിലും.
കിട്ടിയ സാഹചര്യങ്ങൾ വച്ചു പലരും ജീവിതം കരുപ്പിടിപ്പിച്ചിരിക്കുന്നു. മക്കളെ പഠിപ്പിച്ചു. അവരിൽ ചിലരൊക്കെ ജോലിക്കാരായി. സുനാമിക്കാലത്തു പണിത വീടുകൾ തങ്ങളുടേതായ രീതിയിൽ പരിഷ്കരിച്ചിരിക്കുന്നവരെയും കണ്ടു.
ക്യുഎസ്എസ്എസും കാരിത്താസ് ഇന്ത്യയും കൈകോർത്തു നിർമിച്ച സുനാമിഗ്രാമങ്ങളിലേക്കായിരുന്നു അടുത്ത യാത്ര. എല്ലായിടത്തും പുതുജീവിതം കരുപ്പിടിപ്പിച്ച കാഴ്ച. പഴയതൊന്നും അവർ മറന്നിട്ടില്ല. കടലിന്റെ തീരത്തുനിന്നു പറിച്ചെറിഞ്ഞിട്ടും അവർ തോറ്റില്ല.
അതിജീവനത്തിന്റെ പ്രതീകങ്ങളായി, മലയാളിയുടെ കാരുണ്യത്തിന്റെ മുഖമായി, കൂട്ടായ്മയുടെ പുതുഗാഥയായി അവർ നമുക്കു മുന്നിൽ. സർക്കാരിനോട് ഒരു അപേക്ഷ: സംഘടനകളെ ഏല്പിച്ചു, അവർ വീടുവച്ചു കൊടുത്തു എന്നതിലുപരി അവരുടെ ഇപ്പോഴുള്ള ആവശ്യങ്ങളോടു സർക്കാർ മുഖംതിരിക്കരുത്.
കെഎസ്എസ്എഫിന്റെ മഹാദൗത്യം
സമൂഹത്തിനു മാതൃകയായ മഹാദൗത്യമാണ് കേരള കത്തോലിക്ക സഭയുടെ സാമൂഹികസേവന വിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറം അന്ന് ഏറ്റെടുത്തത്. മാർ മാത്യു അറയ്ക്കൽ ആയിരുന്നു അക്കാലത്ത് കെഎസ്എസ്എഫ് ചെയർമാൻ. ഫാ. വർഗീസ് കാട്ടുപറന്പിൽ എക്സിക്യൂട്ടീവ് ഡയറക്ടറും.
ഇവർക്കൊപ്പം നേതൃത്വം നൽകാൻ നിരവധി വൈദികരും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 1,220 വീടുകളാണ് ദുരിതബാധിതർക്കായി ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമിച്ചുനൽകിയത്. വിവിധ ഏജൻസികളും രൂപതകളും സന്യാസസഭകളുമായി സഹകരിച്ചു കൗൺസലിംഗ്, മെഡിക്കൽ ക്യാന്പ്, നിയമസഹായം, കുട്ടികൾക്കു പരിശീലനം, പഠനസഹായം, ലൈബ്രറി, ശുദ്ധീകരണ പ്രവർത്തനങ്ങൾ, സ്വാശ്രയസംഘ രൂപീകരണം, അതിജീവന പദ്ധതികൾ ഇവയെല്ലാം കേരളത്തിന്റെ തീരമേഖലയിൽ നടപ്പാക്കാൻ കെഎസ്എസ്എഫ് നേതൃത്വംനൽകി.
സർക്കാർ സംവിധാനങ്ങളുമായി കൈകോർത്ത് നടത്തിയ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ വലിയ കൈയടി നേടിയിരുന്നു. ഇതിനു സമാനമായ പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് പിന്നീട് തിരുവനന്തപുരം തീരമേഖലയിൽ ഓഖി ചുഴലിക്കാറ്റ് ദുരന്തമായി വീശിയടിച്ചപ്പോഴും, ഇപ്പോൾ വയനാട് ചൂരൽമലയിലും കോഴിക്കോട് വിലങ്ങാടും കേരള സോഷ്യൽ സർവീസ് ഫോറം നേതൃത്വം നൽകുന്നത്.
വയനാട്ടിലും വിലങ്ങാട്ടുമായി നൂറു വീടുകൾ നിർമിക്കുമെന്നാണ് കെസിബിസി പ്രഖ്യാപിച്ചതെങ്കിലും ഇപ്പോൾ 28 വീടുകൾക്കുള്ള പണം കൂടി കണ്ടെത്തി 128 വീടുകളുടെ നിർമാണത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഇതിനൊപ്പം മേഖലയിൽ ദുരിതബാധിതർക്കായി നിരവധി പദ്ധതികളും നടപ്പാക്കുന്നുണ്ട്.